പതുക്കെ , ആരും അറിയാതെ , ഒളിച്ചു കടത്താന്‍ ശ്രമിച്ചതാണ്. കൃഷിമന്ത്രി പി പ്രസാദ് പക്ഷേ കള്ളനെ കൈയ്യോടെ പിടികൂടി. ഇതിവിടെ നടപ്പില്ല എന്ന് തീര്‍ത്തു പറഞ്ഞു. കേരളത്തിന് അഭിമാന നിമിഷം !

 

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷിവകുപ്പ് രാജ് ഭവനില്‍ വെച്ച് ഒരു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു. സ്വഭാവികമായും ഗവര്‍ണറാകുമല്ലോ ഉദ്ഘാടകന്‍ ? സര്‍ക്കാര്‍ സംവിധാനങ്ങള്‍ അജണ്ട വളരെ കൃത്യമായി രാജ് ഭവനിലേക്ക് എത്തിച്ചു. വെട്ടലും തിരുത്തലും നടന്നു, മാറ്റങ്ങള്‍ നിര്‍‌ദ്ദേശിച്ചുകൊണ്ട് കത്ത് സര്‍ക്കാറിലേക്ക് മടങ്ങി വന്നു. വകുപ്പ് അത് അംഗീകരിച്ചു. ഇത്തിരി കഴഞ്ഞില്ല പരിപാടിയില്‍ വീണ്ടും മാറ്റം വരുത്തിക്കൊണ്ട് രാജ് ഭവന്റെ അറിയിപ്പ്. പരിപാടിയ്ക്ക് മുമ്പ് സംഘിക്കൊടിയും പിടിച്ചു നില്ക്കുന്ന ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വണങ്ങണമത്രേ ! ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി കൈ കൂപ്പി വണങ്ങിയിട്ട് വേണമത്രേ പരിപാടി ആരംഭിക്കാന്‍ ! പോയി പണി നോക്കാന്‍ പറഞ്ഞു കൃഷി മന്ത്രി ! ആ കൃഷിയ്ക്ക് പറ്റിയ ഇടം വേറെ നോക്കണമെന്ന സര്‍ക്കാറിന്റെ മറുപടിയോടൊപ്പം പരിപാടി റദ്ദാക്കിയിരിക്കുന്നു എന്ന വിവരവും രാജ് ഭവനിലേക്ക് എത്തിച്ചു. മന്ത്രിയുടെ ആര്‍ജ്ജവത്തിന് മുന്നില്‍ രാജ് ഭവന്‍ ഒന്നു ഞെട്ടിക്കാണും . ഇത്രനാളും കുടിച്ചതല്ല ഇപ്പക്കുടിച്ചതാണ് കള്ള് എന്ന് സര്‍വ്വശ്രീ ഗവര്‍ണര്‍ സാഹിബിന് തോന്നിക്കാണും !

 

            ഈ ഒളിച്ചു കടത്തലിനെക്കുറിച്ച് സംഘികള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ ? കാവിക്കൊടിയേന്തിയ ഒരു സ്ത്രീ ഭാരതത്തിന്റെ അമ്മയാണെന്നും ആ അമ്മയെ എല്ലാ ഭാരതീയരും അംഗീകരിക്കണമെന്നും പറയാന്‍ ആര്‍ വി ആര്‍‌ലേക്കറിന് എന്ത് അധികാരമാണുള്ളത്? അബനീന്ദ്ര നാഥ് ടാഗോര്‍ 1905 ല്‍ വരച്ച ഭാരതാംബ എന്ന ചിത്രത്തില്‍ ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്തി ഒരു കാവിക്കൊടിയൊക്കെ പിടിപ്പിച്ചുകൊടുത്താണ് സംഘികള്‍ തങ്ങളുടെ ഭാരതാംബയെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഈ വനിതയുടെ ചിത്രത്തിന് മുന്നില്‍ വണങ്ങണം എന്നാണ് ഗവര്‍ണറുടെ കല്പന. ഇവിടെ ശ്രദ്ധിക്കേണ്ടത് രാഷ്ട്രത്തിന്റെ ദേശീയ പതാക കൈകളിലേന്തി നിലകൊള്ളുന്ന ഭാരതാംബ എന്നൊരു കാവ്യാത്മക സങ്കല്പനത്തിന് രാജ്യത്തൊട്ടാകെ ജാതിമതഭേദമെന്യേ സ്വീകാര്യതയുണ്ട്. അതുപക്ഷേ അത്രതന്നെ വിശാലവും മതേതരവുമായ കാഴ്ചപ്പാടില്‍ നിന്നും ഉറവെടുത്തുപോന്ന ആശയമാണ്. എന്നാല്‍ അതിന് പകരമായി കാവിക്കൊടി കൈകളിലേന്തിയ സ്ത്രീ ദേശീയ പതാക പിടിച്ചിരിക്കുന്ന ഭാരതാംബയ്ക്ക് ഒരുകാരണവശാലും പകരമാകുന്നുമില്ല. എന്നുമാത്രവുമല്ല , ദേശീയ പതകായേന്തിയ ഭാരതാംബയ്ക്കുപോലും ഒരു സങ്കല്പം എന്നതിനപ്പുറമുള്ള യാതൊരു പ്രധാന്യവുമില്ല. അതുകൊണ്ടുതന്നെ ഒരു ഔദ്യോഗിക പരിപാടിയില്‍ തികച്ചും അനൌദ്യോഗികമായ ഇരിനം കുത്തിക്കയറ്റിക്കൊണ്ട് ഹിന്ദുത്വ പ്രചാരണത്തിന് തുനിഞ്ഞ ഗവര്‍ണര്‍ സത്യത്തില്‍ വെല്ലുവിളിച്ചത് കൃഷിവകുപ്പിനെയോ കേരളസര്‍ക്കാറിനേയോ അല്ല , ഇന്ത്യയുടെ ഭരണഘടനയെത്തന്നെയാണ്.

                       

            രാജ് ഭവനിലൂടെയുള്ള സംഘിസത്തിന്റെ ഈ ഒളിച്ചു കടത്തല്‍ ഇന്ത്യയിലൊട്ടാകെ ധാരാളമായി നടന്നു വരുന്നുണ്ട്. ഭരണഘടനയെ നിഷേധിക്കാന്‍ കിട്ടുന്ന അവസരമൊക്കെ വളരെ സമര്‍ത്ഥമായി വിനിയോഗിക്കുന്ന സംഘപരിവാരം , എന്നാല്‍ ഭരണഘടന അനുവദിച്ചുകൊടുത്തിരിക്കുന്ന ഗവര്‍ണര്‍ എന്ന പദവിയെ ഭരണഘടനാവിരുദ്ധമായി ഉപയോഗിക്കുന്ന ഉളുപ്പില്ലായ്മയെ , പക്ഷേ കേരളം അനുവദിച്ചുകൊടുക്കാന്‍ പോകുന്നില്ല. കേരളത്തിന്റെ പ്രതിഷേധത്തിന്റെ ചൂട് ആര്‍‌ലേക്കറുടെ മുന്‍ഗാമി ആരിഫ് മുഹമ്മദ് ഖാന്‍ ശരിക്കും അറിഞ്ഞതാണ്. ഇനിമുതല്‍ ആര്‍‌ലേക്കറും അറിഞ്ഞു തുടങ്ങും .

 

          എന്തായാലും കൃഷിമന്ത്രി പി പ്രസാദിന് , ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നിന്ന് ഇത് കേരളമാണ് , ഇവിടെ സംഘികളുടെ പിത്തലാട്ടമൊന്നും വേണ്ട എന്ന് കരുത്തോടെ പ്രതികരിച്ച പി പ്രസാദിന് ആലിംഗനങ്ങള്‍ !

                       

 

           

|| ദിനസരികള്‍ - 64 -2025 ജൂണ്‍ 6 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍