#ദിനസരികള് 632
#ദിനസരികള് 632
എന്തൊക്കെയാണ് നവോത്ഥാനമൂല്യങ്ങളായി കണക്കാക്കപ്പെടുന്നത് ? മാനവികത , ജനാധിപത്യം , യുക്തിവാദം , മതനിരപേക്ഷത , സോഷ്യലിസം എന്നിവയൊക്കെയാണ് നവോത്ഥാനത്തിന്റെ ലക്ഷണങ്ങളായി പി ഗോവിന്ദപ്പിള്ള ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീ പുരുഷ തുല്യത , ശാസ്ത്രീയാവബോധം , തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍ തുടങ്ങി ഒരു പാടു ആശയങ്ങള്‍ ഉള്‍പിരിവുകളായി സ്വാഭാവികമായും ഇവയോട് ചേര്ന്നു നില്ക്കുന്നു. ഇതില്‍ ഏതെങ്കിലുമൊരു മൂല്യത്തിന്റെ അഭാവം എല്ലാ നവോത്ഥാനമുന്നേറ്റങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നിരിക്കേ , യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വ്യാജ ചികിത്സകള്ക്കു പിന്നാലെ പോകുന്നതിനെ ഇടതുപക്ഷത്തു നിന്നും എങ്ങനെയാണ് ന്യായീകരിക്കാനാകുക?
ആയുര്‌വേദവും ഹോമിയോപ്പതിയും സിദ്ധവൈദ്യവും യുനാനിയുമൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത ചികിത്സാരീതികളാണെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. കുറച്ചാളുകള്‍ വിശ്വസിക്കുന്നുവെന്നതുകൊണ്ടോ ആര്‌ക്കെങ്കിലും ഗുണപരമായ എന്തെങ്കിലും അനുഭവങ്ങള്‍ വ്യക്തിപരമായി ലഭിച്ചു എന്നതുകൊണ്ടോ അതിനൊന്നും ആധികാരികത ഉണ്ടാകില്ലെന്ന വസ്തുത നാം തിരിച്ചറിയണം.ശാസ്ത്രീയമായ രീതിശാസ്ത്രങ്ങളെ പിന്പറ്റി തെളിയിക്കപ്പെടാത്ത എല്ലാത്തരം ചികിത്സകളും ആധുനിക സമൂഹം വര്ജ്ജിക്കേണ്ടതാണെന്ന ബോധംകൂടി നവോത്ഥാനം മുന്നോട്ടു വെയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി ഇത്തരം അസംബന്ധങ്ങള്‍ അവസാനിപ്പിക്കുവാനുള്ള പോംവഴികള്‍ തേടുകയും ജനങ്ങളുടെയിടയില്‍ ഇത്തരം ചികിത്സകള്‌ക്കെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുയും വേണം.ആധുനിക ചികിത്സയുടെ എല്ലാ സാധ്യതയും തിരഞ്ഞെടുക്കാനുള്ള പൌരാവകാശം സംരക്ഷിക്കുന്നതിനോടൊപ്പം വ്യാജ
ചികിത്സകള്‍ പൌരന്മാരില് സ്വാധീനമുണ്ടാക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുക തന്നെ വേണം. കാനാടി കുട്ടിച്ചാത്തനല്ലെങ്കില് കടമറ്റത്തു കത്തനാര്‍
എന്നൊരു അവസ്ഥ ചികിത്സാ രംഗത്ത് ഉണ്ടാകരുത്.
അവസാനിപ്പിക്കുകയാണ്. നവോത്ഥാനമൂല്യങ്ങള്ക്കുവേണ്ടി മുദ്രാവാക്യമുയര്‍ത്തുന്നവര്‍ വ്യാജചികിത്സകളുടെ പിന്നാലെ പോകാതിരിക്കുന്നതും നവോത്ഥാനം തന്നെയാണെന്ന് തിരിച്ചറിയണം.ജനതയുടെ മാതൃകയും പ്രതീക്ഷയും കേരളത്തിലെ ഇടതുപക്ഷത്തിലാണ്. ആ തലത്തില്‍ ഉയര്‍ന്നു ചിന്തിക്കാനും പ്രവര്ത്തിക്കാനും നാം ഇനിയും വൈകിക്കൂട. അതു മനസ്സിലാക്കിയില്ലെങ്കില്‍ ശിരസ്സില്‍ പാമ്പുകടിയേറ്റാല്‍ വിഷം കയറില്ലല്ലോ എന്നു ചിന്തിച്ചവനു കൊടുത്ത വിശേഷണം തന്നെ കാലം നമുക്കുവേണ്ടി കരുതിവെയ്ക്കും.
Comments