#ദിനസരികള്‍ 1132 മനോരോഗങ്ങളും ചികിത്സയും – 6




ഞാന്‍ നടക്കും വഴികളിലൊക്കെയും മുള്ളുകള്‍ ...



          എന്താണ് സ്കിസോഫ്രീനിയ എന്നു ചോദിച്ചാല്‍ ഇക്കാലത്തും കൃത്യമായി നിര്‍വചിക്കുക പ്രയാസമാണ്. ചിന്തയുടേയും പ്രവര്‍ത്തിയുടേയും താളം തെറ്റുകയും അതുവഴി ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുക എന്നതാണ് ഈ രോഗത്തെക്കുറിച്ച് പൊതുവായി പറയാന്‍ കഴിയുക. ഗുരുതരമായ മനോരോഗങ്ങളുടെ പട്ടികയിലാണ് സ്കിസോഫ്രീനിയ. മനോരോഗാശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളില്‍ അമ്പതു ശതമാനവും ഈ രോഗത്തിന്റെ പിടിയിയിലാണെന്നും നൂറു പേരില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് സ്കിസോഫ്രീനിയ പൊതുസമൂഹത്തില്‍ ഇടം തേടിയിരിക്കുന്നതെന്നതും കൂടി അറിയുമ്പോഴാണ് എത്രമാത്രം ആപത്കരമാണ് ഈ രോഗത്തിന്റെ വ്യാപനം എന്നു നാം തിരിച്ചറിയുന്നത്.

          സ്കിസോഫ്രീനിയ പെട്ടെന്നുണ്ടാകുന്ന ഒരു രോഗമല്ല. തുടക്കത്തില്‍ ചില ലക്ഷണങ്ങളൊക്കെ പ്രകടിപ്പിച്ചു തുടങ്ങും.ഒന്നിനോടും താല്പര്യമില്ലാതെയും എല്ലാത്തിനേയും സംശയത്തോടെ വീക്ഷിച്ചും എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറിയും കഴിയുന്നത്ര ഒറ്റപ്പെടാനുള്ള പ്രവണതയായിരിക്കും പ്രകടിപ്പിക്കുക. ഒരു കാലത്ത് താല്പര്യമുണ്ടായിരുന്നവയൊക്കെ ഇപ്പോള്‍ മാറ്റി വെയ്ക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. ഈ ഉള്‍വലിവ് എല്ലാ രംഗങ്ങളിലും കാണാന്‍ കഴിയും. അതോടൊപ്പം താന്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമാണ് ശരിയെന്ന ധാരണയും വേരുറയ്ക്കുന്നു. ഇങ്ങനെ പല വിധത്തിലുള്ള ധാരണകളും മിഥ്യാധാരണകളുമെല്ലാം കൂടിക്കുഴഞ്ഞ് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ രോഗിയില്‍ അസ്വാഭാവികതകള്‍ സൃഷ്ടിക്കപ്പെടുന്നു. മുപ്പതു വയസ്സിനു താഴെ , കൌമാരകാലത്തിന്റെ തുടക്കങ്ങളിലാണ് ഈ രോഗം സാമാന്യമായി കണ്ടുവരുന്നത്. പഴകുന്തോറും ചികിത്സ അസാധ്യമായിത്തീരുന്ന ഈ രോഗം നേരത്തെ കണ്ടെത്തിയാല്‍ ഭേദമാകുന്നതിനുള്ള സാധ്യത ഏറെയാണ്.

          സൈക്കോട്ടിക് രോഗങ്ങളുടെ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന സ്കിസോഫ്രീനിയയെ കൂടുതല്‍ എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ പൊതുവായ ചില ലക്ഷണങ്ങളെ പരിചയപ്പെടേണ്ടിയിരിക്കുന്നു.കാഴ്ചകള്‍ , കേള്‍‌വികള്‍ , തോന്നലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പലതരത്തിലുള് മിഥ്യാധാരണകളെ സൈക്കോട്ടിക് ലക്ഷണങ്ങള്‍ എന്നു പറയുന്നു.മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത കാഴ്ചകള്‍ കാണന്നുതായി തോന്നുക, മറ്റുള്ളവര്‍ പറയുന്ന വാക്കുകള്‍ക്ക് പകരം വേറെ ചില വാക്കുകള്‍ കേള്‍ക്കുക, അശരീരി കേള്‍ക്കുക എന്നിവയെല്ലാം ഇതില്‍ പെടുന്നു.ഡെല്യൂഷനുകള്‍ , ഹലൂസിനേഷനുകള്‍  എന്നീ ഇംഗ്ലീഷ് പദങ്ങളാണ് ഈ അവസ്ഥകള്‍ക്ക് നല്കിയിട്ടുള്ള പേരുകള്‍. രോഗിയുടെ മാനസികാവസ്ഥയും പെരുമാറ്റങ്ങളും യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നും വിട്ടകന്ന ഒരു തരം വിശ്ലഥാവസ്ഥയില്‍ എത്തുകയാണ് ചെയ്യുന്നത്.അതുകൊണ്ട് അര്‍ത്ഥങ്ങളും ഉദ്ദേശങ്ങളും മറ്റുള്ളവര്‍ക്ക് മനസ്സിലാകാതെ വരുന്നു.താന്‍ ചെയ്യുന്നതിലെ ക്രമമില്ലായ്മയെക്കുറിച്ച് രോഗി തിരിച്ചറിയുന്നില്ലെന്നു മാത്രമല്ല, മറ്റുള്ളവര്‍ ചെയ്യുന്നതില്‍ ക്രമമില്ലായ്മ കണ്ടെത്തുകയും ചെയ്യുന്നുവെന്ന ഇവിടെ വ്യക്തമാകുന്നു.

          സ്കിസോഫ്രീനിയയെക്കുറിച്ച് എക്കാലത്തേയും ആധികാരിക ശബ്ദമായ ഡോക്ടര്‍ സില്‍വാനോ അറിയേറ്റി ഈ രോഗത്തെക്കുറിച്ച് പറയുന്നതു കേള്‍ക്കുക രണ്ടുതരത്തിലാണ് സ്കിസോഫ്രീനിയ രോഗം സാധാരണയായി കണ്ടുവരുന്നത്.അതില്‍ ഒന്നിന്റെ പ്രത്യേകത മാനസികമായി പിന്തിരിയലാണ്.ലോകത്തോടുള്ള രോഗിയുടെ പ്രതികരണത്തിലിതു കാണാം.ലോകത്തെക്കുറിച്ച് അതിരു കവിഞ്ഞ ഭയം , ആളുകളെക്കുറിച്ച് സംശയം , എല്ലാറ്റില്‍ നിന്നും ആകെപ്പാടെ രക്ഷപ്പെടാനുള്ള ആഗ്രഹം , ലോകം ശ്രദ്ധയാകര്‍ഷിക്കുന്നില്ല, തന്റെ പങ്കാളിത്തം ആവശ്യമില്ല, അയാളുടെ സഹകരണം ആവശ്യമില്ല എന്ന ചിന്തയോടെയാണ് ഈ ഒളിച്ചോട്ടത്തിന് ന്യായീകരണം കണ്ടെത്തുന്നത്.തനിക്കു ചുറ്റുമുള്ള ഭയങ്കര ദൃശ്യങ്ങളില്‍ ദൃഷ്ടി പതിക്കാതിരിക്കാനെന്നവണ്ണം അവര്‍ ശൂന്യതയിലേക്ക് തുറിച്ചു നോക്കിക്കൊണ്ടേയിരിക്കും.           രണ്ടാമത്തെ തരത്തിലുള്ള പ്രത്യേകത Projection അഥവാ അധ്യാരോപണം ആണ്.ഒരു കൂട്ടം മിഥ്യാധാരണകള്‍ രോഗിയെ ആവേശിക്കുന്നു. ഭയങ്കരമായ വിപത്തുകള്‍‌ അടുത്തെത്തിയിരിക്കുന്നു.പീഢകര്‍ തന്നെ ഉപദ്രവിക്കാനുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുകയാണ്.ഈ ആപത്തുകള്‍ രോഗി യഥാര്‍ത്ഥമെന്നതുപോലെ അനുഭവിക്കുന്നു.അവ തനിക്ക് തീവ്രവേദന സമ്മാനിക്കുന്നുവെന്ന് ചിന്തിക്കുന്നു.

ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ പൊതുവേ പ്രകടിപ്പിക്കുന്ന സ്കിസോഫ്രീനിയാ രോഗികളെ ആധുനിക കാലത്ത് നാലായി തരംതിരിച്ചിട്ടുണ്ട്.രോഗലക്ഷണങ്ങളോടൊപ്പം നാലുതരത്തിലുള്ള ഉപവിഭാഗങ്ങളെക്കുറിച്ചും മനോരോഗങ്ങളെ മനസ്സിലാക്കാം എന്ന ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നോക്കുക സ്കിസോഫ്രീനിയോ തുടങ്ങുന്നത് പെട്ടെന്നല്ല , ക്രമേണയാണ്.അസുഖ ലക്ഷണങ്ങള്‍ക്ക് ഒരായിരം മുഖങ്ങളുണ്ട്. അവയില്‍ പ്രസക്തമായവ ഇവിടെ വിവരിക്കാം.
1.                  ഒന്നിലും താല്പര്യമില്ലായ്മയും മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞു മാറലും :- ജോലി പഠനം വൃത്തി കുടുംബകാര്യങ്ങള്‍ , ആഹാരം എന്നിവയില്‍ അലസതയും താല്പര്യക്കുറവും. കണ്ടാല്‍ ഏതോ ഗാഢചിന്തയിലാണെന്നു തോന്നും.ഉറക്കം ശറിയാകാതെ വരുന്നു. കൂട്ടുകാരില്‍ നിന്നും മറ്റു സാമൂഹിക രംഗങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി അന്തര്‍മുഖനായി മാറുന്നു
2.                  മിഥ്യാധാരണ :- (Delusion ) തെറ്റായതും സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ ചിന്തകളില്‍ ഉറച്ചു വിശ്വസിക്കുക എന്നത് സ്കിസോഫ്രീനിയ രോഗികളുടെ ഒരു സ്വഭാവമാണ്.ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ട്, ആരോ ഗൂഡാലോചന നടത്തുന്നു, ഭാര്യക്ക് അവിഹിതബന്ധമുണ്ട് മറ്റുള്ളവര്‍ തന്നെക്കുറിച്ച് സംസാരിക്കുന്നു, ബാഹ്യശക്തികള്‍ തന്റെ ചിന്തയെയും തന്നെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു മുതലായവയാണ് സാധാരണയായി കാണുന്ന മിഥ്യാധാരണകള്‍.
3.                  മിഥ്യാദര്‍ശനങ്ങളും മിഥ്യാനുഭവങ്ങളും (Hallucinations ) രോഗിക്ക് തന്നോട് ആളുകള്‍ സംസാരിക്കുന്നതായോ അല്ലെങ്കില്‍ തന്റെ പേര്‍‌ ഉച്ചരിക്കുന്നതായോ തോന്നുന്നു.അയാളോടോ അയാളെപ്പറ്റിയോ യഥാര്‍ത്ഥത്തില്‍ ആരും സംസാരിക്കുന്നുണ്ടാവില്ല.ചില രോഗികള്‍ തനിയെ ഇരുന്ന പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കും, ചിരിക്കും , അംഗവിക്ഷേപങ്ങള്‍ കാണിക്കും.ചിലപ്പോള്‍ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ രോഗി കണ്ടെന്നു വരാം.മിഥ്യാനുഭവങ്ങള്‍ രോഗിയെ ഭയപ്പെടുത്തിയേക്കും. മറ്റുള്ളവരെ ആക്രമിക്കാനോ ആത്മഹത്യയ്ക്കോ രോഗി ശ്രമിച്ചേക്കും
4.                  ശരീരശുചിത്വത്തില്‍ ശ്രദ്ധയില്ലായ്മ രോഗം ആരംഭിച്ചു കഴിഞ്ഞാല്‍ ക്രമേണ രോഗി ശരീരം വൃത്തിയാക്കാനും കുളിക്കാനും വിസമ്മതിക്കും. ഉടുപ്പിലും നടപ്പിലും ചുറ്റുപാടുകളിലുമൊന്നും ശ്രദ്ധയില്ലാതെയാകും.
5.                  വൈകാരിക മാറ്റങ്ങള്‍  - ഉത്കണ്ഠ ഭയം കോപം സംശയം എന്നിവ പെടുന്നനെ രോഗി പ്രകടിപ്പിച്ചേക്കും.ചിലപ്പോള്‍ നിര്‍വികാരമായി ഏറെ നേരമിരിക്കും.എല്ലാ കാര്യങ്ങളിലും നിന്ന് പിന്തിരിയുന്നതുകൊണ്ട് ചുറ്റും നടക്കുന്നത് എന്താണെന്നു പോലും രോഗി അറിയുന്നുണ്ടാവില്ല
പൊതുലക്ഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം തന്നെ സ്കിസോഫ്രീനിയാ രോഗികളെ പൊതുവേ നാലു വിഭാഗങ്ങളായി തിരിക്കാം.1. പാരനോയ്ഡ് സ്കിസോഫ്രീനിയ, ഹെബീഫ്രേനിക്കുകള്‍ , കാറ്റട്ടോണിക് മാതൃക , ലഘു സ്കിസോഫ്രീനിയ എന്നിവയാണ് അവ.    
  
(തുടരും )
ആധാര ഗ്രന്ഥങ്ങള്‍ : മനോരോഗങ്ങളെ മനസ്സിലാക്കാം
സ്കിസോഫ്രീനിയ ഡോക്ടര്‍ സില്‍വാനോ അറിയേറ്റി തര്‍ജ്ജമ ബി ഐ മാധവന്‍

ചിത്രത്തിന് കടപ്പാട്
© മനോജ് പട്ടേട്ട് ||23 May 2020, 10.30 A M ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം