Thursday, April 20, 2017

#ദിനസരികള്‍ 8
            കേരളമാകെ ആകാംക്ഷയോടെ കാത്തിരുന്ന മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ വീണ്ടും വിവാദത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കഴിഞ്ഞ തവണ റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐയുടെ തന്നെ കൈവശമുള്ള പാര്‍ട്ടി ഓഫീസിലേക്ക്  നീണ്ടതോടെയാണ് പൊളിക്കല്‍ നിറുത്തിവെക്കേണ്ടിവന്നതെങ്കില്‍ ഇത്തവണ തുടക്കത്തിലേ തന്നെ ഒരു മതവിഭാഗം സ്ഥാപിച്ച കുരിശു നീക്കിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്.കുരിശു നീക്കിയ രീതിയോട് മുഖ്യമന്ത്രിയും അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നു.നീക്കേണ്ടതായിരുന്നുവെങ്കില്‍ അതൊരു ചര്‍ച്ചയിലൂടെ ആകാമായിരുന്നു എന്നും അങ്ങനെ അനധികൃതമായി സ്ഥാപിച്ച കുരിശടികള്‍ മാറ്റിയ ചരിത്രം കേരളത്തിനുണ്ട് എന്നും അദ്ദേഹം പറയുമ്പോള്‍ അത് മുഖവിലക്കെടുക്കേണ്ടതുതന്നെയാണ്. എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ബോധപൂര്‍വ്വം ഒരു അട്ടിമറി സംഘടിപ്പിക്കപ്പെടുമ്പോള്‍ ഈ സമവായത്തിന്റെ പാത സ്വീകരിക്കുന്നതിന് പകരം സംഘര്‍ഷം ഉണ്ടാക്കുകയല്ലേ കൈയ്യേറ്റക്കാര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും അഭികാമ്യമായിട്ടുള്ളത് ? അതുതന്നെയാണ് അവിടെ സംഭവിച്ചിട്ടുള്ളതും. പ്രത്യേകിച്ച് മതവിഭാഗത്തിനെ തിരെയുള്ള നീക്കമാവുമ്പോള്‍ വൈകാരികത കൂടും എന്ന് തിരിച്ചറിയാത്തവരല്ലല്ലോ ഒഴിപ്പിക്കലിന് നേതൃത്വം കൊടുക്കുന്നവര്‍ .  മറ്റൊരുപാടു കൈയ്യേറ്റങ്ങളുണ്ടെങ്കിലും നേരെ കുരിശിലേക്ക് ചെന്നു കയറിയതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് ബോധമുള്ളവര്‍ ചിന്തിക്കുക. അപ്പോള്‍ ഒഴിപ്പിക്കല്‍ നാടകത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളു .അത് ഏതുവിധത്തിലെങ്കിലും ഒഴിപ്പിക്കല്‍ അട്ടിമറിച്ച് നിറുത്തിവെപ്പിക്കുക എന്നതാണ്. കുരിശു പൊളിക്കാന്‍ പോയതിലൂടെ കൈയ്യേറ്റ മാഫിയയും റവന്യു വകുപ്പും ഒത്തുകളിച്ച ഈ ഒഴിപ്പിക്കല്‍ നാടകത്തിന് അവസാനമായി എന്നുതന്നെയാണ് മനസ്സിലാകുന്നത്.
            കേരളത്തിലെ ജനങ്ങളെ ഒഴിപ്പിക്കലിന്റെ പേരില്‍ ചിലര്‍ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത് ആശാസ്യമല്ല. ഒഴിപ്പിക്കലിന് നേതൃത്വം നല്കുമ്പോള്‍ ചിലര്‍ അതിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നൊക്കെയായിരുന്നല്ലോ ആക്ഷേപം. മൂന്നാറിനെ രക്ഷിക്കാന്‍ വന്ന അവതാരമായിട്ടാണ് ഒഴിപ്പിക്കല്‍ ദൈവങ്ങളെ നമ്മുടെ മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തിയിരുന്നത്. കുടിയേറ്റത്തെ കൈയ്യേറ്റമായിക്കാണുന്ന പ്രവണതയെ മാത്രമാണ് എതിര്‍ത്തിട്ടുണ്ടെങ്കില്‍ത്തന്നെ എതിര്‍ത്തത് എന്ന് കാണാന്‍ നമുക്ക് സാധിക്കും. കുടിയേറ്റക്കാരുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദിച്ചവരെ കൈയ്യേറ്റക്കാര്‍ക്ക് ചൂട്ടുപിടിക്കുന്നവരാ യിട്ടാണ് മാധ്യമക്കാര്‍ ചിത്രീകരിച്ചത്. അന്ന് മാധ്യമക്കാരുടെ തണലില്‍ നിന്ന് ഇളവേറ്റവര്‍ ഇന്ന് തന്ത്രപൂര്‍വ്വം കൈയ്യേറ്റങ്ങളെ നീക്കാനുള്ള നടപടികളെ അട്ടിമറിച്ച് ഊറിച്ചിരിക്കുന്നു.
            ഏപ്രില്‍ മുപ്പതിനകം പ്രദേശത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.അതിനുശേഷം കൈയ്യേറ്റക്കാര്‍ ആരൊക്കെയാണ് എന്ന് സുവ്യക്തമാകും. അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍‌ക്കെതിരെ നടപടി എടുക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി കേരളത്തിന് ഉറപ്പു നല്കുന്നു.
            ഇങ്ങനെ , നിയമപരവും മനുഷ്യത്വപരവുമായല്ലാതെ മുഖം രക്ഷിക്കാനും പുതിയ ഇമേജ് സൃഷ്ടിച്ചെടുക്കാനുമുളള വ്യഗ്രതയില്‍ ചാടിപ്പുറപ്പെട്ടാല്‍ മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ കൈയ്യേറ്റമായിത്തന്നെ അവശേഷിക്കും എന്നാണ് റവന്യുവകുപ്പും ബന്ധപ്പെട്ട നേതൃത്വവും മനസ്സിലാക്കേണ്ടത്.


            
Post a Comment