സണ്ണി ജോസഫ് ! കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന അധ്യക്ഷന്‍ ! പേരാവൂരില്‍ നിന്നുള്ള നിയമസഭാംഗം. മുന്‍ പ്രസിഡന്റ് കെ.സുധാകരന്റെ ഏറ്റവും വിശ്വസ്തനായ അനുയായി. സുധാകരന് പകരം കണ്ണൂരിന്റെ ഡി സി സി പ്രസിഡന്റായി 2001 ല്‍ നിയോഗിക്കപ്പെട്ടതും ഇദ്ദേഹമാണ്. ഇപ്പോള്‍ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ സ്വഭാവികമായും പിന്‍ഗാമിയായി സണ്ണി ജോസഫ് നിയോഗിക്കപ്പെട്ടു. സുധാകരന്റെ വിശ്വസ്തനാണ് എന്നതിനപ്പുറം മറ്റെന്താണ് സണ്ണി ജോസഫിന്റെ പ്രത്യേകത ? വട്ടപ്പൂജ്യം എന്നുതന്നെയാണ് ഉത്തരം. കണ്ണൂരില്‍ സുധാകരന്റെ കൂടെക്കൂടി നേടിയെടുത്തവയല്ലാതെ മറ്റെന്തെങ്കിലുമൊന്ന് എടുത്തുപറയാന്‍ സണ്ണി ജോസഫിന്റെ കാര്യത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിനെ നയിക്കുവാന്‍ അദ്ദേഹത്തിന് എത്ര ശേഷിയുണ്ട് എന്ന് കണ്ടുതന്നെ അറിയണം! സംസ്ഥാന തലത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു കൊണ്ട്  സംഘടനാ പ്രവര്‍ത്തനം നടത്തിയ ഒരു ചരിത്രം ഇദ്ദേഹത്തിനില്ല. യൂത്ത് കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്നൊരു പദവിയില്‍ നിന്നാണ് കണ്ണൂര്‍ ഡി സി സിയുടെ അധ്യക്ഷ പദത്തിലേക്ക് സണ്ണി ജോസഫ് എത്തിപ്പെടുന്നത്. മാധ്യമങ്ങള്‍ പ്രവര്‍ത്തന പാരമ്പര്യത്തെക്കുറിച്ചൊക്കെ വാചാലരാകുന്നുണ്ട് എങ്കിലും അത്തരത്തിലൊരു പരിചയം അദ്ദേഹത്തിനില്ല എന്നതാണ് വാസ്തവം. 2011 (വര്‍ഷം പ്രത്യേകം ശ്രദ്ധിക്കുക )  ല്‍ കെ കെ ശൈലജയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. ഒരു പക്ഷേ തന്റെ ഗ്രാഫിലെ ഏറ്റവും മികച്ച ഒരു പ്രകടനം 2011 ലെ ശൈലജയെ തോല്പിച്ചതാണ് എന്നതുമാത്രമായിരിക്കും.

 

            കോണ്‍ഗ്രസ് കേരളത്തില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ചരിത്രത്തിലില്ലാത്ത വിധത്തില്‍ രണ്ടു തവണയായി പ്രതിപക്ഷ സ്ഥാനത്തിരിക്കുവാനാണ് കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫിനോട് കേരളം ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു മുഖം സംസ്ഥാന നേതൃത്വത്തില്‍ ഇല്ല എന്നുള്ളതാണ് ആ കക്ഷി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എന്ന് നമുക്കറിയാം. പ്രതിപക്ഷ നേതാവ് വി ഡി സതീശനോ കെ സുധാകരനോ ആ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞിഞ്ഞിട്ടില്ല. എന്നുമാത്രവുമല്ല ഇപ്പോള്‍ ജീവിച്ചിരിക്കുന്ന രമേശ് ചെന്നിത്തലയ്ക്കോ കെ മുരളിധരനോ അണികള്‍ക്കിടയിലുള്ള വിശ്വാസ്യത സതീശനും സുധാകരനുമില്ല എന്ന കാര്യംകൂടി പ്രത്യേകം ശ്രദ്ധിക്കുക.  അതോടൊപ്പം ബി ജെ പി പോലെയുള്ള സംഘപരിവാര ശക്തികളുടെ ഇടപെടലിനെ നിസ്സാരമാണെന്ന് കരുതി തള്ളിക്കളയാന്‍ കഴിയാത്ത ഒരു സാഹചര്യവും കേരളത്തിലുണ്ട്. കൃസ്ത്യന്‍ വിഭാഗത്തിന്റെ ഗണ്യമായ വോട്ടു വാങ്ങി ജയിച്ച തൃശൂര്‍ മോഡല്‍ കഴിയാവുന്ന ഇടങ്ങളിലൊക്കെ വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങളും കൊണ്ടു പിടിച്ചു നടക്കുന്നു.  ഉയര്‍ന്നു കേട്ട പേരുകളിലൊന്ന് ആന്റോ ആന്റണിയുടേതാണ്. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്റെ അസാന്നിധ്യംകൊണ്ട് അദ്ദേഹം ശ്രദ്ധേയനായിരിക്കുന്നു.  പാര്‍ശ്വവത്കൃത സമുദായത്തില്‍ നിന്നുള്ളവരുടെ മര്‍ഷവും അതേ വേദിയില്‍ തന്നെ പ്രകടിപ്പിക്കപ്പെട്ടു. ഒരു പ്രസിഡന്റും ഒട്ടധികം വൈ. അല്ലെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുമുള്ള ഒരു സംവിധാനത്തില്‍ സമുദായിക പ്രാതിനിധ്യങ്ങളെ പരിഗണിച്ചില്ല എന്ന ആ  വാദവും കഴമ്പുള്ളതാണ്.

           

            ആ ഒരു സാഹചര്യത്തില്‍ വിശ്വസ്ഥരെ അധികാരസ്ഥാനങ്ങളിലേക്ക് എത്തിച്ചു കൊണ്ട് നടത്തുന്ന നീക്കങ്ങള്‍ എങ്ങനെയാണ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ചോദ്യം പ്രസക്തമാണ്. സണ്ണി ജോസഫ് എന്ന പേര് ഉയര്‍ന്നപ്പോള്‍ തന്നെ ആരാണീ സണ്ണി ജോസഫ് എന്നാണ് കോണ്‍‌ഗ്രസുകാരായ പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നത് !  കോണ്‍ഗ്രസിന് ആരെ വേണമെങ്കിലും തങ്ങളുടെ സംഘടനാ സംവിധാനങ്ങളുടെ തലപ്പത്തേക്ക് വിനിയോഗിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അസ്തമിച്ചു പോയാല്‍ കൂടുതല്‍ ശക്തിപ്പെടുന്നത് ആര് എന്ന ചോദ്യത്തെ അടിസ്ഥാനമാക്കി ഞാന്‍ സൂചിപ്പിച്ചത് വളരെ വിശാലമായ അര്‍ത്ഥത്തിലുള്ള വിമര്‍ശനമാണ്.  

 

എന്തായാലും സണ്ണി ജോസഫിന് വിജയാശംസകള്‍ !

 

|| ദിനസരികള് - 41 -2025 മെയ് 11, മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍