പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തോട് നടത്തിയ പ്രസംഗം ശ്രദ്ധിച്ചുവോ നിങ്ങള്‍ ? എന്നിട്ട് എന്താണ് നിങ്ങള്‍ക്ക് തോന്നിയത് ? ആ പ്രസംഗത്തോട് നിങ്ങള്‍ എത്രമാത്രം യോജിക്കുന്നു ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് യോജിക്കുവാനും വിയോജിക്കുവാനും കഴിയുന്ന എന്തൊക്കെ കാര്യങ്ങളാണ് ആ പ്രസംഗത്തില്‍ നമ്മുടെ പ്രധാനമന്ത്രി ഉള്‍പ്പെടുത്തിയത് ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതാണ് ഇന്ത്യയുടെ പ്രസിദ്ധമായ മഹിമകളിലൊന്ന്. അത്തരത്തിലൊരു രാജ്യത്തിന്റെ പ്രധാനപദവിയിലിരുന്നു കൊണ്ട് ആ സ്ഥാനത്തിന് ചേരാത്ത വിധത്തിലുള്ള പ്രയോഗങ്ങള്‍ നടത്തിയാല്‍ അത് ചൂണ്ടിക്കാണിക്കുക എന്നത് ഉത്തരവാദിത്തമുള്ള ഏതൊരു പൌരന്റേയും കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സൈനിക മേധാവിയുടെ ഭാവഹാവാദികളോടെ ആക്രമണോത്സുകത ചുരമാന്തി നില്ക്കുന്ന സ്വരത്തില്‍ സംസാരിക്കുന്നത് ഈ രാജ്യത്തെക്കുറിച്ച് തികച്ചും തെറ്റായ ധാരണ ഉണ്ടാക്കാനേ സഹായിക്കൂ. ഒരു ജനാധിപത്യരാജ്യത്തിന്റെ മൂല്യബോധത്തിനൊപ്പം നില്ക്കുന്ന പരിണതപ്രജ്ഞനായിരിക്കേണ്ടതിന് പകരം വെല്ലുവിളിയുടേയും അഹങ്കാരത്തിന്റേയും ഭാഷ അല്പത്തരത്തിന്റെ പ്രത്യക്ഷ ലക്ഷണമായേ നീതിമുള്ളവര്‍ കണക്കിലെടുക്കൂ. പ്രത്യേകിച്ച് വിജയിച്ചു നില്ക്കുന്നുവെന്ന് അവകാശപ്പെട്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഭാഷയും പ്രവര്‍ത്തിയും കൂടുതല്‍ ജനാധിപത്യപരമാകേണ്ടത് തന്നെയല്ലേ ?
പഹല്‍ഗാമില്‍ തീവ്രവാദികള്‍
നടത്തിയ അക്രമത്തിന് തിരിച്ചടി നല്കാനുള്ള നീക്കത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍
എന്നാണ് പേരിട്ടിരിക്കുന്നത്. സിന്ദുരം ചാര്‍ത്തുന്നത്
ഭാരതത്തിലെ സ്ത്രീകളുടെ പൊതുവായ ഒരാചാരമല്ല മറിച്ച് ഒരു വിഭാഗത്തിന്റെ മാത്രമാണ്.
ആ പേരില്‍ പോലും ഒരു തരം വിഘടന സ്വഭാവം അടങ്ങിയിട്ടുണ്ട്. തീവ്രവാദികള്‍ നമ്മുടെ സഹോദരിമാരുടെ കുങ്കുമം മായ്ച്ചു കളഞ്ഞു എന്ന്
പ്രധാനമന്ത്രി പരിതപിക്കുന്നുണ്ട്. അപ്പോള്‍ കുങ്കുമം ധരിക്കാത്തവരുടെ ഭര്‍ത്താക്കന്മാര്‍
കൊല്ലപ്പെട്ടത് ഓപ്പറേഷന്‍ സിന്ദൂറിന്റെ പരിധിയില്‍ നമുക്ക് ഉള്‍പ്പെടുത്താനാകുമോ
? പ്രധാനമന്ത്രി പറയുന്നു " ഇന്ത്യയുടെ നടപടിയിൽ പാകിസ്താൻ അങ്ങേയറ്റം
നിരാശ പ്രകടിപ്പിച്ചു, ഈ
നിരാശയില്‍ അവർ വീണ്ടും ഒരു
ധിക്കാരം കാണിച്ചു. ഭീകരതയ്‌ക്കെതിരായ
ഇന്ത്യയുടെ നടപടിയെ പിന്തുണയ്ക്കുന്നതിനുപകരം പാകിസ്താൻ ഇന്ത്യയെ ആക്രമിക്കാൻ
തുടങ്ങി. പാകിസ്താൻ നമ്മുടെ സ്കൂളുകളെയും കോളേജുകളെയും
ഗുരുദ്വാരകളെയും ക്ഷേത്രങ്ങളെയും സാധാരണ പൗരന്മാരുടെ വീടുകളെയും ലക്ഷ്യം വെച്ചു, പാകിസ്താൻ നമ്മുടെ സൈനിക
താവളങ്ങളെയും ലക്ഷ്യംവെച്ചു. പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ മുന്നിൽ വൈക്കോൽ പോലെ വീണത് ലോകം
കണ്ടു. ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനം
അവയെ ആകാശത്ത് തന്നെ നശിപ്പിച്ചു. അതിർത്തിയിൽ ആക്രമണം നടത്താൻ
പാകിസ്താൻ ഒരുങ്ങിയിരുന്നു, പക്ഷേ ഇന്ത്യ പാകിസ്താന്റെ നെഞ്ചിൽ
ആക്രമിച്ചു. ഇന്ത്യൻ ഡ്രോണുകളും മിസൈലുകളും കൃത്യമായി
പ്രയോഗിച്ചു. പാകിസ്താൻ
വളരെ അഭിമാനിച്ചിരുന്ന പാക് വ്യോമസേനയുടെ വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ വരുത്തി. ആദ്യ മൂന്ന് ദിവസങ്ങളിൽ തന്നെ,
സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഇന്ത്യ പാകിസ്താനെ തകർത്തു." നമ്മുടെ
സൈനിക മേധാവികളാരെങ്കിലുമാണ് ഈ ഭാഷ പ്രയോഗിക്കുന്നതെങ്കില്‍ നമുക്ക് കൈയ്യടിച്ച്
പ്രോത്സാഹിപ്പിക്കാമായിരുന്നു. എന്നാല്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു
ഭരണാധികാരി ആ ഭാഷയിലാണോ സംസാരിക്കേണ്ടിയിരുന്നത് ? ഞങ്ങള്‍ ചെയ്യാനുള്ളത് ചെയ്തിട്ടുണ്ട്. എന്തൊക്കെ
ചെയ്തുവെന്ന് സൈനിക നേതൃത്വം രാജ്യത്തോടും ലോകത്തോടും വിശദീകരിച്ചിട്ടുണ്ട്. അവര്‍
അവരുടെ കടമ ചെയ്തു. ഇനി ഈ രാജ്യത്തിന് വേണ്ടത് ശാന്തിയും സമാധാനവുമാണ്. അതാണ് അയല്‍രാജ്യമായ
പാകിസ്താനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ സംയമനവും സഹിഷ്ണുതയും ഏറെയുള്ള
ജനതയാണ്. ഈ രാജ്യത്തോടും ലോകത്തോടും ഞങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട് -
എന്നിങ്ങനെ ലോകം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന മാതൃകയായിരുന്നില്ലേ നരേന്ദ്രമോഡി
സൃഷ്ടിക്കേണ്ടിയിരുന്നത് ? പ്രസംഗത്തിന്റെ അവസാന
ഭാഗങ്ങളുടെ ഒരു വിപുലീകൃത രൂപം പക്ഷേ കൂടുതല്‍ സ്വീകര്യമാകുമായിരുന്നു എന്നാണ്
എന്റെ ചിന്ത
സങ്കുചിതവും വിഘടനപരവുമായ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് എന്നതൊരു സത്യം മാത്രമാണ്.
|| ദിനസരികള്‍ - 42 -2025 മെയ് 13, മനോജ് പട്ടേട്ട് ||
Comments