#ദിനസരികള്‍ 3


ക്യൂബന്‍ പ്രതിസന്ധിയുടെ കാലത്ത് ഒരു വയോവൃദ്ധന്‍ ലോകശക്തികളുടെയിടയില്‍ നനുത്തതെങ്കിലും ഉറച്ച ശബ്ദത്തില്‍ ഇനിയുമൊരു യുദ്ധം അരുത് അരുത് എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നത് നാം കേട്ടു. മനുഷ്യവര്‍ഗ്ഗത്തിനെ മുച്ചൂടും മുടിക്കുമായിരുന്ന ഒരു യുദ്ധത്തില്‍ നിന്ന് സോവിയറ്റ് യൂണിയനേയും അമേരിക്കയേയും പിന്തിരിപ്പിക്കാന്‍ ബര്‍ട്രന്‍ഡ് റസ്സല്‍ എന്ന , അപ്പോഴേക്കും തൊണ്ണൂറു കഴിഞ്ഞിരുന്ന ആ വൃദ്ധന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു.ക്രുഷ്‌ചേവിനോടും കെന്നഡിയോടും നിരന്തരം ബന്ധപ്പെട്ട റസ്സല്‍ അധികാരപ്രമത്തതയോട് സന്ധിയില്ലാത്ത സമരം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന് അയച്ച ടെലിഗ്രാമില്‍ ഈ യുദ്ധനീക്കം ഭ്രാന്താണെന്ന് വിളിച്ചു പറയാന്‍ - അതും അമേരിക്കയുടെ പ്രസിഡന്റിനോട് - ആരാണ് ധൈര്യം കാണിക്കുക? എന്നു മാത്രവുമല്ല , ഈ യുദ്ധത്തെ ശക്തമായി അപലപിക്കാനും അധികാരികളുടെ ഭ്രാന്തന്‍ നീക്കങ്ങള്‍‍ക്കെതിരെ ലോകത്തിന് വേണ്ടി തെരുവിറങ്ങാനും റസ്സല്‍ ഉദ്‌ബോധിപ്പിച്ചു. ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറല്‍ ഊതാണ്ടിന് അയച്ച കത്തില്‍ ഈ യുദ്ധനീക്കത്തെ ഒടുക്കത്തെ വിഡ്ഢിത്തം എന്നാണ് റസ്സല്‍ വിശേഷിപ്പിച്ചത്.
ഇപ്പോള്‍ ലോകം വീണ്ടുമൊരു യുദ്ധത്തെക്കുറിച്ചുള്ള ആശങ്കയിലാണ്. ഒരു വശത്ത് അമേരിക്കയും മറുവശത്ത് ഉത്തര കൊറിയയും. വിവരക്കേടും പിടിവാശിയും ഒത്തിണങ്ങിയെ ട്രംമ്പാണ് അമേരിക്കയുടെ പ്രസിഡന്റ്. ആലോചനാശീലത്തിനപ്പുറം ആധിപത്യവാസന കൈമുതലാക്കി നാളിതുവരെ അമേരിക്ക പുലര്‍ത്തിപ്പോന്ന നയങ്ങള്‍ക്ക് ചേര്‍ന്നയാള്‍ തന്നെ. ലോകപോലീസായ തങ്ങളുടെ മേധാവിത്തത്തിനെ അംഗീകരിക്കാത്തവരെ എന്തുവിലകൊടുത്തും നശിപ്പിക്കുക എന്നതു മാത്രമാണ് അമേരിക്കയുടെ നയം എന്ന് നമുക്കറിയാം. വിവിധ ലോകരാജ്യങ്ങളില്‍ ഇതുവരെ അമേരിക്ക നടത്തിയ ഇടപെടലുകള്‍ അതാണ് സൂചിപ്പിക്കുന്നത്. എതിരാളികളായ രാജ്യങ്ങള്‍‌ക്കെതിരെ വ്യാജപ്രചാരണം നടത്തി ഒറ്റപ്പെടുത്തിയും തീവ്രവാദികളെ ഉപയോഗപ്പെടുത്തിയു മൊക്കെ അമേരിക്ക നീക്കങ്ങള്‍ നടത്താറുണ്ട്. ഇറാക്കിനെതിരെയുള്ള രാസായുധ ആരോപണവും അനുബന്ധ സൈനികനടപടികളും നോക്കുക. തങ്ങളുടെ ചൊല്പടിക്കല്ലാതെ വളര്‍ന്നു വരുന്ന ഏതൊരു രാജ്യവും ആണവശക്തി നേടുന്നതും തങ്ങളുടെ നേരെ നില്ക്കുന്നതും അമേരിക്ക സഹിക്കില്ല. ആ അസഹിഷ്ണുതയാണ് കൊറിയക്കെതിരെയുള്ള നീക്കത്തിന് ആധാരം.
എന്നാല്‍ ഉത്തര കൊറിയ ആണവശക്തിയാണ്. തങ്ങളെ ആക്രമിച്ചാല്‍ തങ്ങള്‍ക്ക് കഴിയുന്നതുപോലെ തിരിച്ചടിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു യുദ്ധത്തിനുള്ള സാധ്യത നിലനില്ക്കുന്നു എന്ന് ചൈനയും അറിയിച്ചിട്ടുണ്ട്. യുദ്ധസാധ്യത വർദ്ധിപ്പിച്ചുകൊണ്ട് അമേരിക്കയുടെ വിമാനവാഹിനികള്‍ സര്‍വ്വ സജ്ജരായി ശാന്തസമുദ്രത്തില്‍ നിലകൊള്ളുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് സ്ഥിതിഗതികള്‍ നേരിട്ട് നിയന്ത്രിക്കാന്‍ ദക്ഷിണകൊറിയയിലേക്ക് എത്തുന്നു. ആശങ്കാജനകമായ അവസ്ഥാവിശേഷമാണ് മേഖലയില്‍ ഉടലെടുത്തിരിക്കുന്നത്. ലോകം വീണ്ടുമൊരു യുദ്ധത്തിലേക്ക് കൂപ്പുകുത്തിയാല്‍ സര്‍വ്വനാശമായിരിക്കും ഫലം.
“YOUR ACTION DESPERATE. THREAT TO HUMAN SURVIVAL. NO CONCEIVABLE JUSTIFICATION. CIVILIZED MAN CONDEMNS IT. WE WILL NOT HAVE MASS MURDER. ULTIMATUM MEANS WAR... END THIS MADNESS “ എന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്റിനോട് റസ്സല്‍ പറഞ്ഞതുപോലെ പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്ന ഒരു രക്ഷാപുരുഷനെ ഇന്ന് ലോകം പ്രതീക്ഷിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1