#ദിനസരികള്‍ 1213 ശൂദ്രര്‍ ആരായിരുന്നു ? - 7
( ഡോക്ടര്‍ അംബേദ്കറിന്റെ Who
were Shudras
? എന്ന
കൃതിയിലൂടെ )
സമൂഹത്തില്‍ വര്‍ഗങ്ങള്‍ രൂപപ്പെട്ടു
വന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ ഒരു ദൈവശാസ്ത്രവും നാളിതുവരെ
ഒരുമ്പെട്ടിട്ടില്ല. പുരുഷ സൂക്തത്തിന് സമാനമായ വിധത്തില്‍ സൃഷ്ടിയെക്കുറിച്ച്
പറയുന്ന പഴയ നിയമത്തിലെ ഉത്‍പത്തി പുസ്തകം ഒന്നാം അധ്യായത്തില്‍ മനുഷ്യന്‍ എങ്ങനെ
സൃഷ്ടിക്കപ്പെട്ടുവെന്നതിന് അപ്പുറത്ത് മറ്റൊന്നും പറയുന്നില്ല. പഴയ
ജൂതസമൂഹത്തിലെ സമൂഹത്തില്‍ വര്‍ഗ്ഗങ്ങളില്ലായിരുന്നുവെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടത്. അത്
എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു. ഇന്തോ ആര്യന്മാരും അതില്‍ നിന്നും
വ്യത്യസ്തരായിരുന്നില്ല.
എന്നാലും ഒരു ദൈവശാസ്ത്രവും വര്‍ഗ്ഗങ്ങളുടെ
ഉരുത്തിരിയലിനെക്കുറിച്ച് ആലോചിച്ചില്ല.അവിടെയാണ് എന്തുകൊണ്ട് പുരുഷസൂക്തം ഏറെ
താല്പര്യമെടുത്തുകൊണ്ട് വര്‍ഗങ്ങളുടെ ഉല്പത്തിയെക്കുറിച്ച് വിശദീകരിക്കുവാന്‍ ബദ്ധപ്പെടുന്നതെന്ന
ചോദ്യം പ്രസക്തമാകുന്നത്.
ഋഗ്വേദത്തില്‍ സൃഷ്ടിയെക്കുറിച്ച് പ്രതിപാദിക്കുന്നത്
പുരുഷസൂക്തത്തില്‍ മാത്രമല്ല. ഇതേ കാര്യങ്ങള്‍ മറ്റിടങ്ങളിലും ഋഗ്വേദത്തില്‍ വിശദമാക്കപ്പെടുന്നുണ്ട്.
താഴെ പറയുന്ന ഭാഗത്തെ ഉദാഹരിക്കാം. ഋഗ്വേദം 1.96.2 “ ആയുവിന്റെ പിന്തുണയോടുകൂടി അഗ്നിയാണ്
മനുഷ്യപുത്രരെ സൃഷ്ടിച്ചത്. ലോകത്തിന്
പുഷ്ടി നല്കുന്നവനായി ദേവന്മാര്‍ അഗ്നിയെ നിലനിറുത്തി.” ഇന്തോ
ആര്യന്‍ സമൂഹത്തില്‍ വര്‍ഗ്ഗങ്ങളുണ്ടായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ലയെങ്കിലും
ഋഗ്വേദത്തിലെ ഈ ഭാഗത്ത് വര്‍ഗങ്ങളുടെ സൃഷ്ടിയെക്കുറിച്ച് പറയുന്നേയില്ല.
എന്നുമാത്രവുമല്ല മുകളില്‍ ഉദ്ധരിച്ച ഭാഗം സമൂഹത്തെ വേര്‍തിരിക്കുന്ന വര്‍ഗ്ഗങ്ങളെക്കുറിച്ച്
ഒന്നും പറയുന്നില്ലയെന്നും മാത്രമല്ല
മനുഷ്യരുടെ സൃഷ്ടിയെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നും വ്യക്തമാണ്.
എന്തുകൊണ്ടാണ് വര്‍ഗ്ഗങ്ങളുടെ സൃഷ്ടിയെക്കുറിച്ച്
ഊന്നിപ്പറയേണ്ടത് അനിവാര്യമാണെന്ന് പുരുഷ സൂക്തത്തില്‍ ചിന്തിച്ചത് ? മറ്റൊരു
വിധത്തിലും പുരുഷസൂക്തം ഋഗ്വേദത്തെ നിഷേധിക്കുന്നുണ്ട്. മതേതരമായ
സൈദ്ധാന്തികതയെയാണ് ഋഗ്വേദം മുന്നോട്ടു വെയ്ക്കുന്നതെന്ന് താഴെ പറയുന്ന സൂക്തങ്ങള്‍ വ്യക്തമാക്കും.
1. അഥര്‍വ്വനും പിതാവായ
മനുവും പങ്കെടുക്കുന്നതായ ഒരു ആഘോഷത്തില്‍ പ്രാര്‍ത്ഥനകളിലും സ്തുതികളിലും ഇന്ദ്രനൊപ്പം
നിലകൊണ്ടു.
2.യജ്ഞത്താല്‍ പിതാവായ
മനു നേടിയ മംഗളങ്ങളുടെ എല്ലാ നന്മയും ഞങ്ങളിലേക്കും എത്തുവാന്‍ രുദ്രന്‍ സഹായിക്കേണമേ.
3. മരുത്തിന്റെ ഏറ്റവും ഗുണവത്തായ
മരുന്നുകളും അവയുടെ സകല നന്മകളും ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു.
4.ദേവന്മാരുടെ ഇച്ഛകൊണ്ട്
പൌരാണികനായ സുഹൃത്ത് ശക്തനാക്കപ്പെട്ടിരിക്കുന്നു.അവരിലേക്ക് കടക്കാനുള്ള വഴികളായി
പിതാവായ മനുതന്നെ സ്തുതികളെഴുതിയിരിക്കുന്നു.
5. അഗ്നി ദേവന്മാരോടൊപ്പവും
മാനുഷ്യ സന്താനങ്ങളോടൊപ്പവും വൈദിക സ്തുതികളോടൊപ്പം യാഗം ചെയ്തു.
6. ദേവന്മാര്‍ സഞ്ചരിച്ചിരുന്ന
വീഥികളിലൂടെ വജസ്സും ഋഭുക്ഷണനും വന്ന വഴികളുടെ യജ്ഞത്തെ അനുഭവിച്ച് ഞങ്ങളെ
അനുഗ്രഹിക്കണം. മാനുഷരായ ഈ ജനതതിയുടെയിടയില്‍ ശുഭദിനങ്ങളില്‍ യജ്ഞത്തെ നിയമമാക്കണേ.
7.ജ്വലിപ്പിക്കുന്ന
അഗ്നിയെ മാനുഷ്യര്‍ തങ്ങളുടെ യജ്ഞത്തില്‍ സ്തുതിക്കുന്നു.
ഈ പാഠങ്ങളില്‍ നിന്ന് ഋക്കുകളെഴുതിയ ഋഷിമാര്‍ മനുവിനെ
ഇന്തോ ആര്യന്‍ സമുഹത്തിന്റെ പ്രപിതാമഹനായി പരിഗണിക്കുന്നുവെന്ന് വ്യക്തമാണല്ലോ.
മനുവിനെക്കുറിച്ചുള്ള ഈ ചിന്ത, മനുവാണ് പൂര്‍വ്വപിതാമഹന്‍ എന്ന തരത്തിലുള്ള ചിന്ത,
ആഴത്തില്‍ വേരുപിടിച്ചതായതുകൊണ്ടാണ് ബ്രാഹ്മണങ്ങളും പുരാണങ്ങളും അതാവര്‍ത്തിച്ചത്.ഐതരേയ
ബ്രാഹ്മണത്തിലും വിഷ്ണുപുരാണത്തിലും മത്സ്യപുരാണത്തിലും ഇക്കാര്യം
വിശദമാക്കുന്നുണ്ട്.ഇവയെല്ലാം കൂടി ബ്രഹ്മാവിനെ മനുവിന്റെ പിതാവാക്കിയെന്നത് ശരിതന്നെയാണ്.
എന്നാല്‍ മനുവിനെ സംബന്ധിച്ച് ഋക്കില്‍ പറയുന്ന കാര്യങ്ങള്‍
സ്വീകാര്യമായിരുന്നിട്ടും എന്തുകൊണ്ടാണ് പുരുഷസൂക്തം മനുവിനെക്കുറിച്ച് ഒന്നും
പറയാതിരുന്നത് ?
സൂക്തത്തിലെ അഞ്ചാം സൂത്രം വിരാജോ അധിപുരുഷ എന്നു പറഞ്ഞുകൊണ്ട് അതിനു തെളിവു
നല്കുന്നുമുണ്ട്. പുരുഷ സൂക്തത്തിന്റെ കര്‍ത്താവിന് സ്വയംഭു മനുവിന് വിരാടെന്നും
വിരാട്ടിനെ ആദിപുരുഷനെന്നും വിളിക്കുന്നുവെന്ന് അറിയാമായിരുന്നിട്ടും
മനുവിനെക്കുറിച്ച് സൂക്തത്തില്‍ പ്രതിപാദിക്കാത്തത് അത്ഭുതകരം തന്നെയാണ്.
(തുടരും)
മനോജ് പട്ടേട്ട് || 13 ആഗസ്ത് 2020, 07.30 AM ||
Comments