#ദിനസരികള് 1211
പ്രാഞ്ചിയേട്ടനില്‍ ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു മത്സരം നടക്കുന്ന രംഗമുണ്ട്. പ്രസ്തുത മത്സരത്തിനുവേണ്ടി പ്രാഞ്ചിയേട്ടന്‍ കടുത്ത തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്. പ്രമുഖ സാംസ്കാരിക നായകനെക്കൊണ്ട് തയ്യാറാക്കിച്ച മനോഹരവും പ്രൌഢവുമായ പ്രസംഗമാണ് ഏറ്റവും പ്രധാനപ്പെട്ട കൈമുതല്‍. അതങ്ങ് തെറ്റാതെ എടുത്തു വീശിയാല്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പാണെന്നാണ് കേട്ടവരെല്ലാംതന്നെ പറയുന്നത്. വായിക്കാനറിയില്ലെങ്കിലും വായിച്ചു കേട്ട് വായിച്ചുകേട്ട് അദ്ദേഹത്തിന് അത് കാണാപ്പാഠമായിരിക്കുന്നു. ടെന്‍ഷനൊക്കെയുണ്ടെങ്കിലും ജയിക്കാമെന്ന ആത്മവിശ്വാസത്തിലേക്ക് അവസാനം പ്രാഞ്ചിയേട്ടന്‍ എത്തുന്നു. തെറ്റു കൂടാതെ ഈ പ്രസംഗം മുഴുവനായിത്തന്നെ കാണാതെ പറഞ്ഞതിനാല്‍ ചീങ്കണ്ണിയെന്ന അഭിനന്ദനം കൂടി ലഭിക്കുന്നുമുണ്ട്.
മത്സര ദിവസം സമാഗതമായി. അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാനുള്ള ആദ്യ അവസരം ലഭിച്ചത് പ്രാഞ്ചിയേട്ടന്റെ എതിരാളിയും ഡോക്ടറുമായ ജോസിനാണ്. അദ്ദേഹം അത് ഭംഗിയായും സമര്‍ത്ഥമായും നിര്‍വ്വഹിക്കുന്നു. അടുത്ത ഊഴം പ്രാഞ്ചിയേട്ടന്റെയാണ്. അദ്ദേഹം വേദിയിലേക്ക് കയറുമ്പോള്‍ ഇറങ്ങി വരുന്ന ഡോ.ജോസ് , പ്രാഞ്ചിയേട്ടന്റെ കൈ പിടിച്ചു കൊണ്ട് ഡാ പ്രാഞ്ച്യേയ് നീയ്യാ ചേട്ടത്ത്യാരുടെ യേത് മെലയ്ക്കാ പിടിച്ചത്, ഇടത്തോ വലത്തോ ? എന്നു ചോദിക്കുന്നു. അതോടെ പ്രാഞ്ചിയുടെ എല്ലാ ലെവലുകളും തെറ്റുന്നു. അയാള്‍ ആകെ അസ്വസ്ഥനാകുന്നു. പഠിച്ചതെല്ലാം മറന്നു പോകുന്നു. പ്രസംഗ വേദിയില്‍ തപ്പിത്തടയുന്നു. ആകെ വിയര്‍ത്തു കുളിച്ചു് ആളുകളുടെ മുന്നില്‍ അപഹാസ്യനാകുന്നു. ജോസാകട്ടെ സദസ്സില്‍ മാന്യനായി ആളുകളോടൊപ്പം ചേര്‍ന്ന് പ്രാഞ്ചിയുടെ വെപ്രാളം കണ്ടു രസിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ജോസിനും പ്രാഞ്ചിക്കുമല്ലാതെ സദസ്സിലുള്ളവര്‍ക്കാര്‍ക്കും തന്നെ മനസ്സിലാകുന്നില്ല. പ്രാഞ്ചിയുടെ കഴിവുകേടായി മാത്രമേ കൂടെയുള്ളവര്‍ പോലും കരുതുന്നുള്ളു.
ഈ ജോസിനെപ്പോലെയാണ് - അല്ലെങ്കില്‍ അതിലുമെത്രയോ അപകടകാരികളാണ് - നമ്മുടെ മാധ്യമ പ്രവര്‍ത്തകരുമെന്നു പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയല്ല. പത്രസ്വാതന്ത്ര്യത്തിന്റെ മറവില്‍ എന്തും വിളിച്ചു പറയുന്ന ഒരു തരം തെമ്മാടിക്കൂട്ടമായി ഇവര്‍ അധപ്പതിച്ചിരിക്കുന്നു. തെറ്റു പറ്റിയാല്‍ ഒരു തിരുത്തുപോലും കൊടുക്കാനുള്ള വിശാലബുദ്ധി ഇക്കൂട്ടര്‍ കാണിക്കാറില്ല. കേവലം രാഷ്ട്രീയമായ നിലപാടുകളെ മുന്‍നിറുത്തിയല്ല ഞാനിതു പറയുന്നത്. അത്തരം കാര്യങ്ങളില്‍ മാധ്യമമുതലാളിമാരുടെ താല്പര്യങ്ങളെ സംരക്ഷിക്കാനുള്ള വ്യഗ്രത ശമ്പളം മേടിക്കുന്നവരില്‍ നിന്നുമുണ്ടാകുമെന്ന കാര്യം നമുക്കറിയാവുന്നതാണ്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നടന്ന വിമാന അപകടത്തിന്റെ വീഡിയോ എന്ന രീതിയില്‍ പാകിസ്താനിലുണ്ടായ ഒരു വിമാനാപകടത്തിന്റെ ഗ്രാഫിക്സ് പതിപ്പ് പ്രചരിപ്പിച്ചതും നാം കണ്ടതാണല്ലോ. ഒരപകടത്തിന്റെ ദൃശ്യം എക്സ്ക്ലൂസീവായി അവതരിപ്പിക്കുന്നുവെന്ന നാട്യത്തോടെ പ്രേക്ഷക സമക്ഷം അവതരിപ്പിക്കുന്നതിനു മുമ്പ് അതിന്റെ വസ്തുതയൊന്ന് പരിശോധിക്കുവാന്‍ ആ സ്ഥാപനത്തിലെ ഒരധികാരിക്കും തോന്നിയില്ല എന്നത് എത്ര അത്ഭുതകരമാണെന്ന് ചിന്തിക്കുക.ജിവിച്ചിരിക്കുന്ന ഒരു ബാലിക മരിച്ചുവെന്ന് റിപ്പോര്‍ട്ടു കൊടുത്തതും തിരുത്തണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടുപോലും വേണ്ട രീതിയില്‍ തിരുത്താന്‍ തയ്യാറാകത്തതും ഇക്കഴിഞ്ഞ ദിവങ്ങളിലെ ഉദാഹരണങ്ങളാണ്. അങ്ങനെ ഒന്നന്വേഷിച്ചാല്‍ യാതൊരു ഉത്തരവാദിത്തബോധവുമില്ലാത്ത, വസ്തുതാ വിരുദ്ധമായ എത്രയെത്രെ വാര്‍ത്തകളാണ് ഓരോ ദിവസം ഇക്കൂട്ടര്‍ പടച്ചു വിടുന്നതെന്ന് നാം അന്തിച്ചു പോകും.
ജോസുകൂട്ടത്തിന് ഇടക്കിടയ്ക്ക് ഇത്തരത്തിലെന്തെങ്കിലും സമ്മാനങ്ങള്‍ കിട്ടുന്നതില്‍ സന്തോഷമേയുള്ളു.
മനോജ് പട്ടേട്ട് || 10 August 2020, 12.30 PM ||
Comments