#ദിനസരികള്‍ 1126 രണ്ടു വിപ്ലവകാരികള്‍ കത്തുകളിലൂടെ.



          പതിയിരിക്കുന്ന മരണം എവിടെ നിന്നെങ്കിലും ചാടിവീണ് ഞങ്ങളെ വിസ്മയിപ്പിച്ചുകൊള്ളട്ടെ.അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യും.പക്ഷേ ഒന്നുമാത്രം .ഞങ്ങളുടെ ഈ സമരകാഹളം സ്വീകരിക്കുവാന്‍ തയ്യാറുള്ള ഒരു ചെവിയിലെങ്കിലുമെത്തണം.മറ്റൊരു കൈ ഈ ആയുധങ്ങള്‍ എടുത്തുയര്‍ത്താന്‍ നീണ്ടുവരണം. ഞങ്ങളുടെ ചരമഗാനത്തില്‍ യന്ത്രത്തോക്കുകളുടെ നിര്‍‌ഘോഷഗാനം കലര്‍ത്താന്‍ മറ്റു ചിലരെങ്കിലും എത്തണം.വിജയത്തിന്റേയും സമരത്തിന്റേയും പുത്തന്‍ ഘോഷങ്ങള്‍ ഉയരണം.” - ലോകജനത ഒരിക്കലും മറന്നുകൂടാത്ത ഒരു വിപ്ലവകാരിയുടെ, അധികാരിവര്‍ഗ്ഗത്തിന്റെ അനീതികളോടേറ്റുമുട്ടി പട്ടിണിപ്പാവങ്ങളായ സാധാരണ ജനതയെ മോചിപ്പിക്കാന്‍ സ്വന്തം ജീവിതം ബലിയര്‍‌പ്പിച്ച സാക്ഷാല്‍ ചെഗുവേരയുടെ വാക്കുകളാണിത്. ജീവിതാവസാനം വരെ പോരാളിയായിരിക്കുക എന്നതായിരുന്നു ചെഗുവേരയുടെ സ്വപ്നം. ബൊളീവിയന്‍ കാടുകളില്‍ നിന്ന് പിടികൂടപ്പെട്ട ചെ, തന്റെ മുപ്പത്തിയൊമ്പതാം വയസ്സില്‍ 1967 ഒക്ടോബര്‍ ഒമ്പതിന് വെടിവെച്ചു കൊല്ലപ്പെട്ടു.
          വിപ്ലവത്തിനു ശേഷം ക്യൂബയില്‍ ധനകാര്യമന്ത്രിയായും വ്യവസായ മന്ത്രിയായും ദേശീയ ബാങ്കിന്റെ പ്രസിഡന്റായുമൊക്കെ ആകര്‍ഷക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരിന്ന ചെ , ഇനിയും ലോകത്ത് കഷ്ടതയനുഭവിക്കുന്ന ധാരാളം ജനവിഭാഗങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ വിപ്ലവത്തിന്റെ വഴികള്‍ അവസാനിപ്പിച്ച് ക്യൂബയില്‍ മാത്രമായി ഒതുങ്ങിക്കൂടുന്നത് ഉചിതമായ തീരുമാനമല്ലെന്നും ചിന്തിച്ചതിന്റെ ഫലമായിട്ടാണ് കോംഗോയിലേയും ബൊളീവിയയിലേയും വിപ്ലവമുന്നേറ്റങ്ങള്‍ക്ക് ശക്തിപകരാനായി ഇറങ്ങിത്തിരിച്ചത്.വെടിവെച്ചു കൊല്ലാന്‍ പോകുന്നുവെന്ന് ഉറപ്പായ നിമിഷത്തിലും അദ്ദേഹം പതറിയില്ല. തന്നെ കൊല്ലാന്‍ നിയുക്തനായ പട്ടാളക്കാരനോട് അദ്ദേഹം പഞ്ഞത് നിങ്ങള്‍ക്ക് ഒരു കേവലം ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യാനേ കഴിയൂ എന്നാണ്. അതോടൊപ്പം തന്നെ വിപ്ലവത്തിന് , വിപ്ലവകാരികള്‍ക്ക് അമരത്വമാണ് കാലം വിധിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അരഡസന്‍ വെടിയുണ്ടകളേറ്റു വാങ്ങി പിടഞ്ഞു തീരുമ്പോഴും താനതുവരെ പുലര്‍ത്തിപ്പോന്ന വഴികളെയോ ആശയങ്ങളെയോ ഒരു തവണപോലും ചെ തള്ളിപ്പറഞ്ഞില്ല.
          ചെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. പക്ഷേ അതിലുമെത്രയോ ആഴത്തില്‍ ഞാന്‍ ആസ്വദിച്ചു വായിച്ചത് അദ്ദേഹത്തിന്റെ കത്തുകളാണ്. ചെ പലര്‍ക്കായി പല സമയങ്ങളില്‍ എഴുതിയ കത്തുകള്‍ . അവ ചെഗുവേരയുടെ കത്തുകള്‍ എന്ന പേരില്‍ ചിന്താ പബ്ലിഷേഴ്സ് മലയാളത്തില്‍ പുറത്തിറക്കിയിട്ടുണ്ട്.ആ കത്തുകളിലെ ചെയ ഒരു പക്ഷേ എനിക്ക് പുസ്തകങ്ങളിലെ ചെയെക്കാള്‍ പ്രിയപ്പെട്ടവനായി തോന്നിയിട്ടുമുണ്ട്.രണ്ടും തമ്മിലൊരു താരതമ്യത്തില്‍ മികച്ചതേത് എന്നു നിശ്ചയിക്കുകയല്ല ,മറിച്ച് ചെയുടെ എഴുത്തുകളിലൂടെ കടന്നു പോകുന്ന ഒരു ശരാശരി വായനക്കാരന്‍ എന്ന നിലയില്‍ ഒരഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ്.
            തനിക്ക് സര്‍ക്കാര്‍ അനുവദിച്ചു തന്ന ഒരു വീടിന് , അത് അന്നത്തെ ശരാശരിയിലും താഴെയായിട്ടുപോലും ആഡംബരം കൂടിപ്പോയി എന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ അത് താല്ക്കാലികമായ ഒരു വാസസ്ഥാനമാണെന്നും തന്റെ അനാരോഗ്യം കാരണമാണ് ഇവിടെ താമസിക്കേണ്ടി വന്നതെന്നും ചികിത്സ കഴിഞ്ഞാലുടെ അതു തിരിച്ചു നല്കുമെന്നും ജനതയ്ക്ക് ഉറപ്പു നല്കുന്ന ചെയെ കണ്ടുമുട്ടണമെങ്കില്‍ , അതായത് ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഒരു വിപ്ലവകാരിക്ക് ചേരാത്തതായ ഒന്നും തന്നെ കൈവശം വെച്ചു കൂടെന്ന് വാശി പിടിക്കുന്ന ഒരു ചെയെ കണ്ടെത്തണമെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ കത്തുകള്‍ തന്നെ വായിക്കണം. അദ്ദേഹം എഴുതുന്നത് നോക്കുക പഴയ ബാത്തിസ്തക്കാരന്റെ വീടുകളില്‍ തന്നെ ലളിതമായ ഒന്നാണ് അത്.എന്നിരുന്നാലും ജനങ്ങളുടെ കണ്ണില്‍ എന്നെപ്പോലെയൊരാള്‍ക്ക് പാര്‍ക്കാന്‍ പറ്റിയതല്ല, ഈ വീട്. അന്തോണിയോ ലാഹോവിനും സര്‍‌വ്വോപരി ക്യൂബയിലെ മുഴുവന്‍ ജനതയ്ക്കും ഞാന്‍ ഉറപ്പു നല്കുന്നു , ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞാല്‍ ഉടന്‍ ഞാനിത് ഉപേക്ഷിക്കുന്നതാണ് ഇങ്ങനെ തന്റെ ഓരോ പ്രവര്‍ത്തിയേയും ജാഗ്രതയോടെ അദ്ദേഹം സസൂക്ഷ്മം വീക്ഷിക്കുന്നു
          മറ്റൊരു സാഹചര്യത്തില്‍ താനാര്‍ക്കുവേണ്ടിയാണോ ജീവിതം തന്നെ ഉഴിഞ്ഞു വെയ്ക്കാന്‍ തീരുമാനിച്ചത് അതേ തൊഴിലാളികളുടെ ഭാഗത്തു നിന്നും ഒരു ചെറിയ വീഴ്ചയുണ്ടായപ്പോഴും അദ്ദേഹം കര്‍ശനമായി ഇടപെടുന്നുണ്ട്.ക്യൂബയിലെ ഒരു മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ യൂണിറ്റിലെ തന്റെ സഖാക്കള്‍ക്ക് അയച്ച കത്തില്‍ തൊഴിലിടങ്ങളില്‍ അവര്‍ കാണിക്കുന്ന അലംഭാവങ്ങളേയും അമിതാവകാശപ്രവണതകളേയും ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി സഖാക്കളേ , നിങ്ങളുടെ സമീപനത്തില്‍ ഒരു പിശകുണ്ട്.ഒരു സാധനം ഉല്പാദിപ്പിക്കുന്നതിന് ഉത്തരവാദികളായ തൊഴിലാളികള്‍ക്ക് അതിന്മേല്‍ യാതൊരു അവകാശവുമില്ല.ബേക്കറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ റൊട്ടിയ്ക്കോ സിമന്റ് ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ചാക്ക് സിമന്റിനോ അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക് മോട്ടോര്‍ ബൈക്കിനോ അവകാശവാദമുന്നയിക്കാന്‍‌ കഴിയില്ല. ഞാന്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍ ത്രീവീലറുകളിലൊന്ന് ഒരു ചെറിയ ബസ്സിന്റെ രീതിയില്‍ ഉപയോഗിക്കുന്നത് കണ്ടു. കൈയ്യോടെ ഞാനതിനെ വിമര്‍ശിക്കുകയും ചെയ്തു.കമ്യൂണിസ്റ്റ് ലീഗിലെ ഒരംഗം സംഘടനാപരമായ ജോലികള്‍ നിര്‍വഹിക്കാനായി അപ്പോള്‍ പുറത്തു പോയിരിക്കുകയായിരുന്നു. ണ്ടുകാരണങ്ങളാല്‍ ഞാനതിനേയും വിമര്‍ശിച്ചു.ഒന്ന് വാഹനത്തിന്റെ ദുരുപയോഗം,രണ്ട് സമൂഹം പ്രതിഫലം നല്കുന്ന സമയം ഉപയോഗിക്കുന്നതിനോടുള്ള നിരുത്തരവാദപരമായ സമീപനം സ്വന്തം സഖാവ് സംഘടനാപരമായ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനു വേണ്ടി ജോലിക്കിടയില്‍ പുറത്തു പോയതിനെക്കുറിച്ച് അദ്ദേഹം കാണിച്ചിരിക്കുന്ന ജാഗ്രത സശ്രദ്ധം വിലയിരുത്തുക. പൊതുസമൂഹം നിങ്ങള്‍ക്ക് പ്രതിഫലം തരുന്നത് സംഘടനാപരമായ ജോലികള്‍ക്കു വേണ്ടിയല്ലെന്നും അതുകൊണ്ടുതന്നെ അത് അനുവദിക്കാനാവില്ലെന്നും ചെ കര്‍ശനമായിത്തന്നെ പറയുന്നു.ഇന്നാണെങ്കില്‍ നാം സൈദ്ധാന്തിക ശാഠ്യമെന്നൊരു വകുപ്പിലേക്ക് പ്രസ്തുത നിര്‍‌‌ദ്ദേശത്തെ തള്ളി നീക്കുമായിരുന്നുവെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
          സത്യത്തോട് മാത്രം കടപ്പെട്ടിരിക്കുകയെന്നത് ചെഗുവേരയ്ക്ക് ഏറെ ഇഷ്ടമായ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ ആരോടും തന്റെ അഭിപ്രായങ്ങള്‍ സത്യസന്ധമായി വെട്ടിത്തുറന്നു പറയാന്‍ അദ്ദേഹം ഒരു കാലത്തും മടികാണിച്ചിരുന്നില്ല.തനിക്ക് അയച്ചു കിട്ടിയ ഒരു നോവലിനെക്കുറിച്ച് അഭിപ്രായം പറയുമ്പോഴും തന്നെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിന് മറുപടി പറയുമ്പോഴും അദ്ദേഹം മാനിക്കുന്ന ഈ ആശയത്തിന്റെ വെളിപ്പെടലുകള്‍ കാണാം. നോവലില്‍ സ്ഥലങ്ങളേയും പോയിക്കണ്ട് പരിചയപ്പെടാത്തതിന്റെ കുഴപ്പം ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം പറയുന്നത്, നിങ്ങള്‍ അവിടെ പോയി എന്ന് ഭാവിക്കുന്നുണ്ടെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെന്ന് നോവല്‍ വായിച്ചാല്‍ തോന്നുകയില്ലെന്നാണ്. അതേ സമയം ലേഖനത്തിനു കൊടുത്ത മറുപടി ഒരല്പം കൂടി തീക്ഷ്ണമാണ്.നിങ്ങളുടെ ലേഖനം വായിച്ചു.എന്നെക്കുറിച്ചെഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി.പക്ഷേ ആവശ്യത്തിലധികമായിപ്പോയില്ലേ എന്നു ഞാന്‍ സംശയിക്കുന്നു.നിങ്ങള്‍ നിങ്ങളെക്കുറിച്ചും ആവശ്യത്തിലേറെ സംസാരിക്കുന്നു.ചരിത്രമെഴുതുന്ന ഒരു വിപ്ലവകാരി ചെയ്യേണ്ട ആദ്യത്തെ കാര്യം സത്യത്തില്‍ അടിയുറച്ചു നില്ക്കുകയാണ്.കൈയ്യുറയില്‍ വിരലെന്ന പോലെ .നിങ്ങള്‍ അതു ചെയ്തു.എന്നാല്‍ ധരിച്ചത് ഗുസ്തിക്കാരുടെ കൈയ്യുറയായിപ്പോയി.അതേതായാലും നന്നല്ല. അതുകൊണ്ട് ലേഖനം വീണ്ടും വായിക്കുക.നിങ്ങള്‍ക്ക് സത്യമല്ലെന്ന് അറിയുന്നതെല്ലാം വെട്ടിക്കളയുക.
          ചെയുടെ സ്വഭാവം വ്യക്തമാക്കുന്ന , വളരെ നന്നായി വ്യക്തമാക്കുന്ന ഒരു കത്തുകൂടി ഉദ്ധരിക്കാന്‍ ഞാന്‍ തയ്യാറാകട്ടെ. ചെ എന്താണെന്ന് ആ കത്തു ഏറ്റവും സത്യസന്ധമായിത്തന്നെ വെളിപ്പെടുത്തുന്നുണ്ട് എന്ന് ഞാന്‍ ചിന്തിക്കുന്നു. ചെയുടെ ചരിത്രത്തെക്കുറിച്ചും കുടുംബത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും വേവലാതി കൊണ്ടയാള്‍ക്കു അദ്ദേഹം അയച്ച മറുപടിയാണിത്. ചെ എഴുതുന്നു. സത്യം പറയട്ടെ , എന്റെ കുടുംബം സ്പെയിനിലെ ഏതു ഭാഗത്തുനിന്നാണ് വന്നതെന്ന് എനിക്കറിയില്ല.ഒരു കാര്യം തീര്‍ച്ച.ദാരിദ്ര്യം മൂലം എന്റെ പൂര്‍വ്വികര്‍ എത്രയോ കാലം മുമ്പുതന്നെ അവിടം വിട്ടതാണ്.ഞാനേതെങ്കിലും പ്രത്യേക സ്ഥലത്ത് കുറ്റിയടിച്ചു നില്ക്കാതിരുന്നിട്ടുണ്ടെങ്കില്‍ അതിനു പ്രധാന കാരണം എനിക്ക് അനുവദിച്ചു കിട്ടുന്ന പദവിയിലുള്ള അസ്വാസ്ഥ്യമാണ്. ഞാനും താങ്കളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല.ലോകത്തില്‍ നടക്കുന്ന അനീതി കണ്ട് താങ്കള്‍ രോഷാകുലനായിത്തീരുന്നുണ്ടെങ്കില്‍  നമ്മള്‍ സഖാക്കളാണ്. അത്രമാത്രംഇതാണ് ചെ. ഏതു സമയത്തും മനുഷ്യപക്ഷത്ത് ഉറച്ചു നില്ക്കുന്ന ഒരാളുമായിട്ടു മാത്രമേ അദ്ദേഹത്തെ നമുക്ക് കണ്ടെത്തുവാന്‍ കഴിയുകയുള്ളു. അതിനപ്പുറമുള്ളതെല്ലാം അവരെല്ലാം ഏതൊക്കെ തരത്തിലും തലത്തിലും ജീവിച്ചു പോകുന്നവരായിക്കോട്ടെ ചെ യെ സംബന്ധിച്ച് അപ്രസക്തമാണ്. ഇനി മറ്റൊന്നും തന്നെയില്ലെന്നു കൂട്ടുക. പാവപ്പെട്ടവനു വേണ്ടി , തൊഴിലാളിവര്‍ഗ്ഗത്തിനു വേണ്ടി വെമ്പല്‍ കൊള്ളുന്ന ഒരു ഹൃദയം നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായാലും ചെ എന്ന സഖാവ് നിങ്ങളുടെ കൈപിടിക്കാനുണ്ടാകും.
          മറ്റൊരു സഖാവിനെക്കൂടി , ഏറെ സത്യസന്ധനായ മറ്റൊരു മനുഷ്യനെക്കൂടി ഇവിടെ നാം മറന്നു പോകരുത്. തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടീഷ് സിംഹാസനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് തൂക്കുകയറിലേക്ക് നിസ്സംഗനായി കയറിപ്പോയ ധീരരക്തസാക്ഷിയായ ഭഗത് സിംഗ്. അദ്ദേഹത്തിന്റെ ചരിത്രവും ചെയുടേതെന്ന പോലെതന്നെ ജനമനസ്സുകളെ കോള്‍മയി‌ര്‍‌‍കൊള്ളിക്കുന്നതാണെന്ന് പറയേണ്ടതില്ലല്ലോ.ജീവിതം തന്നെ പോരാട്ടമാക്കിയ ആ യുവാവ് സ്വാതന്ത്ര്യ സമരത്തിന്റെ വഴിത്താരകളെ ചോരകൊണ്ട് അടയാളപ്പെടുത്തണമെന്ന് ചിന്തിച്ചിരുന്ന പോരാളിയാണ്. രക്ഷപ്പെടാന്‍ അവസരങ്ങളുണ്ടായിട്ടും ഇനി വരാനിരിക്കുന്ന ലക്ഷക്കണക്കായ സമരപോരാളികള്‍ക്ക് താന്‍ വഴികാട്ടിയാകണമെന്ന് നിശ്ചയിച്ചുകൊണ്ട് അദ്ദേഹം പോലീസിന് പിടികൊടുത്തു. കൊല്ലപ്പെടും എന്നറിഞ്ഞുകൊണ്ടുതന്നെ ജയിലിലേക്ക് പോയ അദ്ദേഹം ജയിലിനുള്ളിലെ അനീതിയ്ക്കെതിരെയും സമരത്തിലായിരുന്നു. അവസാനം,  1907 സെപ്റ്റംബർ 28 ന് പഞ്ചാബില്‍ ജനിച്ച അദ്ദേഹം 1931 മാർച്ച് 23ന് തൂക്കിലേറ്റപ്പെട്ടു.താന്‍ സ്വപ്നം കണ്ടതുപോലെ ഭാരതം സ്വതന്ത്രമാകുന്നത് കാണാന്‍  അവസരമുണ്ടായില്ലെങ്കിലും അദ്ദേഹത്തില്‍ നിന്നും പ്രചോദനം നേടി ആയിരക്കണക്കായ യുവതി യുവാക്കള്‍ പോരാട്ടവേദിയിലേക്ക് ഇറങ്ങിപ്പുറപ്പെടുകയും ഒന്നുകില്‍ സ്വതന്ത്ര്യം അല്ലെങ്കില്‍ മരണം എന്നു നിശ്ചയിച്ചുകൊണ്ട് തെരുവുകളില്‍ ചോരയൊഴുക്കുകയും ചെയ്തു. അവരില്‍ ചിലര്‍‌ക്കെല്ലാം സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി ഭാരതത്തിന്റെ മണ്ണില്‍ വിരിഞ്ഞുയരുന്നത് കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
          ചെയെപ്പോലെ അടങ്ങാത്ത പോരാട്ടവീര്യത്തിന് നിത്യപ്രതീകമായ ഭഗത് സിംഗ് പലപ്പോഴായി എഴുതിയിട്ടുള്ള കത്തുകള്‍ കൂടുതല്‍ ആഴത്തില്‍ ആ വ്യക്തിത്വത്തെ മനസ്സിലാക്കുവാന്‍ നമ്മെ സഹായിക്കും.ഭഗത് സിംഗിന്റെ തിരഞ്ഞെടുത്ത കൃതികളില്‍ കത്തുകളെ സമാഹരിച്ചിരിക്കുന്നു.ആ കത്തുകളോരോന്നും തന്നെ താനേറ്റെടുത്തിരിക്കുന്ന ദൌത്യത്തിന്റെ മഹിമയെക്കുറിച്ച് സ്വയം ബോധ്യമുള്ള ഒരു വിപ്ലവകാരിയുടെ മനസ്സിനെ വരച്ചു കാട്ടുന്നു. ഏതു സാഹചര്യത്തിലും പിന്നോട്ടില്ലെന്നെ തീരുമാനം ഓരോ വരികളിലും  അദ്ദേഹം പുലര്‍ത്തിപ്പോന്നിരുന്നുവെന്ന് ആ കത്തുകള്‍  സാക്ഷ്യപ്പെടുത്തുന്നു.
          സ്വന്തം പിതാവിന് എഴുതിയ ഒരു കത്ത് നോക്കുക എന്റെ ജീവിതം മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടി ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനു വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്.അതുകൊണ്ടുതന്നെ ജീവിത സുഖങ്ങളോ ഐഹികാഭിലാഷങ്ങളോ എന്നെ ആകര്‍ഷിക്കുന്നില്ല.എന്റെ ഉപയന സമയത്ത് എന്നെ രാജ്യസേവനത്തിനായി ഉഴിഞ്ഞു വെച്ചതായി അങ്ങ് പ്രഖ്യാപിച്ചത് ഓര്‍ക്കുന്നുണ്ടാകം.അന്നത്തെ ആ പ്രതിജ്ഞയെ ഞാന്‍ മാനിക്കുന്നു. അങ്ങ് എന്നോടു ക്ഷമിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.സ്ഥിതപ്രജ്ഞനായ , ഏതൊരു സാഹചര്യത്തിലും മനസ്സ് ഇളകിപ്പോകാത്ത ഒരു പോരാളിയെയാണ് നാം ഇവിടെ കാണുക.
            ഈ കത്ത് താങ്കള്‍ക്ക് കിട്ടുമ്പോഴേക്കും ഞാന്‍ പോയിക്കഴിഞ്ഞിരിക്കും. അതിവിദൂര ലക്ഷ്യസ്ഥാനത്തേക്ക് എന്നാണ് സുഖ്ദേവിന് അയച്ച ഒരു കത്ത് തുടങ്ങുന്നത്. ആ കത്തില്‍ ചാപല്യങ്ങളിലല്ല ആലോചിച്ചുറപ്പിച്ച ലക്ഷ്യങ്ങളിലാണ് ഒരു വിപ്ലവകാരി അഭിരമിക്കുന്നതെന്ന് അദ്ദേഹം ഉറച്ചു പ്രഖ്യാപിക്കുന്നുജീവിതാഭിലാഷങ്ങളും അഭിവാഞ്ചകളും എനിക്കുമുണ്ട്.ജീവിതത്തോടുള്ള കാമനയും വേണ്ടത്രയുണ്ട്.എന്നാല്‍ ആവശ്യം വരുമ്പോള്‍ അവയൊക്കെയും പരിത്യജിക്കാന്‍ എനിക്ക് കഴിയും.അതാണ് യഥാര്‍ത്ഥ ത്യാഗംഎന്തൊരു ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ് ആ വാക്കുകളില്‍ തെളിഞ്ഞു നില്ക്കുന്നതെന്ന് നോക്കുക. തന്റെ ഉള്ള് മറച്ചു പിടിച്ചുകൊണ്ട് മറ്റൊന്ന് അഭിനയിക്കുക എന്ന ശീലം ഭഗത് സിംഗിന് വഴങ്ങുന്നതായിരുന്നില്ല.   
ബി കെ ദത്തിന് അയച്ച ഒരു കത്തു കാണുക. പ്രിയ സഹോദരാ
വിധി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.എനിക്ക് വധശിക്ഷയാണ് വിധിക്കപ്പെട്ടിരിക്കുന്നത്.ഇവിടെ ഈ ജയിലറകളില്‍ എന്നെക്കൂടാതെ പലരും തൂക്കുകയര്‍ വിധിക്കപ്പെട്ടവരാണ്.അവരൊക്കെയും എങ്ങനെയെങ്കിലും ഈ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഒരു വേള ഇവര്‍ക്കിടയില്‍ ഞാന്‍ മാത്രമായിരിക്കാം കൊലമരത്തെ ആശ്ലേഷിക്കാനുള്ള ഭാഗ്യം സിദ്ധിക്കുന്ന ആ ദിവസത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏകമനുഷ്യന്‍.ഞാന്‍ സന്തോഷത്തോടെ കൊലമരത്തില്‍ കയറും അങ്ങനെ വിപ്ലവകാരികള്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുംതാന്‍ ചെയ്യാന്‍ പോകുന്ന മഹത്തായ കര്‍മ്മത്തിന് യോജിച്ച രീതിയിലല്ലാത്ത ഒരു വാക്കുപോലും അദ്ദേഹത്തില്‍  നമുക്ക് കണ്ടെത്താന്‍ കഴിയില്ല.എന്നുമാത്രവുമല്ല വിപ്ലവകാരികളെ നാളെ വരുന്ന ധീരരും അഭിമാനികളുമായിട്ടുവേണം സമുഹം നോക്കിക്കാണേണ്ടത്  എന്ന നിര്‍ബന്ധംകൂടി അദ്ദേഹത്തിനുണ്ടായിരുന്നു.അതിനൊത്ത വിധത്തിലുള്ള ഒരു മരണവും അദ്ദേഹം സ്വീകരിച്ചു
          രണ്ടു മഹത്തായ ജീവിതങ്ങള്‍, മനുഷ്യനുണ്ടാകുന്ന കാലത്തോളം പ്രത്യാശയുടേയും പോരാട്ടവീര്യത്തിന്റേയും അടങ്ങാത്ത പ്രതീകങ്ങളായ രണ്ടു ജീവിതങ്ങള്‍ !  നമ്മുടെയൊക്കെ ജീവിതത്തിന് അവര്‍ എക്കാലവും പ്രചോദനമാകുകതന്നെ ചെയ്യും.
    

© മനോജ് പട്ടേട്ട് ||17 May 2020, 04:00 PM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം