#ദിനസരികള്‍ 1216 അല്ല സുഹൃത്തേ , നിനക്കോ ?

 

അല്ല സുഹൃത്തേ , നിനക്കോ ?

             ചില കവിതകളുണ്ട്. എന്നേ വായിച്ച് ഉപേക്ഷിച്ചവയാണെങ്കിലും ഇടക്കിടയ്ക്ക് വന്ന് തൊട്ടുവിളിച്ചുണര്‍ത്തി അസ്വസ്ഥപ്പെടുത്തുന്നവ. ചില നേരങ്ങളില്‍ അവ എവിടെ നിന്നോ വരുന്നു. ചാരുകസേരയില്‍ മയങ്ങിയിരുന്നുകൊണ്ട് നാം കാണുന്ന കിനാവിന്റെ രസമുകളുങ്ങളെ കുത്തിപ്പൊട്ടിക്കുന്നു. എന്നിട്ട് പകരം തന്റെ കൂര്‍ത്ത മുനകളെ പകരം വെയ്ക്കുന്നു. സങ്കല്പ വിമാനങ്ങളില്‍ നിന്ന് താഴേക്ക് വീഴുന്ന നാം ആ മൂര്‍ച്ചകളില്‍ തുളഞ്ഞ് കാരമുള്ളില്‍ കോര്‍ത്തുകിടക്കുന്ന എലിക്കുഞ്ഞിനെപ്പോലെ പിടഞ്ഞുരുകുന്നു.

                        വെളിച്ചം തൂകിടുന്നോളം

                        പൂജാര്‍ഹം താനൊരാശയം

                        അതിരുണ്ടഴല്‍  ചാറുമ്പോള്‍

                        പൊട്ടിയാട്ടുകതാന്‍ വരം - എന്ന് ഇടശ്ശേരി പുരയ്ക്കുമുകളില്‍  ചാഞ്ഞ ഏതൊരു പൊന്‍മരത്തേയും മുറിച്ചു തള്ളുന്നു. എത്രകാലം കഴിഞ്ഞാലും ഈ ചിന്തയ്ക്ക് പ്രസക്തിയുണ്ടെന്ന് നമ്മുടെ രാഷ്ട്രീയ വര്‍ത്തമാനകാലവും അടിവരയിടുന്നു.

            ജീവിതം കേവലമൊരു സ്വപ്നത്തിനപ്പുറം മറ്റൊന്നുമല്ലെന്ന് പി. എന്നാല്‍ ആ സ്വപ്നത്തില്‍ ഞാനും നീയുമൊക്കെ ഏറ്റക്കുറച്ചിലുകളില്ലാതെ അരങ്ങേറേണ്ടതെന്ന ചൊല്ല് അദ്ദേഹത്തിന് വഴികാട്ടിയാകുന്നു. അതുകൊണ്ട് ആരും അപ്രസക്തരാകുന്നില്ലെന്ന് കവി.അതില്‍ നിന്ന് വ്യത്യസ്തമായാലോ ?

                        കഞ്ഞിവെള്ളം നുണയ്ക്കാതെ

                        പൈതങ്ങള്‍ പിടയുമ്പോഴും

                        പെരുത്ത വേതനം തിന്നു

                        വീര്‍ക്കുമീ ഞാന്‍ മരിക്കണം

                        അവിദ്യവിദ്യയാലാത്മ

                        സംസ്കാരം വിറ്റു തിന്നവന്‍

                        പെറ്റമ്മ തന്‍ ശത്രുവായി

                        വളരും ഞാന്‍ മരിക്കണം

                        പീടികത്തിണ്ണ വീടാക്കി

                        സഹോദരി മയങ്ങവേ

                        കൈക്കോഴയാല്‍ ബങ്കളാവു

                        തീര്‍ക്കുമീ ഞാന്‍ മരിക്കണം - എന്നല്ലാതെ മറ്റെന്താണ് ആ മഹാമനുഷ്യ സ്നേഹിക്ക് വിധിയെഴുതാനാകുക ?

                        ഒട്ടും പേടിക്കേണ്ടെന്‍ മകനേ

                        മണ്ണറ പൂകിയ ഞാഞ്ഞൂളുകള്‍ തന്‍

                        പുറ്റുകളാണിവയല്ലോ നമ്മുടെ

                        പുതിയ യുഗത്തിലെ നാഗത്താന്മാര്‍ - എന്നെഴുതുന്ന വൈലോപ്പിള്ളി എന്നെയാണോ നിങ്ങളെയാണോ അതോ നമ്മളെ ഒന്നിച്ചാണോ തൂക്കിനോക്കുന്നത് എന്നേ തീര്‍ച്ചപ്പെടുത്താനുള്ളു.

                        നിങ്ങള്‍ എലികളോ മാനുഷരോ എന്നൊരു ചോദ്യം എങ്ങനെയാണ് കേള്‍ക്കാതെ പോകുക?

                        എങ്ങുമനുഷ്യനു ചങ്ങല കൈകളി

                        ലങ്ങെന്‍ കൈയ്യുകള്‍ നൊന്തീടുകയാ

                        ണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം

                        വീഴുവതെന്റെ പുറത്താകുന്നു

                        എങ്ങെഴുന്നേല്പിന്‍ പിടയും മാനുഷ

                        നവിടെജ്ജീവിച്ചീടുന്നു ഞാന്‍ -  എന്നു ചിന്തിക്കാന്‍ എത്ര പഠിച്ചാലാണ് എനിക്കു ഇനിയും പഠിയുക?  അല്ല സുഹൃത്തേ , നിനക്കോ ?

 

 


മനോജ് പട്ടേട്ട് || 16 ആഗസ്ത് 2020, 07.30 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1