പലരുടേയും അപ്രീതിയ്ക്ക് കാരണമായേക്കുമെങ്കിലും ഒരു  പറയാതെ വയ്യ. പല സ്വകാര്യ സംഭാഷണങ്ങളിലും പൊതുവേദികളിലുമൊക്കെ പല തവണയായി ഉന്നയിക്കുന്നതാണ്. കുറച്ചുകൂടി വിശാലമായ ഒരിടം എന്ന നിലയില്‍ അതേ കാര്യം ഇവിടേയും ആവര്‍ത്തിക്കുന്നുവെന്ന് മാത്രം

 

          വേറൊന്നുമല്ല, നമ്മുടെ സര്‍ക്കാര്‍ മേഖലയിലെ താല്ക്കാലിക നിയമനങ്ങളെക്കുറിച്ചാണ്. കേരളത്തിലെ നിയമമനുസരിച്ച് താല്കാലിക നിയമനങ്ങള്‍ നൂറ്റി എണ്‍പത് ദിവസത്തേക്കാണ് നടത്തേണ്ടത്. അതായത് ആറുമാസക്കാലമാണ് നിയമന കാലാവധി ! കൃത്യമായി പറഞ്ഞാല്‍ നൂറ്റി എഴുപത്തിയൊമ്പതു ദിവസം മാത്രമായിരിക്കണം ! അതു കഴിഞ്ഞാല്‍ താല്ക്കാലിക നിയമനം തന്നെയാണ് നടത്തേണ്ടതെങ്കില്‍ പൊതു അപേക്ഷകള്‍ സ്വീകരിക്കുകയും അതില്‍ നിന്നും ഒരാളെ കണ്ടെത്തുകയും വേണം. എന്നാല്‍ താല്ക്കാലിക നിയമനത്തിലൂടെ എത്തി തങ്ങളുടെ സ്വാധീനമുപയോഗിച്ചുകൊണ്ട് പതിനഞ്ചും ഇരുപതുംകൊല്ലമൊക്കെ  ഒരേ തസ്തികയില്‍ തുടരുന്ന ആളുകളുണ്ട് ! പിരിഞ്ഞുപോകേണ്ട ദിവസമാകുമ്പോള്‍ ആരുമറിയാതെ ഇന്‍ര്‍വ്യു നടത്തി അവരെത്തന്നെ നിയമിക്കുന്ന ഒരു പരിപാടി പൊതുവേ നടന്നുവരുന്നുണ്ടെന്ന കാര്യം വസ്തുതയാണ്. ഇത് തികച്ചും അനഭിലഷണീയമായ പ്രവണതയാണ്.

         

          താല്ക്കാലിക നിയമനങ്ങള്‍ നടത്തേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമില്ല. എന്നാല്‍ ആറുമാസം അല്ലെങ്കില്‍ ഒരു കൊല്ലക്കാലത്തിന് അപ്പുറത്തേക്ക് അത്തരം നിയമനങ്ങള്‍ നീളരുത്. സര്‍ക്കാറിന് അനുപേക്ഷണീയമാണെങ്കില്‍ തസ്തിക സൃഷ്ടിച്ച് സ്ഥിര നിയമനം നല്കുകയാണ് വേണ്ടത്. അതല്ലെങ്കില്‍ താല്ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിന് മാനദണ്ഡങ്ങള്‍ ഓരോ കാലാവധിയിലും കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. ഇക്കൂട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരോട് നമ്മുക്ക് വിട്ടുവീഴ്ചകളാകാം. എന്നാല്‍ അഭ്യസ്തവിദ്യരായ ആളുകള്‍ പുറത്തു നില്ക്കുകയും താല്ക്കാലികമായി കയറിക്കൂടുന്നവര്‍ മജിസ്രേട്ട്ആവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കപ്പെടണം.

         

          ഇക്കാര്യത്തെക്കുറിച്ച് ഇങ്ങനെ നിയനം നേടിയ ഒരാളോട് തന്നെ സംസാരിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചത് ഈ ഓഫീസില്‍ ഇത്രയും കൊല്ലമായി, ഇനി വേറെന്തു ചെയ്യാനാ എന്നാണ്.  ആ ചോദ്യം തീര്‍ത്തും അസംബന്ധമാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. കാരണം താന്‍ നിയമിക്കപ്പെടുന്നത് ആറുമാസക്കാലത്തേക്കാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ തന്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് നിയമവിരുദ്ധമായി ആ തസ്തികയില്‍ തുടര്‍ന്നിട്ട് ഇപ്പോള്‍ ഇത്തരത്തിലൊരു വാദമുന്നയിക്കുന്നത് യുക്തിയല്ല. മറ്റൊരു ന്യായം അവര്‍ / അവര്‍ നമ്മുടെ ആളല്ലേ എന്നാണ്. നമ്മുടെ ഒരാള്‍ അകത്തിരിക്കുമ്പോള്‍ യോഗ്യതയുള്ള ഒമ്പതാളുകള്‍ പുറത്തിരിക്കുന്നുവെന്ന കാര്യം ഇവര്‍ ചിന്തിക്കുന്നില്ല. അതുപോലെതന്നെ വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ജോലിക്ക് കയറിപ്പറ്റുന്നവവരും നിരവധിയാണ്. അവരുടെ സംഘടന പലപ്പോഴും പല വിധത്തിലുള്ള സമരങ്ങള്‍ ഇതിനെതിരെ നടത്താറുമുണ്ട്.

 

          അപ്പോള്‍ ഇത്തരം ആനുകൂല്യങ്ങള്‍ നിയമവിരുദ്ധമായി അനുഭവിക്കുന്ന എല്ലാ താല്ക്കാലിക ജീവനക്കാരേയും സര്‍ക്കാര്‍ പിരിച്ചു വിടുകയും ഒരു തസ്തികയില്‍ ഒരാള്‍ക്ക് ഒരു തവണ മാത്രം എന്ന നിബന്ധനകളോടെ താല്ക്കാലിക നിയമനങ്ങള്‍ നടത്തുവാനുള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കുകയും വേണം.

 

|| ദിനസരികള് - 44 -2025 മെയ് 15, മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍