#ദിനസരികള്‍ 1188 കഥ പറയുന്ന കാസ്ട്രോ – 7




            ആ ചെറിയ സ്കൂളും പോസ്റ്റ് ഓഫീസും ഒഴിവാക്കിയാല്‍‌ ബാക്കിയെല്ലാം അച്ഛന്റേതായിരുന്നു.ഞാന്‍ ജനിക്കുമ്പോഴേക്കും , അതായത് 1926 ആയപ്പോഴേക്കും , അച്ഛന്‍ ആവശ്യത്തിന് സമ്പാദിച്ചു കഴിഞ്ഞിരുന്നു.അദ്ദേഹം ധനികനായ ഒരു ഭൂപ്രഭു അഥവാ ജന്മിയായിരുന്നുവെന്നുതന്നെ പറയാം.ആ സമൂഹത്തില്‍ അച്ഛന് വലിയ സ്വാധീനമുണ്ടായിരുന്നു. ജനം അദ്ദേഹത്തെ ഡോണ്‍ ഏഞ്ജല്‍ എന്നോ ഡോണ്‍ ഏഞ്ജല്‍ കാസ്ട്രോ എന്നോ വിളിച്ചുപോന്നു. അതുകൊണ്ടാണ് ഞാന്‍ ജനിച്ചത് ഒരു ജന്മികുടുംബത്തിലാണ് എന്ന് നിങ്ങളോട് പറഞ്ഞത്. അല്പാല്പമായി ഭൂമി വാങ്ങിക്കൂട്ടുന്ന ഒരു സ്വഭാവം വളരെക്കാലമായി അച്ഛനുണ്ടായിരുന്നു.

          അമ്മയാകട്ടെ ക്യൂബയുടെ പടിഞ്ഞാറന്‍ പ്രദേശത്തു നിന്നും വന്നയാളായിരുന്നു . ലീന എന്നായിരുന്നു അമ്മയുടെ പേര്.അവരുടെ വേരുകള്‍ കാനറി ദ്വീപുകളിലായിരുന്നു. വളരെ ദരിദ്രാവസ്ഥയിലുള്ള കര്‍‌ഷക കുടുംബത്തിലായിരുന്നു അമ്മ ജനിച്ചത്.അമ്മയുടെ അച്ഛന് കാളവണ്ടിയില്‍ കരിമ്പു കടത്തലായിരുന്നു ജോലി.ഉപജീവനാര്‍ത്ഥമാണ് അവര്‍ ബിരാനിലേക്ക് എത്തിച്ചേര്‍ന്നത്. എന്റെ അമ്മയ്ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. എന്നാല്‍ അച്ഛനെപ്പോലെ തന്നെ കഠിനാധ്വാനത്തിലൂടെ അവര്‍ എഴുതാനും വായിക്കാനുമുള്ള ശേഷി സ്വന്തമായി നേടിയെടുത്തു.അവര്‍ സ്കൂളില്‍ പോയിട്ടുണ്ടെന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടില്ല.സ്വയമാണ് പഠിച്ചത്. അസാധാരണമായ വിധത്തില്‍ കഠിനാധ്വാനം ചെയ്യുന്ന ഒരാളായിരുന്നു എന്റെ അമ്മ. അവരുടെ ശ്രദ്ധയില്‍ പതിയാത്ത ഒന്നുംതന്നെയുണ്ടായിരുന്നില്ല.പാചകം ചെയ്തും അവശ്യസമയത്ത് ഒരു ഡോക്ടറെപ്പോലെ പ്രവര്‍ത്തിച്ചും പരിലാളിച്ചുമൊക്കെയാണ് ഞങ്ങളെ വളര്‍ത്തിയത്.ഞങ്ങള്‍ക്കു വേണ്ടതെല്ലാം അവര്‍ ഒരുക്കിത്തന്നു. ഞങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവര്‍ സാന്ത്വനമായി ഓടിവന്നാശ്വാസിപ്പിച്ചു.ഞങ്ങളെ നല്ല കുട്ടികളാക്കാന്‍ ശ്രദ്ധിച്ചു.എല്ലാത്തിനും ഒരു ചിട്ടയുണ്ടായിരിക്കണം എന്ന് അവര്‍ ചിന്തിച്ചു.സമ്പാദിക്കുവാനും വൃത്തിയോടെ ജീവിക്കുവാനുമൊക്കെയുള്ള പ്രേരണ അവര്‍ ഞങ്ങള്‍ക്കു തന്നു.വീടിനകത്തും പുറത്തുമുള്ള എല്ലാ പ്രവര്‍ത്തികള്‍ക്കും അവരായിരുന്നു മേല്‍‌നോട്ടം വഹിച്ചിരുന്നത്. കുടുംബത്തിന്റെ സാമ്പത്തിക വിദഗ്ദയും അവര്‍ തന്നെയായിരുന്നു. ഇതിനെല്ലാമുള്ള സമയവും ഊര്‍ജ്ജവും അവര്‍‌‌ക്കെങ്ങനെ കിട്ടി എന്നതില്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു.അവര്‍ ഒരിക്കലും തളര്‍ന്നില്ല, ഒരിക്കലും വിശ്രമിക്കുന്നതായി ഞാന്‍ കണ്ടിട്ടുമില്ല.

          അമ്മ ഏഴുകുട്ടികളെ ഈ ലോകത്തിന് സംഭാവന ചെയ്തു. ഞങ്ങളെല്ലാവരും ആ വീട്ടിലാണ് ജനിച്ചത്. പ്രസവത്തില്‍ സഹായിക്കാന്‍ ഒരു വയറ്റാട്ടിയുണ്ടായിരുന്നുവെന്ന കാര്യം എടുത്തുപറയട്ടെ. ഒരു ഡോക്ടറെ ആ പ്രദേശത്തെങ്ങും പ്രതീക്ഷിക്കുക പോലും അസാധ്യമായിരുന്ന കാലഘട്ടമായിരുന്നു.മക്കള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ അമ്മ ഏറെ അധ്വാനിച്ചു.അമ്മയ്ക്ക് ലഭിക്കാതിരുന്ന അവസരം ഞങ്ങള്‍ക്കുണ്ടാകണമെന്ന കരുതലായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്. അമ്മ ആ വിധത്തില്‍ ശ്രദ്ധിക്കാനുണ്ടായിരുന്നില്ലെങ്കില്‍ പഠിക്കാനിഷ്ടമുണ്ടായിരുന്നെങ്കിലും ഒരു പക്ഷേ ഞാനൊരു നിരക്ഷരകുക്ഷിയായിപ്പോകുമായിരുന്നുവെന്നതാണ് വാസ്തവം. അമ്മ ഞങ്ങളെ അത്രയ്ക്കും കരുതലോടെയാണ് വളര്‍ത്തിയത്. വലിയ മനക്കരുത്തുള്ള , ധൈര്യശാലിയായ , സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ ഒരാളായിരുന്നു അവര്‍.ഞങ്ങളുണ്ടാക്കുന്ന കുഴപ്പങ്ങളെ അവര്‍ സധൈര്യം നേരിട്ടു.കാര്‍ഷിക രംഗത്തുണ്ടാകുന്ന പരിഷ്കാരങ്ങളെക്കുറിച്ചോ ഭൂമിയുടെ പുനര്‍വിന്യാസങ്ങളെക്കുറിച്ചോ അവര്‍ വേവലാതിപ്പെട്ടില്ലെന്നു മാത്രവുമല്ല അതിനോട് അവര്‍ക്ക് സ്നേഹവുമുണ്ടായിരുന്നു.

          അമ്മ വലിയ മതവിശ്വാസിയായിരുന്നു. അവരുടെ വിശ്വാസത്തേയും മതബോധത്തേയും ഞാന്‍ ബഹുമാനിച്ചിരുന്നു.അമ്മയെന്ന നിലയില്‍ അവര്‍ പലപ്പോഴും വേദനകളെ ആനന്ദമാക്കി. വിപ്ലവങ്ങളുടെ കാലത്ത് അനുഭവിക്കേണ്ടിവന്ന ക്ലേശങ്ങളേയും ആ അര്‍ത്ഥത്തില്‍ അവര്‍ മനസ്സിലാക്കി. ക്യൂബയിലും ലോകത്താകമാനവും നടക്കുന്ന നടക്കുന്ന സംഭവങ്ങളുടെ കാരണമൊന്നും അവര്‍ക്ക് അറിയില്ലായിരുന്നുവെങ്കിലും വ്യക്തിപരമായി തനിക്കുണ്ടാകുന്ന ദുഖങ്ങളെ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായിരുന്നു.

          വിപ്ലവം കഴിഞ്ഞ് മൂന്നരക്കൊല്ലം കഴിഞ്ഞപ്പോള്‍ , അതായത് 1963 ആഗസ്ത് ആറിന് അമ്മ മരിച്ചു.

 

(Fidel Castro: My Life: A Spoken Autobiography എന്ന പുസ്തകത്തില്‍ നിന്ന് )

മനോജ് പട്ടേട്ട് || 19 July 2020, 07.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1