Monday, April 17, 2017

#ദിനസരികള് 4
ഹിരണ്യായ നമ എന്ന് മാത്രം ജപിക്കുവാനും മറ്റെല്ലാ ഈശ്വരസങ്കല്പങ്ങളേയും മറന്നു കളയാനും കല്പിച്ച ഹിരണ്യകശിപുവിനെ വധിക്കാന്‍ സാക്ഷാല്‍ മഹാവിഷ്ണുവിന് നരസിംഹമായി അവതരിക്കേണ്ടി വന്നു. അഹങ്കാരത്തിന്റേയും അല്പത്തത്തിന്റേയും ആള്‍രൂപമായിരുന്ന തനിക്കുവേണ്ടി ആരാധനാലയങ്ങളുണ്ടാക്കുകയും അവിടെ പ്രാര്‍ത്ഥിക്കാന്‍ ഭക്തന്മാരെ സൃഷ്ടിക്കുകയും ചെയ്ത ഹിരണ്യകശിപു, കൃതയുഗത്തിലെ നാലാമാത്തെ അവതാരത്തിന് നിമിത്തമായി. വിഷ്ണുഭക്തനായ തന്റെ സ്വന്തം പുത്രന്‍ പ്രഹ്ലാദന്റെ പ്രാര്‍ത്ഥനയാണ് വരസിദ്ധിയാല്‍ അജയ്യനെന്ന് അഹങ്കരിച്ച ഹിരണ്യ കശിപുവിന്റെ ആയുസ്സെടുക്കാന്‍ കാരണമായത്.ഹിരണ്യായ നമ എന്ന പ്രാര്‍ത്ഥനയൊഴിച്ച് മറ്റെല്ലാ പ്രാര്‍ത്ഥനകളേയും നിരോധിച്ച് തനിക്ക് വരസിദ്ധി അനുവദിച്ച ദേവതകളെപ്പോലും വെല്ലുവിളിച്ച ഹിരണ്യന് പക്ഷേ മഹാവിഷ്ണുവിന്റെ മുമ്പില്‍ പിടിച്ചു നില്ക്കാനായില്ല. എത്ര വലിയ വരബലം അനുവദിച്ചു കിട്ടിയായാലും അത് അനുവദിച്ചവര്‍ക്ക് അതിനുമപ്പറുത്ത് ബലമുണ്ടെന്ന് ഹിരണ്യകശിപു മറന്നു. ആ മറവിക്ക് സ്വന്തം ജീവിതം തന്നെയാണ് പകരം കൊടുക്കേണ്ടി വന്നത്.
ഇതാ ഇപ്പോള്‍ ഈ കലിയുഗത്തില്‍ മറ്റൊരു ഹിരണ്യ കശിപു പിറന്നിരിക്കുന്നു. യുപിയുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹം രൂപീകരിച്ച യുവവാഹിനി എന്ന സംഘടനയാണ് യോഗി യോഗി എന്ന് എന്ന് ജപിക്കുന്നവര്‍ മാത്രം യു പിയില്‍ ജീവിച്ചാല്‍ മതിയെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയുടെ വിവിധ പ്രദേശങ്ങളല്‍ ഇക്കാര്യമുന്നയിച്ചുകൊണ്ട് പ്രചരണബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇതര വിശ്വാസികളോടും പ്രവര്‍ത്തകരോടും കാണിക്കുന്ന ഈ അസഹിഷ്ണുതയും അധികാരത്തിന്റെ ബലമുപയോഗിച്ചു കൊണ്ടുള്ള അടിച്ചമര്‍ത്തല്‍ ഭരണവും തന്നെയാണ് കൃതയുഗത്തിലെ വിഷ്ണുവിരോധിയായ ഹിരണ്യ കശിപുവിന്റേയും മുഖമുദ്രയായിരുന്നത്.
ശിഷ്ടജനപാലനത്തിനും ദുഷ്ടനിഗ്രഹത്തിനുമായി ഭഗവാന്‍ വിഷ്ണു കൃതയുഗത്തില്‍ അവതരിച്ചു എന്നത് പുരാണപ്രസിദ്ധമായ കഥയാണ്. എന്നാല്‍ ഇത് കലിയുഗമാണ് . ഈ ജനാധിപത്യകാലത്ത് ഇത്തരം ഹിരണ്യകശിപുമാരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുവാന്‍ നാം അവതാരങ്ങളെയല്ല പ്രതീക്ഷിക്കേണ്ടത്. പ്രതികരണശേഷിയും ജനാധിപത്യബോധവുമുള്ള ജനതയാണ് പ്രതികരിക്കേണ്ടത്. നാനാജാതി മതസ്ഥര്‍ ഇടപഴകി സഹവര്‍ത്തിത്വത്തോടെ പുലര്‍ന്നു പോന്നിരുന്ന ഇന്ത്യുയുടെ വര്‍ഗ്ഗീയേതര മുഖങ്ങളെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ നാം അവസാനിപ്പിച്ചുകൂട.
സഹനാവവതു സഹനൌ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വീ നാവതീതമസ്തു
മാ വിദ്വിഷാവഹൈ എന്ന ശാന്തി മന്ത്രം ഒഴുകിവന്ന അതീതകാലങ്ങളുടെ സര്‍വ്വാശ്ലേഷിയായ സമത്വസ്വപ്നങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും വര്‍ഗീയവല്‍ക്കരിച്ചും സിംഹാസനങ്ങളിലേക്ക് ചുവടുവെച്ചു കയറിയ ഹിരണ്യകശിപുമാരെ , അതേ ആശയസംഹിതകളുടെ ജനാധിപത്യബോധമുപ യോഗിച്ചു കൊണ്ട് നേരിടുകയും അവര്‍ അരുളിമരുവുന്ന സിംഹാസനങ്ങളെ ഇളക്കിയെറിയുകയും ചെയ്യുന്ന ഒരു നവയുഗകൂട്ടായ്മക്ക് ഇനിയും അമാന്തമരുത്.
Post a Comment