#ദിനസരികള്‍ 1
വീണ്ടും മൂന്നാര്‍. വിവാദംകൊണ്ടും വിപണിസാധ്യതകൊണ്ടും കേരളത്തിലെ പ്രദേശങ്ങളില്‍ പ്രഥമസ്ഥാനത്താണ് മൂന്നാര്‍.പശ്ചിമഘട്ട മലനിരകളില്‍ 187 ചതതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തണുത്ത അന്തരീക്ഷ ഘടനയുള്ള ഈ പ്രദേശത്ത് 38471 ആളുകള്‍ ജീവിക്കുന്നതായി 2001 ലെ കണക്കുകള്‍ പറയുന്നു. അവിടെ കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കുടിയേറ്റക്കാരായി ജീവിച്ചു പോരുന്നവരെ കൈയ്യേറ്റക്കാരായി ചിത്രീകരിച്ചുകൊണ്ട് വീണ്ടും ഒരു ഒഴിപ്പിക്കല്‍ മാമാങ്കത്തിന് കേരളം സാക്ഷ്യംവഹിക്കുകയാണ്. ഏക്കറു കണക്കിന് ഭൂമി കൈവശം വെച്ച് അനുഭവിച്ചു പോരുന്ന കേരളത്തിലൊട്ടാകെയുള്ള വന്‍കിട കൈയ്യേറ്റക്കാര്‍‌ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെയാണ് രണ്ടും മൂന്നും നാലുമൊക്കെ സെന്റു സ്ഥലങ്ങളില്‍ കിടപ്പാടം കെട്ടി ജീവിച്ചു ‍പോരുന്നവരെ ഒഴിപ്പിക്കാനുള്ള വ്യഗ്രത റവന്യു അധികാരികളെ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. വകുപ്പ് ഭരിക്കുന്നത് “എന്നും ശരിയുടെ ഭാഗത്തു മാത്രം” നിലകൊള്ളുന്ന സി പി ഐക്കാരാകുമ്പോള്‍ അങ്ങനെയാകാതെ തരമില്ലല്ലോ.
സഖാവ് വി എസിന്റെ കാലത്തെ മൂന്നാര്‍ ദൌത്യം നാം മറന്നിട്ടില്ലല്ലോ? അന്ന് കൈയ്യേറ്റ ഭൂമിയില്‍ പണിതുയര്‍ത്തിയ സി പി ഐയുടെ ഓഫീസിനെതിരെ ഒഴിപ്പിക്കല്‍ സേനയുടെ നടപടി നീണ്ടെത്തിയപ്പോള്‍ “കോട്ടിട്ട ആളേയും അതിനു മുകളിലുള്ള ആളേയും പേടിയി”ല്ലെന്ന് ആക്രോശിച്ചു കൊണ്ട് അന്ന് രംഗത്തു വന്നത് സി പി ഐയുടെ മുടി ചൂടാമന്നനായ സാക്ഷാല്‍ പന്ന്യന്‍ രവീന്ദ്രനായിരുന്നില്ലേ ? അതോടുകൂടി അക്കാലത്തെ മൂന്നാര്‍ ദൌത്യം അട്ടിമറിക്കപ്പെടുകയല്ലേ ഉണ്ടായത് ? ആന്ധ്യം ബാധിക്കാത്തവര്‍ സത്യസന്ധമായി മുന്‍കാലങ്ങളെ വിലയിരുത്തി അഭിപ്രായം പറയണം. അന്നും എം എം മണിയുടെ നിലപാട് സുവ്യക്തമായിരുന്നു. കുടിയേറ്റക്കാരെ നിരാലംബരാക്കി ഇറക്കിവിടുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കില്ല എന്നു തന്നെയാണ് ഇന്നും അദ്ദേഹത്തിന്റെ നിലപാട്.
ഇതില്‍ മറ്റൊരു തമാശ യു ഡി എഫിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന “കൈയ്യേറ്റത്തിനെതിരെയുള്ള” പ്രതികരണങ്ങളാണ്. ഉമ്മന്‍ ചാണ്ടിയുടെ അഞ്ചുവര്‍ഷക്കാലം ഇക്കാര്യത്തില്‍ എന്തു ചെയ്യുകയായിരുന്നു എന്ന് ഓരോ യു ഡി എഫുകാരനും സ്വയമൊന്ന് ആലോചിച്ച് നോക്കേണ്ടതാണ്. അപ്പോള്‍ സി പി ഐ ഇപ്പോള്‍ ഈ കൈയ്യേറ്റമൊഴിപ്പിക്കലുമായി ഇറങ്ങിയതിന്റെ പിന്നിലെ രഹസ്യം എന്താണ് ? രണ്ടു കാര്യങ്ങളാണ് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്
1.മൂന്നാര്‍ വിഷയം പത്രമാധ്യമങ്ങള്‍ക്ക് അമിത താല്പര്യമുള്ള ഒന്നാണ്. അതിലിടപെടുക വഴി , സി പി ഐയുടെ മന്ത്രിമാര്‍ പ്രവര്‍ത്തനരഹിതരാണ് എന്ന വിമര്‍ശനത്തിന് തടയിടുക.
2.മൂന്നാര്‍ വിഷയത്തില്‍ എം എം മണി അടക്കമുള്ളവരുടെ നിലപാട് സുവ്യക്തമാണെന്നിരിക്കേ സി പി ഐ എമ്മിനെ മാധ്യമങ്ങളുടെ സഹായത്തോടെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് തങ്ങള്‍ മാത്രമാണ് കറകളഞ്ഞവര്‍ എന്ന് വരുത്തിത്തീര്‍ത്ത് മുഖം മിനുക്കിയെടുക്കുക.
തോളിലിരുന്ന് ചെവി തിന്നുന്ന ഈ സ്വാഭാവത്തിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത് എന്ന് നിഷ്പക്ഷമതികള്‍ തീരുമാനിക്കട്ടെ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1