#ദിനസരികള്‍ 1130 മനോരോഗങ്ങളും ചികിത്സയും – 4




വിഷാദഗാനങ്ങള്‍ ....


            അധ്യായം മൂന്ന് ഡിപ്രഷനെക്കുറിച്ചാണ്. വിഷാദരോഗം അഥവാ ഡിപ്രസീവ് ഡിസോര്‍ഡര്‍ (Depressive Disorder ) സമൂഹത്തിലെ എട്ടുശതമാനം ആളുകളിലെങ്കിലും ബാധിക്കപ്പെട്ടിരിക്കുന്നു. ഇവരില്‍ പതിനഞ്ചു ശതമാനമെങ്കിലും ആത്മഹത്യ ചെയ്യാറുണ്ട് എന്നുകൂടി അറിയുമ്പോഴാണ് ഈ രോഗം എത്രമാത്രം ഭീതിജനകമാണെന്ന് നാം ചിന്തിക്കുക.ചികിത്സാ രംഗത്ത് സര്‍വ്വ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് ഡിപ്രഷന്‍. രോഗികളുടെ എണ്ണവും രോഗത്തിന്റെ സര്‍വ്വസാധാരണത്വലും നാം ചിന്തിക്കുന്നതിനും അപ്പുറമാണ്.അധികവും മറ്റു രോഗങ്ങളുടെ കൂടെ വേഷം മാറി പ്രത്യക്ഷപ്പെടാറുള്ളതുകൊണ്ട് തിരിച്ചറിയാറില്ലെന്നേയുള്ളു.നമ്മുടെ പൊതു ചികിത്സാ രംഗത്ത് സൈക്യാട്രിയുടെ സമീപനം താരതമ്യേന കുറവായതുകൊണ്ടാണ് ഡിപ്രഷന്‍ എന്ന മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുന്നതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തന്നതും.എന്ന് ഡോക്ടര്‍ സുരരാജ് മണി എഴുതുന്നു. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നവരില്‍ ഇരുപതു ശതമാനമെങ്കിലും വിഷാദ രോഗികളായിരിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.എന്നാല്‍ അത് തിരിച്ചറിയാനും പലപ്പോഴും ചികിത്സ നല്കാനും കഴിയാതെ വരുന്നു. ചില ശാരീരിക രോഗങ്ങളുണ്ട് എന്നു ചിന്തിച്ച് ആശുപത്രികളില്‍ നിരന്തരം കയറിയിറങ്ങുന്ന ആളുകളുടെ കഥ പല ഡോക്ടര്‍മാരും പറഞ്ഞു കേള്‍ക്കാറുണ്ട്.എത്രയൊക്കെ മരുന്നുകള്‍ കഴിച്ചാലും രോഗത്തിനു മാത്രം ഒരു കുറവുമുണ്ടാകില്ല. സത്യത്തില്‍ അവര്‍ക്ക് ശാരീരികമായി എന്തെങ്കിലും അസുഖമുണ്ടായിട്ടല്ല. ഇങ്ങനെയുള്ളവരില്‍ നല്ലൊരു വിഭാഗം ആളുകളും ഡിപ്രഷന്റെ പിടിയിലായിരിക്കും.യഥാസമയം തിരിച്ചറിയപ്പെടാതിരുന്നാല്‍ അത് ആത്മഹത്യയടക്കമുള്ള അപകടനിലയിലേക്ക് എത്തുകയും ചെയ്യും.

          ഡിപ്രഷനെ ഗ്രന്ഥകാരന്‍ താഴെ സൂചിപ്പിക്കുന്ന വിധത്തില്‍ വിശദമാക്കുന്നു – “ ഒന്നല്ല ഒരു കൂട്ടം രോഗങ്ങളുടെ ആകെത്തുകയാണ് ഡിപ്രഷന്‍ എന്ന് സൂചിപ്പിച്ചുവല്ലോ.ഭക്ഷണത്തില്‍ രുചി തോന്നാതിരിക്കുക, ഉറക്കക്കുറവ് , ക്ഷീണം, ലൈംഗിക വിരക്തി, ശരീര ഭാരത്തില്‍ വ്യത്യാസം , തലവേദന , ശരീര വേദന , വയറു വേദന, പേശികള്‍‌ക്ക് മുറുക്കും തുടങ്ങിയ ശാരീരിക ലക്ഷണങ്ങളുണ്ടാകാം. എന്നാലും അവ എല്ലാ രോഗികളിലും തുല്യമായിരിക്കണമെന്നില്ല.ഉറക്കം ചിലരില്‍ ക്രമത്തില്‍ അധികമായെന്നു വരാം.സ്ത്രീകളില്‍ ഭക്ഷണപ്രിയം കൂടി പൊണ്ണത്തടിയുണ്ടായെന്നു വരാം.മേല്‍പ്പറഞ്ഞ ശാരീരിക ലക്ഷണങ്ങളോടൊപ്പം പെരുമാറ്റ വ്യതിയാനങ്ങളിലേക്കു നയിക്കുന്ന മാനസിക ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നു.മടുപ്പ് വെറുപ്പ് അക്ഷമ മുന്‍‌കോപം , ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക ,എന്തിന്റേയും പ്രതികൂല വശങ്ങള്‍ മാത്രമായി ശ്രദ്ധിക്കുക, ആത്മഹത്യ , കുറ്റ കൃത്യങ്ങള്‍ എന്നിവയോട് അടങ്ങാത്ത ഉള്‍‌പ്രേരണ , സന്തോഷക്കുറവ് , ഒന്നിലും താല്പര്യമില്ലായ്മ തുടങ്ങിയവയാണ് മാനസിക ലക്ഷണങ്ങള്‍.മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ എല്ലാ രോഗികളിലും ഒത്തിരിക്കുമെന്ന് ചിന്തിക്കുന്നത് അബദ്ധമായിരിക്കും. സ്വാഭാവികമായ ഏറ്റക്കുറച്ചിലുകളോടെയായിരിക്കും ഇത് ഓരോ വ്യക്തികളും പ്രത്യക്ഷപ്പെടുക. വളരെ സൂക്ഷ്മമായ നിരീക്ഷണപാടവം ഈ രോഗത്തെ പുറത്തു കൊണ്ടുവരാന്‍ ഡോക്ടര്‍മാരെ സഹായിക്കും.ഇതൊരു മൂഡ് ഡിസോര്‍ഡര്‍ രോഗമായും പരിഗണിക്കുന്നുണ്ട്. അതായത് മാനസികാവസ്ഥയ്ക്ക് ഒരു ക്രമമില്ലാതെയാകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാറിമാറിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ ശ്രദ്ധയുടെ കേന്ദ്രീകരണം അസാധ്യമാക്കുന്നു.

          മാനസികമായ ദൌര്‍ബല്യം എന്നു വിലയിരുത്തിയാണ് നാം ഈ രോഗത്തെ പലപ്പോഴും ലഘൂകരിച്ചു കാണുന്നത്. ചിന്തിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ് ഈ രോഗം വരുന്നതെന്നും കാര്യങ്ങളെ ശരിയായി മനസ്സിലാക്കിയാല്‍ , യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ഈ കുഴപ്പത്തില്‍ നിന്നും കരകയറുമെന്നും നാം ചിന്തിക്കുന്നു. ഒരു സൈക്യാട്രിസ്റ്റിനെ കാണണമെന്നോ ചികിത്സ തേടണമെന്നോ നാം ചിന്തിക്കാറില്ല. അല്ലെങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നാം മാനസിക രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ശരിയായി ചിന്തിച്ചു തുടങ്ങിയിട്ടില്ല. മറ്റേതൊരു രോഗം പോലെയും ചികിത്സ ആവശ്യമുള്ള ഒരു സാധാരണ        രോഗം തന്നെയാണ് മാനസിക രോഗങ്ങളെന്ന് നാം മനസ്സിലാക്കിത്തുടങ്ങണമെങ്കില്‍ ഇനിയും ഏറെക്കാലം കഴിയേണ്ടതുണ്ട്. മാനസിക പ്രശ്നങ്ങളെ ഇന്നും നാം പൊതുവേ ഭ്രാന്ത് എന്ന ഒരൊറ്റ കളത്തിലേ പെടുത്തിയിട്ടുള്ളു. മാനസിക രോഗ വിദഗ്ദനെ കണ്ടാലുടനെ ഒരാള്‍ക്ക് ഭ്രാന്തായി എന്ന് നാം ചിന്തിച്ചു കളയും. ഏറെ മാറിയിട്ടുണ്ടെങ്കിലും ഇനിയും മാറാനുണ്ട് എന്നതാണ് ഇക്കാര്യത്തില്‍ വസ്തുത.

          മേല്‍ പ്രസ്താവിച്ച ഗണത്തില്‍ പെട്ട ചില മൂഡില്ലായ്മകള്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് ചിന്തിക്കരുത്. ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഈ മൂഡില്ലായ്മ കടന്നുവരാം. ചിലപ്പോള്‍ ഉന്മേഷമില്ലായ്മ തോന്നിയേക്കാം.ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തികള്‍ നിറുത്തി വെച്ച് എഴുന്നേറ്റു പോയേക്കാം. ചില പിരിമുറുക്കങ്ങള്‍ അനുഭവിച്ചേക്കാം. എന്നാല്‍ അതൊന്നും തന്നെ ഈ പറഞ്ഞ വിഷാദ രോഗത്തിന്റെ പരിധിയില്‍ വരില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എങ്ങനെയാണ് ഈ രോഗത്തെ തിരിച്ചറിയുക ? പ്രധാനമായും അകാരണമായ വ്യാകുലത, ഉന്മേഷക്കുറവ്, ഒന്നിലും താല്പര്യമില്ലായ്മ എന്നിവയിലേതെങ്കിലുമൊക്കെ കഠിനമായ തോതില്‍ രണ്ടാഴ്ചയിലധികം നീണ്ടുനില്ക്കുകയാണെങ്കില്‍ അനുഭവ സമ്പന്നനായ ഒരു സൈക്യാട്രിസ്റ്റിനെ നാം ബന്ധപ്പെടേണ്ടതുണ്ട്. ജീവിതത്തോടുള്ള സമീപനം തന്നെ മാറിപ്പോകുന്ന വിധത്തില്‍ പ്രതീക്ഷയില്ലായ്മയും നിസ്സഹായതയും ഒറ്റപ്പെടലും അനുഭവിക്കുന്നു. എല്ലാത്തിനും ഒരു പോംവഴിയായി മരണത്തെ കാണുന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ തുടങ്ങുന്നു.
          ഡിപ്രഷനെ കണ്ടെത്തുന്നതിന് ചില ചോദ്യാവലികള്‍ വിദഗ്ദന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ ചോദ്യത്തിനും ഉത്തരം നല്കിയതിനുശേഷം തനിക്ക് ഡോക്ടറെ കാണേണ്ടതുണ്ടോ എന്ന് സ്വയംതന്നെ നിശ്ചയിക്കാവുന്നതാണ്. ഉത്തരങ്ങള്‍ സത്യസന്ധമായിത്തന്നെ നല്കുവാന്‍ ശ്രദ്ധിക്കണമെന്ന കാര്യം പറയേണ്ടതില്ലല്ലോ

ചോദ്യാവലി :-
1.       ഞാന്‍ കുഴപ്പത്തിലകപ്പെട്ടിരിക്കുകയാണെന്നോ സങ്കടാവസ്ഥയിലാണെന്നോ തോന്നാറുണ്ടോ ?
0.      ഇല്ല
1.      അത്രയേറെയില്ല
2.      ചിലപ്പോഴൊക്കെ
3.      ശരിയാണ് എനിക്കങ്ങനെ തോന്നുന്നു

2.       പതിവുകാര്യങ്ങളെല്ലാം എളുപ്പത്തില്‍ ചെയ്യാന്‍ എനിക്കു കഴിയുന്നു
0.      തീര്‍ച്ചയായും
1.      ചിലപ്പോള്‍
2.      അത്ര എളുപ്പമല്ല
3.      ഇല്ല എളുപ്പം തോന്നുന്നില്ല

3.       എന്തോ ഒരു കാരണവും കൂടാതെ എനിക്കു ഭയം തോന്നുന്നു
0.      ഇല്ല
1.      കുറച്ചൊക്കെ
2.      ചിലപ്പോള്‍
3.      തീര്‍ച്ചയായും

4.       എന്റെ സംസാരം ഒരു മാതിരി കരച്ചില്‍ പോലെ . എനിക്കങ്ങനെ തോന്നുന്നു
0.      ഇല്ല
1.      വളരെയില്ല
2.      ചിലപ്പോഴൊക്കെ
3.      ശരിയാണ് അങ്ങനെയാണെന്ന് തോന്നുന്നു

5.       മുന്‍പ് ഞാനിഷ്ടപ്പെടുന്നതെല്ലാം ഇപ്പോഴും ഇഷ്ടപ്പെടുന്നു
0.      തീര്‍ച്ചയായും
1.      ചിലപ്പോഴൊക്കെ
2.      വലിയ താല്പര്യം തോന്നുന്നില്ല

6.       എനിക്ക് എന്തോ ഒരു തരം അസ്വസ്ഥത. വെറുതെയിരിക്കാന്‍ തോന്നുന്നില്ല
0.      അങ്ങനെയില്ല
1.      അത്രയ്ക്കൊന്നുമില്ല
2.      ചിലപ്പോള്‍
3.      തീര്‍ച്ചയായും

7.       ഉറക്കമരുന്നുകളൊന്നും കൂടാതെ എനിക്ക് ഉറങ്ങാന്‍ കഴിയുന്നു
0.      തീര്‍ച്ചയായും
1.      ചിലപ്പോള്‍‌
2.      വളരെയില്ല
3.      ഇല്ല , ഒരിക്കലുമില്ല

8.       സ്വന്തം വീടു വിട്ടിറങ്ങിയാല്‍‌ എനിക്ക് വല്ലാത്ത ആകാംക്ഷയാണ്.
0.      അങ്ങനെ തോന്നാറില്ല
1.      അത്ര വളരെയില്ല
2.      ചിലപ്പോഴൊക്കെ
3.      തീര്‍ച്ചയായും

9.       എനിക്കിപ്പോള്‍ ഒന്നിലും താല്പര്യമില്ല
0.      അല്ല അങ്ങനെയല്ല
1.      അത്ര വളരെയില്ല
2.      ശരിയാണ് കുറെയൊക്കെ
3.      അതെ തീര്‍ച്ചയായും

10.   ഒരു കാരണവും കൂടാതെ എനിക്ക് ക്ഷീണം തോന്നുന്നു.
0.      അങ്ങനെ തോന്നാറില്ല
1.      ഇല്ല അത്ര കൂടുതലൊന്നുമില്ല
2.      ശരിയാണ് ചിലപ്പോള്‍
3.      അതെ തീര്‍ച്ചയായും

11.   എനിക്ക് സാധാരണയില്‍ കൂടുതല്‍ ദേഷ്യം തോന്നാറുണ്ട്
0.      ഇല്ല
1.      അത്ര ഏറെ തോന്നാറില്ല
2.      ശരി . ചിലപ്പോള്‍
3.      തീര്‍ച്ചയായും

12.   ഞാന്‍ അതിരാവിലെ ഉണരുന്നു. രാത്രിമുഴുവന്‍ നന്നായി ഉറങ്ങുന്നു
0.      ഇല്ല ഒട്ടുമില്ല
1.      ഇല്ല അത്ര ഏറെ ഇല്ല
2.      ശരിയാണ് ചിലപ്പോഴൊക്കെ
3.      തീര്‍ച്ചയായും

വിഷാദരോഗത്തെ കണ്ടെത്തുവാന്‍ ഇത്തരത്തിലുള്ള വ്യത്യസ്തമായ ചോദ്യാവലികളുണ്ട്.അവസാനം നിങ്ങളുടെ ഉത്തരങ്ങളുടെ ഇടതുവശത്തു കൊടുത്തിരിക്കുന്ന അക്കങ്ങള്‍ തമ്മില്‍ കൂട്ടി നോക്കുക. പതിനഞ്ചുമുതല്‍ മുകളിലേക്കാണെങ്കില്‍ നിങ്ങള്‍ക്ക് സാധ്യതയുണ്ട്. രോഗമില്ലാത്തവരാണെങ്കില്‍ പതിനാലില്‍ താഴെയുമായിരിക്കും. ഈ ചോദ്യാവലികളൂടെ ഒരുത്തരത്തിലേക്ക് എത്തിയാല്‍ ആത്യന്തികമായ അതാണ് ശരിയെന്ന് ചിന്തിക്കരുത്. നല്ലൊരു മനശാസ്ത്രജ്ഞന്റെ സഹായത്തോടെ കൂടുതല്‍ വ്യക്തമായ പരിശോധനകള്‍ പിന്നീട് നടത്തേണ്ടതാണ്. ഒരു തരത്തിലുള്ള സ്വയം ചികിത്സയും യാതൊരു കാരണവശാലും നടത്തുവാന്‍ ശ്രമിക്കരുത്.

          ഡിപ്രഷന് ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ചില ഉപവിഭാഗങ്ങളുണ്ട്. Melancholic Depression , Atypical Depression , Psychotic Depression എന്നിവയൊക്കെ പൊതുവേ ഡിപ്രഷന്‍റെ ഗണത്തില്‍ പെടുന്നവയാണ്.മെലങ്കോളിക്ക് ഡിപ്രഷന്റെ പ്രധാന ലക്ഷണമായി വരുന്നത് ഉദാസീനതയാണ്. അവര്‍ക്ക് എല്ലാവിധ താല്പര്യങ്ങളും അസ്തമിച്ചു പോയിട്ടുണ്ടാകും. ഉറക്കത്തിലും ഭക്ഷണത്തിലും ലൈംഗികതയിലുമെല്ലാം അത് നിഴലിക്കുകയും ചെയ്യും നേരെ എതിരാണ് എടിപ്പിക്കല്‍ ഡിപ്രഷനെന്ന് പറയാം. ജോലിക്കാര്യങ്ങളില്‍ താല്പര്യക്കുറവ് കാണിക്കുമെങ്കിലും ഭക്ഷണത്തിലും ഉറക്കത്തിലുമൊക്കെ ഇവര്‍‌ക്ക് ആസക്തിയുണ്ടാകും. സൈക്കോട്ടിക് ഡിപ്രഷനാണ് ഇക്കൂട്ടത്തില്‍ ഏറെ അപകടകരമായിട്ടുള്ളത്.ഇത് കടുത്ത രോഗാവസ്ഥ തന്നെയാണ്. തന്നെ ഇല്ലാതാക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുവെന്ന് ഇവര്‍ കഠിനമായി ചിന്തിക്കുന്നു.അതിന്റെ അടിസ്ഥാനത്തില്‍ കടുത്ത ഭയത്തിലും മാനസികസംഘര്‍ഷത്തിലുമാകുന്നു.
  
(തുടരും )

ചിത്രത്തിന് കടപ്പാട്
© മനോജ് പട്ടേട്ട് ||21 May 2020, 9.30 A M ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1