മറ്റൊരു
തമാശ കൂടി വന്നിട്ടുണ്ട്. പുലയര്‍ എന്നാല്‍ ഭൂപ്രഭുക്കന്മാരാണത്രേ ! കൃഷി ഭൂമിയുടെ
ഉടമകളായിരുന്നവരാണ് എന്നുകൊണ്ടാണ് പുലയര്‍ എന്ന വിളിപ്പേര് ഉണ്ടായി വന്നതത്രേ ! “തൊട്ടാല്‍ അശുദ്ധമാകുന്ന ഇനത്തില്‍” പെട്ടവരായതുകൊണ്ട്
അവര്‍ക്കുമാത്രമായി ഒരു പ്രത്യക സ്ഥലം നിശ്ചയിച്ചുകൊടുത്തു. അത്തരം പുലങ്ങളില്‍
താമസിക്കുന്നവരെ പുലയര്‍ എന്നു വിളിച്ചു പോന്നു. പുലയര്‍ എന്നു പറഞ്ഞാല്‍
അശുദ്ധിയുള്ളവന്‍ എന്ന് മനസ്സിലാക്കിക്കോണം. അത്തരക്കാരെ പുലങ്ങളിലല്ലാതെ
മറ്റെവിടേയും കാണരുത്. ആളുകളുടെ ജാതിയ്ക്ക് അനുസരിച്ച് അവര്‍ കൂട്ടമായി താമസിക്കുന്ന
ഇടങ്ങള്‍ക്കും പേരുകളുണ്ട്. അഗ്രഹാരം എന്നതൊരുദാഹരണമാണ്. നമ്മുടെ കോളനികള്‍
മറ്റൊരുദാഹരണമാണ്. കോളനിയില്‍ നിന്നാണ് എന്നു പറഞ്ഞാല്‍പ്പിന്നെ ജാതി ചോദിക്കേണ്ടി
വരില്ലല്ലോ ! ഈ സൂചന കേരളചരിത്രത്തില്‍ ടി ഭാസ്കരനുണ്ണി ജാതികള്‍ എന്ന
എന്ന അധ്യായത്തില്‍ നല്കുന്നതാണ്. പേജ് 261 നോക്കുക :- “താമസിക്കുന്ന
സ്ഥലത്ത എന്തു പേരിട്ടു വിളിക്കുമെന്നത് താമസിക്കുന്ന ആളുകളുടെ ജാതി
അനുസരിച്ചിരിക്കും “ ഈ പ്രസ്താവന മുകളിലെ ഉദാഹരണങ്ങളെ സാധൂകരിക്കുന്നതാണ്.
ആ സാഹചര്യത്തിലാണ് പുലയന് പുതിയ
ആലഭാരങ്ങളുമായി ജാതി വാദികള്‍ എത്തുന്നത്. എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ ഇത്തരം
വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? പുതിയ
ലോകബോധങ്ങളുടെ വെളിച്ചത്തില്‍ കേരളമെന്ന ഭ്രാന്താലയത്തില്‍ നില നിന്ന അതിക്രൂരമായ
ജാതി വ്യവസ്ഥയെ നമ്മുടെ തലമുറ പുച്ഛത്തോടെ മാത്രമേ കാണൂ എന്ന തിരിച്ചറിവ് ഈ
വ്യാഖ്യാതാക്കള്‍ക്ക് ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ വിശ്വസനീയമായ രീതിയില്‍
അക്കാലങ്ങളെ പൊതുസമൂഹത്തില്‍
സ്വീകാര്യപ്പെടുത്തിയെടുക്കാനും എന്നാല്‍ ആ വ്യവസ്ഥയെ അതേപടി സംരക്ഷിച്ചു
നിലനിറുത്തിപ്പോകാനും അവര്‍ കൊണ്ടു പിടിച്ചു ശ്രമിക്കുന്നു. ആ ശ്രമങ്ങളുടെ
ഫലമായിട്ടാണ് ഇത്തരത്തിലുള്ള വസ്തുതാവിരുദ്ധമായ വ്യാഖ്യാനക്കസര്‍ത്തുകള്‍
ഉണ്ടാകുന്നത്.
വിശ്വകര്‍മ്മജര്‍ എന്നൊരു
വിഭാഗമുണ്ടല്ലോ ! കേള്‍ക്കുമ്പോള്‍
പേരിന് ഒരു മനോഹാരിതയൊക്കെ തോന്നും. ബ്രഹ്മാവിന്റെ മാനസ പുത്രരെന്നാണ് വിശദീകരണം.
എന്നാല്‍ ബ്രാഹ്മണരില്‍ നിന്നും അറുപത്തിയെട്ട് അടി ദൂരെയാണ് ഇക്കൂട്ടരുടെ സ്ഥാനം
അതായത് ഒരു വിശ്വകര്‍മ്മജന്‍ ഒരു ബ്രാഹ്മണന്റെ അറുപത്തിയെട്ട് അടി ദൂരത്തിനുള്ളില്‍
വന്നാല്‍ ബ്രാഹ്മണന് അശുദ്ധിയായി എന്നര്‍ത്ഥം. ഒരു ഭാഗത്ത് ബ്രഹ്മാവിന്റെ
സന്താനങ്ങള്‍ എന്നു പറയുകയും ജാതിശ്രേണിയില്‍ ബഹുദൂരം നില്ക്കുവാന്‍ വിധിക്കപ്പെടുകയും
ചെയ്തിരിക്കുന്ന വൈരുദ്ധ്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു കാലത്ത് കേരളം അനുഭവിച്ചു
പോന്നിരുന്ന ഈ ജാത്രിക്രമങ്ങളെ വിശുദ്ധവത്കരിച്ചുകൊണ്ട് പഴയ കാലത്തേക്കുള്ള ഒരു
പിന്മടക്കത്തിനാണ് ജാതിവാദികള്‍ വഴിവെട്ടുന്നത്.
പണ്ട് അങ്ങനെയൊക്കെ ആയിരിക്കാം, എന്നാല്‍
ഇപ്പോഴും അങ്ങനെയാണോ എന്നാണ് മറ്റു ചില നിഷ്കളങ്കരുടെ ചോദ്യം ! ഉണ്ട്. ഈ
സമൂഹത്തില്‍ ഇപ്പോഴും ജാതീയത ഉണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. എന്നാല്‍
പ്രത്യക്ഷമായ ജാത്യാചാരങ്ങള്‍ കുറഞ്ഞിട്ടുണ്ട് എങ്കിലും പരോക്ഷമായി കടുത്ത വേര്‍തിരിവ്
നിലനില്ക്കുന്നുണ്ട്. അങ്ങനെ ജാത്യാചാരങ്ങള്‍ കുറയുവാന്‍ ഇന്നാട്ടിലെ മനുഷ്യ
സ്നേഹികളുടെ അക്ഷീണമായ പ്രവര്‍ത്തനം വലിയ പങ്കു വഹിച്ചിട്ടുണ്ട്. അവരെയാണ് നാം
നവോത്ഥാന നായകര്‍ എന്ന് വിളിക്കുന്നത്. അവര്‍ സ്വന്തം ജീവിതമുപയോഗിച്ചു കൊണ്ട്
പകര്‍ന്നു തന്ന വെളിച്ചത്തിലാണ് ഇരുളൂമൂടിയ ഒരു കാലത്തു നിന്നും നാം പുറത്തേക്ക്
നടന്നു തുടങ്ങിയത്. ആ വഴികളിലൂടെ തിരിച്ച് ഈ കേരളത്തെ വീണ്ടും ഇരുള്‍ക്കാട്ടിലേക്ക്
നടത്തിക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അവര്‍ തേന്‍പുരട്ടി വിളമ്പുന്ന
ഓരോ വാക്കുകളേയും കരുതിയിരിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.
|| ദിനസരികള് - 45 -2025 മെയ് 16, മനോജ് പട്ടേട്ട് ||
Comments