#ദിനസരികള് 1127 മനോരോഗങ്ങളും ചികിത്സയും -1
നിഗൂഢമായതിനെക്കുറിച്ച് കൂടുതല് നിഗൂഢമായ കഥകള് പങ്കുവെയ്ക്കുവാന് നമുക്ക് കൌതുകമുണ്ട്.
മനുഷ്യമനസ്സ് അത്തരത്തില് നിഗൂഢത പേറുന്ന ഒന്നാണല്ലോ.
അതുകൊണ്ട് മനസ്സിനെക്കുറിച്ചും നാം നിരന്തരം ധാരാളം നിഗൂഢമായ കഥകള് മെനയുന്നു. നമ്മുടെ ഭാഷയില് പ്രസിദ്ധീകരിക്കപ്പെട്ട മനസ്സിനെക്കുറിച്ചുള്ള പുസ്തകങ്ങള് പരിശോധിച്ചുനോക്കുക.
ഭൂരിപക്ഷവും അത്യുക്തികളും അതിശയോക്തികളും നിറഞ്ഞ അസംബന്ധങ്ങളാണ് എന്നതാണ് വാസ്തവം. ഏറെക്കാലം മനശാസ്ത്രരംഗത്ത് പ്രവര്ത്തിച്ചു വരുന്നവര് പോലും എഴുതുമ്പോള് ഇത്തരത്തിലുള്ള അശാസ്ത്രീയമായ ഊതിപ്പെരുപ്പിക്കലുകള് കാണാം. ഈയടുത്ത കാലത്ത് ദീര്ഘകാലം ന്യൂറോളജി മേഖലയില് പ്രവര്ത്തിച്ചു വന്നിരുന്ന വിഖ്യാതനായ ഒരു ഡോക്ടറുടെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു.
ആ പുസ്തകം പോലും ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആശയങ്ങളെ പങ്കുവെച്ചിരുന്നു.തന്റെ പുസ്തകത്തില് അത്തരം കഥകള് ചേര്ത്തതിനെ അദ്ദേഹം ന്യായീകരിക്കുന്നത് തനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടതും അതുകൊണ്ടുതന്നെ സത്യസന്ധവുമായ ഒന്ന് എന്നു പറഞ്ഞു കൊണ്ടാണ്. കഥ പറയുന്നുവെന്നതിനെക്കാള് ആധികാരികതയുടെ അടിസ്ഥാനം വ്യക്തിപരമാണ് എന്ന് ചിന്തിച്ചതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്.
ഒരു പക്ഷേ ഒരല്പം എരിവും പുളിയുമില്ലെങ്കില് പുസ്തകം വാങ്ങുവാനും വായിക്കാനും ആളെ കിട്ടില്ലെന്നതായിരിക്കാം ഇങ്ങനെ കഥകള് ചേര്ക്കുന്നതിന് ഒരു കാരണം. എങ്കിലും ശാസ്ത്രരംഗത്ത് പ്രവര്ത്തിക്കുന്നവരെങ്കിലും ഇത്തരം അസംബന്ധങ്ങള് പറയുന്നതില് നിന്നു വിട്ടു നില്ക്കേണ്ടതല്ലേ ? എന്നാല് എനിക്കു തോന്നുന്നത് ഇക്കാലത്ത് ആ മേഖലയില് പ്രവര്ത്തിക്കുന്നവരുടെയിടയിലാണ് അന്ധവിശ്വാസങ്ങളും മറ്റും കൂടുതലായി പടര്ന്നിരിക്കുന്നത് എന്നാണ്.
ഒരറ്റത്ത് ശാന്തകുമാര് മുതല്പേരും മറ്റേയറ്റത്ത് കോത്താരിമുതല്പേരുമായി നമ്മുടെ മനശാസ്ത്ര പുസ്തകവിപണി സജീവമാണ്. എത്രയോ ആയിരക്കണക്കായ പുസ്തകങ്ങളാണ് ഓരോരുത്തരുമായി എഴുതിക്കൂട്ടിയിരിക്കുന്നത് ? മനസ്സിനെക്കുറിച്ചു പൊതുവേയും പഠനത്തെക്കുറിച്ചും ഓര്മ്മശക്തിയെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മറ്റും മറ്റും പ്രത്യേകവുമായി മനശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില് നമുക്കിപ്പോള് ഏറെ പുസ്തകങ്ങളുണ്ട്.
അവയില് പലതും പലതവണയായി പതിപ്പുകള് ഇറക്കിയതുമാണ്.
എന്നാല് അവയില് മുക്കാലേ മുണ്ടാണിയും നാം നേരത്തെ കണ്ട ജനുസ്സില്പ്പെട്ടവയാണ്.
എന്നാല് ഇവയില് മനശാസ്ത്രത്തെ ഗൌരവത്തോടെ കാണുകയും ഏച്ചുകെട്ടലുകളും പൊലിപ്പാട്ടുകളും കൂടാതെ വസ്തുതകളെ അവതരിപ്പിച്ചു കൊണ്ട് എഴുതപ്പെട്ടിരിക്കുന്ന - അ ഒരു ചെറിയ ശതമാനമാണെങ്കില്ത്തന്നെയും-
പുസ്തകങ്ങളുമുണ്ട്.
മനശാസ്ത്രവും സാഹിത്യവുമായി ബന്ധപ്പെടുത്തിയും ധാരാളം പഠനങ്ങള് നമുക്കുണ്ട്.ഈ മേഖലയിലും വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാര് മാറുന്ന സ്ഥിതി തന്നെയാണെങ്കിലും രോഗവും സാഹിത്യഭാവനയും (കെ പി അപ്പന് ) ആലീസിന്റെ അത്ഭുതരോഗം ( ഡോക്ടര് . ബി ഇക്ബാല് ) മുതലായ എണ്ണം പറഞ്ഞ പഠനങ്ങളും നമുക്കുണ്ട്.
കള്ളനാണയങ്ങള് ഏറെയുണ്ടെങ്കിലും – അത് സ്വാഭാവികവുമാണ്. – സാഹിത്യത്തിന്റെ മേഖലയിലെന്ന പോലെ ചില കനപ്പെട്ട സമീപനങ്ങളുമുണ്ടായിട്ടുണ്ടെന്ന കാര്യം നാം കാണാതിരുന്നുകൂടാ.
അവ സഗൌരവം മനശാസ്ത്രപരികല്പനകളെക്കുറിച്ചും അവയുടെ ചരിത്രത്തേയും പ്രാധാന്യത്തേയും കുറിച്ചും ചിന്തിക്കുന്നവയാണ്.
അത്തരത്തില് ഏറെ ഗൌരവത്തോടെ മനശാസ്ത്രത്തെ സമീപിക്കുന്ന ഒന്നാണ് ഡോക്ടര് സുരരാജ് മണി എഴുതിയ മനോരോഗങ്ങളും ചികിത്സയും എന്ന ഗ്രന്ഥം. പേരു സൂചിപ്പിക്കുന്നതുപോല മനശാസ്ത്രത്തെക്കറിച്ചും രോഗങ്ങളെക്കുറിച്ചുമാണ് ഈ ഗ്രന്ഥം പ്രധാനമായും ചര്ച്ച ചെയ്യുന്നത്.
അക്കാര്യം വളരെ ശാസ്ത്രീയമായിത്തന്നെ നിര്വ്വഹിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഈ പുസ്തകത്തെ സംബന്ധിച്ച് ഏറെ ശ്രദ്ധേയമായിട്ടുള്ളത്.
ഈ പുസ്തകത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഡോക്ടര് എന് വിജയന് എഴുതിയ മനോരോഗ വിജ്ഞാന പ്രവേശിക എന്ന ലഘുഗ്രന്ഥം വായിച്ചു നോക്കുന്നത് നന്നായിരിക്കും.മനശാസ്ത്രത്തെക്കുറിച്ചും അതിന്റെ വിവിധ മേഖലകളെക്കുറിച്ചും സമഗ്രമായ ധാരണയുണ്ടാക്കുവാന് ഈ പുസ്തകം നമ്മെ സഹായിക്കും. ഒരു കണക്കിന് എന് വിജയന്റെ മനോരോഗ വിജ്ഞാന പ്രവേശികയുടെ വിപുലപ്പെടുത്തിയ രൂപമാണ് മനോരോഗങ്ങളും ചികിത്സയും എന്നു വേണമെങ്കിലും കരുതാം. വിജയന്റെ പുസ്തകം 1986 ലും സുരരാജ് മണിയുടേത് 2003 ലും ആണ് പ്രസിദ്ധീകരിക്കപ്പെടുന്നതെന്നത് പ്രാധാന്യമുള്ള സംഗതിയാണെന്നതുകൂടി ശ്രദ്ധിക്കുക.
ഈ പുസ്തകത്തിന്റെ രചനയ്ക്കിടയിലാണ് ഡോക്ടര് സുരരാജ് മണിയുടെ ആകസ്മിക നിര്യാണമുണ്ടാകുന്നത്. പുസ്തകത്തിന്റെ ആമുഖത്തില്‍ അക്കാലത്ത് ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ഡോ. രാജന് വര്‍ഗ്ഗീസ് ഇങ്ങനെ എഴുതുന്നു " തിരക്കേറിയ പ്രാക്ടീസിനും പഠനത്തിനുമിടയില്‍ നിന്ന് പിശുക്കിയെടുത്ത സമയമുപയോഗിച്ച് ദീര്ഘകാലം കൊണ്ടാണ് അദ്ദേഹം ഈ പുസ്തകം തയ്യാറാക്കുന്നത്.സമഗ്രതയില്‍ ഒരു വട്ടമെങ്കിലും ഒരധ്യായം പോലും ഓടിച്ചു നോക്കുവാന്‍ കാലം ആ പ്രതിഭാ ധനനെ അനുവദിച്ചില്ല.അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇതില്‍ തിരുത്തലുകള്‍ വരുമായിരിക്കണം.ഈ ഗ്രന്ഥത്തില്‍ അത്തരം അനിവാര്യമായ തിരുത്തലുകള്‍ വരുത്താനുള്ള ഉത്തരവാദിത്തം സമകാലികരും പിന്ഗാമികളുമായ മനോരോഗ വിദഗ്ദരില്‍ നിക്ഷിപ്തമായിരിക്കുന്നു"
തിരുത്തലുകള്‍
ഉണ്ടാകുമായിരിക്കും. എങ്കിലും നമുക്കിപ്പോഴും ലഭ്യമായ പുസ്തകങ്ങളില്‍ സുരരാജ് മണിയുടെ ശ്രമത്തിനോട് കിടപിടിക്കാന്‍ കഴിയുന്ന മറ്റൊന്നിന്റെ പേര് പറയാനില്ല എന്നതാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും പ്രാധാന്യവും. (തുടരും )
© മനോജ് പട്ടേട്ട് ||18 May 2020,
1.25:00 PM ||
Comments