#ദിനസരികള്‍ 6
ആകാശത്തേക്ക് ഒരു കല്ലെടുത്തെറിഞ്ഞാല്‍ അത് വന്നു വീഴുന്നത് ഏതെങ്കിലും ഒരു കവിയുടെ തലയിലായിരിക്കും. അത്രമാത്രം കവികളുടെ ബാഹുല്യമുണ്ട് ഇന്ന് നമ്മുടെ പൊതുസമൂഹത്തില്‍.അത് നല്ലതുതുന്നെ. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങള്‍‍പോലും കവിയശ:പ്രാര്‍ത്ഥികളായി അരങ്ങത്ത് വന്നു കേറുമ്പോള്‍ നാം ജീവിച്ചു പോരുന്ന ഇന്നത്തെ സമൂഹം നേടിയെടുത്തിരിക്കുന്ന സാംസ്കാരികമായ ഉന്നതിയെ മനസ്സാ വാഴ്ത്തിപ്പാടേണ്ടതല്ലേ? ഹൃദയം ചീന്തിയെടുത്ത ചോരയിലാണ് കവിത എഴുതുന്നത് എന്നൊക്കെ പണ്ടത്തെ എഴുത്തുകാര്‍ പറയുന്നത് വെറുതെയാണ്. എവിടുന്നെങ്കിലും കീറിയെടുത്ത ഒരു കഷണം പേപ്പറോ മറ്റോ മതി കവിത എഴുതാന്‍ എന്നു വന്നാല്‍ അതില്‍ അഭിമാനിക്കുന്നതല്ലേ ഉചിതം?
ആവട്ടെ ആവട്ടെ ! കവിതയുടെ കൈവഴികളെക്കുറിച്ചും അതിന്റെ ഒഴുക്കുകളെക്കുറിച്ചുമൊക്കെ വിധി പറയാന്‍ നാമാര് ? ആസ്വദിക്കുക എന്നതു മാത്രമാണ് നമ്മുടെ കടമ എന്നിരിക്കേ പ്രത്യേകിച്ചും ? എന്തായാലും കാലികരായ പല കവികളുടേയും കൃതികളെ വായിക്കുമ്പോള്‍ നാവിന്‍തുമ്പില്‍ വെണ്‍മണി മഹന്റെ “ എന്നേ വിസ്മയ !മേതുമില്ല കവിതാ സാമര്‍ത്ഥ്യ ; മെന്നാല്‍ ഭവാ
നിന്നേറെക്കഷണിച്ചിവണ്ണമുളവാക്കീട്ടെന്തു സാദ്ധ്യം സഖേ
മുന്നേ ഗര്‍ഭിണിയായ നാള്‍ മുദിതയായ് മാതാവു നേര്‍ന്നിട്ടുമു –
ണ്ടെന്നോ താന്‍ കവിയായ് ജനങ്ങളെ വലച്ചീടേണമെന്നിങ്ങനെ “ എന്ന ശ്ലോകം തത്തിക്കളിക്കുന്നു എന്ന കാര്യം വസ്തുതതയാണ്. കൂട്ടത്തില്‍ എന്തെഴുതണം എങ്ങനെയെഴുതണം എപ്പോള്‍ എഴുതണം എന്നൊക്കെയുള്ള സ്വാതന്ത്ര്യം കവിക്കുതന്നെയാണ് അതില്‍ ഇടപെടുകയോ കൈ കടത്തുകയോ ചെയ്യരുത് എന്ന കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ലെന്ന് അസന്നിഗ്ദമായിത്തന്നെ രേഖപ്പെടുത്തട്ടെ.
പക്ഷേ ഒരഭിപ്രായത്തിന് ഇടം തരണം. മുന്‍ഗാമികള്‍ ഇവിടെ ചെയ്തു വെച്ചിരിക്കുന്നത് എന്താണെന്ന് ഒന്നു വായിച്ചു നോക്കുകയെങ്കിലും വേണമെന്ന് ഈ കവിയശപ്രാര്‍ത്ഥികളോട് അര്‍ത്ഥിക്കാനുള്ള അവസരമാണത്.പഴയ ഖണ്ഡകാവ്യ പാരമ്പര്യത്തിലേക്കോ , ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ മലയിടുക്കുകളിലേക്കോ നാം ചെന്നു കയറണം എന്നല്ല , മറിച്ച് മുന്‍കാലപ്രഭൃതികള്‍ ഇവിടെ നിര്‍മിച്ചു വെച്ചിരിക്കുന്ന സൌധങ്ങളെക്കുറിച്ച് ഒരു വിഹഗവീക്ഷണമെങ്കിലും ഉണ്ടാകുന്നത് നല്ലതാണ് എന്നാണ്. എങ്കില്‍ മാത്രമേ ,
“ നിരത്തില്‍ കാക്ക കൊത്തുന്നു ചത്തപെണ്ണിന്റെ കണ്ണുകള്‍
മുല ചപ്പി വലിക്കുന്നു നരവര്‍ഗ്ഗ നവാതിഥി “ എന്ന സര്‍വ്വ കാലത്തേയും കാഴ്ച ഇവിടെ നേരത്തെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന ബോധം നമുക്ക് വന്നുകൂടുകയുള്ളു. എങ്കില്‍ മാത്രമേ “നാലണക്കൊരു നല്ല കുഞ്ഞിനെ നാണി വിറ്റതാണിന്നലെ
ആറണക്കിനി നിന്റെ കുഞ്ഞിനെ ആരു വാങ്ങുമീച്ചന്തയില്‍ “ എന്ന് ഇവിടെ പാടിപ്പോയതാണെന്ന് മനസ്സിലാകൂ എങ്കില്‍ മാത്രമേ “സ്വത്വം പോയോര്‍ ചിരിക്കുമ്പോള്‍ ഭയംതാനല്ലി തോന്നുക “ എന്ന് എന്ന പ്രഖ്യാപനം ഇനിയും ആവര്‍ത്തിക്കേണ്ടതില്ല എന്ന് തിരിച്ചറിവുണ്ടാകൂ.
എഴുത്തച്ഛന്‍ മുതലിങ്ങോട്ടുള്ള പൂര്‍വ്വസൂരികളായ കവികളെ വായിക്കണോ വേണ്ടയോ എന്നതൊക്കെ ഞങ്ങളുടെ ഇഷ്ടം എന്ന വാദം കൃത്യം വ്യക്തവുമാണ്. പക്ഷേ എഴുതി , മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് വായിക്കപ്പെടണമെന്ന ആഗ്രഹത്തോടെയായിരിക്കുമല്ലോ എന്ന ഒരു മറുചോദ്യത്തിനും സാധ്യതയുണ്ട്. അത്രമാത്രം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1