#ദിനസരികള്‍ 1133 മനോരോഗങ്ങളും ചികിത്സയും – 7
ആറാം അധ്യായം ചര്‍ച്ച ചെയ്യുന്നത് മനോജന്യരതി വൈകല്യങ്ങളെക്കുറിച്ചാണ്.
" രതി അഥവാ ലൈംഗികത
ജീവജാലങ്ങളുടെ അടിസ്ഥാന ചോദനകളിലൊന്നാണ്.എന്നാല്‍ സമൂഹത്തിന് അതിനോടുള്ള
സമീപനം വ്യത്യസ്തമാണ്. വലിയ പ്രാധാന്യമുള്ള ഒരു വിഷയമായി
ഭാവിക്കാറില്ല.അതിനെപ്പറ്റിയുള്ള പരാമര്‍ശം ഒഴിവാക്കുന്നതു തന്നെ സംസ്കാരത്തിന്റെ മാനദണ്ഡമാണെന്നുപോലും
കരുതുന്നു.വിഭിന്ന സംസ്കാരങ്ങളിലും കുടുംബങ്ങളിലും രതി സംബന്ധമായ വിഷയങ്ങളോട്
സമീപന ഭേദങ്ങള്‍ ഉണ്ട്. എല്ലാം ഒളിച്ചു വെയ്ക്കുന്നവരും പൊളിച്ചു പറഞ്ഞു
രസിക്കുന്നവരും വളച്ചുകെട്ടി ധ്വനിപ്പിക്കുന്നവരും സമൂഹത്തിലുണ്ട്" വ്യത്യസ്ത
ജനവിഭാഗങ്ങള്‍ക്ക് എക്കാലത്തും ഈ വിഷയത്തോട് വ്യത്യസ്തമായ സമീപനങ്ങളായിരുന്നു
പുലര്‍ത്തിപ്പോന്നിട്ടുള്ളത്. സൂചിപ്പിക്കപ്പെട്ടതുപോലെ സംസ്കാരങ്ങള്‍ പലതും പല
തരത്തിലുള്ള സമീപനങ്ങള്‍ സ്വീകരിച്ചു.
സെമിറ്റിക്
മതങ്ങളുടെ പടപ്പുറപ്പാടോടുകൂടി ലൈംഗികതയെ പാപവുമായി ബന്ധപ്പെടുത്തിക്കാണാനുള്ള
പ്രവണത വര്‍ദ്ധിച്ചു. അടക്കിവെയ്ക്കേണ്ട ഒന്നാണ് രതി എന്ന ചിന്തയ്ക്ക്
പ്രസക്തിയുണ്ടാകാന്‍ സെമിറ്റിക് മതങ്ങളുടെ ഈ സമീപനം സഹായിച്ചു. എന്നാല്‍
ഇന്ത്യയിലാകട്ടെ പാപവുമായി ലൈംഗികതയെ ബന്ധപ്പെടുത്തിക്കാണുന്ന രീതിയില്ലായിരുന്നു.
ഇവിടെ ലൈംഗിക വൃത്തി കുലത്തൊഴിലായിപ്പോലും കണക്കാക്കിപ്പോന്നിരുന്ന ജനവിഭാഗം
തന്നെയുണ്ടായിരുന്നു. ദേവദാസികള്‍ അത്തരത്തില്‍ ലൈംഗികവൃത്തി കുലത്തൊഴിലായി
സ്വീകരിച്ചു ജീവിച്ചു പോന്നവരാണ്. ആ കുലത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികളെല്ലാം
തന്നെ നഗരവധുക്കളായി അവരോധിക്കപ്പെടുകയാണ് പതിവുണ്ടായിരുന്നത്.അതുപോലെ നമ്മുടെ
ക്ഷേത്രങ്ങളില്‍ കൊത്തിവെച്ചിരിക്കുന്ന രതിശില്പങ്ങള്‍ ഭാരതീയര്‍ ലൈംഗികതയെ
എങ്ങനെയാണ് കണ്ടിരുന്നതെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. കാമസൂത്രം ,
കൊക്കോക ശാസ്ത്രം മുതലായ രതിവിഷയകങ്ങളായ പുസ്തകങ്ങള്‍ രചിച്ചത് ഒരു മഹര്‍ഷിയാണെന്നതുകൂടി
നാം ഇവിടെ പരിഗണിക്കേണ്ടതുണ്ട്.
എന്നാല്‍
അക്കാലങ്ങള്‍ക്കു ശേഷം, അതായത് ലൈംഗികത ഒരു തുറന്ന വിഷയമാണെന്ന്
സങ്കല്പിക്കപ്പെട്ടു പോന്നിരുന്ന കാലത്തിനു ശേഷം എപ്പോഴോ അതിനൊരു
ഗുപ്തശാസ്ത്രത്തിന്റെ പരിവേഷം വന്നുവീണു. പതിയെപ്പതിയെ അതുവരെ പുലര്‍ത്തിപ്പോന്നിരുന്ന
തുറന്ന നിലപാടുകള്‍ക്കു പകരം രതിയില്‍ എന്തൊക്കെയോ ഒളിക്കാനുണ്ടെന്നും അതൊരു തരം
പാപവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമുള്ള കാഴ്ചപ്പാട് സമൂഹത്തില്‍ വേരുറച്ചു.
സെമിറ്റിക് മതങ്ങളുടെ ഇടപെടലുകള്‍ ഈ ചിന്ത വ്യാപകമായിമാറുവാന്‍
സഹായിച്ചിട്ടുണ്ടെന്നു എടുത്തു പറയേണ്ടതില്ലല്ലോ. ഇപ്പോഴാകട്ടെ ലൈംഗികതയുമായി
ബന്ധപ്പെട്ട പാപചിന്ത സ്വഭാവികതയായിത്തന്നെ കരുതിപ്പോരുന്ന സാഹചര്യമാണുളള്ളത്.
അതുകൊണ്ടുതന്നെ എന്നത്തേയുംകാള്‍ കൂടുതലായി രതിയെ പാപവുമായി ബന്ധപ്പെടുത്തി
നാം ചിന്തിച്ചുപോരുന്നു.
ഇരുപതാം
നൂറ്റാണ്ടിന്റെ തുടക്കത്തോടെ മനശാസ്ത്രമേഖലയില്‍ ഫ്രോയിഡിന്റെ പഠനങ്ങള്‍ പുറത്തു
വന്നതോടുകൂടി ലൈംഗികതയെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. രതിയെ
തന്റെ സിദ്ധാന്തങ്ങളുടെ ആണിക്കല്ലായി അവതരിപ്പിച്ച ഫ്രോയിഡിന് യാഥാസ്ഥിതിക
സമൂഹത്തില്‍ നിന്നും നേരിടേണ്ടിവന്ന എതിര്‍പ്പ് കുറച്ചൊന്നുമായിരുന്നില്ല എന്നത്
ചരിത്രമാണ്. വിക്ടോറിയന്‍ സദാചാരത്തിന്റെ നെറുകന്തലയ്ക്ക് കിട്ടിയ
അടിയായിരുന്നു ഫ്രോയിഡിന്റെ പഠനങ്ങളും കണ്ടെത്തലുകളും. ലൈംഗികതയെക്കുറിച്ച് അതുവരെ
പുലര്‍ത്തിപ്പോന്നിരുന്ന കാഴ്ചപ്പാടിനെ പിടിച്ചു കുലുക്കാന്‍ പോന്ന ഫ്രോയിഡിയന്‍
പരികല്പനങ്ങള്‍ വ്യാപകമായ പ്രതിഷേധങ്ങളുണ്ടാക്കുക സ്വാഭാവികവുമാണല്ലോ.
എങ്കിലും സമൂഹം മാറ്റങ്ങളെ സ്വാഗതം
ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുണ്ടായിരുന്ന സമീപനമല്ല രതിയോട്
മധ്യകാലത്തേക്ക് എത്തുമ്പോഴേക്കും ഉണ്ടായി വന്നത്.ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലേക്ക് എത്തുമ്പോഴാകട്ടെ മാറ്റം പ്രകടവുമായിരുന്നു.പ്രജനനോപാധി എന്നതില്‍ നിന്നും
വ്യത്യസ്തമായി ആസ്വാദനം എന്ന കാഴ്ചപ്പാടിനും പ്രാധാന്യം സിദ്ധിച്ചു. അതില്‍ സ്ത്രീക്കും
പുരുഷനും പങ്കാളിത്തവും രസാസ്വാദനവും തുല്യമാണെന്ന സങ്കല്പത്തിന് മേല്‍ക്കൈ
ലഭിച്ചു.അങ്ങനെ സമൂലമായ ലൈംഗിക വിപ്ലവത്തിന് പോ യ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. “
എന്നാല്‍ ചില കാര്യങ്ങളില്‍ യാഥാസ്ഥിതിക
മൂല്യബോധങ്ങളിലേക്കും സമ്പ്രദായങ്ങളിലേക്കുമുള്ള ഒരു രിച്ചുപോക്ക് കണ്ടുവരുന്നതായി
ചില ആനുകാലിക പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.ഹെര്‍പ്പിസ് , എയിഡ്സ് തുടങ്ങിയ മാരക
സാംക്രമിക രോഗങ്ങളെപ്പറ്റിയുള്ള ഭീതിയാണ് ഈ തിരി്ചചു പോക്കിന് കാരണമായി
പറയപ്പെടുന്നത്.സ്ത്രീപുരുഷ സമത്വ വാദവും രതി സ്വാതന്ത്ര്യവാദവും ഉഭയ
സംതൃപ്തിവാദവും മറ്റും പരിമിത പരിധികള്‍ക്കുള്ളില്‍ ഒതുങ്ങുന്നതിന്റെ സൂചനയാണ്
ഇപ്പോള്‍ കണ്ടുവരുന്നത്. സമ്പൂര്‍ണ ലൈംഗിക സംതൃപ്തിയെക്കാള്‍ പ്രാധാന്യം പരസ്പര
സ്നേഹത്തിനും വിശ്വാസത്തിനും ഉണ്ട് എന്ന കാഴ്ചപ്പാടിന് പ്രാബല്യം കൂടിവരുന്നു”
ലൈംഗികവിജ്ഞാനം
കൂടുതല്‍ക്കൂടുതല്‍ വികസ്വരമായിക്കൊണ്ടിരുന്നു. രതി അഥവാ ലൈംഗികത
ജീവിതങ്ങളില്‍ ഇടപെട്ടുകൊണ്ട് എങ്ങനെ മാറ്റിമറിക്കുന്നുവെന്നും സജീവമായി
നിലനിറുത്തുന്നുവെന്നും നമുക്ക് കൂടുതലായി മനസ്സിലായി. കേവലം പ്രത്യുല്പാദനമെന്ന
ലക്ഷ്യത്തിന് അപ്പുറത്തേയ്ക്ക് ലൈംഗികത ആസ്വദിക്കുവാനുള്ള ഒന്നുകൂടിയായി മാറി.
എന്നാല്‍ അതോടൊപ്പം തന്നെ രതി വൈകൃതങ്ങളുടെ രംഗത്തും പുതിയ കാഴ്ചപ്പാടുകളും
കണ്ടെത്തലുകളുമുണ്ടായിവന്നു. രതിരോഗങ്ങളെക്കുറിച്ചും ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ചും
നാം കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി. “ പ്രാരംഭകാലത്ത് രതിവൈകല്യങ്ങളെ നിര്‍ണയിച്ചിരുന്നത് മാനസികവും
വൈകാരികവുമായ തലങ്ങളുമായി ബന്ധപ്പെടുത്തി മാത്രമായിരുന്നു.ഫ്രോയിഡിന്റേയും മറ്റും
മാനസികാപഗ്രഥന സമ്പ്രദായങ്ങള്‍ മാത്രമാണ് ഈ രംഗത്ത് മുഖ്യമായും സ്വാധീനം
ചെലുത്തിയിരുന്നത്.സാമൂഹിക വളര്‍ച്ചയെ തുടര്‍ന്നുണ്ടായ മാറ്റങ്ങളുടെ ഫലമായി ഈ
രംഗത്തും ഗവേഷണങ്ങള്‍ മുന്നേറി.” 1980 ല്‍ പ്രസിദ്ധീകരിച്ച ഡയഗ്നോസ്റ്റിക് & സ്റ്റാസ്റ്റിസ്റ്റിക്കല്‍ മാന്വലില്‍
കേവലം ജനനേന്ദ്രിയ മൂത്രാശയ തകരാറുകള്‍ എന്ന നിലയ്ക്കു മാത്രമാണെന്നതു കൂടി
ശ്രദ്ധിക്കുക. മാനസിക രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിന് ആനുപാതികമായി രതിജന്യ
രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വികസിച്ചു വന്നില്ലെന്നതിന്റെ
സൂചനയാണിത്.എന്നിരുന്നാലും ഇപ്പോള്‍ സ്ഥിതിഗതികള്‍ ഏറെ മാറിയിട്ടുണ്ട്.
ലൈംഗിക
വൈകല്യങ്ങള്‍ (Sexual Dysfunctions) , പാരാഫിലിയാസ് , ജെന്റര്‍ ഐഡന്റിറ്റി ഡിസോര്‍ഡറുകള്‍
തുടങ്ങിയവയാണ് പ്രധാനമായും നാം പരിഗണിക്കുന്ന മനോജന്യ ലൈംഗിക പ്രശ്നങ്ങള്‍.
ലൈംഗികതയുമായി ബന്ധപ്പെട്ട് കൌണ്‍സിലിംഗുകള്‍ , ബിഹേവിയര്‍ തെറാപ്പികള്‍ , ചില
ഘട്ടങ്ങളില്‍ മരുന്നുകള്‍ എന്നിങ്ങനെ ഫലപ്രദമായ ചികിത്സകള്‍ ഇന്നുണ്ട്. ജെന്റര്‍ ഐഡന്റിറ്റി യുമായി ബന്ധപ്പെട്ട
പ്രശ്നങ്ങളെക്കുറിച്ചും ഇന്ന് മനശാസ്ത്രരംഗം ഏറെ ആഴത്തില്‍ ചര്‍ച്ച
ചെയ്യുന്നുണ്ട്. തികച്ചും അനാരോഗ്യകരമായ മാര്‍ഗ്ഗങ്ങളിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന
പാരാഫീലിക് ഡിസോര്‍ഡറുകളെക്കുറിച്ച് മനശാസ്ത്രജ്ഞന്മാര്‍ ഏറെ
മനസ്സിലാക്കിയിരിക്കുന്നു. ഫെറ്റിഷിസം ( ലൈംഗികോത്തേജന ചില വസ്തുക്കളെ മുതലായവ
ഉപയോഗിക്കുന്നു ) , Bestiality അഥവാ
മൃഗരതി , ശവരതി (Necrophobia )
, പ്രദര്‍ശനോത്സുകത അഥവാ Exhibitionism, ഒളിഞ്ഞു നോട്ടം (Voyeurism ) സ്വയം പീഢനമേറ്റു വാങ്ങുന്ന ആത്മരതി
അഥവാ Masochism , പീഡിപ്പിച്ചു
സന്തോഷം കണ്ടെത്തുന്ന സാഡിസം തുടങ്ങി
പാരാഫീലിയ ഗണത്തില്‍ പെടുന്ന നിരവധി വൈകൃതങ്ങളുണ്ട്. കുഞ്ഞുങ്ങളെ ലൈംഗികമായ
ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന Pedophilia ഇക്കൂട്ടത്തില്‍ ഏറ്റവും ക്രൂരമായ
ഒന്നാണ്.
സ്വയം ഭോഗം പോലെയുള്ളവയെ ലൈംഗിക
വൈകൃതമായി ഇന്നു മനശാസ്ത്രം കാണുന്നില്ലെങ്കിലും പൊതുസമൂഹത്തില്‍ ഇപ്പോഴും
ചില തെറ്റായ
ധാരണകളുണ്ട്. പാപചിന്ത സ്വയംഭോഗം ചെയ്യുന്നവരില്‍ കുറ്റബോധമുണ്ടാക്കുന്നുണ്ട്
എന്ന കാര്യം വസ്തുതയാണ്. അത് തെറ്റായ ധാരണകള്‍ കാരണമാണ് എന്ന തിരിച്ചറിവാണ്
ഉണ്ടാകേണ്ടത്.ശുക്ലത്തിലൂടെ ചോര നഷ്ടപ്പെടുന്നുണ്ടെന്നൊക്കെയുള്ള ധാരണകള്‍ ഇന്നും
നിലനില്ക്കുന്നുവെന്നതാണ് ഏറെ രസകരം. പുരുഷന്മാരിലും സ്ത്രീകളിലും ശതമാനക്കണക്കില്‍
വ്യത്യാസമുണ്ടെങ്കിലും സ്വയംഭോഗം കണ്ടുവരുന്നുണ്ട്.അതുപോലെ പുരുഷന്മാരിലെ ഉദ്ധാരണ
വൈകല്യം പോലെയുള്ളവയും സ്ത്രീകളിലെ രതിമൂര്‍ച്ഛയില്ലായ്മയുമൊക്കെ ഇന്ന് ഫലപ്രദമായി
ചികിത്സിക്കപ്പെടുന്നുണ്ട്.
പൊതുസമൂഹത്തില്‍ ധാരാളമായി കണ്ടുവരുന്ന – ഏകദേശം 12 ശതമാനത്തോളം – രോഗങ്ങളില്‍ സ്കിസോഫ്രീനിയ , ഡിപ്രഷന്‍
, വിവിധങ്ങളായ ഒസിഡികള്‍ (Obsessive Compulsive Disorders ) മദ്യവിധേയത്വം , എപ്പിലെപ്സി , പാനിക്
ഡിസോര്‍ഡര്‍ എന്നിങ്ങനെ പത്തോളം രോഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ മാനസിക
രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ സാമാന്യ ധാരണ ഉണ്ടാക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്. രോഗങ്ങളേയും
അതിന്റെ സ്വഭാവങ്ങളെയും പ്രാഥമികമായെങ്കിലും മനസ്സിലാക്കുവാന്‍ കഴിയുന്നുവെങ്കില്‍
രോഗികളെ സഹായിക്കുവാനും അവരുടെ പ്രശ്നങ്ങളില്‍ കുറച്ചൊക്കെ ഇടപെടാനും നമുക്ക്
കഴിയുകയും ചെയ്യും. ആ കൂട്ടത്തില്‍ സര്‍വ്വ സാധാരണമായ പാനിക് ഡിസോര്‍ഡര്‍ ഒ സി
ഡി എന്നിവകളെക്കൂടി പരിചയപ്പെടുക. ഇവ രണ്ടും തന്നെ ആകാംക്ഷാ ജന്യ രോഗങ്ങളാണ് –
Anxiety Disorders ). ഉത്കണ്ഠ താങ്ങാനാവാത്തവിധം
അസഹനീയമായിത്തോന്നുന്നതാണ് പാനിക് ഡിസോര്‍ഡര്‍. എപ്പോഴാണ് ഈ രോഗമുണ്ടാകുക എന്ന്
പ്രവചിക്കുക അസാധ്യമാണ്. ചിലപ്പോള്‍ ആഴ്ചയില്‍ ഒന്നിലേറെത്തവണ വന്നുവെന്നു വരാം.
വൈകാരികത ജനിപ്പിക്കുന്ന സാഹചര്യങ്ങളില്‍ മനസ്സ് അസ്വസ്ഥമാകുന്നു.ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും
വിയര്‍ക്കുകയും വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു. തനിക്ക് താങ്ങാനാകില്ലെന്ന
തോന്നല്‍ ശക്തിപ്പെടുന്നു. ഭയചകിതനാകുന്നു. മനസ്സും ശരീരവരുമെല്ലാം ഒരുപോലെ
അസ്വസ്ഥമാകുന്ന ഈ അവസ്ഥയെ ഇപ്പോള്‍ ചികിത്സയിലൂടെ ഭേദമാക്കാന്‍ കഴിയും.
ഒ സി ഡികളും ആകാംക്ഷയില്‍ നിന്നും
ഉടലെടുക്കുന്ന സര്‍വ്വ സാധാരണമായ രോഗമാണ്. ചില ലക്ഷണങ്ങള്‍ നോക്കുക. വാതിലടച്ചോ
എന്ന സംശയത്തില്‍ പല തവണ പരിശോധന നടത്തും. കൈകളില്‍ അണുബാധയുണ്ടോ എന്ന സംശയത്തില്‍
പല തവണ വൃത്തിയാക്കാന്‍ ശ്രമിക്കും. തന്റെ സാധനങ്ങളും മറ്റും തൃപ്തിയാകാതെ വീണ്ടും
വീണ്ടും ആവര്‍ത്തിച്ച് അടുക്കി വെയ്ക്കുക, ചെളി പറ്റിയോ എന്ന സംശയത്തില്‍
കഴുകിക്കൊണ്ടേയിരിക്കുക ഇങ്ങനെ പല വിധത്തിലുള്ള ലക്ഷണങ്ങള്‍ ഇത്തരക്കാര്‍
പ്രകടിപ്പിക്കാറുണ്ട്.ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരിക്കുക എന്ന ഈ ശീലം അനിയന്ത്രിതമായ
രീതിയില്‍ അനുവര്‍ത്തിച്ചു കൊണ്ടേയിരിക്കും. സൈക്കോതെറാപ്പിയിലൂടെയും ഡ്രഗ്
തെറാപ്പിയിലൂടെയും ഒസിഡികള്‍ക്കും ശമനമുണ്ടാക്കാന്‍ ഇക്കാലത്ത് സാധിക്കും.
സൈക്കോട്ടിക് ഡിസോര്‍ഡറുകള്‍ പോലെയുള്ള
ഗുരതരമാ മാനസിക രോഗങ്ങള്‍ മുതല്‍ ഒ സി ഡികള്‍ വരെയുളള്ള പ്രധാനപ്പെട്ട ചില മാനസികപ്രശ്നങ്ങളെയാണ് നാം
ഇതുവരെ പരിചയപ്പെട്ടത്. മാനസിക പ്രശ്നങ്ങളെ മാനുഷികമായി സമീപിക്കാനും മറ്റേതൊരു
രോഗത്തേയും പോലെ ശ്രദ്ധയും പരിചരണവും നല്തി സ്വഭാവിക ജീവിതത്തിലേക്ക്
മടക്കിക്കൊണ്ടുവരാനും ശ്രമിക്കുകയെന്നത് സഹജീവി എന്ന നിലയില്‍ ഏതൊരു മനുഷ്യന്റെയും
കടമയാണ്.അത്തരത്തിലുള്ള ഒരു അവബോധം ഇനിയും നാം ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ടെന്നാണ്
ഇതുപോലെയുള്ള പുസ്തകങ്ങള്‍ വ്യക്തമാക്കുന്നത്.
(അവസാനിച്ചു
)
ആധാര
ഗ്രന്ഥങ്ങള്‍ : മനോരോഗങ്ങളെ മനസ്സിലാക്കാം
സ്കിസോഫ്രീനിയ
– ഡോക്ടര്‍ സില്‍വാനോ അറിയേറ്റി തര്‍ജ്ജമ ബി ഐ മാധവന്‍
ചിത്രത്തിന്
കടപ്പാട്
© മനോജ് പട്ടേട്ട് ||24 May 2020, 7.30 A M ||
Comments