വാക്കുകള്‍ അടുക്കി കവിത സൃഷ്ടിക്കുന്നത്
എങ്ങനെയെന്ന് ആലോചിക്കുന്നത് രസകരമായ കാര്യമാണ്. ഒന്നിനോടൊന്ന് മുട്ടി
വരിമുറിയാതെയും ഇടഞ്ഞു കേറാതെയും ഇടറിപ്പോകാതെയും താന്താങ്ങളുടെ വഴിയേ കൃത്യമായി
പോകുന്ന ഉറുമ്പുകളെപ്പോലെയാണ് വാക്കുകളും. ആ പോക്കില്‍ എവിടെയെങ്കിലും ഒരിടര്‍ച്ചയുണ്ടായാല്‍
ഒരു ചേര്‍ച്ചയില്ലായ്മയുണ്ടായാല്‍ ഭാവാര്‍ത്ഥങ്ങളില്‍ കല്ലുകടിക്കാന്‍ തുടങ്ങും.
അര്‍ത്ഥയുക്തങ്ങളായ സ്ഫോടങ്ങളാണ് വാക്കുകളെന്ന് ഭാരതീയ സ്ഫോടസിദ്ധാന്തം പറയുന്നു.
വാക്കുകള്‍ കേവലം ഭാഷാശാസ്ത്ര ചിഹ്നം മാത്രമാണ്. ആ ചിഹ്നങ്ങളില്‍ നിന്നാണ് അര്‍ത്ഥം
പുറപ്പെട്ടുപോരുന്നത്. അതായത് സ്ഫോടത്തില്‍ നിന്നും ധ്വനിയുണ്ടാകുന്നു.ആ ധ്വനി
നമുക്ക് അര്‍ത്ഥം പകര്‍ന്നു നല്കുന്നു. അപ്പോള്‍ ആ ചിഹ്നങ്ങളെ കൃത്യമായും
വ്യക്തമായും അടുക്കി വെച്ചില്ലെങ്കില്‍ ഭിത്തിയില്ലാതെ ഉത്തരം വെയ്ക്കുന്ന
തച്ചന്റെ അതിസാഹസികത പോലെയാകും കാര്യങ്ങള്‍. ഇവിടെയാണ് തിരഞ്ഞെടുക്കേണ്ട
സ്ഫോടങ്ങളേത് എന്ന് നിശ്ചയിക്കാന്‍ കവി നിയുക്തനാക്കപ്പെടുന്നത്. അതായത് കവിയുടെ
ഔചിത്യബോധം പരീക്ഷണം നേരിടുന്നത് !
അപ്പോള്‍ വാക്കുകളെ
തിരഞ്ഞെടുക്കുന്നതില്‍ ഔചിത്യബോധത്തിനാണ് പരമപ്രാധാന്യം എന്നു വരുന്നു.
അനൌചിത്യാദൃതേ നാന്യദ് രസഭംഗസ്യ കാരണം എന്ന് വേണമെങ്കിലൊരു പഴയ സൂക്തം കൂടി
ആധികാരികതയ്ക്ക് ഉദ്ധരിക്കാം. വാക്കുകള്‍ ഔചിത്യത്തോടെ തിരഞ്ഞെടുക്കുകയും അവയ്ക്ക്
ആശയപരമായ ഒറ്റവരി സ്വഭാവം ഉണ്ടാകുകയും ചെയ്യുന്നതോടെ ശീലവും ശീലത്തില്‍ നിന്ന്
ശൈലിയുമൊക്കെ ഉടലെടുത്തുവരും. അലങ്കാരങ്ങള്‍ അലകും പിടിയുമിട്ട് വരും. രസഭാവങ്ങള്‍
അഴകളവുകളില്‍ നൃത്തം വെയ്ക്കും.
എന്നാല്‍
മനോഹരമായ വാക്കുകള്‍ മനോഹരമായി അടുക്കിവെച്ചാല്‍ കവിതയാകുമോ ? ഇല്ല. അവയെ ബന്ധിപ്പിക്കുന്ന ഒരു സൂത്രം , വള്ളി, നാര് ,
കയര്‍ ഉള്ളിലൂടെ കടന്നുപോകണം. ആ സൂത്രത്തെയാണ് ആശയം എന്നു പറയുന്നത്. ശക്തമായ
ഒരാശയത്തെ അവതരിപ്പിക്കുവാന്‍ വാക്കുകളുടെ വിന്യാസത്തിന് ഒരല്പം
വ്യതിചലനമുണ്ടായാലും തടസ്സമില്ല , അവ വിളങ്ങി നില്ക്കും. എന്നാല്‍ അത്തരത്തിലുള്ള
ആശയങ്ങളെ വിക്ഷേപിക്കുവാന്‍ സ്ഫോടങ്ങളുടെ , സിംബലുകളുടെ , വാക്കുകളുടെ മേളനത്തിന്
അതിപ്രാധാന്യമുണ്ട്. വാക്കുകളെ അടുക്കി കവിത സൃഷ്ടിക്കുന്ന കൌതുകത്തെക്കുറിച്ച്
ഞാന്‍ തുടക്കത്തില്‍ പറഞ്ഞത് അതുകൊണ്ടാണ്.
കുറച്ചു
വാക്കുകള്‍ താഴെ നിരത്തി വെയ്ക്കുന്നു. സര്‍വ്വ സാധാരണമായ വാക്കുകളാണ്. ആ
വാക്കുകള്‍ ഉപയോഗിച്ച് ഒരു കവിത സൃഷ്ടിക്കുവാന്‍ ശ്രമിക്കുക. പിന്നീട്
ഞാനുദ്ധരിച്ചു ചേര്‍ത്തിരിക്കുന്ന കവിത വായിച്ചു നിങ്ങള്‍ എഴുതിയ / കണ്ടെത്തിയ ആശയവുമായി തുലനപ്പെടുത്തി നോക്കുക . കവിത
അളക്കപ്പെടുന്നത് കണ്ടറിയാം
വാക്കുകള്‍ :-
പെന്‍സില്‍
കഴുകി വെയ്ക്കുക
പ്ലേറ്റ്
സമ്മന്തി
സ്ലെയിറ്റ്
കണക്കു ചെയ്യുക
നേരം വെളുക്കുക
എറിഞ്ഞു പൊട്ടിക്കുക
കുത്തിപ്പൊട്ടിക്കുക
പാത്രം
കണക്കു ചെയ്യുക
ഉറക്കം വരിക
വെള്ളം നിറയ്ക്കുക
അവര്‍
ഇനി താഴെയുള്ള കവിത വായിക്കുക
കവിതയുടെ പേര് പാലൈസ്
കവി മോഹനകൃഷ്ണന്‍ കാലടി
സ്ലെയിറ്റേ സ്ലെയിറ്റേ
പെന്‍സിലേ,പെന്‍സിലേ.
നാളെ നേരം വെളുക്കുമ്പോഴേക്കും
ഈ കണക്കെല്ലാം ചെയ്തുവച്ചാല്‍
ഞാന്‍ നിങ്ങള്‍ക്ക് ഒരു പാലൈസ്
വാങ്ങിത്തരാം
ഒന്നല്ല,രണ്ടുപേര്‍ക്കും ഓരോന്ന്
കണക്കെങ്ങാന്‍ തെറ്റിച്ചാല്‍
സ്ലെയിറ്റേ നിന്നെ ഞാന്‍ എറിഞ്ഞു പൊട്ടിക്കും
പെന്‍സിലേ നിന്നെഞാന്‍ കുത്തിപ്പൊട്ടിക്കും
എനിക്കേ കണക്കറിയാഞ്ഞിട്ടൊന്നുമല്ല
ഉറക്കം വന്നിട്ടുമല്ല
ഈ പ്ലേറ്റായ പ്ലേറ്റൊക്കെ കഴുകിവച്ചില്ലെങ്കില്‍
ഈ പാത്രങ്ങളായ പാത്രങ്ങളിലൊക്കെ വെള്ളം നിറച്ചില്ലെങ്കില്‍
അവരെന്നെ സമ്മന്തിയരക്കില്ലേ
സ്ലെയിറ്റേ സ്ലെയിറ്റേ
പെന്‍സിലേ പെന്‍സിലേ
|| ദിനസരികള്‍ - 47 -2025 മെയ് 18, മനോജ് പട്ടേട്ട് ||
Comments