#ദിനസരികള്‍ 5
മാധ്യമം ആഴ്ചപ്പതിപ്പില്‍
ആനന്ദ് പട്‌വര്‍ധന്‍ , കൌണ്ടര്‍കറന്‍റ്സില്‍ വിദ്യാഭൂഷന്‍ റാവത്തുമായി നടത്തിയ
അഭിമുഖത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു. സൂക്ഷ്മവും ബഹുതലസ്പര്‍ശിയായ
വിമര്‍ശനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ അഭിമുഖം. ഉദാഹരണത്തിന് സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച്
“ ഹിറ്റ്ലറും
ഹീരോഹിതോയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ എനിക്ക് ദഹിക്കില്ല.അത്രയും
വിലകൊടുത്ത് സ്വാതന്ത്ര്യം നേടിയെടുക്കാനാവില്ല” എന്നും വിവേകാനന്ദനെക്കുറിച്ച് “വളരെയധികം
വിമര്‍ശിക്കപ്പെടേണ്ടതരം പൌരുഷസങ്കല്പമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അകമേ
ജാതിചിന്ത രൂഢമൂലമായിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹ” മെന്നുമുള്ള
പട്‍വര്‍ധന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുക. രേഖീയമായ നമ്മുടെ ധാരണകളെ കീഴ്മേല്‍
മറിച്ച് നവമായ ഒരു ചരിത്രബോധം ഉണ്ടാക്കിയെടുക്കുവാനുള്ള ശ്രമം ഈ അഭിമുഖത്തില്‍
നമുക്ക് കണ്ടെത്താനാകും.ആറെസ്സെസ്സിന്റേയും മറ്റു സംഘപരിവാരസംഘടനയുടേയും
അണികളെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് നരേന്ദ്രമോഡിയും അമിത് ഷായും നടത്തിയ
നോട്ടുനിരോധനം പ്രത്യക്ഷത്തില്‍ അവതരിപ്പിക്കപ്പെട്ടത് കള്ളപ്പണക്കാര്‍ക്കെതിരെയുള്ള
നടപടി എന്ന തരത്തിലാണ്. കള്ളപ്പണം ബാങ്കില്‍ തിരിച്ചെത്തുകയും എല്ലാം
വെള്ളപ്പണമായി മാറുകയും ആയിരക്കണക്കിന് മനുഷ്യര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും
ചെയ്തിട്ടും മോഡിയും അനുയായികളും “കള്ളപ്പണത്തിനെതിരെയുള്ള
നടപടി”
എന്ന വാദത്തില്‍ത്തന്നെ ഉറച്ചുനിന്നു. നോട്ടു നിരോധനം മോദി
ചെയ്ത ഒരു വങ്കത്തമായി വിലയിരുത്തപ്പെടും എന്ന് പട്‍വര്‍ധന്‍ നിരീക്ഷിക്കുന്നു.
മതജാതി വര്‍ഗീയ തല്പര്യങ്ങളെ താലോലിക്കുന്ന സമകാലിക
ഇന്ത്യന്‍ ഭരണാധികാരികളേയും അവരുടെ സ്തുതിപാഠകരേയും ഈ അഭിമുഖം തുറന്നു കാട്ടുന്നു.അഭിനന്ദനീയമായ
ഈ നിലപാടുകള്‍ക്ക് നാം നന്ദിയുള്ളവരാകുകയും സ്വന്തം കാഴ്ചപ്പാടുകളെ നവീകരിക്കുവാന്‍
ശ്രമിക്കുകയും ചെയ്യേണ്ടതാണെന്ന് പട്‌വര്‍ധന്‍ ഉദ്‌ബോധിപ്പിക്കുന്നു. അതേ
സമയംതന്നെ ഇടതുപക്ഷത്തെക്കുറിച്ചും ദളിതു സംഘടനകളെക്കുറിച്ചും അദ്ദേഹത്തിന്
ആക്ഷേപങ്ങളുണ്ട്. ”സ്വന്തം
പരിസരത്തുനിന്ന് ജാതീയതയെ എങ്ങനെ തകര്‍ക്കാമെന്നതില്‍ ഇപ്പോഴും വ്യക്തത
വന്നിട്ടില്ലാത്ത ഇടതുപക്ഷവും ഏകമുഖമായ സ്വത്വവാദത്തിന്റെ ഇരകളാകുന്ന ദലിതു
സംഘങ്ങളെക്കുറിച്ചും “ അദ്ദേഹം
ഊന്നിപ്പറയുന്നുണ്ട്. ഇടതുപക്ഷവും ദലിതുകളും സ്വഭാവികസഖ്യമാണെന്നും ഈ
സഖ്യത്തിലേക്ക് പുരോഗമനോന്മുഖരായ ഗാന്ധിയന്മാര്‍കൂടി ചേരണം എന്നുമാണ് തന്റെ ആഗ്രഹമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു
എന്തായാലും വര്‍ദ്ധിച്ചു വരുന്ന സംഘപരിവാരശക്തികളുടെ കുടില
നീക്കങ്ങളെ എതിരിട്ട് പരാജയപ്പെടുത്തണമെങ്കില്‍ ഇന്ത്യയിലെ ഇടതുപക്ഷം കൂടുതല്‍
സജീവമായും സത്യസന്ധമായും ജാതീയതയെ നിര്‍വചിക്കുകയും ഇടപെടലുകളുടെ പുതിയ
സാധ്യതകളെക്കുറിച്ച് ആരായുകയും വേണമെന്ന് ഈ അഭിമുഖം വ്യക്തമാക്കുന്നു.
Comments