#ദിനസരികള്‍ 1131 മനോരോഗങ്ങളും ചികിത്സയും – 5
ഓര്‍ക്കുക വല്ലപ്പോഴും .....
കവി പി ഭാസ്കരന്റെ ഓര്‍ക്കുക വല്ലപ്പോഴും എന്ന കവിത വായിച്ചവരിലൊക്കെ ഒരു
വിമ്മിഷ്ടമുണ്ടാക്കാതെയിരിക്കില്ല.വേര്‍പിരിഞ്ഞു പോകുന്ന പ്രാണസഖിയോട് അവസാനമായി
ഓര്‍ക്കുക വല്ലപ്പോഴും എന്ന് പറഞ്ഞ് പിന്തിരിഞ്ഞു നടക്കുന്നവനോടൊപ്പം നമ്മളും
കണ്ണു നിറയ്ക്കുന്നു. അയാളോടൊപ്പം നിന്ന് അറിയാതെ പറഞ്ഞു : ഓര്‍ക്കുക വല്ലപ്പോഴും. ഇതുപോലെ ഒരിക്കലെങ്കിലും പ്രിയപ്പെട്ടവരെ
പിരിഞ്ഞു പോകാത്ത ആരുംതന്നെ ഇവിടെ കാണില്ല. അതു ചിലപ്പോള്‍ പ്രണയത്തകര്‍ച്ചയുടെ
ഫലമാകാം , ദീര്‍ഘകാലത്തേക്കുള്ള വേര്‍പിരിയിലാകാം ആത്യന്തികമായി മരണമെത്തി
തിരശീലയിടുന്നതുമാവാം, എന്തുതന്നെയായാലും വേര്‍പിരിയുക എന്നൊരു അവസ്ഥ നാം
അനുഭവിക്കുന്നു. പിരിഞ്ഞകലുന്നവരാകട്ടെ പിന്നെ ജീവിക്കുന്നത് ഓര്‍മ്മകളിലാണ്. ഓര്‍മ്മയുടെ
പ്രസക്തി ബോധ്യപ്പെടുത്തുന്ന ഏറ്റവും വൈകാരികമായ ചില നിമിഷങ്ങളെ
ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു. സത്യത്തില്‍
ഓര്‍മ്മ നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു
വ്യക്തി ജനിക്കുമ്പോള്‍ മുതല്‍ മരിക്കുന്നതുവരെ ഓര്‍മ്മകളാണ് അവനെ മുന്നോട്ടു
നടത്തുന്നതെന്നു പറയാം. അത്രയും പരമപ്രാധാന്യമുള്ള ഓര്‍മ്മ തന്നെ നമുക്ക്
നഷ്ടപ്പെട്ടാലോ ? ആ
സ്ഥിതി അതിദയനീയമായിരിക്കും. താനാരാണെന്നോ എന്താണെന്നോ ഓര്‍ക്കാതെ ,
പ്രിയപ്പട്ടവരെ തിരിച്ചറിയാനാകാതെ സ്ഥലവും കാലവുമായുള്ള ബന്ധം നഷ്ടപ്പെട്ട് ഒരു
തരം പൊങ്ങുതടിപോലെ അവര്‍ ഒഴുകിക്കിടക്കുന്നു.
ഇങ്ങനെ തലച്ചോറിന്റെ ഓര്‍മ്മിക്കുവാനുള്ള
ശേഷിയടക്കമുള്ളവ നഷ്ടപ്പെടുക എന്ന എന്ന
അവസ്ഥയ്ക്ക് മനശാസ്ത്രത്തില്‍ ഡിമന്‍ഷ്യ എന്നാണ് പറയുക. ഏറ്റവും പെട്ടെന്ന് ഈ
അവസ്ഥ മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്നത് ഒരാള്‍ പ്രകടിപ്പിക്കുന്ന ഓര്‍മ്മക്കുറവിന്റെ
അടിസ്ഥാനത്തിലായതുകൊണ്ട് ഡിമന്‍ഷ്യ എന്നാല്‍ പലപ്പോഴും നമുക്ക് മറവിരോഗമാണ്. ഡിമന്‍ഷ്യ
മൂലം മറവിയ്ക്കു പുറമേ , ഭാഷ , ചിന്തിക്കുവാനുള്ള കഴിവ്, വിവേചിച്ച് അറിയാനുളള
ശേഷി തുടങ്ങി മസ്തിഷ്കത്തിന്റെ പല
അടിസ്ഥാന ധര്‍മ്മങ്ങളും നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ തൊഴിലെടുക്കാനോ ദൈനം ദിന
ജീവിതം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനോ കഴിയാത്ത സാഹചര്യം സംജാതമാകുന്നു.
പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ കഴിയാതെ അന്ധാളിപ്പോടെ നോക്കിയിരിക്കുന്നതു
കാണുന്നതുതന്നെ വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് “ വൃദ്ധരെ
വലിയ തോതില്‍ പീഢിപ്പിക്കുകയും അകാല മരണത്തിലേക്കുതന്നെ നയിക്കുകകയും ചെയ്യുന്ന
നാലുരോഗങ്ങളിലൊന്നാണ് ഡിമെന്‍ഷ്യ “
എന്ന് വിലയിരുത്തപ്പെടുന്നത്. മറ്റു മൂന്നെണ്ണം പ്രമേഹം , കാന്‍സര്‍
, ഹൃദ്രോഗങ്ങള്‍ എന്നിവയാണ് .
മസ്തിഷ്കത്തെ ബാധിക്കുന്ന ശേഷിക്കുറവിന്
പല വിധ കാരണങ്ങളുണ്ട്. “സ്വാഭാവിക
വാര്‍ധക്യത്തോടൊപ്പം ബാധിക്കുന്ന ചില രോഗങ്ങളാണിതിനു കാരണം. ഹണ്ടിംഗ്ടണ്‍ രോഗം,
പാര്‍ക്കിന്‍സണ്‍ രോഗം, അണുബാധ, രക്താതിമര്‍ദ്ദം , പ്രമേഹം, ചതവുകള്‍ , ഡിപ്രഷന്‍
, കൊളസ്റ്ററോളിന്റെ ആധിക്യം , മദ്യപാനം, എയിഡ്സ് , തലച്ചോറിലേക്കുള്ള രക്തപ്രവാഹം
നിലയ്ക്കല്‍ തുടങ്ങിയ രോഗങ്ങളെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകും.ഇവയില്‍ ഏതെങ്കിലും
ഒന്നോ ഒന്നില്‍ക്കൂടുതലോ രോഗങ്ങള്‍ തലച്ചോറിനെ ബാധിക്കാം.” ഇങ്ങനെ ഡിമന്‍ഷ്യ ഉണ്ടാകാനിടയുള്ള
സാഹചര്യങ്ങളെയാണ് ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു.
ഡിമന്‍ഷ്യ രോഗങ്ങളില്‍ ഏറ്റവും
പ്രധാനപ്പെട്ടതും പൊതുജനങ്ങളുടെയിടയില്‍ത്തന്നെ അറിയപ്പെടുന്നതുമായ രോഗമാണ് അല്‍ഷിമേഴ്സ്
ഡിമന്‍ഷ്യാ അഥവാ മറവിരോഗം. നാഡീവ്യവസ്ഥ തകരാറിലാകുകയും തലച്ചോറ് ചുരുങ്ങി വരികയും
ചെയ്യുന്ന ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 1906 ല്‍ അലോയ് അല്‍ഷിമര്‍ എന്ന
നാഡീശാസ്ത്രജ്ഞനാണ് കണ്ടെത്തുന്നത്. മസ്തിഷ്കത്തിലെ നാഡികളിലുണ്ടാകുന്ന നാശം, ജീര്‍ണത
വീണ്ടെടുക്കാനുള്ള വഴികള്‍, ഇനിയും കണ്ടെത്തിയിട്ടില്ല എന്നത് ഈ രോഗത്തിന്റെ
ചികിത്സ അസാധ്യമാക്കുന്നു.
അറുപത്തിയഞ്ചിനു മുകളില്‍
പ്രായമുള്ളവരില്‍ പതിനഞ്ചിലൊരാള്‍ക്കും എണ്‍പത്തിയഞ്ചു കഴിഞ്ഞവരില്‍ അമ്പതു ശതമാനം
ആളുകള്‍ക്കും അല്‍ഷിമേഴ്സ് രോഗമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.ആകെയുള്ള ഡിമന്‍ഷ്യ
രോഗികളില്‍ അമ്പതു ശതമാനത്തിനും അല്‍ഷിമേഴ്സ് രോഗമായിരിക്കും.”ഓര്‍മ്മപ്പിശകുകളായി
അനുഭവപ്പെട്ടു തുടങ്ങുന്ന രോഗ ലക്ഷണംവാര്‍ധക്യ സഹജമായുള്ളതാണോ അതോ ഡിമന്‍ഷ്യ
മൂലമുള്ളതാണോയെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്.ആവുന്നത്ര വേഗം തിരിച്ചറിയാന്‍
കഴിഞ്ഞാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പല വിഷമാവസ്ഥകളും പരിഹരിക്കുവാനോ ചുരുങ്ങിയ
പക്ഷം അവയുടെ ആക്കം കുറയ്ക്കാനോ കഴിഞ്ഞെന്നു വരാം.ഈ വഴിക്കുള്ള ആലോചനകയും ഏറെ
നടന്നിട്ടുണ്ട്.വിവരങ്ങള്‍ ശേഖരിക്കുവാനും ഫലപ്രദമായ നിരീക്ഷണങ്ങള്‍ നടത്താനും
ഏറെ ശ്രമകരമായ മേഖലയാണിത്.നാട്ടിലിറങ്ങി ഓര്‍മശക്തിക്കുറവുള്ളവരെ കണ്ടെത്തുക,
അതിന്റെ കാരണമെന്താണെന്ന് തിരിച്ചറിയുക തുടര്‍നിരീക്ഷണം നടത്തുക തുടങ്ങിയ
ജോലികളെല്ലാം വലിയ വെല്ലുവിളികള്‍ നേരിടുന്നവ തന്നെയാണ്.” എന്നത്
ഈ മേഖലയിലെ കാര്യമായ ഇടപെടലുകളെ അസാധ്യമാക്കുന്നു. മാത്രവുമല്ല വയസ്സായാല്‍ മറവി
സ്വഭാവികമാണെന്ന് ചിന്തിച്ചു ശീലിച്ച പൊതുജനത്തിന് ഈ രോഗത്തെക്കുറിച്ച് കൃത്യമായ അവബോധങ്ങളുണ്ടാക്കിയെടുക്കുന്നത്
അത്രതന്നെ അസാധ്യവുമാണ്.
(തുടരും
)
ആധാര
ഗ്രന്ഥങ്ങള്‍ : മനോരോഗങ്ങളെ മനസ്സിലാക്കാം
ചിത്രത്തിന്
കടപ്പാട്
© മനോജ് പട്ടേട്ട് ||22 May 2020, 9.30 A M ||
Comments