#ദിനസരികള്‍ 7

ബീവറേജസ് കോര്‍പ്പറേഷന്റെ മാനന്തവാടിയിലെ വിദേശമദ്യവില്പനശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട ചില ആളുകള്‍ നടത്തുന്ന സമരം തുടങ്ങിയിട്ട് ഏകദേശം ഒന്നര വര്‍ഷത്തോളമായിരിക്കുന്നു. ഇപ്പോള്‍ ഔട്ട്‌ലറ്റിന്റെ മുന്നില്‍ നടത്തിയിരുന്ന സമരം, ഇതുവരെ തീരുമാനമൊന്നുമാകാത്ത സ്ഥിതിക്ക് മാനന്തവാടി സബ്കളക്ടറുടെ ഓഫീസിന് മുന്നിലേക്ക് മാറ്റിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ സമരത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ കഴിയാതെ പോയതെന്ന് ഈ ഘട്ടത്തിലെങ്കിലും നാം ചിന്തിക്കേണ്ടതുണ്ട്
യു ഡി എഫിന്റെ നേതൃത്വത്തില്‍ ശ്രീ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ സമരം ഒന്നോ രണ്ടോ വ്യക്തികളുടെ മാത്രം താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്ന ധാരണ പൊതുസമൂഹത്തില്‍ രൂഢമൂലമായിട്ടുണ്ട്. പില്ക്കാലത്ത് അവര്‍ തന്ത്രപരമായി മുന്‍നിരയില്‍ നിന്ന് മാറുകയും പാവപ്പെട്ട ആദിവാസി അമ്മമാരെ - അതും രണ്ടോ മൂന്നോ ആളുകളെ മാത്രം – സമരം ഏല്പിച്ചുകൊടുക്കുകയും ചെയ്തു. ഈ ആദിവാസി അമ്മാരുടെ പേരില്‍ പോലും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇവരില്‍പെട്ട ആളുകള്‍ മദ്യപിച്ച് മാനന്തവാടി അങ്ങാടിയില്‍ പരസ്യമായി നടന്നതും സമരത്തിന് കൂലി കൊടുക്കുന്നതെന്ന് പറയപ്പെടുന്ന ഒരു ഫോട്ടോയുടെ പ്രചാരണവുമൊക്കെ അവരുടെ വിശ്വാസ്യതയെ ഇടിച്ചു താഴ്ത്തിയിട്ടുണ്ട്.അതോടൊപ്പം തന്നെ കര്‍ണാടകയിലും കേരളത്തിലുമുള്ള സ്വകാര്യബാറുകളുടെ “സഹായവും “ സമരത്തിന് ലഭിക്കുന്നു എന്നൊരാക്ഷേപം നിലനില്ക്കുന്നുണ്ട്.
ചില ആളുകള്‍ക്ക് നേതാവാകാനും പത്രസമ്മേളനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്ക്കാനുമായി ആദിവാസി സമൂഹത്തെ ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തിന് സമരത്തോളം തന്നെ പഴക്കമുണ്ട്. മുഖ്യധാരാ രാഷ്ടീയപാര്‍ട്ടികളടക്കമുളള പൊതു സമൂഹത്തിന്റെ സവിശേഷപരിഗണന എന്തുകൊണ്ടാണ് തങ്ങള്‍ക്ക് ലഭിക്കാത്തതെന്ന് സമരക്കാര്‍ സത്യസന്ധമായി വിലയിരുത്തണം. പൊതു സമൂഹത്തിന്റെ വിശ്വാസ്യതയും അനുഭാവവും നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേവലമായ പിടിവാശി കാരണം സമരം വലിച്ചു നീട്ടി കൊണ്ടുപോകുന്നത് ജനാധിപത്യപരമല്ല എന്ന തിരിച്ചറിവ് സമരക്കാര്‍ക്ക് ഉണ്ടാകണം. എന്നാല്‍ സമരത്തിന്റെ ഗുണവശങ്ങള്‍ ബോധ്യപ്പെടുത്തി ജനങ്ങളെ തങ്ങളുടെ കൂട്ടത്തില്‍ നിറുത്താന്‍ കഴിയുമെന്ന ഉറച്ച ധാരണയുണ്ടെങ്കില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സമരത്തിന്റെ ജനകീയാടിത്തറ വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
തെറ്റായ ആവശ്യങ്ങള്‍ക്കുവേണ്ടി ഒരു ജനവിഭാഗത്തെ ഉപയോഗപ്പെടുത്തി പരാജയപ്പെട്ട സമരം നടത്തിയതിന് ഉദാഹരണമായി നാളത്തെ ചരിത്രകാരന്മാര്‍ ഈ സമരത്തെ രേഖപ്പെടുത്താന്‍ ഇടവരരുത് എന്ന ഒരൊറ്റ അഭ്യര്‍ത്ഥന മാത്രമേ ഈ എഴുതുന്നവന് മുന്നോട്ടു വെക്കുവാനുള്ളു. 
ഈ കേന്ദ്രം പൂട്ടിക്കഴിഞ്ഞാല്‍ കര്‍ണാടകയിലെ ബാവലിയിലേക്കും കുട്ടത്തേക്കുമുള്ള ജനങ്ങളുടെ ഒഴുക്ക് തടയാന്‍ നമുക്കു മുന്നില്‍ ഒരു വഴിയുമില്ല. ഇപ്പോള്‍ മദ്യപിക്കുന്നുവെങ്കിലും ആളുകള്‍ വീട്ടില്‍ എത്തുന്നുണ്ട്. കര്‍ണാടകയിലേക്കാണ് പോകുന്നതെങ്കില്‍ വീട്ടിലെത്തുക എന്നുള്ളത് കുറയും എന്നു മാത്രമല്ല കുടിച്ച് വഴിവക്കില്‍ കിടന്ന് വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടലുള്‍‌പ്പെടെ സാമൂഹികമായുണ്ടാകുന്ന അനുബന്ധവിഷയങ്ങള്‍ എത്രയെങ്കിലുമുണ്ടെങ്കിലും ഓരോന്നായി ഊന്നിപ്പറയാനുദ്ദേശിക്കുന്നില്ല. ആയതിനാല്‍ മദ്യനിരോധനം എന്നുള്ളത് ഒരു ഫാഷനായി ഉന്നയിക്കാനുള്ള വിഷയമല്ല. നിരോധനത്തിന് മുമ്പ് മദ്യോപയോഗമുണ്ടാക്കുന്ന കെടുതികളെക്കുറിച്ചും സാമ്പത്തിക നഷ്ടത്തെക്കുറിച്ചു മൊക്കെ ജനങ്ങളെ നന്നായി ബോധവത്കരിക്കേണ്ടിയിരിക്കുന്നു. അത്തരം ബോധവല്‍ക്കരണത്തിലൂടെ ഉണ്ടാക്കിവരുന്ന ഒരു അന്തരീക്ഷത്തിന്റെ സഹായത്തോടെ വേണം നിരോധനം നടപ്പാക്കാന്‍ . സി ആര്‍ നീലകണ്ഠന്‍ ഒരു ദിവസം പിച്ച തെണ്ടിയാല്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ് ആ ബോധം എന്ന് ധരിച്ചുവശായിരിക്കുന്നവര്‍ക്ക് നല്ല നമസ്കാരം !

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം