#ദിനസരികള്‍ 628
ബ്രിട്ടോ , സഖാവേ ,
നിങ്ങള്‍ കാണുന്നില്ലേ ? അവസാനം നമ്മള്‍ , മഹാവിസ്തൃ തിയാര്‍ന്ന ഈ രാജ്യത്തിന്റെ തെക്കെ കോണിലെ ചെറിയ പ്രദേശത്തെ ജനത തോല്ക്കാന്‍ തയ്യാറല്ലെന്നു ഉറക്കെ
പ്രഖ്യാപിച്ചുകൊണ്ട് , ജാതിയുടെയോ മതത്തിന്റെയോ ദുഷിപ്പുകളൊഴുകാത്ത , അവര്‍ണന്‍
കെട്ടിയാടുന്ന തെയ്യത്തിന്റെ നാട്ടില്‍ നിന്നും ബ്രാഹ്മണ്യം കൊടികുത്തിവാണിരുന്ന
അനന്തപത്മനാഭന്റെ നാട്ടിലേക്ക് , മനുഷ്യന്റെ
രക്തം മാത്രമൊഴുകുന്ന ഒരു ഞരമ്പ് തീര്‍ത്തുകൊണ്ട് ലോകത്തിനു മുമ്പാകെ അത്ഭുതം
കാഴ്ചവെച്ചിരിക്കുന്നത് ?
ബ്രിട്ടോ , സഖാവേ ,
നിങ്ങള്‍ കാണുന്നില്ലേ ? നൂറ്റാണ്ടുകള്‍ക്കപ്പുറത്തു
നിന്നും പൌരോഹിത്യത്തിന്റെ അധികാരാവകാശങ്ങളുപയോഗിച്ചു നിസ്വരായ ഒരു കൂട്ടം ജനതയെ
അടക്കി ഭരിച്ച കാലത്തെക്കുറിച്ചുള്ള ഓര്‍മകളുടെ അവശിഷ്ടങ്ങളും പേറി ഇന്നും
ജീവിക്കുന്ന ചില ജാതിഭ്രാന്തന്മാരുടെ പുലമ്പലുകളില്‍ അവസാനിച്ചു പോകുന്നതല്ല
കേരളത്തിന്റെ സ്വപ്നങ്ങളെന്നു പ്രഖ്യാപിച്ചുകൊണ്ട് കാസര്‍കോടു മുതല്‍
തിരുവന്തപുരം വരെ നമ്മുടെ അമ്മമാര്‍ ,
സഹോദരിമാര്‍ തീര്‍ത്ത അസാമാന്യമായ ഉള്‍ക്കരുത്തിന്റെ വന്‍മതിലിനെ ?
ബ്രിട്ടോ
, സഖാവേ , ഇത് നിനക്കുള്ള യാത്രാമൊഴിയാണ്.നീ നടന്ന ഈ മണ്ണ്, നീ ശ്വസിച്ച ഈ മണ്ണ് ,
നീ കണ്ടും കേട്ടും വളര്‍ന്ന ഈ മണ്ണ് നിനക്കു നല്കുന്ന യാത്രാമൊഴി.സ്വപ്നങ്ങള്‍
ചാലിച്ച് പുതിയ കാലത്തിലേക്കുള്ള ശില്പങ്ങള്‍ തീര്‍ക്കാന്‍ നീ കുഴച്ചിട്ട ഈ
മണ്ണില്‍ നിന്നു തന്നെയാണ് നിന്നെ സാക്ഷിയാക്കി കേരളം വിസ്മയകരമായ മഹാപ്രതിരോധം
പടുത്തുയര്‍ത്തിയത്. നീ കാണുക.
ബ്രിട്ടോ , സഖാവേ ,
കാണുക. നീ സ്വപ്നം കണ്ട മാറ്റത്തിന്റെ തിരമാലകള്‍ കരുത്തോടെ
വീശിത്തുടങ്ങിയിരിക്കുന്നു. മതത്തിന്റെ , ജാതിയുടെ ബ്രാഹ്മണ്യത്തിന്റെ കൊട്ടാരക്കെട്ടുകളെ
തച്ചുടയ്ക്കാന്‍ പോന്ന , മനുഷ്യനെ മനുഷ്യനായി കണ്ടു കൊണ്ട് മറ്റെല്ലാ
ഭേദചിന്തകളേയും അടിച്ചുതകര്‍ക്കാന്‍ പോന്ന ആ തിരമാലകള്‍ സഖാവേ , കേരളത്തിലുടനീളം
വീശിത്തുടങ്ങിയിരിക്കുന്നു.ഇരുണ്ടകാലത്തിന്റെ ഒരു പ്രവാചകനും ശിഷ്യപ്പെടുവാന്‍ നാം
ഇരുന്നുകൊടുക്കില്ലെന്നു ഉറക്കെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.നെറികെട്ട ഒരു
വൈതാളികനും ഈ നാട്ടില്‍ വെറുപ്പിന്റെ പാട്ടുകള്‍ പാടേണ്ടതില്ലെന്നു നാം
പ്രഖ്യാപിച്ചിരിക്കുന്നു.
ബ്രിട്ടോ
, സഖാവേ, ഈ ജനതയെ നിനക്കു വിശ്വസിക്കാം. പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ പ്രതീക്ഷയുടെ
മഹാഗോപുരങ്ങളായി ഈ ജനത പിടഞ്ഞുയരുമെന്ന് നിനക്കു വിശ്വസിക്കാം. നിന്റെ സ്വപ്നങ്ങള്‍
ഈ കൈകളില്‍ ഭദ്രമാണ്. കാരണം , സഖാവേ, ഇവരുടെ സ്വപ്നങ്ങളില്‍ നിന്നെ കുത്തി
വീഴ്ത്തിയ ഒരു കഠാരിയുടെ മുനയുണ്ട്.
ബ്രിട്ടോ , നിന്റെ ഉള്‍വഴികളിലെ
ആനന്ദത്തിന്റെ വേലിയേറ്റങ്ങള്‍ എനിക്കു കാണാം. പോരാട്ടവീര്യംകൊണ്ട് ജ്വലിച്ചു
നില്ക്കുന്ന നിന്റെ കണ്ണുകളില്‍ മിന്നിമറയുന്ന പ്രതീക്ഷയുടെ പുതുനാമ്പുകളെ എനിക്കു
കാണാം. ബ്രിട്ടോ എനിക്കെല്ലാം കാണാം. നീ ചിരിക്കുന്നത്, ഒരു ജനതയെ ഹൃദയത്തോളം അടക്കിപ്പിടിക്കാന്‍
വെമ്പുന്നത്, അവര്‍ വിളിച്ച മൂദ്രാവാക്യങ്ങളെ ഏറ്റു വിളിക്കാന്‍ നിന്റെ ചുണ്ടുകള്‍ ത്രസിക്കുന്നത്, ഒരുക്കല്‍ പുരുഷാധിപത്യത്തിന്റെ വിജൃംഭിച്ചു
നിന്ന ഇരുമ്പുലക്കകള്‍ കൊണ്ട് നാം അടിച്ചമര്‍ത്തിയ പെണ്ണുടലുകള്‍ ഇന്ന്
നമുക്കുതന്നെ കാവലാകുന്നത് , അവര്‍ കോര്‍ത്തു പിടിച്ച കൈകളില്‍
ചുരമാന്തിനില്ക്കുന്ന കരുത്തില്‍ നീ പുതുകാലത്തിന്റെ സ്വപ്നങ്ങള്‍ കൊരുക്കുന്നത്. അങ്ങനെയങ്ങനെ
, ബ്രിട്ടോ എനിക്കെല്ലാം കാണാം.എല്ലാം.
ബ്രിട്ടോ, എന്റെ പ്രിയപ്പെട്ട
സഖാവേ , ഇനി നീ ഉറങ്ങുക. സ്വസ്ഥനായി. നിനക്കുവേണ്ടി ഞങ്ങള്‍ ഉണര്‍ന്നിരിക്കട്ടെ.
യാത്ര , ലാല്‍ സലാം സഖാവേ.
Comments