#ദിനസരികള്‍ 1181 ഛിദ്രശക്തികള്‍ ശ്രദ്ധിക്കേണ്ട മാതൃക.
ഈ
കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവജന സംഘടനയായ ഡി വൈ
എഫ് ഐ വയനാടുപോലെയുള്ള ഒരു ജില്ലയില്‍ നിന്നും സമാഹരിച്ചത് ഇരുപത്തിയൊന്നു
ലക്ഷത്തി അറുപത്തിയാറായിരത്തി എഴുന്നൂറ്റിയേഴു രൂപയാണ്.തുകയുടെ
വലുപ്പച്ചെറുപ്പത്തെക്കുറിച്ച് സൂചിപ്പിക്കുവാനല്ല ഞാന്‍ ഈ കുറിപ്പെഴുതുന്നത്
മറിച്ച് ഡി വൈ എഫ് ഐയുടെ യുവസഖാക്കള്‍ ആ തുക ശേഖരിച്ച രീതി ആരേയും അത്ഭുതപ്പെടുത്തുന്നതായതുകൊണ്ടാണ്.
കേരളം പ്രതിസന്ധിയിലായ ഘട്ടത്തില്‍ സഹായിക്കേണ്ടത്
തങ്ങളുടെ കടമയാണെന്ന കാര്യത്തില്‍ ഡി വൈ എഫ് ഐയ്ക്ക് സംശയമുണ്ടായിരുന്നില്ല.
എന്നാല്‍ എക്കാലത്തേയും പോലെയുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് അവര്‍ തിരിച്ചറിഞ്ഞു.
രണ്ടു തവണ പ്രളയം വന്ന് കേരളത്തെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴും നാം പിടിച്ചു
നിന്നത് പ്രത്യക്ഷത്തില്‍ പ്രളയം ബാധിക്കാത്ത ഇടങ്ങളില്‍ നിന്നുണ്ടായ
സഹായങ്ങളുടെ കുത്തൊഴുക്കുകൊണ്ടാണ്. എന്നാല്‍ കൊവിഡ് കാലത്ത് അത്തരമൊരു സഹായം
പ്രതീക്ഷിക്കുകയെന്നതുതന്നെ അസ്ഥാനത്തായതുകൊണ്ട് പണശേഖരണം വലിയൊരു
വെല്ലുവിളിയായിത്തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു.കൂപ്പണുകളും ബക്കറ്റുമൊക്കെ
ഉപയോഗിച്ചുകൊണ്ടുള്ള സാധാരണ കാലങ്ങളിലെ ധനശേഖരണം
അസാധ്യമാണെന്ന് വിലയിരുത്തപ്പെട്ടു. പക്ഷേ ഡി വൈ എഫ് ഐ സഖാക്കള്‍ അടങ്ങിയിരിക്കുവാന്‍
തയ്യാറായിരുന്നില്ല. അവര്‍ സമരമുഖങ്ങളില്‍ പ്രകടിപ്പിക്കുന്ന അതേ
തീക്ഷ്ണതയോടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കാന്‍ രംഗത്തിറങ്ങി. അതിന്റെ
ഫലമായി കുറഞ്ഞ ദിവസം കൊണ്ട് ഓരോ യൂണിറ്റുകമ്മിറ്റികളും മേഖലാ കമ്മറ്റികളും
ബ്ലോക്കുകമ്മറ്റികളും ഒത്തുചേര്‍ന്നപ്പോള്‍ ലക്ഷങ്ങള്‍ സമാഹരിക്കാനായി
എങ്ങനെയൊക്കെയാണ് ആ സമരസഖാക്കള്‍ ഈ തുക ശേഖരിച്ചത്? വീടുകളില്‍
നിന്നും പഴയ സാധനങ്ങള്‍ പെറുക്കി വിറ്റു. അക്കൂട്ടത്തില്‍ പത്രമാസികകള്‍ മാത്രമായിരുന്നില്ല.
ഉപയോഗശൂന്യമായ ഇലക്ട്രോണിക് സാമഗ്രികളും പ്ലാസ്റ്റിക് ഉപകരങ്ങളും ഇരുമ്പുപകരണങ്ങള്‍
തുടങ്ങി എല്ലാ വിധ ആക്രിസാധനങ്ങളും അവര്‍ വീടുവീടാന്തരം കയറിയിറങ്ങി
ശേഖരിച്ചു.ഗുജ്രികളിലേക്ക് എത്തിയാല്‍ ചില്ലറകളായി മാറുവാന്‍ സാധ്യതയുള്ള
എല്ലാത്തരം സാധനങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ എല്ലാമായി.ഡി
വൈ എഫ് ഐയുടെ യൂണിറ്റിലെ ഓരോ സഖാക്കളും ഈ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.
കൂട്ടത്തില്‍ വാഴക്കുലകള്‍ പോലെയുള്ള കാര്‍ഷിക വിളകളും ലഭിച്ചു. അതെല്ലാം ഡി വൈ
എഫ് ഐയുടെ ഉദ്ദേശ ശുദ്ധിയേയും വിശ്വാസ്യതയേയും കണക്കിലെടുത്ത് സംഭാവനയായി
നല്കുവാന്‍ മനസ്സു കാണിച്ച നാട്ടുകാര്‍ക്കും നന്ദി പറയുക. ഇങ്ങനെ
ആക്രിസാധനങ്ങളും കാര്‍ഷികോല്പന്നങ്ങളും ശേഖരിച്ചു വിറ്റ് പണം സ്വരൂപിക്കുകയെന്നതും
ഒരു പരിധിവരെ സ്വാഭാവികമാണ്. എന്നാല്‍ ഡി വൈ എഫ് ഐ സഖാക്കള്‍ അവിടേയും
നിന്നില്ല. നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് എത്തുവാന്‍ ഇതൊന്നും പോരാ എന്നു
മനസ്സിലാക്കിയ അവര്‍ പലതരത്തിലുള്ള തൊഴിലുകളെടുത്തു.ഫുട്പാത്തുകളില്‍ പച്ചക്കറികള്‍
വിറ്റു.കൈക്കോട്ടുപിടിച്ച് പാടത്തും പറമ്പിലും രാവിലെ മുതല്‍ കഠിനാധ്വാനം
ചെയ്തു.അങ്ങനെ ശരീരംകൊണ്ട് സാധ്യമാകുന്ന എല്ലാത്തരം മേഖലകളേയും അവര്‍
പണസമ്പാദനത്തിനു വേണ്ടി ആശ്രയിക്കുകയും പ്രതിഫലമായി കിട്ടുന്ന തുക യാതൊരു മടിയും
കൂടാതെ ഡി വൈ എഫ് ഐയുടെ പ്രയത്നത്തിലേക്ക് മുതല്‍ക്കൂട്ടുകയും ചെയ്തു.അങ്ങനെ
ഉറുമ്പ് മണികള്‍ ശേഖരിക്കുന്നതുപോലെ , തങ്ങളുടെ വിയര്‍പ്പുകൊണ്ട് ഓരോ നാണയവും
ശേഖരിച്ചാണ് വയനാടു ജില്ലയിലെ ഡി വൈ എഫ് ഐ സഖാക്കള്‍ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയൊന്നു ലക്ഷത്തി അറുപത്തിയാറായിരത്തി
എഴുന്നൂറ്റിയേഴു രൂപ അടച്ചത്.അതുതന്നെയാണ് അതിന്റെ മഹത്വവും.
കേരളത്തില്‍ നിലനില്ക്കുന്ന സാമൂഹ്യാന്തരീക്ഷം തകര്‍ക്കുക
എന്ന ലക്ഷ്യത്തോടെ കൊവിഡുപ്രോട്ടോക്കോളുകളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് രാഷ്ട്രീയ
മുതലെടുപ്പിനു വേണ്ടി ചിലര്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ എങ്ങനെയാണ്
ഓരോ സഖാക്കളും നാടിന്റെ സംരക്ഷണത്തിനുവേണ്ടി , ഇപ്പോള്‍ അതിജീവനമാണ്
പ്രധാനമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയതെന്ന്
ഇക്കഥ വെളിപ്പെടുന്നുത്തുന്നു. ഈ സമൂഹത്തെ ആരൊക്കെ ഏതൊക്കെ വിധത്തില്‍ അസ്ഥിരപ്പെടുത്താന്‍
ശ്രമിച്ചാലും ഇതുപോലെയുള്ള സഖാക്കളുള്ളിടത്തോളം കാലം അതൊന്നും തന്നെ വിജയിക്കുകയില്ലെന്നതാണ്
ആശ്വാസം.നാടിനുവേണ്ടി ഒരു മടിയുംകൂടാതെ രംഗത്തിറങ്ങിയ ഡി വൈ എഫ് ഐയുടെ
ചുണക്കുട്ടികള്‍ക്ക് അഭിവാദ്യങ്ങള്‍.
മനോജ് പട്ടേട്ട് || 12 July 2020, 09.30 AM ||
Comments