#ദിനസരികള്‍ 1185 ശൂദ്രര്‍ ആരായിരുന്നു ? - 5



( ഡോക്ടര്‍ അംബേദ്കറിന്റെ Who were Shudras ? എന്ന കൃതിയിലൂടെ )


            ഇവിടെ നാം ഗ്രീക്കുകാരെ പരിഗണിക്കേണ്ടതുണ്ട്.വര്‍ഗ്ഗ ഘടനയാണ് ആദര്‍ശാത്മകമായ ഒരു സമൂഹത്തിന്റെ ലക്ഷ്യമെന്ന് പ്ലാറ്റോയെപ്പോലെയുള്ളവര്‍ പറയുന്നുണ്ടെങ്കിലും അതൊരു നിയമപരമായ അവകാശമായി ബാധ്യതപ്പെടുത്തണമെന്ന് അവരാരും തന്നെ വാദിക്കുകയില്ല.അതു ചെയ്തത് പുരുഷസൂക്തമാണ്, അതിന്റെ വക്താക്കളാണ്.പുരുഷ സൂക്തത്തിലെ സാമൂഹ്യഘടനയെ ആദര്‍ശമാക്കുകയും അതുവഴി നിയമപരമായ പരിരക്ഷ നല്കുകയും ചെയ്തുകൊണ്ട് അതിനൊരു അന്യാദൃശമായ പദവിയുണ്ടാക്കിയെടുക്കുവാനാണ് അക്കൂട്ടര്‍ ശ്രമിച്ചത്.മൂന്നാമതായി ഒരു ലോകത്ത് മറ്റൊരു സമൂഹവും വര്‍ഗ്ഗപരമായ ഘടനയെ ആദര്‍ശമായി സ്വീകരിച്ചിട്ടില്ല.അതൊരു സ്വാഭാവികപരിണാമമാണെന്ന് അംഗീകരിച്ചുവെന്ന് വന്നേക്കാം. എന്നാല്‍ പുരുഷ സൂക്തം അതിനും അപ്പുറത്തേക്കു പോകുന്നു.ഇത് വര്‍ഗ്ഗ / വര്‍ണപരമായ സാമൂഹികതയെ സ്വാഭാവികവും ആദര്‍ശാത്മകവുമാണെന്ന് കരുതുക മാത്രമല്ല ഇത് പരിപാവനവും ദൈവികവുമായി കരുതുക കൂടി ചെയ്തു. നാലാമതായി വര്‍ഗ്ഗങ്ങളുടെ എണ്ണം ഒരു സമൂഹത്തിലും ചര്‍ച്ച വിഷയമായ ഒന്നല്ല.റോമന്‍കാര്‍ക്ക് രണ്ടു വര്‍ഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്. ഈജിപ്തുകാരാകട്ടെ മൂന്നുതരം വര്‍ഗ്ഗങ്ങളെക്കൊണ്ട് തൃപ്തരായി.ഇന്തോ ഇറാനിയന്‍കാരും ചിന്തിച്ചത് മൂന്നുതന്നെ ധാരാളമാണ് എന്നായിരുന്നു -1. അത്രവാന്‍മാര്‍ അഥവാ പുരോഹിതര്‍, 2 രഥേഷ്ടര്‍ അഥവാ പോരാളികള്‍ , 3 കര്‍ഷകര്‍ എന്നിങ്ങനെയാണ് അവര്‍ സമൂഹത്തെ വിഭജിച്ചത്. പുരുഷസൂക്തമാകട്ടെ സമുഹത്തെ സൈദ്ധാന്തികമായിത്തന്നെ നാലായി വിഭജിക്കുന്നു. ഇതുപ്രകാരം, കൂടാനോ കുറയാനോ പാടില്ല.അഞ്ചാമതായി , ഓരോ സാഹചര്യത്തിലും താന്താങ്ങളുടെ പ്രാമാണ്യം അതാതു വര്‍ഗ്ഗങ്ങള്‍ അതാതു സമയങ്ങളില്‍ നേടിയെടുക്കട്ടെ എന്നായിരുന്നു മറ്റുള്ള സമൂഹങ്ങളെല്ലാം തന്നെ ചിന്തിച്ചു പോന്നത്. അവര്‍ ഉച്ചനീചത്വങ്ങളനുസരിച്ച് സ്ഥിരമായ ഒരു ഘടന സൃഷ്ടിച്ചിരുന്നില്ല.അതായത് സ്ഥിരമായി താഴെ നില്ക്കുന്ന ഒരു വര്‍ഗ്ഗമോ സ്ഥിരമായി മുകളില്‍ മാത്രം നില്ക്കുന്ന ഒരു വര്‍ഗ്ഗമോ ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത.എന്നാല്‍ സാഹചര്യങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും നല്കാതെ സ്ഥിരമായി ഒരു ഘടനയെ സൃഷ്ടിക്കാനും സംരക്ഷിക്കാനും പുരുഷസൂക്തം മുന്‍‌‍കൈയ്യെടുത്തു.ഒരു തരത്തിലുള്ള സാഹചര്യത്തിനും അതിന്റെ ഉച്ചനീചത്വങ്ങളില്‍ മാറ്റം വരുത്തുവാന്‍ കഴിയുമായിരുന്നില്ല. ഇങ്ങനെ ഏറ്റക്കുറച്ചിലനുസരിച്ച് അഥവാ ശ്രേണിബദ്ധമായി നിജപ്പെടുത്തിയിരിക്കുന്ന ഘടനാസ്വഭാവമാണ് പുരുഷസൂക്തം മുന്നോട്ടു വെയ്ക്കുന്നത്.അതനുസരിച്ച് ബ്രാഹ്മണന്‍ ആ ശ്രേണിയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലും ക്ഷത്രിയന്‍ രണ്ടാമതും വൈശ്യന്‍ മൂന്നാമതും ശൂദ്രന്‍ നാലാമതും സ്ഥിതിചെയ്യുന്നു.എല്ലാ വര്‍ണങ്ങള്‍ക്കും താഴെ ഒരു കാലത്തും മാറ്റപ്പെടാതെ ശൂദ്രരാണ് നിലകൊള്ളുന്നത്.
III
          പുരുഷസൂക്തം അന്യാദൃശമാണെന്ന വാദിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇവയാണ്. ഇത് അസാധാരണംകൂടിയാണെന്ന് കാണാതിരിക്കരുത്. കാരണം അതാകമാനം തന്നെ പ്രേഹേളികകളാണ്.എന്നാല്‍ വളരെക്കുറച്ച് ആളുകള്‍ മാത്രമേ അത്തരം പ്രഹേളികകളെക്കുറിച്ച് ബോധവാന്മാരായിട്ടുള്ളു. മനസ്സിരുത്തി പഠിക്കാന്‍ തുനിയുന്നവര്‍ക്ക് അതിലെ ഇത്തരം വൈരുധ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാവുന്നതേയുള്ളു. പ്രപഞ്ചഘടനയെക്കുറിച്ച് പുരുഷസൂക്തത്തില്‍ മാത്രമല്ല ഋഗ്വേദത്തില്‍ തന്നെ വേറെയും പറഞ്ഞിട്ടുണ്ട്. പത്താംമണ്ഡലത്തിലെ എഴുപത്തിരണ്ടാം മന്ത്രത്തില്‍ അത്തരമൊരു പ്രപഞ്ചഘടനയെക്കുറിച്ച് വിവരിക്കുന്നുണ്ട്. (തുടരും)


മനോജ് പട്ടേട്ട് || 16 July 2020, 07.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1