റാപ്പര്‍ വേടന്‍ , വി.സി.കെ നേതാവ് തിരുമാവളവന്‍ എം പിയോട് പറഞ്ഞത് വളരെ കേട്ടുവോ നിങ്ങള്‍ ? ഒരു പിതാവിനോട് പരാതി പറയുന്ന ഒരു മകനേയും മകനെ സ്നേഹപൂര്‍വ്വം ചേര്‍ത്തു പിടിക്കുന്ന ഒരു പിതാവിനേയും നിങ്ങള്‍ക്ക് അവിടെ കാണാം. ആര്‍ എസ് എസ് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അവര്‍ അതുചെയ്യും , പക്ഷേ ഭയപ്പെടരുത്. ഞങ്ങളെല്ലാം നിന്നോടൊപ്പമുണ്ട് എന്നായിരുന്നു തോല്‍ തിരുമാവളവന്റെ മറുപടി. മാത്രവുമല്ല , വേടന്‍ രണ്ടുമിനുട്ടു ദൈര്‍ഘ്യമുള്ള പാട്ടിലൂടെ ആവിഷ്കരിച്ചത് തങ്ങള്‍ മുപ്പത്തിയഞ്ചുകൊല്ലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയാണെന്നും ചിദംബരം എം പി കൂട്ടിച്ചേര്‍ത്തു. വീട്ടിലേക്ക് ക്ഷണിച്ച വേടനോട് തൃശ്ശൂര്‍ വരുമ്പോള്‍ തീര്‍ച്ചായായും വരാം എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഒരു പ്രശ്നങ്ങളെക്കൊണ്ട് താദാത്മ്യപ്പെട്ടിരിക്കുന്ന രണ്ടു മനസ്സുകള്‍ തമ്മിലുള്ള തുറന്ന സംഭാഷണമായിരുന്നു അത്
തിരുമാവളവന്റെ വിടുതലൈ ചിരുതൈകള്‍ കച്ചി രൂപീകരിച്ചത് 1982 ആണ്. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹവും കൂട്ടരും നടത്തി വരുന്ന ജാതിവിരുദ്ധ പോരാട്ടത്തെ സൂചിപ്പിച്ചുകൊണ്ടാണ് മുപ്പത്തിയഞ്ചുകൊല്ലം എന്ന് പറഞ്ഞതെങ്കിലും ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്ക് 3500 കൊല്ലത്തോളം പഴക്കമുണ്ട് എന്നതാണ് വസ്തുത. അത്രയും കാലമായി വര്‍ണവ്യവസ്ഥയുടെ പേരില്‍ മനുഷ്യനെ തമ്മില്‍ തരംതിരിക്കുകയും താണവരെന്ന് നിശ്ചയിക്കപ്പെട്ടവരെ അടിമജീവിതം നയിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കുലംകൊണ്ടും തൊഴില്‍ കൊണ്ടും നിറംകൊണ്ടും അവര്‍ മേല്‍ക്കീഴ് ബന്ധങ്ങളെ നിശ്ചയിക്കുന്നു. താഴ്ന്നവര്‍ എക്കാലത്തും താഴ്ന്നുതന്നെ ജീവിക്കേണ്ടി വരികയും ഉയര്‍ന്നവരുടെ ആശ്രിതരും സേവകരുമായി ജീവിതകാലം മുഴുവനും കഴിയുകയും വേണം. ഈ അടിമ വ്യവസ്ഥയ്ക്ക് ഋഗ്വേദ കാലത്തോളം പഴക്കമുണ്ട്. വര്‍ണ വ്യവസ്ഥയെ നിലനിറുത്തുവാന്‍ ആവശ്യമായ രീതിയില്‍ എഴുതിയുണ്ടാക്കിയ നിയമ വ്യവസ്ഥയാണ് മനുവിന്റെ സ്മൃതി. ആ സ്മൃതിയെ ഇന്നും താലോലിക്കുകയും അതിലെ നിയമപ്രകാരം ജീവിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥ വേണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട സംഘടനയാണ് ആര്‍ എസ് എസ്. അപ്പോള്‍ സ്വഭാവികമായും ജാതീയതയ്ക്കെതിരേയും മാനവികതയ്ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്താനും ഇല്ലാതാക്കാനും ആര്‍ എസ് എസ് എന്ന സവര്‍ണ ഹിന്ദുത്വപ്രസ്ഥാനം ശ്രമിക്കാതിരിക്കില്ലല്ലോ. ആ ശ്രമം തനിക്കെതിരെ നടക്കുന്നു എന്ന് വേടന്‍ പറയുമ്പോള്‍ അത് കേവലം തൊല്‍ തിരുമാവളവനോടുമാത്രമുള്ള ഒരു പരാതിയായിട്ടല്ല നാം വിലയിരുത്തേണ്ടത് , മറിച്ച് പൊതുസമൂഹത്തോട് ആകമാനമുള്ള പരാതിയും മുന്നറിയിപ്പുമായിട്ടാണ്.
എന്നാല്‍ ഇപ്പോഴും ജാതി നമ്മുടെ സമൂഹത്തില്‍ എത്രമാത്രം ശക്തമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു വിഭാഗം ആളുകളുണ്ട്. അതൊടൊപ്പം തിരിച്ചറിഞ്ഞിട്ടും ജാതീയത ഇല്ലെന്ന് നടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു പ്രബല വിഭാഗവും ഇവിടെയുണ്ട്. ആദ്യത്തെ കൂട്ടര്‍ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നിഗമനത്തിലെത്തുന്നത്. “ തങ്ങള്‍ക്ക് തീണ്ടലും തൊടീലും അനുഭവപ്പെടുന്നില്ല, ക്ഷേത്രങ്ങളില്‍ പോകാന്‍ കഴിയുന്നു , ഉയര്‍ന്നവനോ താഴ്ന്നവനോ എന്ന ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവരോടും ഇടപെടാന്‍ കഴിയുന്നു ” എന്നൊക്കെയാണ് അവര്‍ ചിന്തിക്കുന്നത്. വാസ്തവത്തില്‍ അവര്‍ ഒരു വിഡ്ഢിസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നതാണ് സത്യം. ജാതീയതയെക്കുറിച്ചുള്ള അവര്‍ക്കുള്ള ധാരണ തുലോം ഉപരിപ്ലവമാണ്. രണ്ടാമത്തെ കൂട്ടര്‍ക്ക് എല്ലാം അറിയാം. എന്നാല്‍ അവര്‍ മനുവിന് വേണ്ടി വാദിക്കുന്നവരാകുന്നു. അവര്‍ക്ക് പ്രാധാന്യം കിട്ടുന്ന സന്ദര്‍ഭം വരെ തങ്ങളുടെ ഉള്ളിലിരുപ്പ് പുറത്താകാതെ ഒളിപ്പിച്ചു വെയ്ക്കുവാന്‍ അവര്‍ സഹോദര്യം , മാനവികത എന്നൊക്കെ പുലമ്പിക്കൊണ്ടിരിക്കും. ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്ക് ബലമുണ്ട് എന്നു വന്നാല്‍ അവരുടെ ശരിയായ തേറ്റകള്‍ മറനീക്കി പുറത്തേക്ക് വരുന്നത് കാണാം.
വേടന്റെ
ജനസമ്മതിയും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ വ്യാപ്തിയും ആര്‍ എസ് എസിന്
വേവലാതിപ്പെടുത്തുന്നുണ്ട് എന്ന് നമുക്കറിയാം. വേടന്റെ പരിപാടികള്‍ക്ക്
തടിച്ചുകൂടുന്ന പതിനായിരങ്ങള്‍ ഒരു പുത്തന്‍ ബോധോദയമുണ്ടായതുപോലെ
ജാതീയതയെക്കുറിച്ച്, അതിന്റെ കെടുതികളെക്കുറിച്ച് ചിന്തിക്കുവാന്‍
തുടങ്ങിയിരിക്കുന്നു. എവിടെ ജാതീയതയെക്കുറിച്ച് മനുഷ്യന്‍ ചിന്തിക്കുവാന്‍
തുടങ്ങുന്നുവോ അവിടെ നിന്ന് ആദ്യം അടിച്ചു പുറത്താക്കുന്നത് ആര്‍ എസ്
എസിനെയായിരിക്കും. അതുകൊണ്ടാണ് വേടന്‍ തങ്ങളെ പിടിക്കുന്നതിന് മുമ്പ് വേടനെ തങ്ങള്‍
പിടിക്കും എന്ന ദൃഢനിശ്ചയവുമായി ആര്‍ എസ് എസ് രംഗത്തിറങ്ങിയിട്ടുള്ളത്. അതുകൊണ്ട്
വേടനെ കരുതലോടെ സംരക്ഷിച്ചു പിടിക്കാനുള്ള ഉത്തരവാദിത്തം മതനിരപേക്ഷ ജനാധിപത്യ
സമൂഹത്തിനുണ്ട്, നമ്മള്‍ ആ ഉത്തരവാദിത്തം നിറവേറ്റുക തന്നെ വേണം.
|| ദിനസരികള്‍ - 63 -2025 ജൂണ്‍ 5 , മനോജ്
പട്ടേട്ട് ||
Comments