#ദിനസരികള്‍ 631


പുതപ്പിനിടയിലൂടെ ഇരച്ചുകയറുന്ന തണുപ്പിലേക്ക് അയാള് കണ്ണുകള് തുറന്നു. ചുറ്റും ഇരുട്ടാണ്.പതുക്കെ എഴുന്നേറ്റു.പുതപ്പിനുള്ളില് നിന്നു പുറത്തുവന്നതോടെ തണുപ്പ് നട്ടെല്ലില് തൊടുന്നതായി അയാള്ക്കു തോന്നി.ഒരു ബനിയനും ഒറ്റമുണ്ടും മാത്രമായിരിന്നു അയാളുടെ വേഷം.തണുപ്പിനെ പ്രതിരോധിക്കാന് അതിനു കഴിയുമായിരുന്നില്ലെങ്കിലും ഒരു സ്വെറ്ററോ മറ്റേതെങ്കിലും മേല് വസ്ത്രമോ അയാള് അന്വേഷിച്ചില്ല.തണുപ്പിനെ നേരിടാന് തന്നെയായിരുന്നു അയാളുടെ തീരുമാനം.ഇനി എത്രനേരം ? കൂടിയാല് കുറച്ചു സമയം കൂടി.. പിന്നെ തണുപ്പ് ഉണ്ടാവില്ലല്ലോ !

അടുക്കളയിലെത്തിയ അയാള് പുറത്തേക്കുള്ള വാതില് തുറന്ന പാടെ എവിടെനിന്നെന്നറിയാതെ ചക്കിപ്പൂച്ച ചാടിയെത്തി കാലുകളിലുരുമ്മി നിന്നു. . പറമ്പിലെ മരങ്ങള് അവ്യക്തമായ നിഴലുകളായി മാറിയിരിക്കുന്നു. സാധാരണ പുലര്‌ച്ചകളില് കിളികളൊക്കെ കലപില ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്നതാണ്. തണുപ്പിന്റെ കൂടുതല് കൊണ്ടാകണം അവയൊന്നും അനങ്ങുന്നേയില്ല.ഒരു നിമിഷം അയാള് ചുറ്റുപാടുകളും കണ്ണോടിച്ചു.അടുത്ത വീടുകളിലെങ്ങും ആരും ഉണര്ന്നിട്ടില്ല.അതു നല്ലതാണ്.ചില സമയങ്ങളില് ഇരുട്ട് അനുഗ്രഹമാകുന്നുവെന്ന് അയാള്ക്കു തോന്നി.ഈ അര്ത്ഥത്തിലാണോ വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്നു കവി പറഞ്ഞത് ? അല്ല എന്നല്ലേ മലയാളം പഠിപ്പിച്ച ഗണകന് മാഷ് പണ്ടു പറഞ്ഞു തന്നത്? ഹൊ ഗണകന് മാഷ് ! അതൊരു കാലമായിരുന്നു. ക്ലാസ് ടീച്ചറായിരുന്ന ഗണകന് മാഷെക്കുറിച്ചുള്ള ഓര്മകളില് ഒരു ചൂരല് എപ്പോഴും ഉയര്ന്നു നില്ക്കുന്നുണ്ട്. തണുപ്പുകൊണ്ട് വിറച്ചിരിക്കുമ്പോഴായിരിക്കും അദ്ദേഹത്തിന്റെ വരവ്.താടി കിടുകിടുക്കുന്നുണ്ടാകും. കൈകള് നിവര്ത്താന് പോലും കഴിയാത്ത അവസ്ഥയായിരിക്കും. എന്തെങ്കിലും കാരണമുണ്ടാക്കി അദ്ദേഹം കുട്ടികളെ തല്ലുമായിരുന്നു. ആ തണുപ്പില് ചൂരലുകൊണ്ടുള്ള അടികൂടി കിട്ടിയാലുള്ള അവസ്ഥ ആലോചിക്കുമ്പോള് ഇന്നും സഹിക്കാന് കഴിയാത്തതാണ്. ചില ഓര്മകള് മരണംവരെ മറക്കരുതെന്ന് ഓര്മിപ്പിച്ചുകൊണ്ടേയിരിക്കുമെന്ന് അയാള്ക്കു തോന്നി! തണുപ്പ് കുറച്ചു ദിവസങ്ങളായി അക്കാലത്തെപ്പോലെയായിരിക്കുന്നു. വയനാട് പഴയ വയനാട് ആയ പോലെ! പക്ഷേ ഒരു വ്യത്യാസമുണ്ട്. അന്ന് നട്ടുച്ചക്കും തണുപ്പായിരിക്കും. ഇന്നിപ്പോള് സൂര്യനുദിച്ചാല് തണുപ്പുമാറും. അടുത്ത കുറേ കൊല്ലങ്ങളായി ഇത്തരത്തിലൊരു തണുപ്പ് അനുഭവിച്ചിട്ടില്ലെന്ന് അയാള്ക്കു തോന്നി. ഏറെക്കാലത്തിനു ശേഷം പഴയ അവസ്ഥയിലേക്ക് ഈ നാട് മടങ്ങിയെത്തിരിക്കുന്നു

ഞാന് എന്തൊക്കെയാണ് ചിന്തിക്കുന്നത് ? നേരം പുലര്ന്നു വരികയാണ്. എത്രയും വേഗം ചെയ്യാനുള്ളത് ചെയ്യണം. അയാള് അടുക്കളയില് നിന്നും ഒരു വാക്കത്തിയെടുത്ത് കൈയ്യില് പിടിച്ചു.ഗ്യാസ് സ്റ്റൌവിന്റെ വശത്തുണ്ടായിരുന്ന തീപ്പെട്ടിയെടുത്ത് മടിക്കുത്തില് കരുതി.തണുപ്പ് കനപ്പെട്ടു വരുന്നതുപോലെ.ഇരുട്ട് വിട്ടുപോകാന് മടിക്കുന്നതുപോലെ.ഇരുളിന്റെ മറവുള്ളതു നല്ലതാണെന്ന് ചിന്തിച്ചുകൊണ്ട് അയാള് പുറത്തേക്കു നടന്നു. പോകരുതെന്ന് അപേക്ഷിക്കുന്നതുപോലെ ചക്കിപ്പൂച്ച കാലുകളില് തട്ടിതട്ടി കൂടെവന്നു.അയാള് പതിയെ അവളെ എടുത്തു.യാത്ര പറയുന്നതുപോലെ പുറത്തു തലോടി. അടുക്കളയിലേക്ക് പതിയെ വെച്ചു വാതില് പുറത്തു നിന്നും അടച്ചു. അതിനു ശേഷം ഇരുളിലേക്ക് ഇറങ്ങി നടന്നു. ( തുടരും )

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം