#ദിനസരികള്‍ 10
കേരളത്തിലെ പോലീസ് നീതിനിര്‍വ്വഹണത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്ന ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ജനപക്ഷത്ത് നില്ക്കുക എന്നതാണ് പോലീസിന്റെ ധര്‍മ്മമെന്നും , കക്ഷിരാഷ്ട്രീയസ്വാധീനങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തുകൊണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് അവകാശ നിഷേധം ഉണ്ടാകരുത് എന്നും മുഖ്യമന്ത്രി ദിവസേനയെന്നവണ്ണം പോലീസ് സേനയെ ഓര്‍മപ്പെടുത്തുന്നുണ്ട്. യാതൊരുവിധത്തിലുമുള്ള ബാഹ്യഇടപെടലുകള്‍ക്കും വഴങ്ങാതിരിക്കുവാനുള്ള പിന്തുണ സര്‍ക്കാര്‍തന്നെ നേരിട്ട് നമ്മുടെ സേനക്ക് നല്കുന്നത് , ഒരു തരത്തിലുമുള്ള നീതിനിഷേധവും പൊതുജനങ്ങള്‍ക്ക് ഉണ്ടാകരുത് എന്ന ജനാധിപത്യബോധം ഉള്‍ക്കൊള്ളുന്നതു കൊണ്ടാണ്.പോലീസ് വാഴ്ചയുടെ കിരാതസ്വഭാവം നേരിട്ട് ധാരാളം അറിഞ്ഞിട്ടുള്ള ഒരാളാണ് മുഖ്യമന്ത്രി. ഒറ്റ രാത്രി കൊണ്ട് പോലീസ് സേനയെ ആകെ നവീകരിച്ചു കളയാം എന്ന മിഥ്യാധാരണ മുഖ്യമന്ത്രിയ്ക്കില്ല. അതുകൊണ്ടാണ് സേനയുടെ ചിന്തയും പെരുമാറ്റവും പരിഷ്കരിക്കപ്പെടണം എന്നതിന്റെ അടിസ്ഥാനത്തില്‍ നവീകരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ടാണ് മുന്‍മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി നിയോഗിച്ച ഉദ്യോഗസ്ഥന്മാര്‍ ഇപ്പോഴും അതേ കസേരയില്‍ത്തന്നെ ഇരുന്ന് ഭരിക്കുന്നത്. എന്നാല്‍ ഇപ്പോഴും “കുട്ടന്‍പിള്ള”യുടെ മാനസികാവസ്ഥയില്‍ നിന്നും മോചിതരാകാത്ത ചിലര്‍ പോലീസിലുണ്ട്. അത്തരക്കാരുടെ ഇടപെടലുകള്‍ പൊതുജനങ്ങളുടെ ഇടയില്‍ സേനയുടെ സത്‌പേരിന് കളങ്കമുണ്ടാക്കുന്നു.
ഇത്രയൊക്കെ ജനാധിപത്യബോധത്തോടെ ഇടതുപക്ഷസര്‍ക്കാര്‍ ഇടപെട്ടിട്ടും മാറാത്തവരായി ഐ പി എസ് ഉദ്യോഗസ്ഥന്‍ മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍ വരെയുണ്ട് എന്നതാണ് വേദനിപ്പിക്കുന്ന സത്യം.എനിക്കു നേരിട്ട് അറിയാവുന്ന രണ്ട് അനുഭവങ്ങള്‍ പറയാം. ഒന്ന് ഒരു സംഘര്‍ഷത്തെത്തുടര്‍ന്ന് സ്വമേധയാ സ്റ്റേഷനില്‍ ഹാജരായ ഞാനടക്കമുള്ളവരോട് പോലീസിലെ ചിലര്‍ പെരുമാറിയ രീതി ഉദാഹരണമാണ്. ഞങ്ങളെ ലോക്കപ്പില്‍ കയറ്റിയിട്ട് മര്‍ദ്ദിക്കാന്‍ ഒരുങ്ങിയവരോട് “ ജനാധിപത്യപരമായി നിങ്ങളുടെ മുമ്പില്‍ കീഴടങ്ങിയ ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ല സര്‍ “ എന്നു പറഞ്ഞപ്പോള്‍ “എന്തോന്ന് ജനാധിപത്യമെഡാ “ എന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞുവന്ന പോലീസ് ഓഫീസര്‍ സേനയുടെ ഞെട്ടിപ്പിക്കുന്ന ഒരു മുഖമാണ്. മെഡിക്കലടക്കമുള്ള പരിശോധനകള്‍ കഴിഞ്ഞുവന്നവരോടാണ് ഇങ്ങനെ പെരുമാറിയത് എന്നോര്‍ക്കണം. രണ്ട്. ലോറിത്തൊഴിലാളികള്‍ നടത്തിയ ഒരു സമരത്തെത്തുടര്‍ന്ന് , ഒരു ലോറി തടഞ്ഞ സമരാനുകൂലികളെ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 15 ദിവസമാണ് കോടതി ജയിലിലിട്ടത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചേര്‍ക്കപ്പെട്ടത്. ഇന്നലെയാണ് അവര്‍ മോചിതരായത്. കൂടിവന്നാല്‍ ഒരു പെറ്റിക്കേസ്സില്‍ അവസാനിക്കേണ്ട കാര്യം നാലുപേരുടെ 15 ദിവസത്തെ ജയില്‍വാസത്തിന് കാരണമായിട്ടുണ്ടെങ്കില്‍ 307 , 308 പോലുള്ള വകുപ്പുകള്‍ ചേര്‍ക്കുമ്പോള്‍ പോലീസ് കൂടുതല്‍ ജാഗ്രത കാണിക്കണം എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. ബോധപൂര്‍വ്വം കെട്ടിച്ചമക്കുന്ന നുണമൊഴികള്‍ക്ക് കൂട്ടുനില്ക്കാതിരിക്കുക എന്ന പ്രാഥമിക കടമ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ നിര്‍വഹിച്ചിരുന്നുവെങ്കില്‍ ഈ യുവാക്കള്‍ ഇങ്ങനെ പീഢിപ്പിക്കപ്പെടില്ലായിരുന്നു.
അതുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഗുണവശങ്ങള്‍ അതാതു വകുപ്പുകള്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടില്ലായെങ്കില്‍ അത് അധിക്ഷേപാര്‍ഹമാണ്, ജനങ്ങളുമായി നിരന്തരം ഇപെടുന്ന പോലീസാകുമ്പോള്‍ പ്രത്യേകിച്ചും. സ്വയം നവീകരിക്കാനുള്ള ഒരവസരമായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളെ ഇത്തരക്കാര്‍ കാണണം. കമ്പികേറ്റുന്നവരും ഉരുട്ടിരസിക്കുന്നവരും ഇപ്പോഴും സേനയിലുണ്ട് എന്ന് അറിയാത്തവരല്ലല്ലോ ഭരിക്കുന്നവര്‍ എന്ന തിരിച്ചറിവുണ്ടാകട്ടെ.
Comments