#ദിനസരികള്‍ 1184 യൂട്യൂബ് ചാനലിന്റെ വരവ്
നിങ്ങള്‍ക്കൊരു യൂട്യൂബ് ചാനല്‍ തുടങ്ങിക്കൂടേ എന്ന ചോദ്യം
കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇനിയങ്ങോട്ട് അത്തരം പരിപാടികള്‍ക്കേ
സാധ്യതയുണ്ടാവുകയുള്ളുവെന്നും അതുകൊണ്ടുതന്നെ എത്രയും വേഗം ഒരെണ്ണം തുടങ്ങുന്നതാണ്
നല്ലതെന്നുമാണ് ഉപദേശങ്ങളുടെ ആകെത്തുക. കൂട്ടത്തില്‍ നിങ്ങളെപ്പോലെയുള്ളവര്‍ വേണം
ഇതൊക്കെ തുടങ്ങാന്‍ എന്ന ഡയലോഗുകൂടി വീണതോടെ ഞാനാകെ ധൃതംഗപുളകിതനായിപ്പോയി. ആലോചിച്ചു നോക്കി . സംഭവം ഉഗ്രനാണ്. മോശമുള്ള
കാര്യല്ല. പേരും പ്രശസ്തിയും എളുപ്പം പോരും. ചാനലായ ചാനലുകളിലൊക്കെ എന്തെങ്കിലും
കഴിവുണ്ടായിട്ടാണോ ഈ ഈ അവരാതകന്മാരെല്ലാം കിടന്നു തിളങ്ങുന്നത് ? അവര്‍ക്കിപ്പോള്‍ പുറത്തിറങ്ങി
നടക്കാനാകത്ത വിധത്തില്‍ ആരാധകരുമുണ്ട്. അവരെ വേണം മാതൃകയാക്കാന്‍. എന്റെ മധുരമനോഹരമൊഴികളോടൊപ്പം മുഖപ്രസാദവും
കൂടിയാകുമ്പോള്‍ നമുക്കും ആരാധകര്‍ ഓടിവരും.പണ്ട് ഏതോ സിനിമയില്‍ പപ്പടക്കവറില്‍ തന്റെ
പടം വെച്ചടിച്ചാല്‍ ആളുകള്‍ ചൂടപ്പം പോലെ വാങ്ങിക്കൊണ്ടുപോയ്ക്കൊള്ളും എന്ന്
പറയുന്ന ശ്രീനിവാസന്റെ കഥാപാത്രത്തെ എനിക്ക് ഓര്‍മ്മ വന്നു. അതുതന്നെയാണ്
ഇവിടേയും മാതൃക.
ഉദ്ദേശം നല്ലതാണെങ്കിലും അടിസ്ഥാന വിഭവശേഖരത്തിന് പണം
മുടക്കണം. മുടക്കാമെന്ന് വെച്ചു. മില്യന്‍കണക്കിന് ആരാധകര്‍ സബ്സ്ക്രൈബ് ചെയ്താല്‍
ഓരോ മാസവും മില്യണ്‍ കണക്കിനു ഡോളര്‍ വന്നു വീഴുന്നതല്ലേ?
(കണക്കു തെറ്റാണെങ്കില്‍ ക്ഷമിക്കുക. അതുപഠിപ്പിച്ച കാലന്‍ രാജന്‍ മാഷെപ്പോലെ
അന്നും ഇന്നും കണക്കിനെ പേടിയാണ്.) അതുകൊണ്ടു എന്തിനാണ് പിശുക്ക് ? അങ്ങട്
ചിലവാക്കുക തന്നെ. ആദ്യമായി ഒരു കാമറ വാങ്ങിച്ചു. കാനണ്‍ 70 ഡി. അതു
വാങ്ങിച്ച കാര്യം അത്യാവശ്യം കാമറകള്‍ കൈകാര്യം ചെയ്യുന്ന ഒരു സുഹൃത്തിനോടു
പറഞ്ഞുപോയി. പറയരുതായിരുന്നു. ഏകദേശം ഒന്നൊന്നര മണിക്കൂര്‍ സമയമെടുത്ത് അവന്‍
ആ കാമറയുടെ ദോഷവശങ്ങളെക്കുറിച്ച് ഉപന്യസിച്ചു. പകരം മറ്റൊരു കാമറ വാങ്ങിക്കുവാന്‍ ഉപദേശിച്ചു.
എന്തായാലും വാങ്ങിയില്ലേ. ഇനി എന്തു ചെയ്യാനെന്ന് ഞാനും പരിതപിച്ചു. സത്യം
പറഞ്ഞാല്‍ കാമറ ഫോട്ടോഗ്രഫി പഠിക്കുക എന്ന ഉദ്ദേശത്തോടെ രണ്ടോ മൂന്നോ കൊല്ലങ്ങള്‍ക്കു
മുന്നേ വാങ്ങിയതാണ്.ഫോട്ടോഗ്രഫി പഠനം പോയിട്ടു മൂന്നാലു പടംപോലും
അതുകൊണ്ടെടുത്തിട്ടില്ല. അത് അവനോടു പറഞ്ഞില്ല. പുതിയ ചാനലു തുടങ്ങാന്‍
വാങ്ങിയതാണ് എന്നു കരുതിക്കോട്ടെ എന്നുവെച്ചു. അതാണിപ്പോള്‍ പൊല്ലാപ്പായാത്.
നേരത്തെ വാങ്ങിപ്പോയതാണ് എന്നു പറഞ്ഞെങ്കില്‍ ഇത്രയും ഉപദേശം സഹിക്കേണ്ടി
വരില്ലായിരുന്നു. എന്തായാലും അവന്റെ ഉപദേശം സ്വീകരിച്ചു കാമറ മാറ്റാനൊന്നും
പോകുന്നില്ലെങ്കിലും രണ്ടുമൂന്നു കാര്‍ഡുകള്‍ വാങ്ങിക്കാമെന്ന്
കരുതി.അതുവേണ്ടതുതന്നെയാണല്ലോ.
പിന്നെ വേണ്ടത് ഓഡിയോ റെക്കോര്‍ഡു ചെയ്യാനുള്ള സംവിധാനമാണ്.
റോഡാണ് ഒരു സ്റ്റാന്റേര്‍ഡ് മാതൃക എന്ന ഉപദേശം കിട്ടി. വില ഇത്തിരി
കൂടുമെന്നേയുള്ളു എന്നാണ് ഉപദേശകന്‍ പറഞ്ഞത്. വിലയോ ? അതാര്
ഗൌനിക്കുന്നു. പണം പോട്ടെ , പവ്വര്‍ വരട്ടെ എന്നല്ലാതെ വേറെന്ത് ? പത്തോ
മുപ്പതോ ആയിരങ്ങള്‍ ഇക്കാര്യത്തിനു വേണ്ടി പുല്ലുപോലെ ഞാന്‍ വലിച്ചെറിയും.കാരണം
എന്റെ ബാരിടോണ്‍ ശബ്ദഗാംഭീര്യം ആരാധകര്‍ക്ക്
ആസ്വദിക്കണമെങ്കില്‍ ഓഡിയോ സിസ്റ്റം അത്രയും നന്നായിരിക്കണം. അതിലൊരു വിട്ടു
വീഴ്ചയുമില്ല.ജെഫ് ബെസോസിനെ വിളിച്ചു. റോഡ് ഒരു മൂന്നാലെണ്ണം അയക്കാന്‍ ഏര്‍പ്പാടാക്കി.
സംഭവം വന്നപ്പോള്‍ ആയിരത്തി ഒരുന്നൂറു രൂപ മാത്രം വിലയുള്ള ബോയയുടെ കോളര്‍ മൈക്കായിപ്പോയെന്നു
മാത്രം. ചിലപ്പോള്‍ അയാളെക്കാള്‍ കൂടുതല്‍ വളര്‍ന്നാലോ എന്ന അസൂയ മൂലം ആ ചങ്ങാതി
മനപ്പൂര്‍വ്വം മാറ്റിയതാണെന്ന് മനസ്സിലായി. മനസ്സില്‍ പണ്ട് കിംഗ് സിനിമയില്‍ ദേവന്‍ പറയുന്ന
ഡയലോഗാണ് ഓര്‍മ്മ വന്നത്.ജെഫ് ബെസോസെ , നിന്റെയീ ധിക്കാരത്തിന് ഞാന്‍
മറുപടി പറയുന്നത് ആരേയും കാല്‍ക്കീഴിലിട്ട് ചവിട്ടിയരക്കാന്‍ പോന്ന
പൊളിറ്റിക്കല്‍ സ്ട്രെംഗ്ത് വെച്ചായിരിക്കും എന്നു പറയാനാഞ്ഞതാണ്. പറഞ്ഞില്ല. ആ
ചങ്ങാതിയെങ്ങാനും മമ്മൂട്ടി പറയുന്ന മറുപടി പറഞ്ഞാലോ എന്നോര്‍ത്തു. എന്തിനു വെറുതെ
? വരിയുടക്കപ്പെട്ടവന്റെ
ഷണ്ഡത്വം എന്നൊക്കെ കേള്‍ക്കണം ?
പോട്ട്. ബോയയെങ്കില്‍ ബോയ. തല്ക്കാലം ഇതുവെച്ച് അഡ്ജസ്റ്റു
ചെയ്യാം.
എഫ് സി പി രണ്ടു കോപ്പി, പ്രിമിയര്‍ , ആഫ്റ്റര്‍ ഇഫക്ട്
, സൌണ്ട് ബൂത്ത് ഇത്യാദികളൊക്കെ ആവശ്യത്തിന്. ഇനി റെക്കോര്‍ഡിംഗിനും
എഡിറ്റിംഗിനുമായി ഒന്നോ രണ്ടോ സ്റ്റുഡിയോ വേണം. ലൈറ്റിംഗ് മനോഹരമാക്കണം. എന്നാലേ
മുഖപ്രസാദം ഒട്ടും ചോര്‍ന്നു പോകാതെ ഒപ്പിയെടുക്കാന്‍ കഴിയൂ. വിഷയത്തില്‍ പണ്ടേ
ദാരിദ്ര്യമില്ലാത്തതുകൊണ്ട് വിഷയ
ദാരിദ്ര്യമൊന്നുമുണ്ടാകില്ലെന്നുറപ്പ്.അതല്ലെങ്കില്‍ തന്നെ ഇടിച്ചു കയറി വരുന്ന
സബ്സ്ക്രൈബേഴ്സ് ഞാന്‍ എന്തു പറയുന്നുവെന്ന് കേള്‍ക്കാനല്ലല്ലോ മറിച്ച് എന്റെ
അസുലഭമായ സൌന്ദര്യം ആസ്വദിക്കാനല്ലേ വരുന്നത്? അതില്‍ ഞാന്‍ പണ്ടേ
ധാരാളിയുമാണല്ലോ.
അപ്പോള്‍ ശരി. ഇനി നിങ്ങള്‍ കാണാന്‍ പോകുന്നത് അവന്റെ
വരവാണ്.
മനോജ് പട്ടേട്ട് || 15 July 2020, 07.30 AM ||
Comments