മരിച്ച ഒരാളെ മൂന്നുതവണ സംസ്കരിക്കുക ! കേള്‍ക്കുമ്പോള്‍
തന്നെ രസകരമായ ഒരു കാര്യമായി തോന്നുന്നില്ലേ ? താണു പത്മാനാഭനും വാസന്തി പത്മനാഭനും
ചേര്‍ന്ന് എഴുതിയ ‘ശാസ്ത്രത്തിന്റെ ഉദയം’ The Dawn of Science’ എന്ന
പുസ്തകത്തില്‍ വിശ്രുത ചിന്തകനായ റെനെ ഡെകാര്‍ത്തിന് മരണാനന്തരം ഇത്തരം
ഒരനുഭവമുണ്ടായ കഥ പറയുന്നുണ്ട്.
ഫ്രാന്‍സില്‍ ജനിച്ച ഡെകാര്‍തിന്റെ ജീവിതകാലം 1596 മുതല്‍ – 1650 വരെയാണ് അതായത് കേവലം അമ്പത്തിനാലു
വര്‍ഷം മാത്രമേ അദ്ദേഹത്തിന് ആയുസ്സുണ്ടായിരുന്നുള്ളു. ആ പ്രായത്തിനിടയില്‍
അക്കാലത്തെ ഏറ്റവും പ്രശസ്തനായ ചിന്തകന്‍ എന്ന ഖ്യാതി അദ്ദേഹത്തിന്
സ്വന്തമായിരുന്നു. ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് കണക്കാണ് സര്‍വ്വം എന്ന ദര്‍ശനം
, ബുദ്ധന് ബോധോദയമുണ്ടായതുപോലെ , ഡെകാര്‍ത്തിന് വെളിപ്പെട്ടു കിട്ടുന്നത്.
അന്നുമുതല്‍ മരിക്കുന്നതുവരെ അദ്ദേഹം കണക്കിന് പുറകേയായിരുന്നു. അദ്ദേഹത്തിന്റെ I think; therefore I
am എന്ന വാചകം സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ച്
പ്രചുരപ്രചാരം നേടിയതാണ് എന്നാ കാര്യം കൂടി അനുസ്മരിക്കുക.
സ്വീഡനിലെ ക്രിസ്റ്റീന ചക്രവര്‍ത്തിനിയെ
പഠിപ്പിക്കുവാന്‍ ഹോളണ്ടില്‍ നിന്നും അദ്ദേഹത്തെ “തട്ടിക്കൊണ്ടു” വരികയായിരുന്നു എന്നാണ് പല
ചരിത്രകാരന്മാരും പറയുന്നത്. ലോകത്ത് അക്കാലത്ത് ജീവിച്ചിരുന്ന ഏറ്റവം പ്രശസ്തനും
പ്രഗത്ഭനുമായ ചിന്തകന്‍ തന്നെ വേണം എന്ന ക്രിസ്റ്റീനയുടെ വാശിയാണ് ഇവിടെ
വിജയിച്ചത്. പൊതുവേ അന്തര്‍മുഖനായിരുന്ന അദ്ദേഹത്തിന് സ്വീഡനിലേക്ക് പോകാന്‍
താല്പര്യമില്ലാതിരുന്നിട്ടും ഏറെ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍
വിധേയനാകേണ്ടിവന്നത്രേ ! അങ്ങനെ പത്തൊമ്പതു
വയസ്സുകാരിയായ ക്രിസ്റ്റീനയെ പഠിപ്പിക്കുവാന്‍ അദ്ദേഹം സ്വീഡനിലേക്കെത്തി. അവിടെ
വെച്ച് തന്റെ ദിനചര്യകളില്‍ നിന്നൊക്കെ വിഭിന്നമായ രീതിയില്‍ ജീവിക്കേണ്ടി വന്ന
ഡെകാര്‍ത്തിന് ന്യൂമോണിയ പിടിപെട്ടു. രാജകീയ ശുശ്രൂഷ ലഭിച്ചുവെങ്കിലും ജീവന്‍
രക്ഷിക്കാനായില്ല. അങ്ങനെ അമ്പത്തിനാലാമത്തെ വയസ്സില്‍ അദ്ദേഹത്തിന് ഈ ലോകത്തോട്
വിടപറയേണ്ടി വന്നു.
ഇവിടെ നിന്നുമാണ് താണുപത്മനാഭനും
വാസന്തിയും കഥ പറഞ്ഞു തുടങ്ങുന്നത്. മഹാനായ ആ ചിന്തകനെ എല്ലാ വിധ ബഹുമതികളോടെയും
ആദരവോടെയും സ്വീഡനിനെ സ്റ്റോക് ഹോമില്‍ത്തന്നെ സംസ്കരിക്കണം എന്നതായിരുന്നു
ക്രിസ്റ്റീന രാജ്ഞിയുടെ ആഗ്രഹം. അനുവേണ്ട എല്ലാ നടപടികളും പൂര്‍ത്തീകരിക്കുവാനുള്ള
നിര്‍ദ്ദേശം അവര്‍ നല്കി. അപ്പോഴാണ് ഡെകാര്‍ത്ത് ജനിച്ചത് ഫ്രാന്‍സിലാണെന്നും
അദ്ദേഹം ഒരു കത്തോലിക്കനാണെന്നുമുള്ള വിവരം രാജ്ഞിയെ ആരോ ധരിപ്പിക്കുന്നത്. ഒരു
കത്തോലിക്കനെ ലൂഥറന്‍ പാരമ്പര്യത്തില്‍ അടക്കം ചെയ്താല്‍ ചിലപ്പോള്‍ ഫ്രാന്‍സിന്റെ
അപ്രീതിയ്ക്ക് പാത്രമായാലോ എന്ന ശങ്ക രാജ്ഞിക്കും കൂട്ടര്‍ക്കുമുണ്ടായി. അക്കാരണത്താല്‍
ഒരു തരത്തിലുള്ള ആഡംബരങ്ങളും കൂടാതെ ആ മൃതദേഹം സംസ്കരിക്കപ്പെട്ടു.
എന്നാല്‍ 1667 ല്‍ അദ്ദേഹത്തിന്റെ
ഭൌതികാവശിഷ്ടങ്ങള്‍ മാന്തിയെടുത്ത് ഫ്രാന്‍സിലേക്ക് കൊണ്ടുപോയി. ഫ്രാന്‍സിലും ആ
സംസ്കാരം വേണ്ടത്ര ആര്‍ഭാടത്തോടെയും ആദരവോടെയും നടത്താന്‍ പദ്ധതിയിട്ടിരുന്നു.
സെന്‍റ് ജനീവിയേവ് ടു മോണ്ട് ദേവാലയത്തില്‍ അതിനുള്ള എല്ലാ ഒരുക്കങ്ങളും
ചെയ്തുവെങ്കിലും ചക്രവര്‍ത്തി ലൂയി പതിനാലാമന്റെ ഉത്തരവുപ്രകാരം അതൊന്നും തന്നെ
നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല. എന്നുമാത്രവുമല്ല, ഒരു സാധാരണക്കാരനെപ്പോലെ
അദ്ദേഹത്തിന്റെ രണ്ടാമത്തെ സംസ്കാരവും ബന്ധപ്പെട്ടവര്‍ക്ക് നടത്തേണ്ടി വരികയും
ചെയ്തു. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാന്‍സിന്റെ മഹാന്മാരായ പുത്രന്മാരുടെയെല്ലാം
ഭൌതികാവശിഷ്ടങ്ങള്‍ ഒരു സ്ഥലത്ത് അടക്കം ചെയ്യപ്പെടണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നു.
1793 ല്‍ ഫ്രാന്‍സിന്റെ ഏറ്റവും പ്രിയപ്പെട്ട സന്താനമായി ഡെകാര്‍ത്
പ്രഖ്യാപിക്കപ്പെട്ടു. അതൊടൊപ്പം തന്നെ പുതിയതായി പണികഴിപ്പിക്കപ്പെട്ട പൊതു
ദേവലായത്തിലേക്ക് എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും ബഹുമതികളോടെയും ഡെകാര്‍ത്തിന്റെ
ഭൌതികാവശിഷ്ടം മാറ്റി സംസ്കരിക്കപ്പെട്ടു. അങ്ങനെ മൂന്നുതവണ സംസ്കരിക്കപ്പെട്ടയാള്‍
എന്ന അപൂര്‍വ്വബഹുമതി, മറ്റു പല ബഹുമതികളോടൊപ്പം , ഡെകാര്‍ത്തിന് സ്വന്തമായി.
|| ദിനസരികള്‍ - 65 -2025 ജൂണ്‍ 7 , മനോജ്
പട്ടേട്ട് ||
Comments