#ദിനസരികള്‍ 1052 ചുള്ളിക്കാടിന്റെ സച്ചിദാനന്ദന്‍ കവിതകള്‍
കവി – കവിത പരമ്പരയില്‍
പെടുത്തി ബോധി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് എന്റെ സച്ചിദാനന്ദന്‍ കവിതകള്‍.
ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്ത സച്ചിദാനന്ദന്റെ കവിതകളെയാണ് ഇവിടെ
സമാഹരിച്ചിരിക്കുന്നത്. ഈ പുസ്തകത്തിന് പിന്നിലുള്ള ആശയം മലയാളികളെ സംബന്ധിച്ച്
പുതുമയുള്ളതായിരുന്നു. “ഒരേ ഭാഷയില്‍ത്തന്നെ കാവ്യരചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന
രണ്ടു കവികളുടെ ഹൃദയസമാനതയാണ് ഇവിടെ പ്രകടമാകുന്നത്.തന്റെ കാവ്യജീവിതത്തില്‍
തനിക്ക് അനുഭവസ്ഥമായതും തന്റെ തന്നെ സൂക്ഷ്മാനുഭവങ്ങളുടെ ആവിഷ്കാരവുമായി മാറിയ
കവിതകളാണ് ഇതിലെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം” എന്ന് പ്രസാധകര്‍
വ്യക്തമാക്കുന്നുണ്ട്. ഈ പരമ്പരയില്‍ അവര്‍ വേറെയും പുസ്തകം ഇറക്കാന്‍
ആലോചിക്കുന്നുണ്ടെന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു.
വിപണനതന്ത്രങ്ങളുടെ സമര്‍ത്ഥമായ
പ്രകടനമാണ് ഈ ശ്രമമെങ്കിലും വായനക്കാരനെ സംബന്ധിച്ചിടത്തോളം മലയാളത്തിലെ ഏറെ
പ്രിയപ്പെട്ട ഒരു കവി അതേ നിലവാരത്തിലുള്ള മറ്റൊരു കവിയുടെ രചനകളെ
തിരഞ്ഞെടുക്കുകയെന്നത് കൌതുകകരമാണ്. പ്രത്യേകിച്ചും ചുള്ളിക്കാടിനെപ്പോലെയൊരാള്‍. “ സച്ചിദാനന്ദന്റെ
കവിതകളുടെ അനുഭവസ്ഥന്‍ എന്ന അധികാരത്തില്‍
ഈ കവിതകളുടെ തിരഞ്ഞെടുപ്പ് എന്റെ ആത്മാവിഷ്കാരമാകുന്നു.അഥവാ
സച്ചിദാനന്ദനിലൂടെ ആവിഷ്കൃതമായ എന്റെ ചില സൂക്ഷ്മാനുഭവങ്ങളാണ് ഈ കവിതകള്‍.
കാവ്യസിദ്ധാന്തങ്ങളല്ല, കാവ്യാനുഭവങ്ങളാണ് തിരഞ്ഞെടുപ്പിന്റെ സാരം. ഇവ ഞാന്‍
പഠിച്ച കവിതകളല്ല, അനുഭവിച്ച കവിതകളാണ്.” എന്നാണ് ഇത്തരമൊരു
ശ്രമത്തെ ചുള്ളിക്കാട് ന്യായീകരിക്കുന്നത്.സമകാലികരായ രണ്ടു കവികള്‍ തമ്മിലുള്ള
നിറവുകള്‍ ഏതെല്ലാം വഴിക്കു സംഭവിക്കുമെന്ന ആകാംക്ഷ കൂടി ഈ പുസ്തകം
കൈയ്യിലെടുക്കുന്നവരിലുണ്ടാക്കും.
1992 ലാണ് ഈ പുസ്തകം
പ്രസദ്ധീകരിക്കപ്പെടുന്നത്.അതിനു ശേഷം അത്തരത്തിലുള്ള വേറെയും ചില പുസ്തകങ്ങള്‍
പ്രസിദ്ധീകരിക്കാന്‍ ബോധി ബുക്സ് ശ്രമിച്ചിരുന്നുവെങ്കിലും ഈ പരമ്പരയില്‍പെട്ട ഒരു
പുസ്തകം മാത്രമേ എന്റെ കൈവശമുള്ളുവെന്നുകൂടി സൂചിപ്പിക്കട്ടെ.
ഓപ്പോള്‍, എഴുത്തച്ഛനെഴുതുമ്പോള്‍ , പനി,
രക്തസാക്ഷികളുടെ രാത്രി , ഒടുവില്‍ ഞാനൊറ്റയാകുന്നു, കാക്കകള്‍ , ഓര്‍മ്മയില്‍
കാടുള്ള മൃഗം , ഏകാകിയായ സാത്താന്‍ മനുഷ്യനെ വെല്ലുവിളിക്കുന്നു,ആസന്ന മരണചിന്തകള്‍
തുടങ്ങി സച്ചിദാനന്ദന്റെ കാവ്യജീവിതത്തിന്റെ പരിച്ഛേദങ്ങളെ അടയാളപ്പെടുത്തുന്ന
മുപ്പത്തിരണ്ടു കവിതകളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍
ചിലതൊക്കെ മലയാളികളെ കൊമ്പുകുത്തിച്ച അതിഗംഭീരങ്ങളായ വാങ്മയങ്ങളാണ്. ഉദാഹരണത്തിന്
എഴുത്തച്ഛനെഴുതുമ്പോള്‍ ,പനി മുതലായവ. അതിവിദഗ്ദനായ വായനക്കാരന്റെ സവിശേഷമായ
ശ്രദ്ധക്ക് വിധേയമായവതന്നെയാണ് അവശേഷിക്കുന്നവയും.
“എന്തുകൊണ്ട് നമ്മുടെ
കവിതയും
പൊട്ടിത്തെറിക്കുന്ന
കൃഷ്ണമണികളെപ്പോലെ
കറുത്തിരിക്കുന്നില്ല,
മെരുങ്ങാത്ത
നയാഗ്രയെപ്പോലെ വനത്തിന്റെ ആഴങ്ങളില്‍
സിംഹഗാനങ്ങളാലപിക്കുന്നില്ല.
മഴക്കാലത്തെ
ആമസോണിനെപ്പോലെ
ഉറക്കിമില്ലാതെ
ചുവന്നു കുത്തിയൊലിക്കുന്നില്ല ? എന്ന് പനി
ചോദിക്കുന്നു.
ഞാനൊറ്റയാകുവതെങ്ങനെ
കിടാങ്ങളേ
യീഭൂമി വൃദ്ധയാവോളം ?
ഊര്‍ദ്ധ്വബാഹുവൊരാളനീതിയാലസ്വസ്ഥ
മാത്മാവില്‍ നിലവിളിക്കുവോളം?
അലിവിന്റെ പകല്‍പിരിഞ്ഞൊടുവിലെ സ്വാതന്ത്ര്യ
പഥികനുമിരുട്ടില്‍ വീഴുവോളം ?
ഞാനൊറ്റയാകുവതെങ്ങനെ
കിടാങ്ങളേ
ഞാനൊറ്റയായ് പോകുവോളം
ഞാനൊറ്റയായ് പോകുവോളം ?
എന്ന് ഞാനൊറ്റയാകുവതെങ്ങനെ ചോദിക്കുന്നു.
താനനുഭവിച്ച കവിതകളെ സമാനമനസ്കര്‍ക്കായി
തിരഞ്ഞെടുത്തുകൊണ്ട് സച്ചിദാനന്ദനെ അടയാളപ്പെടുത്താനുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ
ശ്രമം അഭിനന്ദനീയമാകുന്നത് മലയാളകവിതയുടെ കരുത്തും രാഷ്ട്രീയ പക്വതയും
വിളിച്ചോതുന്ന ചില കവിതകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നുണ്ട്
എന്നതുകൊണ്ടുതന്നെയാണ്.അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം തികച്ചും
വ്യക്തിപരമാണെങ്കിലും ഈ സമാഹാരം മലയാളത്തിന് മറക്കാനാകാത്ത അനുഭൂതിയാകുന്നതും.
Comments