#ദിനസരികള്‍ 627



            സഖാവ് സൈമണ്‍ ബ്രിട്ടോ കുറച്ചുകാലംമുമ്പ് ചില ദിവസങ്ങള്‍ മാനന്തവാടിയിലെ ഫോറസ്റ്റ് ഐ.ബിയില്‍ താമസിച്ചിരുന്നു.അദ്ദേഹത്തെപ്പറ്റി ധാരാളം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും അന്നാണ് നേരിട്ടു കാണാനും ഇടപെടാനും എനിക്കു സാധിച്ചത്. ജീവിതത്തിലെ പ്രസാദാത്മകമായ ഓര്‍മ്മകളായി ആ ദിവസങ്ങള്‍ ഇന്നും മനസ്സിലുണ്ട്. ശരിക്കുമൊരു പോരാളി. ഇച്ഛാശക്തികൊണ്ട് വെട്ടിപ്പിടിച്ച അതിരുകളില്ലാത്ത ലോകത്തിന്റെ വിശാലതക്കുള്ളില്‍ അരയ്ക്കു താഴെ തളര്‍ന്നു പോയ ശരീരവുമായി , എന്നാല്‍ തോല്ക്കാന്‍ തയ്യാറാകാത്ത ആ വിപ്ലവകാരി മനുഷ്യരുടെയിടയില്‍ തീക്കാറ്റുവിതച്ചു. കീഴടക്കാനാകാത്ത ഛത്രപതിയായി. 1983 ഒക്ടോബര്‍ മൂന്നിനാണ് എതിരാളികള്‍ ആ ശരീരത്തെ ഭൂമിയിലേക്ക് കുത്തിവീഴ്ത്തിയത്. അന്നുമുതല്‍ നിരവധിയായ സഖാക്കള്‍ക്ക് അദ്ദേഹം പോരാട്ടവീര്യത്തിന്റെ പര്യായമായി ജ്വലിച്ചു നിന്നു.മനുഷ്യരോടുള്ള അദമ്യമായ സ്നേഹവും കരുതലും തുളുമ്പിനിന്നിരുന്ന ആ മനുഷ്യനെ പരിചയപ്പെടാന്‍ കഴിഞ്ഞത് മറക്കാനാകാത്ത അനുഭവമാണ്. തന്റെ ജീവിതത്തിലെ ദുര്‍ഘടമായ ചില ഘട്ടങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് , പ്രതിസന്ധിഘട്ടങ്ങളില്‍ തളര്‍ന്നു പോകേണ്ടവരല്ല സഖാക്കളെന്നും  അതിജീവനത്തിന്റെ മഹാപാതകളെ കാട്ടിക്കൊടുക്കുന്ന മാര്‍ഗ്ഗദീപങ്ങളാകണം ഓരോരുത്തരുമെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ബത്തേരിക്കടുത്ത് മീനങ്ങാടിയില്‍ നടന്ന യുവജന പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരുടെ യോഗം ഉദ്ഘാടനം ചെയ്തതിനു ശേഷം അദ്ദേഹം വയനാട്ടില്‍ നിന്നും അന്ന് ചുരമിറങ്ങിയത്.

            വര്‍ത്തമാനകാലത്ത് നാം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കേണ്ടത് കേവലം സൈമണ്‍ ബ്രിട്ടോയെപ്പോലെയുള്ളവരുടെ ഓര്‍മകളെ പങ്കുവെച്ചുകൊണ്ടല്ല , മറിച്ച് ആ ജീവിതങ്ങള്‍ പൊതുസമൂഹത്തില്‍ വിതച്ച പ്രകാശങ്ങളെ എന്നന്നേക്കുമായി നിലനിറുത്തുമെന്ന പ്രതിജ്ഞ ചെയ്തുകൊണ്ടും അവര്‍ അവശേഷിപ്പിച്ചു പോയ പ്രവര്‍ത്തനങ്ങളെ ഇച്ഛാശക്തിയോടെ ഏറ്റെടുത്തുകൊണ്ടുമാണ്.ജാതി മത ഭ്രാന്തുകള്‍‌ക്കെതിരെ , ഭരണ ഘടന അനുവദിച്ചു തന്നെ മൌലികാവകാശങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി കേരളം വലിയ തോതിലുള്ള പോരാട്ടം സംഘടിപ്പിക്കുകയാണ്. എന്നാല്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ ആ പോരാട്ടങ്ങളെയാകമാനം ദുര്‍ബലപ്പെടുത്തുവാനും അട്ടിമറിക്കുവാനും സര്‍വ്വ ശക്തിയുമെടുത്തു രംഗത്തിറങ്ങിയിരിക്കുന്നു. ഇവിടെ നാം പരാജയപ്പെട്ടാല്‍  കേരളം എന്നന്നേക്കുമായി ഇരുട്ടിലേക്ക് കൂപ്പുകുത്തും.സ്വാതന്ത്ര്യത്തിന്റെ തുറസ്സുകള്‍ എന്നന്നേക്കുമായി മൂടപ്പെടും.ജാതിമതഭ്രാന്തുകളുടെ കല്പനകള്‍ക്ക് കാതേര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിപ്പെടും. അത് നാളെ വരാനിരിക്കുന്ന തലമുറയോട് നാം ചെയ്യുന്ന കൊടുംപാതകമായിരിക്കും.

            അതുകൊണ്ട് സൈമണ്‍ ബ്രിട്ടോയെപ്പോലെയുള്ള നിരവധി സഖാക്കളുടെ പോരാട്ട വീര്യം കൊണ്ട് ത്രസിച്ചു നില്ക്കുന്ന ഈ മണ്ണിനെ സംരക്ഷിച്ചു നിറുത്തണമെങ്കില്‍ സമൂഹത്തെ വിഭജിക്കുന്ന എല്ലാ വിധ ഛിദ്രശക്തികള്‍‌ക്കെതിരേയും പോരാടേണ്ടതുണ്ട്. ആ പോരാട്ടത്തിന്റെ ഭാഗമാണ് കേരളം ഇന്നു പടുത്തുയര്‍ത്തുന്ന വനിതാമതില്‍. അതുകൊണ്ട് കഴിഞ്ഞുപോയ കാലത്തിന്റെ പോരാളികളോട് നിങ്ങള്‍ക്ക് മമതയുണ്ടെങ്കില്‍ , അവര്‍ പ്രചരിപ്പിച്ച ആശയങ്ങളെ നെഞ്ചേറ്റാനാഗ്രഹിക്കുന്നുവെങ്കില്‍ ഇന്നു നടക്കുന്ന വനിതാമതിലിനോട് ഐക്യപ്പെടുക. ബ്രിട്ടോയുടെ സ്വപ്നങ്ങള്‍ക്ക് , അദ്ദേഹത്തെപ്പോലെയുള്ള ആയിരമായിരം സഖാക്കളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ നാം ഓരോരുത്തരും ഓരോ തീപ്പന്തമായി ജ്വലിച്ചുയരുക. ഇരുളകലട്ടെ !
           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1