#ദിനസരികള്‍ 1182 കഥ പറയുന്ന കാസ്ട്രോ – 6




          ഞങ്ങള്‍ ജീവിച്ചിരുന്നത് ഒരു പട്ടണത്തിലൊന്നുമായിരുന്നില്ല.കുറച്ചു കെട്ടിടങ്ങളുണ്ട്. അത്രമാത്രം.എന്റെ ചെറുപ്പത്തില്‍ വീടിന്റെ താഴെത്തന്നെയായിരുന്നു തൊഴുത്തും നിര്‍മ്മിച്ചിരുന്നത്. പിന്നീട് വീട്ടില്‍ നിന്നും ഏകദേശം നാല്പതടി ദൂരെ ഒരു തൊഴുത്തു പണിതു.കലപ്പയും മറ്റുപകരണങ്ങലും കിട്ടുന്ന ഒരു കട റോഡിന് മറുവശത്തുണ്ടായിരുന്നു. അത്തരം സാധനങ്ങളുടെ റിപ്പയര്‍ പണിയും അവിടെ ചെയ്തിരുന്നു.അതിനോട് ചേര്‍ന്ന് ഒരു അറവുശാലയും നിര്‍മ്മിക്കപ്പെട്ടു.നാല്പതുവാര അപ്പുറത്ത് , എതിര്‍ഭാഗത്തായി ഒരു ബേക്കറിയും അധികം അകലെയല്ലാതെ ഒരു പ്രൈമറി സ്കൂളുമുണ്ടായിരുന്നു.റോഡിനു സമാന്തരമായി ഒരു പലചരക്കുകടയും മറുഭാഗത്ത് ഒരു പോസ്റ്റ് ഓഫീസും ടെലഗ്രാഫ് ഓഫീസും സ്ഥിതിചെയ്തിരുന്നു. അധികം അകലെയല്ലാതെ വളരെ ദുരവസ്ഥയില്‍  ബാരക്കുപോലെ നിര്‍മ്മിക്കപ്പെട്ട കുറച്ചു കെട്ടിടങ്ങളുണ്ടായിരുന്നു.പനയോല കൊണ്ടാണ് അവ പൊതിഞ്ഞിരുന്നത്. നിലത്താകെ അഴുക്കായിരുന്നു.അത്തരം ഇടങ്ങളിലാണ് ഹെയ്ത്തിയില്‍ നിന്നും വന്ന കുടിയേറ്റക്കാര്‍ താമസിച്ചിരുന്നത്.കരിമ്പു നടാനും കൊയ്തെടുക്കാനുമുള്ള പണികളില്‍ അവര്‍ ഏര്‍‌പ്പെട്ടുപോന്നു.അതിനടുത്തായി വിശാലമായ ഓറഞ്ചുതോട്ടമായിരുന്നു. അവിടെ പണികള്‍ക്ക് അച്ഛന്‍ നേരിട്ടാണ് മേല്‍‌നോട്ടം വഹിച്ചിരുന്നത്.ശാഖകള്‍ വെട്ടിയൊരുക്കാന്‍ വലിയൊരു കത്രികയുമുണ്ടായിരുന്നു. തോട്ടം പത്തോ പന്ത്രോണ്ടോ ഹെക്ടര്‍ വലുപ്പത്തില്‍ വിശാലമായിക്കിടന്നു. അതില്‍ പപ്പായ, വാഴ,ആപ്പിള്‍ തുടങ്ങി എല്ലാത്തരം പഴവര്‍‌ഗ്ഗങ്ങളും കുറേശ്ശെയാണെങ്കിലും നട്ടുപിടിപ്പിച്ചിരുന്നു.കൂടാതെ അവിടെ മൂന്നു വലിയ കൂടുകളില്‍ തേനീച്ച വളര്‍ത്തുന്നുണ്ടായിരുന്നു.അവ ധാരാളം തേനുല്പാദിച്ചു. എനിക്ക് ഇപ്പോഴും ആ തോട്ടത്തിലൂടെ കണ്ണുമടച്ച് നടക്കുവാന്‍ കഴിയും. ഓരോ ഫലവൃക്ഷങ്ങളും ഏതേതുഭാഗത്താണെന്ന് എനിക്ക് കൃത്യമായും അറിയാം. എന്റെ അവധി ദിവസങ്ങള്‍ ഏറെയും ഞാന്‍ ചിലവാക്കിയത് ആ ഓറഞ്ചു തോട്ടത്തിലാണ്.ആ തോട്ടത്തില്‍ നിന്ന് ഞാന്‍ തിന്നത്ര ഓറഞ്ച് മറ്റാരും തന്നെ തിന്നിട്ടുണ്ടാകില്ലെന്ന് എനിക്കുറപ്പാണ്.

          വീട്ടില്‍ നിന്നും നൂറുവാര അപ്പുറത്ത് കോഴിപ്പോരു നടത്തുന്നതിനായി ഒരു കേന്ദ്രമുണ്ടായിരുന്നു.അത് റോഡിന് സമീപം തന്നെയായിരുന്നു.കൊയ്ത്തുകാലങ്ങളിലും ക്രിസ്തുമസ്സ് പുതുവര്‍ഷ ആഘോഷ വേളകളിലും ഈസ്റ്റര്‍ ദിനങ്ങളിലുമൊക്കെ അവിടെ കോഴിപ്പോരു നടക്കാറുണ്ടായിരുന്നു. നാട്ടിലാകമാനം അതൊരു സ്വാഭാവിക സംഭവമായിരുന്നു. കാരണം അവിടെ മറ്റൊരു വിനോദത്തിനും അവസരമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.ചൂത് ,ചീട്ട് മുതലായ കളികളുമുണ്ടായിരുന്നു. എന്റെ പിതാവ് പട്ടാളക്കാരനായിരുന്നപ്പോള്‍ ചീട്ടുകളിക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം നന്നായി കളിക്കുമായിരുന്നു.എനിക്കു മൂന്നു വയസ്സുള്ളപ്പോള്‍ പാട്ടുകേള്‍ക്കുന്ന പതിവുണ്ടായിരുന്നു. അതിനുവേണ്ടി എനിക്കൊരു ഗ്രാമഫോണുണ്ടായിരുന്നു.മറ്റാര്‍ക്കും തന്നെ ഒരു റേഡിയോ പോലുമില്ലാത്ത കാലമാണെന്നോര്‍ക്കണം.എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴായിരിക്കണം എന്റെ പിതാവ് ഒരു റേഡിയോ വാങ്ങിക്കുന്നത്.ചിലപ്പോള്‍ എനിക്ക് അതിലും പ്രായമുണ്ടായിരുന്നിരിക്കണം. പത്തോ പന്ത്രണ്ടോ വയസ്സുകാണുമെന്നുറപ്പാണ്.കാരണം അത് 1936 ലോ 37 ലോ ആണ്.ആ സമയത്ത് സ്പാനിഷ് ആഭ്യന്തരകലാപം ആരംഭിച്ചു കഴിഞ്ഞു കഴിഞ്ഞിരുന്നു.കൂടാതെ ഒരു ചെറിയ ജനറേറ്ററുമുണ്ടായിരുന്നു.അത് ധാരാളം ബാറ്ററികള്‍ ചാര്‍ജ്ജു ചെയ്തു. എല്ലാ ദിവസവും അതിനുവേണ്ടി കുറച്ചു മഴവെള്ളം മാറ്റി വെയ്ക്കേണ്ടതായിട്ടുണ്ടായിരുന്നു.

(Fidel Castro: My Life: A Spoken Autobiography എന്ന പുസ്തകത്തില്‍ നിന്ന് )

മനോജ് പട്ടേട്ട് || 13 July 2020, 09.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം