#ദിനസരികള്‍ 626
എന്തൊരു ജനതയായിരുന്നു നാം എന്ന് ആലോചിച്ചു പോകുക പി ഭാസ്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകം വായിക്കുമ്പോഴാണ്.ഒരു കാലത്ത് മനുഷ്യന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിന്റെ മുഴുവന് മേഖലകളേയും അടക്കി ഭരിച്ചിരുന്നത് ജാതി മാത്രമായിരുന്നു. എല്ലാം നിശ്ചയിക്കപ്പെട്ടിരുന്നതും ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു. കുറ്റ കൃത്യങ്ങളുടെ ശിക്ഷ , മുതല് കൈവശം വെക്കാനുള്ള അവകാശം തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലും ജാതിയിലെ ഏറ്റക്കുറച്ചിലുകള്ക്ക് അനുസരിച്ചായിരുന്നു അവകാശങ്ങള് നിശ്ചയിച്ചിരുന്നത്.തൊഴിലിനെ അടിസ്ഥാനപ്പെടുത്തി മനുഷ്യരെ വിഭജിച്ചുകൊണ്ടായിരുന്നു ജാതിയെ സമര്ത്ഥമായി പ്രയോഗിച്ചത്. ബ്രാഹ്മണജാതിക്കാര് ഒന്നാം കിടക്കാരും ക്ഷത്രിയരും വൈശ്യരും താരതമ്യേന അവകാശങ്ങള് കുറഞ്ഞവരും ശൂദ്രഗണമാകട്ടെ ഏറ്റവും താഴെക്കിടയിലുള്ളവരും വര്ണവ്യവസ്ഥയില് പെടാത്ത പഞ്ചമന്മാര് മനുഷ്യരായിപ്പോലും ഗണിക്കാന് യോഗ്യതയില്ലാത്തവരുമായിരുന്ന അക്കാലത്തെക്കുറിച്ച് പി ഭാസ്കരനുണ്ണി എഴുതുന്നത് വായിക്കുക – “ ബ്രാഹ്മണനെ ശകാരിച്ച ശൂദ്രന്റെ നാവറുക്കുക, ബ്രാഹ്മണ ജാതിയെ അധിക്ഷേപിക്കുന്ന ശൂദ്രന്റെ വായില് നീളമുള്ള ഇരുമ്പുകമ്പി പഴുപ്പിച്ച് കയറ്റുക, ഗര്വ്വിനാല് ബ്രാഹ്മണനെ ഉപദേശിക്കാന് മുതിരുന്ന ശൂദ്രന്റെ വായിലും ചെവിയിലും എണ്ണ തിളപ്പിച്ചൊഴിക്കുക, ബ്രാഹ്മണനൊപ്പം ഇരിക്കുന്ന ശൂദ്രന്റെ അര ചുടുകയോ പൃഷ്ഠം ഛേദിക്കുകയോ ചെയ്യുക, ബ്രാഹ്മണനെ നോക്കി കാറിത്തുപ്പുന്ന ശൂദ്രന്റെ രണ്ടു ചുണ്ടും മൂത്രം പുറത്തൊഴിച്ച് അവമാനിച്ചവന്റെ ലിംഗവും ഛേദിക്കുക തുടങ്ങിയ തരത്തിലായിരുന്നു ശിക്ഷാവിധികളെ നടപ്പിലാക്കിയിരുന്നത്”.ഇതരജാതിക്കാര് എന്തങ്കിലും കുറ്റം ചെയ്തുവെന്ന് തെളിയിക്കാന് ബ്രാഹ്മണന് സാക്ഷികളുടെ ആവശ്യമുണ്ടായിരുന്നു. കാരണം സത്യവ്രതനായ ബ്രാഹ്മണന് ഈശ്വരതുല്യനും നുണപറയാത്തവനുമാണ് എന്നായിരുന്നു ധാരണ. അതുകൊണ്ട് ബ്രാഹ്മണന് സാക്ഷി ബ്രാഹ്മണന് തന്നെയായിരുന്നു.അവന്റെ താല്പര്യങ്ങള് സംരക്ഷിക്കപ്പെടാന് അധികാരസ്ഥാനത്തിരുന്നവര് മത്സരിച്ചു.
മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി ബ്രഹ്മണരാല് രചിക്കപ്പെട്ട വ്യവഹാരമാലയായിരുന്നു ലോബുക്കെന്ന് ഭാസ്കരനുണ്ണി സൂചിപ്പിക്കുന്നുണ്ട്. സത്യം തെളിയിക്കാനുള്ള കൈമുക്കുപരീക്ഷകളേയും മറ്റും അനുവര്ത്തിച്ചുകൊണ്ടായിരുന്നു നീതിവ്യവസ്ഥ നിലനിന്നിരുന്നത്.ഒരു വശത്ത് ഉയര്ന്ന ജാതിക്കാരനും മറുവശത്ത് താഴ്ന്ന ജാതിക്കാരനും വന്നാല് നീതിയുടെ തട്ട് എല്ലായ്പ്പോഴും സവര്ണന്റെ ഭാഗത്തേക്ക് താഴ്ന്നു നിന്നിരുന്നു. ഇപ്പുറത്ത് ഒരു ബ്രാഹ്മണനാണെങ്കില്പ്പിന്നെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷ അദ്ദേഹത്തിന് കിട്ടുകയെന്നത് അസാധ്യമായ കാര്യം തന്നെയാണ്.തിരിച്ചാണെങ്കില്പ്പിന്നെ സാക്ഷികളോ തെളിവുകളോ ആവശ്യമില്ല, ബ്രാഹ്മണന്റെ പക്ഷത്തിനുതന്നെയാണ് ജയം.ജാതിവ്യവസ്ഥകളുടെ കുടിലതകളെ സൂചിപ്പിക്കാന് എത്രയോ ഉദാഹരണങ്ങള് ഉന്നയിക്കാനുണ്ട്.ഇന്നു നാം അനാചാരങ്ങളെന്നു വിധിയെഴുതി തള്ളിനീക്കിമാറ്റുന്ന പലതുമായിരുന്നു ഒരു കാലത്ത് കേരളത്തിലെ സാമൂഹിക ജീവിതത്തെ നിശ്ചയിച്ചിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമപരമായ അവകശമായി കരുതിപ്പോന്നിരുന്ന കാലങ്ങളൊന്നും അധികം ദൂരത്തായിരുന്നില്ല.
അങ്ങനെ എന്തെല്ലാം ? എന്തെല്ലാം? ഒരു കാലത്ത് ലംഘിക്കപ്പെടാന് പാടില്ലെന്നു നാം കരുതിപ്പോന്നിരുന്ന എന്നാല് പില്ക്ലാലത്ത് അനാചാരത്തിന്റെ പട്ടികകളിലേക്ക് സ്ഥാനമാറ്റം ലഭിച്ച എന്തെല്ലാം ആചാരങ്ങളുണ്ടായിരുന്നു ഇവിടെ ? അന്ന് അതൊക്കെ ചോദ്യം ചെയ്യപ്പെട്ടപ്പോള് അധികാരത്തിന്റെ നൃശംസത കരവാളുകൊണ്ടാണ് മറുപടി പറഞ്ഞത്. അനാചാരങ്ങളെ ചോദ്യം ചെയ്ത എത്രയെത്ര ജീവിതങ്ങളാണ് ഹോമിക്കപ്പെട്ടത് ? തീയ്യിലെറിയപ്പെട്ടത് ? മുതലകള്ക്കു തീറ്റയായി നല്കപ്പെട്ടത്? കൈകാലുകള് ഛേദിക്കപ്പെട്ട് മൃഗീയമായി പീഢിപ്പിക്കപ്പെട്ടത്? അക്കാലമൊക്കെ കടന്നുപോയിരിക്കുന്നു. ബ്രാഹ്മണ്യമെന്ന കുറ്റിയുടെ ചുറ്റിനും തിരിയുന്ന വെറും പൈക്കളായിരുന്ന ഒരു കാലത്തു നിന്നുമാണ് പുതിയ വെളിച്ചവും നീതിബോധവും പേറുന്ന സമകാലികലോകത്തേക്ക് നാം നടന്നെത്തിയത്. മനുഷ്യരെ മനുഷ്യരാകാന് പ്രേരിപ്പിക്കുന്ന പുതിയ കാലത്തിന്റെ ആചാരലംഘനങ്ങളെ അതുകൊണ്ടുതന്നെ നാം ശിരസ്സേറ്റുക തന്നെ വേണം.
Comments