#ദിനസരികള്‍ 1214 ലുംബിനിയിലേക്ക് ഒരു യാത്ര.

 


 

            ബുദ്ധന് പിറന്ന മണ്ണില്  എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത് കെ എല്മോഹനവര്മ്മയാണ്. ഒരു പക്ഷേ ഇന്നത്തെ യു പി മുഖ്യമന്ത്രിയായ യോഗി  ആദിത്യനാഥിനെക്കുറിച്ച് ആദ്യമായി മലയാളത്തില്പരാമര്ശിക്കുന്ന ഗ്രന്ഥവും ഇതുതന്നെയായിരിക്കണം. ഗോരഖ്പൂരില് നിന്നും തുടര്ച്ചയായി നാലു തവണ പാര്‍‌ലമെന്റിലേക്ക് എത്തിയത് ഗോരഖ് നാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്മാനായ മഹന്ത് അവൈദ്യനാഥാണ്. പ്രായം അദ്ദേഹത്തെ വിരമിക്കാന്നിര്ബന്ധിക്കുന്നു.  കടുത്ത ഹിന്ദുത്വവാദിയായ മഹന്ത് അവൈദ്യനാഥ് തന്റെ പിന്ഗാമിയായി കണ്ടെത്തിയത് ശിഷ്യനായ ആദിത്യനാഥിനെയാണ്. തന്നെക്കാള്തീവ്രമായി ഹിന്ദുത്വയ്ക്ക് വേണ്ടി പ്രയത്നിക്കുന്നയാള് എന്നതായിരിക്കണം ഇത്തരമൊരു തിരഞ്ഞെടുപ്പിലേക്ക് അദ്ദേഹത്തെ നയിച്ചത്. സന്യാസിയുടെ പരിവേഷത്തോടെ അധികാരത്തിലെത്തിയ കാവിധാരി ഹിന്ദുത്വയുടെ ചരിത്രത്തില് തിളങ്ങുന്ന ഇടം നേടി അവൈദ്യനാഥന്റെ കണ്ടെത്തല്അസ്ഥാനത്തായില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.  അവൈദ്യനാഥന്റെ മരണശേഷം മഹന്ത് സ്ഥാനം കൂടി ആദിത്യനാഥാണ് നിര്വ്വഹിക്കുന്നത്.

 

          ലുംബിനിയിലേക്കുള്ള യാത്രയിലേക്ക് മടങ്ങുക. മായാദേവി സിദ്ധാര്‍ത്ഥനെ പ്രസവിച്ച ഇടം എന്ന നിലയിലാണ് ലുംബിനി പ്രസിദ്ധമാകുന്നത്.ബുദ്ധന്‍ ജനിച്ചതും ബോധോദയമുണ്ടായതും ആദ്യമായി ഉപദേശം നടത്തിയതും നിര്‍വ്വാണം പ്രാപിച്ചതുമായ ഇടങ്ങള്‍ എക്കാലത്തും ബുദ്ധമതാനുയായികള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. തങ്ങളുടെ ജീവിതകാലത്തിനിടയ്ക്ക് ഒരു തവണയെങ്കിലും അവിടമൊന്ന് സന്ദര്‍ശിച്ചില്ലെങ്കില്‍ ജന്മംപൂര്‍ണമാകില്ലെന്നാണ് അവര്‍  ചിന്തിക്കുക. വിശ്വാസപരവും ചരിത്രപരവുമായി പ്രാധാന്യമുള്ള ഈ സ്ഥലങ്ങളിലേക്കാണ് ഒരു സാധാരണ സഞ്ചാരി എന്ന നിലയില്‍ കെ എല്‍ മോഹനവര്‍മ്മ നമ്മെ ആനയിക്കുന്നത്.

 

          യാത്രക്കിടയില്‍ കണ്ടെത്തുന്നവരെക്കൂടി രസകരമായി അവതരിപ്പിച്ചുകൊണ്ടാണ് ഈ ചെറു പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. ഒരു നോവലിസ്റ്റ് എന്ന നിലയിലുള്ള ആഖ്യാനപാടവം ഇവിടെ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേവലം യാന്ത്രികമായ ഒരു വിവരണം മാത്രമായി ഈ പുസ്തകം മാറുന്നില്ലെന്നത് വായനയെ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടാണ് ഒന്നാം അധ്യായത്തില്‍ നാം കാണുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവു മുതല്‍ അവസാന അധ്യായത്തില്‍ പരിചയപ്പെടുന്ന കപിലവസ്തുവിലെ പൂജാരി വരെയുള്ളവര്‍ വായനാശേഷവും നമ്മുടെ മനസ്സില്‍ തെളിഞ്ഞു നില്ക്കുന്നത്.    കപിലവസ്തുവിലാണ് ബുദ്ധന്‍ ജനിച്ചതെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പൂജാരി ഒരു രസികന്‍ കഥാപാത്രമാണ്.ലുംബിനിയാണ് ബുദ്ധന്റെ ജന്മസ്ഥലം എന്ന വാദം കേവലം നിരര്‍ത്ഥകമാണെന്ന് അദ്ദേഹം അടിവരയിടുന്നു.ലുംബിനിയില്‍ ഉള്ളവര്‍ക്ക് സര്‍ക്കാറില്‍‌ പിടിപാടുണ്ടായിരുന്നതു കൊണ്ടും ആദ്യം കണ്ടു പിടിച്ചത് ലുംബിനിയായതുകൊണ്ടും അവിടെയാണ് ബുദ്ധന്‍ ജനിച്ചതെന്ന് പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.കുഞ്ഞു സിദ്ധാര്‍ത്ഥന്റെ കാല്പാടുകളെയടക്കം അദ്ദേഹം തെളിവായി നിരത്തുന്നുമുണ്ട്.

 

          പുസ്തകത്തില്‍ സാളഗ്രാമത്തെക്കുറിച്ച് പറയുന്നത് വായിച്ചപ്പോള്‍ എന്റെ കൈവശവും ഗന്ധകി നദിയില്‍ വിളഞ്ഞ അത്തരത്തിലൊന്ന് ഉണ്ടല്ലോയെന്നോര്‍ത്തു. തുല്യവലുപ്പമുള്ള സാധാരണ കല്ലുകളെ അപേക്ഷിച്ച് ഒരല്പം തൂക്കവും മിനുസവും ഇത്തരം കല്ലുകള്‍ക്കുണ്ടായിരിക്കും.വിശ്വാസപരമായി വിഷ്ണുവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇക്കല്ലുകള്‍. അവ നെടുകെ പിളര്‍ന്നാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ചില ചിഹ്നങ്ങളെ കാണാനാകുമെന്നാണ് വിശ്വാസം.അതെന്തുതന്നെയായാലും ചെറുജാതി ജീവികളുടെ ഫോസിലുകള്‍ പേറുന്ന (Ammonite Fossil) കല്ലുകളാണ് ഇവ. ഇത്തരം ജീവികളുടെ അവശിഷ്ടങ്ങളാണ് കല്ലുകള്‍ പിളര്‍ക്കുമ്പോള്‍ കാണുന്നതെന്ന് സാരം. എന്നാല്‍ ഇവ വീടുകളില്‍ വെച്ച് ഐശ്വര്യത്തിനുവേണ്ടി പൂജിക്കുന്നവരാണ് ഹിന്ദുവിശ്വാസികളെന്നതാണ് വസ്തുത.

 

          എന്തായാലും ലോകമതങ്ങളിലൊന്നായ ബുദ്ധമതത്തിന്റെ ഉദയവും അസ്തമയവും അതിലളിതമായി വിവരിക്കുന്ന ഈ പുസ്തകം , ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് ഒരു യാത്ര പോകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നുണ്ട്.

 

ബുദ്ധന്‍ പിറന്ന മണ്ണില്‍ : കെ എല്‍ മോഹനവര്‍മ്മ

പൂര്‍ണ പബ്ലിക്കേഷന്‍സ് : ഡിസംബര്‍ 2014 ,  വില 65 രൂപ

 

മനോജ് പട്ടേട്ട് || 14 ആഗസ്ത് 2020, 07.30 AM ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1