സ്വാമി
വിവേകാനന്ദന്‍ 1894 ല്‍ ശ്രീ ശിങ്കാരവേലു മുതലിയാര്‍ക്ക് എഴുതിയ ഒരു കത്തില്‍
ഞാനിങ്ങനെ വായിച്ചു :- “ നാം പ്രചരിപ്പിക്കുന്നത് സാമൂഹ്യമായ സമത്വമോ അസമത്വമോ അല്ല
, പിന്നെയോ എല്ലാവര്‍ക്കും സമമായ അവകാശങ്ങളുണ്ട് എന്നത്രേ ! പെരുമാറ്റത്തേയോ
ഭക്ഷണത്തേയോ സംബന്ധിച്ച സവിശേഷമായ ഒരു ആചാരനിയമങ്ങളും നാം നിര്‍ബന്ധിക്കുന്നില്ല – അത് അന്യര്‍ക്ക്
ഉപദ്രവമാകാത്തിടത്തോളം കാലം “ അതേ വര്‍ഷം
ശിഷ്യന്‍ അളസിംഗന് അദ്ദേഹം എഴുതുന്നതുകൂടി വായിക്കുക :- ജനങ്ങളോട്
കലഹിക്കരുത്. ആരേയും പിണക്കരുത്. ജാക്കോ ജോണോ കൃസ്ത്യനാകുന്നുവെങ്കില്‍ നാമെന്തിന്
ഗൌനിക്കണം ? അവരവര്‍ക്കു ചേര്‍ന്ന മതത്തെ അനുസരിച്ചുകൊള്ളട്ടെ. എന്തിനു
വാദപ്രതിവാദങ്ങളില്‍ ചെന്നുപെടണം? ഓരോരുത്തരുടേയും ഭിന്നാഭിപ്രായങ്ങളെ മാനിക്കുക. “
വിവേകാനന്ദന്റെ കൃതികളെക്കാള്‍
അദ്ദേഹത്തിന്റെ കത്തുകള്‍ക്ക് തീക്ഷ്ണതയും സത്യസന്ധതയും കൂടും എന്ന് എനിക്ക്
പലപ്പോഴും തോന്നിയിട്ടുണ്ട്. ഏറെ പ്രചാരമുള്ള ആത്മീയ ഗ്രന്ഥങ്ങള്‍
അദ്ദേഹത്തിന്റേതായി ഉണ്ടെങ്കിലും അതെല്ലാം തികച്ചും വ്യക്തിനിഷ്ഠമായ അനുഭവങ്ങളുടെ
പശ്ചാത്തലത്തില്‍ പരിഗണിക്കപ്പെടുന്ന വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. അതായത് അമൂര്‍ത്തവും
ഊഹാധിഷ്ഠിതവുമായ സാഹചര്യങ്ങളില്‍ നിന്നാണ്
അവ ഉരുവം കൊള്ളുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കത്തുകളുടെ കാര്യം അങ്ങനെയല്ല.അത്
രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയമാണല്ലോ. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍
യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രതികരിക്കേണ്ടി വരുന്നു. അതൊരു പക്ഷേ ബ്രഹ്മവിദ്യയെക്കുറിച്ച്
സംസാരിക്കുന്നതിനെക്കാള്‍ വിഷമമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ആത്മജ്ഞാനവും
മറ്റും വ്യക്തിപരങ്ങളായതുകൊണ്ട് സാക്ഷികളുണ്ടാവില്ല എന്ന സൌകര്യം അവിടെയുണ്ട്.
എന്തും പറയാം ! എതിര്‍പ്പുണ്ടെങ്കിലും അത് എന്റെ അനുഭവങ്ങളാണ് എന്ന്
പറഞ്ഞാല്‍പ്പിന്നെ തര്‍ക്കത്തിന് അവകാശമില്ല. എല്ലാവര്‍ക്കും കാണാനും
മനസ്സിലാക്കാനുമാകുന്ന സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പക്ഷേ
അങ്ങനെയാവില്ല. അത്തരം സാഹചര്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഒരു വ്യക്തി
വിലയിരുത്തപ്പെടുക !
വിവേകാനന്ദന്‍ പക്ഷേ സാമൂഹ്യസാഹചര്യങ്ങളോട് ഏറ്റവും യാഥാര്‍ത്ഥ്യ
ബോധത്തോടെ പ്രതികരിച്ച ഒരു വ്യക്തിയാണ്. വളരെ കുറഞ്ഞ ചില സന്ദര്‍ഭങ്ങളിലൊഴിച്ച്
അദ്ദേഹത്തിന്റെ അത്തരം നിലപാടുകളെ വിമര്‍ശന വിധേയമാക്കേണ്ട അവസരമുണ്ടായിട്ടില്ല.
ജാതീയതയോട് അസമത്വങ്ങളോട് പിന്തിരിപ്പന്‍ വിദ്യാഭ്യാസ രീതികളെക്കുറിച്ച് നാം ഒരു
ജനതയായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബാലവിവാഹങ്ങളെക്കുറിച്ച്
സാമൂഹ്യോന്നതിക്കുവേണ്ടി ഒരുമിച്ച് നിന്ന് പോരാടേണ്ടുന്നതിന്റെ
ആവശ്യകതയെക്കുറിച്ചൊക്കെ അദ്ദേഹം ധാരാളമായി ചിന്തിക്കുന്നുണ്ട്. ഞാന്‍ മുകളിലുദ്ധരിച്ച രണ്ടു കത്തുകളും
അത്തരത്തിലുള്ള ചില പ്രതികരണങ്ങളുടെ സൂചകങ്ങളാണ്. അസാമാന്യ കര്‍മ്മോന്മുഖതയുടെ
വക്താവും പ്രയോക്താവുമായിരുന്നു അദ്ദേഹമെന്ന് നമുക്കറിയാം. പ്രവര്‍ത്തിക്കുക
പ്രവര്‍ത്തിക്കുക എന്ന് നിരന്തരം ഈ ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ഓരോ
നിമിഷവും അദ്ദേഹം ജീവിച്ചുപോയത്.
ജാതീയതയും വര്‍ണ വ്യവസ്ഥയും
ശുദ്ധഭ്രാന്താണ് എന്നു പറയുകയും അത്തരം ഭ്രാന്തുകള്‍ക്ക് ഈ സമൂഹത്തെ
വിട്ടുകൊടുക്കരുതെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്ത സന്യാസിയായിരുന്നു
വിവേകാനന്ദന്‍. ആ വിവേകാനന്ദനെ ഇപ്പോള്‍ അതേ ജാതിവാദികളും വര്‍ണാശ്രമികളും
ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്ന കാഴ്ച നാം കുറച്ചു കാലമായി കണ്ടുകൊണ്ടിരിക്കുന്നു.
അദ്ദേഹം ഈ സമൂഹത്തെ അത്തരം ഭ്രാന്തുകളില്‍ നിന്നും സംരക്ഷിച്ചു പിടിച്ചതുപോലെ ഈ
സമൂഹവും വിവേകാനന്ദനെ അത്തരം ഭ്രാന്തന്മാര്‍ക്ക് വിട്ടുകൊടുക്കാതെയിരിക്കുവാനുള്ള
ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
|| ദിനസരികള്‍ - 46 -2025 മെയ് 17, മനോജ് പട്ടേട്ട് ||
Comments