വെറുതെയിരിക്കുന്ന ചില നേരങ്ങളില് ജോണ് കയറിവരും. ആ നേരങ്ങളില് മള്‌ബെറി ബുക്സ് പുറത്തിറക്കിയ “ ജോണ് എബ്രഹാം” എന്ന ഓര്മ്മപ്പുസ്തകം ഞാനെന്റെ പുസ്തകക്കൂമ്പാരങ്ങള്ക്കിടയില്നിന്നും പരതിയെടുക്കും. അതില് ജോണിനെ അനുഭവിച്ച ഒട്ടുമിക്ക സമകാലികരുടേയും കുറിപ്പുകളുണ്ട്. ജോണിന്റെ തന്നെ എഴുത്തും ജോണുമായുള്ള അഭിമുഖങ്ങളും ജോണിനെക്കുറിച്ചുള്ള അനുസ്മരണങ്ങളും പഠനങ്ങളും കവിതകളുമെല്ലാമായി ആ പുസ്തകം എനിക്ക് അസാമാന്യമായ വായനാനുഭവം നല്കുന്ന ഒന്നാണ്. അവയിലെ വിഭവങ്ങളെല്ലാംതന്നെ പലതവണയായി ഞാന് രുചിച്ചു നോക്കിയിട്ടുള്ളവയാണെങ്കിലും ചിലതിലൂടെയെല്ലാം വീണ്ടും കടന്നുപോകും. പ്രതിഭ കൊണ്ട് സ്വയം മുറിവേല്പിച്ച ഒരു ആ അസാമാന്യനായ മനുഷ്യനെ ഞാന് വീണ്ടും അനുഭവിക്കും !
എം വി ദേവന് വരച്ചിടുന്ന ഒരു വാങ്മയ ചിത്രമുണ്ട്. ഭൂമിയിലേക്ക് നിപതിക്കുന്ന ഒരു നിഴല് രൂപം എന്ന കുറിപ്പു നോക്കുക “ സ്നഹമയിയായ അമ്മയുടെ മാറിലേക്ക് തളര്ന്നു വീഴുന്ന ഒരു കുഞ്ഞിനെപ്പോലെ ജോണ് വീണു. ആ വീഴ്ച മരണത്തിന്റെ ഇരുള്ക്കയത്തിലേക്കുള്ള മുതലക്കൂപ്പാകുമെന്ന് ആരറിഞ്ഞു ? കോഴിക്കോട് പണി തീരാത്ത ഒരു കെട്ടിടത്തിന്റെ ടെറസ്സില് നിന്നും കഴകളുടേയും മുളങ്കാലുകളുടേയും പട്ടികകളുടേയും ഇടയിലൂടെ തറയിലേക്ക് വീണ ജോണിന്റെ ദുരന്തവാര്ത്ത അറിഞ്ഞപ്പോള് കല്ലില് കൊത്തിയ ചിത്രം പോലെ മനസ്സില് അടയാളപ്പെട്ടത് ആ വീഴ്ചയായിരുന്നു” എന്നാണ് ജോണിന്റെ മരണവാര്ത്തയറിഞ്ഞപ്പോള് എം വി ദേവന് ചിന്തിച്ചത്. ആ വരികളിലെ സ്നേഹമായിയായ അമ്മയുടെ മാറിലേക്ക് എന്ന പ്രയോഗത്തിന്റെ മനോഹാരിത നോക്കുക. ജോണിന് സ്നേഹം എപ്പോഴും ഒരു അപരിഹാര്യമായ അത്യാസക്തിയായിരുന്നു. അവന് സ്നേഹിച്ചത് ഭ്രാന്തമായിട്ടായിരുന്നു, അവന് ആഗ്രഹിച്ചതും ഭ്രാന്തമായി സ്നേഹിക്കപ്പെടാന് തന്നെയായിരുന്നു. എന്നാല് അവന്റെ അവധൂത ജീവിതവും ആരേയും കൂസാത്ത പ്രകൃതവും പ്രതിഭയുടെ അസാധാരണമായ ബഹിര്സ്ഫുരണങ്ങളും അവന്റെ സൌഹൃദങ്ങളില് ചിലര്ക്കുതന്നെ അസഹനീയമായിരുന്നു. വ്യവസ്ഥകളോട് സമരസപ്പെടുക എന്നത് അയാള്ക്ക് ചിന്തിക്കാന് പോലുമാകുന്ന കാര്യമായിരുന്നില്ല.
ജോണ് ഒരു സുവിശേഷം എന്ന പേരില് സി ആര് ഓമനക്കുട്ടന് എഴുതിയ അനുസ്മരണം എനിക്കൊരു കവിത പോലെ സുന്ദരമായിട്ടാണ് തോന്നാറുള്ളത്. ജോണും അയാളുടെ നരകജീവിതവും ഏകദേശം പൂര്ണമായിത്തന്നെ ആവിഷ്കരിക്കുവാന് സി ആറിന് കഴിഞ്ഞിരിക്കുന്നു. രസകരമായ വിവരണങ്ങളിലൂടെ അദ്ദേഹം ജോണിനെ അനുഭവിപ്പിക്കുമ്പോള് ഏതെങ്കിലും ഗ്രാമപ്രദേശത്തെ ഒഴിഞ്ഞ ചായക്കടയിലെ കാലൊടിഞ്ഞ ബെഞ്ചിലിരുന്ന് ജോണിനൊപ്പം കട്ടന് ചായ ഊതിയൂതിക്കുടിക്കുന്ന പോലെ നമുക്ക് തോന്നിയേക്കാം.
സച്ചിദാനന്ദന് പാടിയതുപോലെ ജോണ് ഈ പ്രപഞ്ചത്തിലെ സമസ്തഗന്ധങ്ങളുടേയും ഉദ്ഭവ കേന്ദ്രമാണ്.
" മതി , ചൊല്ലി ഞാനിത്ര
മണങ്ങള് ഒന്നിച്ചേറ്റാന്
പിറന്നോനൊരാള് മാത്രം
ജോണ് മാത്രം , പടി കട
ന്നവനിങ്ങെത്തി ; ഈസ്റ്റര്
ഇന്ന് , നാല്പതു നാളായ്
മുഴുപ്പട്ടിണിയവന്
ഒരുക്കൂ തീന്‌മേശമേല്
വീഞ്ഞു,മപ്പവു,
മവനിഷ്ടമാം ബിഥോവന്റെ
സിംഫണികളും , സോള
മന്റെ കീര്ത്തനങ്ങളും !
ജോണ് അങ്ങനെ അങ്ങനെ അനുഭവിപ്പിച്ചുകൊണ്ടിരിക്കുന്നു........
|| ദിനസരികള് - 60 -2025 ജൂണ് 2 , മനോജ് പട്ടേട്ട് ||
Comments