ഈ കുറിപ്പ് ഉന്നയിക്കുന്ന വിഷയം
വിശാലമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുവേണം വായിക്കാന്‍ എന്ന് ആദ്യമേ തന്നെ
സൂചിപ്പിക്കട്ടെ ! ഒരു തരത്തിലും ഏതെങ്കിലും ക്രിമിനലുകളെ
വെള്ളപൂശാനോ മറ്റേതെങ്കിലും തരത്തില്‍ ന്യായീകരിക്കാനോ ഇവിടെ ഉദ്ദേശമില്ല. എന്നാല്‍
ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോകരുത് എന്നൊരു നിര്‍ബന്ധമുണ്ട്
, അത്രമാത്രം .
ഇക്കഴിഞ്ഞ
ദിവസങ്ങളില്‍ സഖാവ് എം എ ബേബി ദിലീപിന്റെ ഒരു സിനിമയെക്കുറിച്ച് പറഞ്ഞതിനെതിരെ
വ്യാപകമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നല്ലോ ! എം എ ബേബി ആ സിനിമ കണ്ടതിനുശേഷം അതു നല്കുന്ന
സന്ദേശം നല്ലതാണ് എന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍ അത്രമതിയായിരുന്നു അദ്ദേഹം
വിവാദത്തില്‍ പെടാന്‍. വിവാദത്തിന്റെ ഫലമായി താന്‍ ഉദ്ദേശിച്ചത്
എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായി. എന്തായാലും
ഒരു തരത്തിലും ദിലീപിന്റെ സിനിമകള്‍ പോലും കാണുകയോ അതിനുവേണ്ടി സംസാരിക്കുകയോ
ചെയ്യരുത് എന്ന് പലരും പറയുന്നതും കേള്‍ക്കുകയുണ്ടായി. ഞാന്‍ അന്നുമുതലേ
അക്കാര്യത്തില്‍ സംശയാലുവായിരുന്നു. കാരണം ഒരു സൃഷ്ടിയെ വിലയിരുത്തേണ്ടത് സൃഷ്ടിയെ
മാത്രം അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്നാണ് ഞാന്‍ നാളിതുവരെ ചിന്തിച്ചു
പോന്നത്. കൃതിയില്‍ കര്‍ത്താവിന് കാര്യമൊന്നുമില്ല എന്നും കൃതിയെ കൃതിയായിത്തന്നെ
കണ്ടുകൊണ്ടാണ് ഖണ്ഡനമോ മണ്ഡനമോ നടത്തേണ്ടത് എന്നുമാണ് എന്റെ ധാരണ. ആ
സാഹചര്യത്തിലാണ് ഒരു നടന്‍ അയാള്‍ ചെയ്ത
ഒരു ക്രിമിനല്‍ പ്രവര്‍ത്തിയുടെ പേരില്‍ അയാളുടെ സൃഷ്ടിയും ബഹിഷ്കരിക്കപ്പെടണം
എന്ന വാദം ഉന്നയിക്കപ്പെടുന്നത്. അക്കാര്യത്തില്‍ ഞാനൊരു സന്ദേഹിയാണ്. നമുക്കൊരു
കാര്യത്തില്‍ സന്ദേഹമുണ്ടായാല്‍ അക്കാര്യം പരസ്യമായി ചെയ്യണം എന്നു നെഹ്രു
പറഞ്ഞതുപോലെ ഇതിലെ ശരിതെറ്റുകളില്‍ എനിക്കുള്ള സന്ദേഹമാണ് ഇത്തരമൊരു കുറിപ്പിന്
ആധാരമായിരിക്കുന്നത്.
കുറ്റകൃത്യങ്ങളെ
കാണേണ്ടത് സമൂഹത്തില്‍ നിലനില്ക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. കുറ്റം
ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ആ നിയമത്തിനുള്ളില്‍ ഉണ്ടാകുക തന്നെ
വേണം. കുറ്റവാളികള്‍ ഒരു തരത്തിലും നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടുപോകാതിരിക്കാനുള്ള
ജാഗ്രതയും ആ വ്യവസ്ഥ കാണിക്കേണ്ടതുണ്ട്. എന്നാല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട
ഒരാളുടെ കലാപ്രവര്‍ത്തനങ്ങളെ നാം എങ്ങനെയാണ് വിലയിരുത്തേണ്ടത് ? കലയുടെ അടിസ്ഥാനത്തിലോ അതോ അയാള്‍ ചെയ്ത
കുറ്റ കൃത്യത്തിന്റെ അടിസ്ഥാനത്തിലോ ?
ഇത് തികച്ചും അകാദമിക്കലായ ചോദ്യമാണ്, ദിലീപ് എന്ന പേരോ അയാളുടെ പ്രവര്‍ത്തിയോ
വിട്ടേക്കുക. കാര്യങ്ങള്‍ കൂടുതല്‍
എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ ആ പേര് ഉപയോഗിച്ചു എന്നുമാത്രം !
നമ്മുടെ
സാഹിത്യ സാംസ്കാരിക രംഗത്തെ ഏതേതെല്ലാം പ്രമുഖര്‍ക്കെതിരെ ആക്ഷേപങ്ങള്‍ വന്നിട്ടില്ല
? കവികളും എഴുത്തുകാരും ചിത്രകാരന്മാരും
മറ്റും മറ്റുമായ എത്രയോ ആളുകളുടെ കഥകള്‍ നാം കേട്ടിരിക്കുന്നു. കവി അയ്യപ്പനും
സുധീഷുമടക്കം ഒരു നിര എഴുത്തുകാരെ വേണമെങ്കില്‍ പട്ടികപ്പെടുത്താം ! സ്ത്രീകള്‍ക്കെതിരെ കുട്ടികള്‍ക്കെതിരെ
മനുഷ്യജീവനെതിരെയൊക്കെ കുറ്റകൃത്യങ്ങള്‍ നടത്തിയ
ഒരുപാട് എഴുത്തുകാര്‍ ലോകത്താകമാനമായിട്ടുണ്ട്.
പേരു
കേട്ടാല്‍ എഴുന്നേറ്റു നിന്നു പോകുന്ന ലൂയി അല്‍ത്തൂസര്‍ സ്വന്തം ഭാര്യയെ ശ്വാസം
മുട്ടിച്ചുകൊന്നുവെന്ന കേസിലെ പ്രതിയാണ്. ഏറെ പ്രസിദ്ധനായ ആര്‍തര്‍ കോനന്‍ ഡോയല്‍
ഒരു സ്ത്രീയുടെ കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. അല്ലന്‍ പോ , ആന്‍
പെറി തുടങ്ങി നാം ഇപ്പോഴും ആരാധിക്കുന്ന എത്രയോ എഴുത്തുകാര്‍ വളരെ ഗൌരവതരമായ
ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അവരുടെയൊക്കെ പുസ്തകങ്ങള്‍ മില്യണ്‍ കണക്കിന് വിറ്റുപോകുന്നു.
വായിക്കപ്പെടുന്നു., പഠിപ്പിക്കപ്പെടുന്നു. സിനിമാ ലോകത്തെക്കുറിച്ചാണെങ്കില്‍ അതിലുമേറെ
കഥകള്‍ നമുക്ക് കണ്ടെടുക്കാനാകും സീരിയല്‍ കില്ലര്‍മാര്‍പോലും വിഖ്യതരായവരുടെ കൂട്ടത്തിലുണ്ട്.
അപ്പോള്‍ ചോദ്യം , കുറ്റംചെയ്തിട്ടുളള കലകാരന്മാരോടും അവരുടെ കൃതികളോടും നാം എന്തുനിലപാട്
ആണ് സ്വീകരിക്കുക ?
|| ദിനസരികള് - 59 -2025 ജൂണ്‍1 , മനോജ്
പട്ടേട്ട് ||
Comments