#ദിനസരികള്‍ 1186 ചെറുതെത്ര മനോഹരം !



          മലയാളത്തിലെ ചെറുകഥകളെക്കുറിച്ചും അതിന്റെ ഗതിവിഗതികളെക്കുറിച്ചും ഏറെ ചിന്തിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള ഒരാളാണ് കെ എസ് രവികുമാര്‍.അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പഠനങ്ങളെല്ലാംതന്നെ കഥകളെ കേന്ദ്രീകരിച്ചുള്ളവയാണ്. കഥയും ഭാവുകത്വപരിണാമവും , ചെറുകഥ വാക്കും വഴിയും , ആഖ്യാനത്തിന്റെ അടരുകള്‍ , കഥയുടെ കഥ എന്നിങ്ങനെയുള്ള സമാഹാരങ്ങളുടെയെല്ലാം കേന്ദ്രവിഷയമായി വരുന്നത് കഥതന്നെയാകുന്നു. കൂടാതെ അദ്ദേഹം എഡിറ്ററായി നൂറുവര്‍ഷം നൂറുകഥയും നവോത്ഥാനകഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2000 ല്‍ കെ എസ് രവികുമാര്‍ എഴുതിയ ഇരുപതാം നൂറ്റാണ്ടിലെ ചെറുകഥ എന്ന ലേഖനത്തെക്കുറിച്ച് സൂചിപ്പിക്കുവാനാണ് ആമുഖമായി ഇത്രയും എഴുതിയത്. പ്രസ്തുത ലേഖനം കഥയുടെ വാര്‍ഷിക വളയങ്ങള്‍ എന്ന ലേഖനസമഹാരത്തിലാണ് ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വികാസമുണ്ടായ മലയാള സാഹിത്യവിഭാഗമാണ് ചെറുകഥ എന്ന് അടിവരയിട്ടുകൊണ്ടാരംഭിക്കുന്ന പ്രസ്തുത ലേഖനം ചെറുകഥാരംഗത്ത് നാളിതുവരെ നാം ആര്‍ജ്ജിച്ച എല്ലാത്തരം അവബോധങ്ങളേയും സിംഹാവലോകനം ചെയ്യുന്നു. അതുകൊണ്ടു തന്നെ ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും വളരെ കൃത്യമായ ഒരു ദിശാസൂചിയായി പ്രസ്തുത ലേഖനം മാറുന്നു.
          ആദ്യചെറുകഥയായി കരുതിപ്പോരുന്ന വാസനാവികൃതിമുതല്‍ ലേഖനം എഴുതപ്പെടുന്നതുവരെയുള്ളവരെയുള്ള കാലത്ത് മലയാളകഥ സഞ്ചരിച്ച കൈവഴികളേയും രാജവീഥികളേയും കുറിച്ച് ലേഖകനുള്ള ധാരണയെന്താണെന്ന് ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു. ഒരു നൂറ്റാണ്ടുകൊണ്ടു വളര്‍ന്ന  - കൃത്യമായി പറഞ്ഞാല്‍ 1891ലാണ് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ വാസനാവികൃതി വിദ്യാവിനോദിനിയില്‍ പ്രത്യക്ഷപ്പെടുന്നത് മലയാളചെറുകഥയുടെ എല്ലുറപ്പു പരിശോധിക്കുവാന്‍ തുനിയുന്നവര്‍ക്ക് ആ വളര്‍ച്ചയുടെ ഓരോ പടവിലും വഴികാണിച്ചു നിന്നവരെക്കുറിച്ചുള്ള ഒരു നഖചിത്രവും ഈ ലേഖനത്തില്‍ നിന്നും ലഭ്യമാകുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാള ചെറുകഥാരംഗത്ത് സജീവമായുണ്ടായിരുന്നവര്‍ ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ , അമ്പാടി നാരായണപ്പൊതുവാള്‍ , മൂര്‍‌ക്കോത്തു കുമാരന്‍ , കെ സുകുമാരന്‍ , എം ആര്‍ കെ സി തുടങ്ങിയവരായിരുന്നു. ഭൂതകാലാഭിരതിയും അത്ഭുതാത്മകതയും പുലര്‍ത്തുന്ന റൊമാന്‍സുകളായിരുന്നു അവര്‍ മിക്കവരും എഴുതിയിരുന്നത്. മൂര്‍‌ക്കോത്തു കുമാരനാകട്ടെ കുറേക്കൂടി ആനുകാലിക സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണയച്ചിരുന്നു.കെ സുകുമാരന്‍ ചെറുകഥയെ സംഭാഷണപ്രധാനമായ സരസാഖ്യാനങ്ങളായി മാറ്റുകയും ചെയ്തു.പില്ക്കാലത്ത് ഹാസസാഹിത്യകാരന്‍‌ എന്ന നിലയില്‍ കിരീടം ചൂടിയ ഇ വി കൃഷ്ണപിള്ള 1920കളുടെ തുടക്കംമുതല്‍ ഒരു ദശകത്തോളം ചെറുകഥാരംഗത്ത് സജീവമായിരുന്നു.സാമൂഹിക ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഇ വി കൃതികളിലും മിന്നിമറഞ്ഞിരുന്നു.എങ്കിലും ഗണനീയമായ സാമൂഹിക പ്രതിജ്ഞാബദ്ധത പുലര്‍ത്തിയ ചെറുകഥകള്‍ ആദ്യമായി എഴുതിയത് വി ടി ഭട്ടതിരിപ്പാട് , എം ആര്‍ബി , മൂത്തിരങ്ങോട് ഭവത്രാതന്‍‌ നമ്പൂതിരിപ്പാട് തുടങ്ങിയവരാണ്ചെറുകഥാരംഗത്തെ ആദ്യപഥികരെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ ആരൊക്കെയാണ് ഈ പ്രസ്ഥാനത്തെ കൈപിടിച്ചു നടത്തിയതെന്നുള്ള വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. പിന്നീടിങ്ങോട്ട് രവികുമാര്‍ എടുത്തു പറയുന്ന ഓരോ കഥാകൃത്തുകളെക്കുറിച്ചും സവിസ്തരമായി പ്രതിപാദിച്ചുകൊണ്ടുമാത്രമേ ഏതൊരാള്‍ക്കും മലയാള ചെറുകഥയുടെ ചരിത്രത്തെ രേഖപ്പെടുത്താന്‍ കഴിയുകയുള്ളു.
          വെറുതെ പ്രധാനപ്പെട്ട കഥാകൃത്തുക്കളുടെ പേരുകള്‍ പ്രതിപാദിച്ചു പോകുക മാത്രമല്ല ഇവിടെ ലേഖകന്‍ ചെയ്യുന്നത്. അവരുടെ സവിശേഷതകളെ ഹ്രസ്വമെങ്കിലും സാരവത്തായി ചൂണ്ടിക്കാണിക്കുവാനും അദ്ദേഹം ശ്രദ്ധിക്കുന്നു. 1. പൊറ്റെക്കാടിന്റെ കഥകള്‍ അടിസ്ഥാനപരമായി കാല്പനികവും മനുഷ്യപ്രകൃതിയുടെ വൈചിത്ര്യങ്ങളെ ആവിഷ്കരിക്കുന്നതുമായിരുന്നു. 2. പള്ളിമതത്തിനെതിരേയും തിരുവിതാംകൂറിലെ സി പിയുടെ സ്വേച്ഛാധിപത്യത്തിനെതിരേയും ചെറുകഥയ ശക്തമായ ഒരായുധമാക്കി പൊന്‍കുന്നം വര്‍ക്കി പാകപ്പെടുത്തി. 3. തകഴി ചെറുകഥയെ നിശിതമായ ജീവിതവിമര്‍ശനമാക്കി.4. സ്ഥാപിത താല്പര്യങ്ങള്‍‌ക്കെതിരെ കഥകള്‍ എഴുതിയാണ് കേശവദേവ് പ്രതികരിച്ചത്.5. ബഷീറാകട്ടെ നിശിതമായ രാഷ്ട്രീയ യാതനകളും പട്ടിണിയും അനുഭവിച്ച് ദേശാന്തരഗമനം നടത്തിയ അനുഭവങ്ങളെ കഥകളാക്കി.6 . നിശിതമായ സാമൂഹികാവബോധം പുലര്‍ത്തുന്നവയാണ് കാരൂരിന്റെ കഥകള്‍ . ഇങ്ങനെ ഓരോ എഴുത്തുകാരന്റേയും സവിശേഷമായ രീതികളെ ഏറ്റവും കുറഞ്ഞ വരികളില്‍ രവികുമാര്‍ രേഖപ്പെടുത്തിക്കാണിക്കുന്നു.ആധുനിക ഉത്തരാധുനിക കാലങ്ങളിലെ എഴുത്തുകാരെക്കുറിച്ചും ഭാവുകത്വപരിണതികളെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഈ ലേഖനം നാതിവിസ്താരമാണെങ്കിലും ചെറുതെത്ര മനോഹരമായിരിക്കുന്നുവെന്ന് നമ്മെക്കൊണ്ട് പറയിപ്പിക്കുകതന്നെ ചെയ്യും.
കെ എസ് രവികുമാര്‍ - കഥയുടെ വാര്‍ഷിക വളയങ്ങള്‍ , എന്‍ ബി എസ്


മനോജ് പട്ടേട്ട് || 17 July 2020, 07.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1