#ദിനസരികള്‍ 9
വീണ്ടും
മൂന്നാര്‍ തന്നെ
! പാപ്പാത്തിച്ചോലയില്‍
കൈയ്യേറി സ്പിരിറ്റ് ഇന്‍ ജീസസ് എന്ന വിശ്വാസ സംഘടന സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത
രീതി വ്യാപകമായ വിമര്‍ശനത്തിന് ഇടവരുത്തിയിരിക്കുകയാണ്. പ്രബലമായ ഒരു
മതവിഭാഗത്തിന്റെ ആശാകേന്ദ്രമായ ഒരു പ്രതീകത്തോട് തെല്ലു പോലും അനാദരവ്
കാണിക്കപ്പെടരുത് എന്ന് ചിന്തിക്കുന്ന ജനാധിപത്യമനസ്സുകളാണ് ആ കുരിശുനീക്കത്തെ
അപലപിക്കുന്നത്. എന്നാല്‍ സുമനസ്സുകളായ അത്തരം വിശ്വാസികളേയും നമ്മുടെ
ജനാധിപത്യബോധത്തേയും വെല്ലുവിളിച്ചുകൊണ്ട് , അനധികൃതമായി , സര്‍ക്കാര്‍ സ്ഥലത്ത്
കുരിശ് വീണ്ടും നാട്ടിയിരിക്കുകയാണ്.ഇത് തെറ്റായ പ്രവണതയും അധിക്ഷേപാര്‍ഹവുമാണ്.
ജനകോടികളുടെ ആരാധനക്ക് പാത്രമാവുന്ന ഒരു പ്രതീകം എങ്ങനെയാണ് അനധികൃതമായി
അധിനിവേശസ്വഭാവത്തോടെ സ്ഥാപിക്കപ്പെടുക?
സത്യത്തിനും
നീതിക്കും വേണ്ടി നിലകൊണ്ട് ഒരു മഹദ് ജീവിതത്തെ വ്യക്തമായി ആക്ഷേപിക്കുകയല്ലേ
ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് ചെയ്യുന്നത് ?
കുരിശിനെ
ആക്ഷേപിക്കുവാനും കൈയ്യേറ്റത്തെ സഹായിക്കുവാനുമേ ഇത്തരം നടപടികള്‍കൊണ്ട്
കഴിയുകയുള്ളു എന്ന് തിരിച്ചറിയാത്തവരാണോ ഈ വിശ്വാസികള്‍ ? എന്തായാലും കുരിശിന്റേയും ബൈബിളിന്റേയും യേശുവിന്റേയും
മഹത്വം തിരിച്ചറിയാത്ത കുത്സിതബുദ്ധിക്കാരാണ് അവിടെ വീണ്ടും കുരിശു സ്ഥാപിച്ചത്
എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
യാക്കോബായ സഭയുടെ നിരണം
ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എഴുതിയത് ഇത്തരുണത്തില്‍ സ്മരണീയമാണ്. “ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവൽക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരിടത്ത് ഞാൻ എഴുതിയതു പോലെ കുറെ വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഒരു സ്ഥലത്ത് തോമാഗ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കൾ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയ്യേറ്റ തിരക്കിൽ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ് . ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും “ എന്നാ അദ്ദേഹം എഴുതിയത്. കുരിശിനും കൃസ്തുവിനും വേണ്ടി തന്റെ
ജീവിതം തന്നെ ഉഴിഞ്ഞു വെച്ച ഒരാള്‍ ഇങ്ങനെ എഴുതുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്
എന്താണെന്ന് ശരിക്കും മനസ്സിലാക്കേണ്ടത് കുരിശിനെ പിന്തുടരുന്നവര്‍ തന്നെയല്ലേ ? അതായത് അധിനിവേശത്തിനും കൈയ്യേറ്റത്തിനും
പിടിച്ചടക്കിലിനുമൊക്കെയുള്ള സഹായിയും ഉപാധിയുമായി കുരിശിനേയോ അഥവാ മറ്റേതൊരു
മതചിഹ്നത്തേയോ ഉപയോഗിക്കരുത് എന്നുതന്നെയല്ലേ ? അങ്ങനെ ഉപയോഗിക്കുമ്പോഴാണ് വിശ്വാസികള്‍ക്ക് അസഹനീയമായ രീതിയില്‍
അത്തരം ബിംബങ്ങളോട് ഇടപെടേണ്ടി വരുന്നത്.
മതങ്ങള്‍ പറയുന്നതും
പഠിപ്പിക്കുന്നതും മനസ്സിലാക്കുന്നില്ലെങ്കില്‍പ്പോലും വിശ്വസിക്കുന്ന
മതചിഹ്നങ്ങള്‍ അപമാനിക്കപ്പെടാതിരിക്കാനുള്ള സാഹചര്യമുണ്ടാക്കുക എന്ന
കാരുണ്യമെങ്കിലും വിശ്വാസികളെന്ന് പറയുന്നവര്‍ കാണിക്കണം. അതുകൊണ്ട് കുരിശു്
അധിനിവേശസ്ഥലത്തല്ല , അവനവന് അധികാരമുള്ള സ്ഥലത്തായിരിക്കണം സ്ഥാപിക്കപ്പെടേണ്ടത്.
Comments