#ദിനസരികള് 1212 പൊയ്കയില്‍ അപ്പച്ചനെക്കുറിച്ച്

 

#ദിനസരികള് 1212

 

          പൊയ്കയില്‍ അപ്പച്ചനെക്കുറിച്ച് നവോത്ഥാന നായകന്‍‌ എന്ന അര്‍ത്ഥത്തില്‍ നാം കുറച്ചൊക്കെ ഗൌരവമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരു പക്ഷേ ശ്രീനാരായണ പ്രഭയില്‍ മങ്ങിപ്പോയ അയ്യാ വൈകുണ്ഠരെപ്പോലെ വേണ്ടത്ര കേള്‍വിപ്പെടാതെ പൊയ്കയില്‍ അപ്പച്ചനും പാര്‍ശ്വങ്ങളിലേക്ക് തള്ളിമാറ്റപ്പെടുമായിരുന്നു. എന്നാല്‍  പി ഗോവിന്ദപ്പിള്ളയെപ്പോലെയുള്ളവരുടെ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്ക് വര്‍ത്തമാനകാലത്തും പ്രസക്തി നല്കി. അതിനെത്തുടര്‍ന്ന് ചില ജീവചരിത്രങ്ങള്‍ എഴുതപ്പെടുകയും നവോത്ഥാന മുന്നേറ്റത്തിന് അപ്പച്ചന്റെ സംഭാവനകള്‍ വിലയിരുത്തപ്പെടുകയും ചെയ്തുവെങ്കിലും കീഴാള സാഹിത്യത്തിന് അദ്ദേഹം നല്കിയ സംഭാവനകളെക്കുറിച്ച് അത്രമാത്രം ആഴത്തില്‍ നാം വിശകലനം ചെയ്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

 

          ക്രിസ്തുവില്‍ വിശ്വാസികളെന്ന് അറിയപ്പെടുന്നവരുടെ ഇരട്ടത്താപ്പില്‍ മനം നൊന്ത് ബൈബിള്‍ തീയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കീഴാള ജീവിതങ്ങളെ പുതിയൊരു ഭാവുകത്വത്തിലേക്ക് ആനയിക്കുകയായിരുന്നു അപ്പച്ചന്‍ ചെയ്തത്. അതിന് അദ്ദേഹം അതിലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട പാട്ടുകളെ  ആശ്രയിച്ചു. ആ പാട്ടുകളിലാകട്ടെ മതപൌരോഹിത്യത്തിനെതിരേയും സാമൂഹ്യവ്യവസ്ഥക്കെതിരെയുള്ള വിമര്‍ശനത്തിന്റെ മുനകള്‍ കൂര്‍ത്തു നിന്നു. മതം മാറിയിട്ടും പുലയകൃസ്ത്യാനിയെന്നും പറയകൃസ്ത്യാനിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിന്റെ അസംബന്ധങ്ങളെ അദ്ദേഹം തുറന്നെതിര്‍ത്തു

 

          അയ്യോ പറയാമോ പുലക്കള്ളിയെന്ന്

          ക്രിസ്തുവിന്‍ രക്തത്തില്‍ പുല നീക്കിയില്ലേ

          പുല നീക്കിയില്ലേ

          അയ്യേ വിളിക്കാമോ പുലക്രിസ്ത്യാനിയെന്ന്

          അയ്യേ വിളിക്കാമോ പറക്രിസ്ത്യാനിയെന്ന് എന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ മതമേലധികാരികളെ രോഷം കൊള്ളിക്കുന്നതിനോടൊപ്പം തന്നെ കീഴാള ജീവിതങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്തു. മതം മാറിയാലും ജാതി പോകാത്തതിന്റെ , അവര്‍ണനെപ്പോഴും അവര്‍ണനായിത്തന്നെ തുടരേണ്ടി വരുന്നതിന്റെ നെറികേടുകളെ അംഗീകരിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല

 

          ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതുമൂലമെന്റെ

          തീരാക്കുറവങ്ങു തീര്‍ന്നുപോയ് കേട്ടോ

          പിന്നെക്കുറവനെന്നെന്നെ വിളിച്ചാല്‍

          ആ പള്ളീലെങ്ങും ഞാന്‍ വരുന്നില്ല കേട്ടോ എന്ന പ്രഖ്യാപനം താല്കാലികമായ ഒരു പ്രതിഷേധത്തിന്റെ ഫലമായി ഉരുവംകൊണ്ടുപോന്നതല്ല മറിച്ച് കീഴാള ജീവിതത്തിന്റെ നട്ടെല്ലിലേക്ക് ഇണക്കിച്ചേര്‍ത്തുകൊണ്ട്  എക്കാലത്തും നിലനിറുത്തിക്കൊണ്ടുപോകേണ്ട പ്രതിരോധത്തിന്റെ വിത്തുപാകല്‍ കൂടിയാണ് അദ്ദേഹം നടത്തുന്നത്.

 

സങ്കീര്‍ണത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭാഷയില്‍ കാര്യങ്ങള്‍ നേരെനേരെ വെട്ടിത്തുറന്നു പറയുന്ന രീതിയും പൊയ്കയില്‍ അപ്പച്ചന്റെ പ്രധാന സവിശേഷതയാണ്. താന്‍ ആരോടാണ് സംവദിക്കുന്നതെന്ന ബോധം അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലുമുണ്ട്. അതൊരിക്കലും അലങ്കാരത്തിന്റെ ആടയാഭരണങ്ങള്‍ പേറുന്നില്ല. കവിത ബഹുഭൂരിപക്ഷം വരുന്ന വിഭാഗത്തിന് നേരം പോക്കിനുള്ള ഉപാധിയായിരുന്നുവെങ്കില്‍ അപ്പച്ചനാകട്ടെ , അത് അതിജീവനത്തിന്റെ പ്രഘോഷണങ്ങളായിരുന്നു. പാട്ടിന് മനസ്സിലേക്ക് എളുപ്പം കയറാനുള്ള ശേഷിയുണ്ടെന്ന തിരിച്ചറിവിലാണ് അദ്ദേഹം ഓരോ വരികളുമെഴുതിയിരുന്നത്. അത് കീഴാള സാഹിത്യത്തിന് എടുത്താലും എടുത്താലും തീരാത്ത ഒരു ഖനിയെത്തന്നെയാണ് സമ്മാനിച്ചത്. ആ ഖനിയിലിറങ്ങി മുത്തും പവിഴവും കണ്ടെടുക്കുക എന്ന ഉത്തരവാദിത്തം വര്‍ത്തമാനകാലത്തിന്റേതാണ്. അതിനു നമ്മിലെത്ര പേര്‍ തയ്യാര്‍ എന്നതാണ് ചോദ്യം.   

           

 

മനോജ് പട്ടേട്ട് || 12 August 2020, 12.30 PM ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1