#ദിനസരികള്‍ 630


            കഴിഞ്ഞു. ശബരിമലയിലെ യുവതിപ്രവേശനത്തിന്റെ പേരില്‍ ബി ജെ പിയ്ക്കും സംഘപരിവാരത്തിനും കേരളസമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്ന കുഴപ്പങ്ങളുടെ പരമാവധി ഇന്നലെയോടെ കഴിഞ്ഞു. അവര്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് കേരളം കണ്ടു. എല്ലാ വിധ നാശനഷ്ടങ്ങളേയും പരിഗണിച്ചുകൊണ്ടുതന്നെ , അതുണ്ടാക്കിയ സങ്കടങ്ങളെ മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനവും അതുമുന്നോട്ടു വെയ്ക്കുന്ന ഹിന്ദുത്വപ്രത്യയശാസ്ത്രങ്ങളും കേരളത്തില്‍ അപ്രസക്തമായിരിക്കുന്നു.ഞാന്‍ വിഷയത്തെ അസാധാരണമായ വിധത്തില്‍ ചുരുക്കിക്കാണിക്കുകയാണ് എന്നു കരുതരുത്.ബി ജെ പി പ്രഖ്യാപിച്ച ഓരോ മുദ്രാവാക്യങ്ങളേയും അക്രമം കൊണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ച ഹര്‍ത്താലുകളേയും കേരളം തള്ളിക്കളഞ്ഞിരിക്കുന്നുവെന്നതാണ് വസ്തുത. ഇനി എന്തുണ്ട് സംഘപരിവാരത്തിന്റെ ആവനാഴിയില്‍ ? യുദ്ധമുന്നണിയില്‍ ആയുധം നഷ്ടപ്പെട്ടവനെപ്പോലെ എന്തു ചെയ്യണമെന്നറിയാതെ ബി ജെ പിയുടെ നേതൃത്വം പകച്ചു നില്ക്കുന്നു. ആകെയുള്ള പോംവഴി തിരിഞ്ഞോടുകയെന്നതാണ്. അതു സമര്‍ത്ഥമായും ഫലപ്രദമായും അവര്‍ ഇന്നലെ വിനിയോഗിക്കുന്നതും നാം കണ്ടു കഴിഞ്ഞു. സുപ്രിംകോടതയില്‍ നിന്ന് യുവതിപ്രവേശനത്തിന് അനുകൂലമായ വിധി വന്നതിനു പിന്നാതെ അതുവരെയുണ്ടായിരുന്ന നിലപാടു തിരുത്തിക്കൊണ്ട് ശബരിമലയെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റാം എന്ന ആശയത്തെ സംഘപരിവാരത്തിനുള്ളില്‍ മുന്നോട്ടെ വെച്ചയാളെ ഇപ്പോള്‍ നേതൃത്വം ശപിക്കുന്നുണ്ടാകാണം.
            അനാവശ്യമായി പരിവാരം നടത്തിയ സമരപരിപാടികളില്‍ സഹികെട്ടാണ് കേരളം ഒറ്റക്കെട്ടായി തെരുവുകളില്‍ ഹിന്ദുത്വവര്‍ഗ്ഗീയതയുടെ ഗുണ്ടകളെ നേരിട്ടത്.ജനങ്ങളുടെയിടയില്‍ വിശ്വാസ്യതയില്ലാത്ത നേതൃത്വം യാതൊരു സാമൂഹിക ധാരണകളുമില്ലാതെ ആവിഷ്കരിക്കുന്ന സമരപരിപാടികള്‍ അവര്‍ക്കുതന്നെ വലിയ തിരിച്ചടിയായി.അടിക്കടി വാക്കുകള്‍ മാറ്റിപ്പറഞ്ഞും വളച്ചൊടിച്ചുമൊക്കെ പരിവാരത്തിന്റെ നേതൃത്വം ജനങ്ങളുടെ കണ്ണില്‍ കോമാളികളായി.നീതികേടാണ് ചെയ്യുന്നതെന്നുള്ള ബോധം അവരുടെ ഓരോ പ്രവര്‍ത്തനങ്ങളേയും യാന്ത്രികമാക്കുകയും ജനങ്ങളില്‍ നിന്നും അകറ്റുകയും ചെയ്തു.അവരുടെ പിടിയിലേക്ക് കേരളം വഴുതിവീഴുമെന്ന് ഉറച്ചു വിശ്വസിച്ചുപോയവര്‍ ഇവര്‍ ഇത്രയേയുള്ളോ എന്ന് അത്ഭുതപ്പെടുകയാണ്.
            എന്താണ് ശബരിമല സമരങ്ങളുടെയും സുപ്രിംകോടതിവിധിയുടേയും പ്രത്യാഘാതങ്ങള്‍? നാളെ സംഘപരിവാരത്തിന്റെ പാളയത്തിലേക്ക് എത്തിപ്പെടാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ ഇന്നുതന്നെ അവിടെച്ചെന്നു കയറി എന്നതല്ലാതെ വേറെന്താണ് ഇവിടെ സംഭവിച്ചത്? പോകാനുറച്ചവര്‍ എന്നായാലും , എന്തു കാരണമായാലും പോകുക തന്നെ ചെയ്യും. അത്തരക്കാര്‍ വിട്ടുപോയതോടെ ഇടതുപക്ഷം കൂടുതല്‍ ഇടതുപക്ഷമായി എന്നതാണ് വസ്തുത.സ്വന്തം കൂടാരത്തില്‍ ഒറ്റുകാരെ പാര്‍പ്പിക്കുന്നതിനെക്കാള്‍ അവര്‍ ശത്രുപക്ഷത്ത് പോയിച്ചേരുന്നത് ഇടതുപക്ഷത്തിന് ലാഭംതന്നെയാണ്.
            യുവതീപ്രവേശനവിധിയുടെ എല്ലാ വശങ്ങളേയും പരിഗണിച്ചുകൊണ്ടു നമ്മുടെ സമൂഹം നാളെ എന്തു ചിന്തിക്കുമെന്നു ചോദിച്ചാല്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും എന്ന മറുപടിയില്‍ എല്ലാ ഉത്തരം അടങ്ങിയിരിക്കുന്നു. ആ ഉത്തരത്തിലേക്ക് കേരളത്തെ കൈപിടിച്ചാനയിക്കുന്ന എല്ലാ മതേതരമനസ്സുകളേയും ആലിംഗനം ചെയ്യുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1