ബഹുമാന്യനായ ശ്രീ രമേശ് ചെന്നിത്തല , അങ്ങ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നയാളെക്കുറിച്ച് കേട്ടിട്ടുണ്ടോ ? സാധ്യത വളരെ കുറവായതുകൊണ്ട് ഹാജിയെക്കുറിച്ച് വളരെ ചുരുങ്ങിയ രീതിയില്‍ ഒന്ന് പരിചയപ്പെടുത്താം. അദ്ദേഹം മലബാറില്‍ നിന്നുള്ള ഉജ്ജ്വലനായ ഖിലാഫത്ത് പ്രവര്‍ത്തകനും ബ്രിട്ടീഷ് പട്ടാളത്തെ മുള്‍മുനയില്‍ നിറുത്തിയ സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. കൊളോണിയല്‍ അധിനിവേശത്തിനെതിരെ പോരാടുന്നതിന് വേണ്ടി ലക്ഷത്തോടടുത്ത അംഗബലമുള്ള ഒരു സായുധ സേനയും അദ്ദേഹത്തിനുണ്ടായിരുന്നു. ബ്രിട്ടീഷുകാരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നവരെ ജാതിയും മതവും പരിഗണിക്കാതെ അദ്ദേഹം കര്‍ശനമായി ശിക്ഷിച്ചിരുന്നു. കീഴടങ്ങിയാല്‍ മക്കയിലേക്ക് പോകാന്‍ അനുവദിക്കാം എന്ന് പറഞ്ഞ ബ്രിട്ടീഷുകാരോട് , മക്ക എനിക്ക് പുണ്യഭുമി തന്നെയാണ്, എന്നാല്‍ ഞാന്‍ പിറന്നത് ഈ മണ്ണിലാണ്. ഈ മണ്ണില്‍ മരിച്ചു വീഴണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നു മറുപടി പറഞ്ഞ വാരിയന്‍ കുന്നനോളം തലപ്പൊക്കമുള്ള ഒരു നേതാവും അക്കാലത്ത് മലബാര്‍ പ്രദേശത്ത് ഉണ്ടായിരുന്നില്ല.

 

 

ഹാജിയാരുടെ പോരാട്ടവീര്യം കൊണ്ട് പൊറുതി മുട്ടിയ ബ്രിട്ടീഷുകാര്‍ പല വഴികള്‍ പയറ്റിയിട്ടും അദ്ദേഹത്തെ പിടികൂടുവാന്‍ സാധിച്ചില്ല. ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തോടെ അദ്ദേഹം ഓരോ ദിവസം ചെല്ലുന്തോറും ബ്രിട്ടീഷ് മേല്‍‌ക്കോയ്മക്കെതിരെയുള്ള സായുധ വിപ്ലവം കടുപ്പിച്ചുകൊണ്ടിരുന്നു. ഒരു വഴിയുമില്ലാതെ കുഴങ്ങിയ ബ്രിട്ടീഷുകാര്‍ അവസാനം ഹാജിയെ പിടികൂടാന്‍ അദ്ദേഹത്തിന്റെ സ്നേഹിതരെത്തന്നെ വിലയ്ക്കെടുത്തു. അങ്ങനെ ഹാജിയാരുമായി അടുത്ത ബന്ധമുള്ള ഉണ്യാന്‍ മുസ്ലിയാരേയും ഇന്‍‌സ്പെക്ടര്‍ രാമനാഥ അയ്യരേയും ബ്രിട്ടീഷുകാര്‍ സമര്‍ത്ഥമായി ഉപയോഗിച്ച്  ചതിയില്‍ പെടുത്തി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും കൂട്ടരേയും അറസ്റ്റുചെയ്തു. നിസ്കാരത്തിന് വേണ്ടി ആയുധങ്ങളെല്ലാം മാറ്റിവെച്ചപ്പോള്‍ രാമനാഥ അയ്യരുടെ സിഗ്നല്‍ പ്രകാരം കടന്നുവന്ന സൈന്യമാണ് അദ്ദേഹത്തെ കീഴടക്കിയത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക

 

പ്രിയപ്പെട്ട ചെന്നിത്തല നേതാവേ , വാരിയന്‍ കുന്നനെ വീഴ്ത്താന്‍ ബ്രിട്ടീഷുകാര്‍ ഈ ചതിയെക്കുറിച്ചാണ് സഖാവ് പിണറായി വിജയന്‍ ഇക്കഴിഞ്ഞ ദിവസം നിലമ്പൂരിലെ  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍‌വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചത്. അത് കൃത്യമായി കൊള്ളേണ്ടവര്‍ക്ക് കൊള്ളുകയും ചെയ്തു. എന്നാല്‍ താങ്കള്‍ ഇന്നലെ യാതൊരു ഉളുപ്പുമില്ലാതെ മലപ്പുറംകാര്‍ എല്ലാവരും ചതിയന്‍മാരാണെന്ന് പിണറായി വിജയന്‍ പ്രസംഗിച്ചു എന്ന് സംസാരിക്കുന്നത് കണ്ടു ? എന്തൊരു നുണയനാണ് താങ്കള്‍ ? നിങ്ങള്‍ ഉദ്ദേശിക്കുന്നത് മലപ്പുറത്തെ ജനങ്ങളുടെയിടയില്‍ തെറ്റിദ്ധാരണ പരത്താനാണെന്ന് അറിയാം. എന്നാല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയുടെ ഉന്നത സ്ഥാനീയനായ ഒരു നേതാവിനോട് , പണ്ട് സുകുമാര്‍ അഴീക്കോട് ചെയ്തതുപോലെ , മൂല്യങ്ങളെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. എന്നാല്‍ പൊതുസമൂഹത്തിന് പിണറായി വിജയന്‍ നടത്തിയ ഒരു പ്രസംഗത്തെ തികച്ചും വാസ്തവവിരുദ്ധമായി വ്യാഖ്യാനിക്കുന്ന അങ്ങയെപ്പോലെയുള്ളവരെ എങ്ങനെയാണ് വിശേഷിപ്പിക്കുക ? കോണ്‍ഗ്രസുകാരന്‍ എന്ന കാര്യം പോകട്ടെ , ഒരു വ്യക്തി എന്ന നിലയിലെങ്കിലും അങ്ങേയ്ക്ക് ഒരല്പം സത്യസന്ധനായിക്കൂടേയെന്ന് ചോദിക്കുന്നില്ല, പക്ഷേ ഇത്തിരിയെങ്കിലും ഉളുപ്പുണ്ടാകേണ്ടത് വളരെ അത്യാവശ്യം തന്നെയാണ് എന്നു പറയാതാരിക്കാനാവില്ല. അങ്ങയില്‍ എവിടെയെങ്കിലും നന്മയുടെ , സത്യസന്ധതയുടെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മാപ്പു പറയേണ്ട, പക്ഷേ ആ പ്രസ്താവന ഒരു തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നെങ്കിലും തുറന്നു സമ്മതിക്കണം. അത്രയെങ്കിലും ആര്‍ജ്ജവം അങ്ങയില്‍ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നു സാര്‍ ..

 

         

|| ദിനസരികള് - 62 -2025 ജൂണ്‍ 4 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍