ഏതെങ്കിലും രാജ്യത്തിന്റെ നാല് അതിര്‍ത്തികളോ ഏതെങ്കിലും മതത്തിന്റെ ആശയ സംഹിതകളോ പൊരുതി മരിക്കാനുള്ള കാരണങ്ങളായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ ദേശസ്നേഹത്തിന്റെ കൊടുമുടിയിലേറി നിന്ന് കൊല്ലവനെ എന്ന് ആക്രോശിക്കാന്‍ എനിക്ക് ഒട്ടും തന്നെ കൌതുകവുമില്ല. അക്കാരണത്താല്‍ എന്നെ ദേശവിരുദ്ധനായോ രാജ്യദ്രോഹിയായോ കെട്ടിവാഴിക്കാന്‍ വെമ്പല്‍‌കൊള്ളുന്നവരോട് പ്രത്യേകിച്ചൊന്നും പറയുവാനുമില്ല.

         

          രാഷ്ട്രീയ കാരണങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുള്ള ഭൌമാതിര്‍ത്തികള്‍ എനിക്ക് ഏതെങ്കിലും വികാരമുല്പാദിപ്പിക്കുവാനുള്ള ഇടമല്ല. ഇന്ത്യയാണ് എന്റെ രാജ്യം എന്ന് പറയുമ്പോള്‍ സാങ്കേതികമായി മാത്രമുള്ള ഒരു ഭൂപ്രദേശ സൂചന മാത്രമാണ് അത് ഉല്പാദിപ്പിക്കുന്നത്. അതിനപ്പുറം മറ്റെന്തെങ്കിലുമാണ് ഇന്ത്യയും അതിന്റെ സാംസ്കാരിക പൈതൃകവും എന്നാണെങ്കില്‍ ഏത് ഇന്ത്യയെക്കുറിച്ചും ഏത് പൈതൃകത്തെക്കുറിച്ചുമാണ്  നിങ്ങള്‍ പറയുന്നതെന്ന് എനിക്ക് തിരിച്ചു ചോദിക്കേണ്ടിവരും. ഇന്ത്യ അഥവാ ഭാരതം എന്ന എന്ന് നാം വിളിച്ചുകൊണ്ടിരിക്കുന്ന ഈ ഭൂപ്രദേശം അതിര്‍ത്തികളുടെ മാറ്റി വരയ്ക്കല്‍‌കൊണ്ട് അതിസമ്പന്നമാണ്. ജംബുദ്വീപത്തിന്റെ ഭാഗമായി നിലനിന്നിരുന്ന കാലത്തെ അതിര്‍ത്തികള്‍ അത്രമാത്രം വിശാലമായിരുന്നുവെന്ന് നമുക്ക് അറിയാം.സിന്ധുനദീതട സംസ്കാരത്തിന്റെ കാലം മുതല്‍ ആ അതിര്‍ത്തികളില്‍ കൂട്ടിച്ചേര്‍ക്കലുകളും വെട്ടിക്കുറയ്ക്കലുകളും നടന്നു വന്നിട്ടുണ്ട്. കാമ്പോജവും ഗാന്ധാരവുമൊക്കെ വിശാല ഭാരതത്തിന്റെ ഭാഗമായി നിലനിന്നിരുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു. പിന്നീട് വന്ന മുസ്ലിം ഭരണാധികാരികളും അലക്സാണ്ടറും അശോകനുമൊക്കെ ആ അതിര്‍ത്തികളെ സമൂലം പുതുക്കിപ്പണിതു. സ്വാതന്ത്ര്യാനന്തരം ഒരു രാജ്യത്തെത്തന്നെ രണ്ടായി വെട്ടി മുറിച്ച് വീണ്ടും അതിരുകള്‍ മാറ്റി വരച്ചു. 1971 ലെ സിംല കരാര്‍ പ്രകാരം വീണ്ടും രാജ്യത്തിന്റെ അതിരുകള്‍ മാറി.  തൊട്ടപ്പുറത്ത് ചൈനയും LAC യും എക്കാലത്തും തര്‍ക്ക വിഷയങ്ങളായിത്തന്നെ നിലകൊണ്ടു. ഇതൊക്കെയും ഓരോ കാലത്ത് ഇന്ത്യ അല്ലെങ്കില്‍ ഭാരതം എന്ന പേരില്‍‌ത്തന്നെ നിലകൊണ്ട പ്രദേശങ്ങളായിരുന്നു. ഇവയില്‍ ഏത് ഇന്ത്യ അഥവാ ഭാരതമാണ് നിങ്ങളുടെ ചോര തിളപ്പിക്കുവാന്‍ പര്യാപ്തമായത് ?

 

          മതത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഞാന്‍ ജനിച്ചത് ഒരു മതവിഭാഗത്തില്‍‌പ്പെട്ട മാതാപിതാക്കളിലാണ്. എന്നാല്‍ ഞാന്‍ വളര്‍ന്നതോ ചിന്തിക്കുന്നതോ ജീവിക്കുന്നതോ ആ മതത്തിന്റെ പരിമിത വൃത്തങ്ങളിലല്ല. എന്നു മാത്രവുമല്ല സര്‍‌വ്വോത്കൃഷ്ടമായ ഒരാശയമാണ് ഞാന്‍ ജനിച്ച മതം പുലര്‍ത്തുന്നത് എന്ന ധാരണയൊന്നും എനിക്കൊട്ടുമില്ല.  അതുകൊണ്ടുതന്നെ ഏതെങ്കിലും മതത്തിന് വേണ്ടി വെട്ടിക്കൊല്ലാനോ കുത്തിച്ചാകാനോ ഞാനൊരുക്കവുമല്ല.

 

           

            അതുകൊണ്ട് അതിര്‍ത്തികളുടെയോ മതങ്ങള്‍‌പോലെയുള്ള മറ്റെന്തെങ്കിലും ആശയ സംഹിതകളുടേയോ  സങ്കുചിതത്വങ്ങളില്‍ നിന്നുകൊണ്ടല്ല നാം ഭൂമിയെക്കുറിച്ച് ആലോചിക്കേണ്ടത് മറിച്ച് മനുഷ്യര്‍ ജനിച്ച് ജീവിച്ച് പുലരുന്ന ഒരിടം എന്ന തലത്തില്‍ ഒരൊറ്റ യൂണിറ്റായി സ്വീകരിച്ചുകൊണ്ടാണ്. അപ്പോഴാണ് യുദ്ധം എന്ന അപരിഷ്കൃത പ്രക്രിയയോടുള്ള വെറുപ്പ് എത്ര സഹജമായിത്തന്നെ ഓരോരുത്തരിലും ഉണ്ടായി വരേണ്ട ബലവത്തായ ഒരു മൂല്യമാണ് എന്ന ചിന്ത ഉടലെടുക്കുന്നത്.  ലോകത്ത് എവിടെയാണെങ്കിലും മനുഷ്യനെന്ന മൂല്യത്തോട് ഐക്യപ്പെടുക എന്നു മാത്രമേ ഞാന്‍ ചിന്തിക്കുന്നുള്ളു. അതുകൊണ്ട് എന്തുകാരണത്താലായാലും യുദ്ധങ്ങളോട് , കലാപങ്ങളോട് ചേര്‍ന്നു നില്ക്കുക എന്നത് എന്നെ സംബന്ധിച്ച് അസാധ്യമായ ഒന്നാണ്.

 

          നമ്മുടെ ഇടശ്ശേരിയുടെ

 

എവിടെവിടങ്ങളിൽ ചട്ടി പുറത്തെടു

ത്തെറിയപ്പെടുന്നുണ്ടീപ്പാരിടത്തിൽ

അവിടവിടങ്ങളെ ചേർത്തു വരയ്കൊക-

ന്നവരുടെ രാഷ്ട്രതിന്നാതിർവരകൾ - എന്ന വരികളാണ് എന്റെ അഭയസ്ഥാനം !

 

|| ദിനസരികള് - 41 -2025 മെയ് 11, മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍