#ദിനസരികള്‍ 2
“The ultimate goal of farming is not the growing of crops, but the cultivation and perfection of human beings.” 
― Masanobu Fukuoka, The One-Straw Revolution
മസനോബു ഫുക്കുവോക്ക.ഭക്ഷണം മരുന്നാണെന്ന് വിശ്വസിക്കുകയും ആ മരുന്ന് പരുവപ്പെടുത്തി എടുക്കേണ്ടത് വിഷരഹിതമായ മണ്ണില്‍ നിന്നായിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്ത ജപ്പാനിലെ കര്‍ഷകന്‍.മറ്റു ജീവവര്‍ഗ്ഗങ്ങളില്‍ വെച്ച് ഒന്നാമന്‍ ഇരുകാലിയായ മനുഷ്യനാണ് എന്ന ഊറ്റത്തില്‍ നിന്ന് അവനും ഒരു ആവാസവ്യവസ്ഥയുടെ ഭാഗം മാത്രമാണെന്നും ഇതര ജീവജാലങ്ങളെ തന്നോളംതന്നെ പരിഗണിക്കേണ്ടതാണെന്നുമുള്ള ധാരണയാണ് പ്രകൃതിയോട് ഇടപെടുമ്പോള്‍ മനുഷ്യരില്‍ മുന്നിട്ടു നില്ക്കേണ്ടത് എന്നും അദ്ദേഹം ശഠിച്ചു. ഉഴുതുമറിച്ച് കൃത്രിമമായി ഒരുക്കിയെടുക്കുന്ന ഒരു കൃഷിയിടത്തേക്കാള്‍ സ്വഭാവികമായിത്തന്നെ പരുവപ്പെട്ടു കിടക്കുന്ന ഇടത്തിന് ഗുണം കൂടും എന്ന് അദ്ദേഹം തെളിയിച്ചു. ആപേക്ഷികമായി ഇത്തിരിവട്ടം മാത്രമായിരുന്ന തന്റെ കൃഷിയിടത്തെ സര്‍വ്വലോകത്തിലേയും കൃഷിസ്ഥലങ്ങള്‍ക്ക് ഉദാഹരണമാക്കുവാനുള്ള ഒരിടമായി പരിണമിപ്പിച്ചെടുക്കുന്ന അത്ഭുതവിദ്യയുടെ പരീക്ഷണത്തിലായിരുന്നു അദ്ദേഹം. പ്രകൃതിയിലേക്ക് മടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം.അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികമായി ഉണ്ടായിരുന്നു. ഫുക്കുവോക്കയുടെ വാദങ്ങള്‍ക്ക് ശക്തവും ശാസ്ത്രീയവുമായ എതിര്‍വാദങ്ങള്‍ ഉന്നയിക്കപ്പെട്ടു.പക്ഷേ അസാധാരണമാം വിധത്തില്‍ താന്‍ ഉയര്‍ത്തിപ്പിടിച്ച ഒറ്റ വൈക്കോലിന്റെ ഇത്തിരിത്തണലില്‍ അക്ഷോഭ്യനായി ആ വൃദ്ധകര്‍ഷകന്‍ നിലകൊണ്ടു.പതുക്കെയെങ്കിലും നിരന്തരം പ്രകൃതിയിലേക്ക് മടങ്ങുക എന്ന് പിറുപിറുത്തു
ഫുക്കുവോക്ക ഒരു തെറ്റായിരിക്കാം.പക്ഷേ കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന ജലത്തിലും ശ്വസിക്കുന്ന വായുവിലും അമിതമായി വിഷം കലര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ നാം എന്താണ് ചെയ്യുക? ലാഭം മാത്രം ലക്ഷ്യമാക്കി കൃഷിയിടങ്ങളെ കീടനാശിനികളിലും മറ്റ് മാരകമായ വിഷങ്ങളിലും മുക്കി നമ്മുടെ തീന്‍‌മേശയിലേക്കെത്തിക്കുന്ന വന്‍കിട കമ്പനികളെ നാം എങ്ങനെയാണ് പ്രതിരോധിക്കുക? ഭക്ഷണവും വെള്ളവും വായുവും പോലും മലിനപ്പെടുകയും കാന്‍സര്‍‌പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമ്പോള്‍ രക്ഷതേടി നാം ഏതു കരങ്ങളിലാണ് അഭയം പ്രാര്‍ത്ഥിക്കുക? ദൈനന്ദിനജീവിതത്തിന് തന്നെ മുട്ടിലിഴയുന്ന കര്‍ഷകനോട് ലാഭകരമായി കൃഷിചെയ്യാനുള്ള വഴികള്‍ പ്രഘോഷണം ചെയ്യുന്ന വന്‍കിട വിത്ത് – വളക്കമ്പനികളുടെ പ്രലോഭനങ്ങളില്‍ നിന്ന് അവനെ ആരാണ് കാത്തു പോരുക?
ചോദ്യങ്ങള്‍ മാത്രമേയുള്ളു . ഉത്തരങ്ങളില്ല.വിപണിമൂല്യങ്ങള്‍ക്കപ്പുറം മറ്റു ചിലതൊക്കെ ഇവിടെ ഉണ്ട് എന്ന് തിരിച്ചറിയുന്ന കാലത്തിനായി നാം കാത്തിരിക്കുക
ആരു കണ്ട സ്വപ്നമായിരുന്നു മസനോബു ഫുക്കുവോക്ക??

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം