#ദിനസരികള്‍ 1187 ജനപ്രിയ സാഹിത്യവും ഞാനും
വായനയുടെ
നിത്യനരകത്തിലേക്ക് കൂപ്പുകുത്തിവീഴാന്‍ കാരണക്കാരായവരില്‍ പ്രധാനികളാണ്
മാത്യുമറ്റവും സുധാകര്‍ മംഗളോദയവും കോട്ടയം പുഷ്പനാഥും ബാറ്റണ്‍ ബോസുമൊക്കെ. ഇവരില്‍ ആരോടാണ്
കൂടുതല്‍ താല്പര്യം എന്നു ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ മാത്യുമറ്റത്തെത്തന്നെ
ഒരല്പം സ്നേഹത്തോടെ ചൂണ്ടിക്കാണിക്കും. എഴുത്തുകളില്‍ അത്രയേറെ സ്നേഹവും ഊഷ്മളതയും
ഹൃദ്യതയും അദ്ദേഹം കാത്തുവെച്ചിരുന്നുവല്ലോ. അടുത്തയാഴ്ചയാകാന്‍ കാത്തിരുന്ന
നാളുകള്‍. വാരിക വന്നോ വന്നോ എന്ന അന്വേഷണം അതിനിടിയല്‍ പല തവണ! എനിക്കു
തോന്നുന്നത് ഭാര്യയെ പ്രസവമുറിയിലേക്ക് കയറ്റിവിട്ട് അതിനു മുന്നില്‍ ആകാംക്ഷാഭരിതനായി
ആദ്യ കുഞ്ഞിനുവേണ്ടി കാത്തു നിന്ന ആ നിമിഷമൊഴിച്ച് അത്തരമൊരു കാത്തിരിപ്പ്
പിന്നീടൊരിക്കലും ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ്. അത്ര
പ്രിയപ്പെട്ടതായിരുന്നു അക്കാലത്ത് മാത്യുമറ്റം എഴുതിയ അഞ്ചു സുന്ദരികളും ആലിപ്പഴവുമൊക്കെ.രണ്ടായിരത്തി
പതിനാറില്‍ അറുപത്തിയഞ്ചാം വയസ്സില്‍ ആ ജനപ്രിയ സാഹിത്യകാരന്‍ അന്തരിച്ചു.
രണ്ടാംസ്ഥാനം
തീര്‍ച്ചയായും സുധാകര്‍ മംഗളോദയത്തിനാണ്. ജീവിതത്തിലെ ഭാവതീവ്രമായ മുഹൂര്‍ത്തങ്ങളെ
തരളമായ ഭാഷാപ്രയോഗങ്ങളിലൂടെ അടയാളപ്പെടുത്താന്‍ മാത്യു മറ്റം വിദഗ്ദനാണ്.
അത്രത്തോളം വൈദഗ്ദ്യം സുധാകര്‍ മംഗളോദയത്തിനുണ്ട് എന്നു തോന്നുന്നില്ല. എന്നാലും
ആഴ്ചകളെ വേഗത്തില്‍ വേഗത്തില്‍ ചവിട്ടിയുരുട്ടിവിടുവാന്‍ ഇവര്‍ വല്ലാതെ
പ്രേരിപ്പിച്ചിരുന്നുവെന്നതാണ് വാസ്തവം. ഏതൊക്കെ തരത്തിലുള്ള ജീവിതങ്ങളെയാണ് അവര്‍ ആവിഷ്കരിച്ചതെന്ന്
ആലോചിക്കുമ്പോള്‍ ഇപ്പോഴും അമ്പരുന്നു പോകും. സമൂഹത്തിലെ ചില ജീവിതങ്ങളുടെ
നേര്‍പകര്‍പ്പായി തോന്നുമായിരുന്നു അവയില്‍ പലതും.അത്രമാത്രം ആഴത്തില്‍ അവരുടെ
രചനകള്‍ ജീവിതത്തോട് ഒട്ടിനിന്നുകൊണ്ട് അതിന്റെ സങ്കീര്‍ണതകളേയും
ദുരിതങ്ങളേയും വേദനകളേയും പ്രതീക്ഷകളേയും പങ്കുവെച്ചു. അവര്‍ എഴുതുന്നതിനുവേണ്ടി
കേരളം കാത്തു നിന്നു എന്നു പറഞ്ഞാല്‍പ്പോലും ഒട്ടും അതിശയോക്തിയാകില്ല.
ഇനിയുമുണ്ട് അനുസ്മരിക്കേണ്ടവരായിട്ടുള്ളവര്‍. വായന ഇത്രയും
രസകരമായ ഒന്നാണെന്ന ധാരണ എന്നിലുണ്ടാക്കുവാന്‍ സഹായിച്ചവര്‍ അവരായിരുന്നുവെന്ന്
നന്ദിയോടെ അനുസ്മരിക്കട്ടെ. ഒരു പക്ഷേ ആദ്യകാലങ്ങളില്‍ മറ്റു നോവലിസ്റ്റുകളെ / എഴുത്തുകാരെ
വായിക്കുമ്പോള്‍ ഒരു മാത്യമറ്റത്തേയോ സുധാകര്‍ മംഗളോദയത്തെയോ ഞാന്‍
പ്രതീക്ഷിച്ചിട്ടുണ്ടാകണം. അത്തരത്തിലുള്ള എഴുത്തുകാരെ തേടിയായിരിക്കണം എന്റെ വായന
മറ്റു പല മേഖലകളിലേക്കും ചെന്നുകയറിയത് എന്ന കാര്യം തുറന്നു പറയാന്‍ എനിക്കു മടിയൊന്നുമില്ല.
പിന്നീട് വിവരക്കേടിന്റെ ഏതോ മുഹൂര്‍ത്തങ്ങളില്‍ ആ എഴുത്തുകളെ പൈങ്കിളി എന്ന
പേരില്‍ അധിക്ഷേപിക്കുവാനും അതല്ല സാഹിത്യമെന്ന് ഘോഷിക്കുവാനും ചില കാളികൂളികളുടെ
കൂടെ ഞാനും കൂടിയിട്ടുണ്ട്. അങ്ങനെ അവരെ കൂവിയൊതുക്കാനുള്ള
ശ്രമമുണ്ടായിട്ടുണ്ടെങ്കിലും ഇവരില്ലായിരുന്നില്ലെങ്കില്‍
ഒരു പക്ഷേ ഉദാത്തമെന്ന് ഞാന്‍ അഭിമാനിച്ചു കൊണ്ടിരുന്ന സാഹിത്യ ലോകത്തിന്റെ വിശാലമായ
ചക്രവാളങ്ങളിലേക്ക് ഒന്നെത്തിനോക്കുവാന്‍ പോലും കഴിയാത്ത ഒരാളായി ഞാനും
അവശേഷിക്കുമായിരുന്നു.
വായന എന്ന നരകത്തില്‍ പൊരിയുന്നതിന്റെ സുഖം അനുഭവിക്കുവാന്‍
എനിക്ക് അസാധ്യമാകുമായിരുന്നു.
അതുകൊണ്ട് , ഈ നരകത്തീയിലേക്ക് എന്നെ ആനയിച്ച പ്രിയപ്പട്ടവരേ,
നിങ്ങള്‍ക്ക് സ്നേഹാദരങ്ങളോടെ
വിട !
യാത്ര !
മനോജ് പട്ടേട്ട് || 18 July 2020, 07.30 AM ||
Comments