#ദിനസരികള്‍ 1128 മനോരോഗങ്ങളും ചികിത്സയും - 2




ഒരല്പം ചരിത്രം


            മനോരോഗങ്ങളുടെ ചരിത്രത്തെക്കുറിച്ചും വിവിധങ്ങളായ ചികിത്സാരീതികള്‍ ഉരുത്തിരിഞ്ഞു വന്നതിനെക്കുറിച്ചും മനോരോഗങ്ങള്‍ മുന്‍‌കാലങ്ങളില്‍എന്ന ഒന്നാം അധ്യായം ലഘുവായി വിലയിരുത്തുന്നു.

ഭൂതപ്രേതാദികളുടെ ഇടപെടല്‍ കൊണ്ടാണ് മനോവിഭ്രാന്തികളുണ്ടാകുന്നത് എന്നാണ് ഒരു നീണ്ടകാലഘട്ടം മുഴുവന്‍ നാം ചിന്തിച്ചു പോന്നത്. ബാധിക്കപ്പെട്ടവരുടെ ശരീരം ദുര്‍‌ദേവതമാരുടെ ആവാസകേന്ദ്രമാണെന്നായിരുന്നു പൊതുവേയുള്ള ധാരണ.അങ്ങനെയുള്ളവരെ തീയിലെറിഞ്ഞു ചുട്ടുകൊന്നും കിടങ്ങുകളില്‍ തള്ളിയും സമൂഹത്തില്‍ നിന്നും ഒഴിവാക്കിയ കാലവുമുണ്ടായിരുന്നു. മനോരോഗങ്ങളെക്കുറിച്ച് ഇപ്പോഴും അക്കാലത്തെയത്ര തീക്ഷ്ണതയോടെയല്ലയെങ്കിലും നമ്മളില്‍ ചിലരെങ്കിലും ആവോളം അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തിപ്പോരുന്നുവെന്നതാണ് വാസ്തവം.

          അജ്ഞതകളെയും തെറ്റിദ്ധാരണകളേയും ഒരു പരിധിവരെ അവസാനിപ്പിച്ചുകൊണ്ട് ശാസ്ത്രം അതിവേഗം മുന്നോട്ടു പാഞ്ഞു. പുതിയ പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ഓരോ ശാസ്ത്രശാഖകളും അത്രതന്നെ വേഗത്തില്‍ നവീകരിക്കപ്പെട്ടുകൊണ്ടുമിരുന്നു. സ്വാഭാവികമായും മനശാസ്ത്ര ത്തിന്റെ മേഖലയിലും  മാറ്റങ്ങളുടെ കുത്തൊഴുക്കുകളുണ്ടായി. ഇന്നലെവരെ ശരിയെന്നു കരുതിയിരുന്ന പലതും ഇന്നാകുമ്പോഴേക്കും തെറ്റാണെന്ന് വന്നു. രോഗങ്ങളുണ്ടാകുന്നതിനെക്കുറിച്ച് പുതിയ പുതിയ കണ്ടെത്തലുകളുണ്ടായി അവയുടെ നിര്‍വ്വചനങ്ങള്‍ മാറി, ചികിത്സാരീതികള്‍ മാറി.ആ മാറ്റങ്ങളുടെ ഗൌരവമുള്‍ക്കൊണ്ട് ഡോക്ടര്‍ സുരരാജ് മണി എഴുതുന്നു ചികിത്സാരംഗത്ത് പ്രയോജനകരമായ ചില പ്രാചീന സമ്പ്രദായങ്ങളെ അനുകരിച്ചും ചികിത്സാനുഭവങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് കൂടുതല്‍ യുക്തമായ നിഗമനങ്ങളിലെത്തിയും പുതിയ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചും പടിപടിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രശാഖയാണ് മനോരോഗവിജ്ഞാനം. യാദൃശ്ചികമായി ശ്രദ്ധയില്‍‌പ്പെടാനിടയായ സംഭവങ്ങളെ തുടര്‍ച്ചയായ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയും അനുഭവ വിശകലനങ്ങളിലൂടെ പുത്തന്‍ നിഗമനങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെടുത്തിയുമാണ് ഈ വളര്‍ച്ച.ഷോക്ക് ചികിത്സ എന്നു നമ്മള്‍ പറയുന്ന ഇലക്ട്രോ കണ്‍വള്‍സീവ് തെറാപ്പി കണ്ടെത്താനിടയായ സാഹചര്യം ഇങ്ങനെ ആകസ്മികമായി ഉണ്ടായതാണ്. വോണ്‍ മെദുന എന്ന ഹംഗേറിയന്‍ സൈക്യാട്രിസ്റ്റ് രോഗികളില്‍ അപസ്മാരമുണ്ടാകുമ്പോള്‍ രോഗത്തിന് ശമനമുണ്ടാകുന്നതായി നിരീക്ഷിച്ചു. അങ്ങനെയാണെങ്കില്‍ കൃത്രിമമായി അപസ്മാരത്തിന് തുല്യമായ സാഹചര്യമുണ്ടാക്കിയാല്‍ അത് രോഗിക്ക് ആശ്വാസമാകുമല്ലോ എന്ന് ഡോ. മെദുന ചിന്തിച്ചു. പരീക്ഷണങ്ങളിലൂടെ അതു ശരിയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. കണ്‍വള്‍സീവ് ചികിത്സ തുടങ്ങുന്നത് അങ്ങനെയാണ്. എന്നാല്‍ ഡോ മെദുന മരുന്നു കുത്തിവെച്ചാണ് കൃത്രിമ സന്നിയുണ്ടാക്കിയതെങ്കിലും പിന്നീട് ആ മേഖലയിലെ പരീക്ഷണങ്ങള്‍ വൈദ്യുതിയുടെ സഹായത്തോടെ അപസ്മാരമുണ്ടാക്കുന്നതിലേക്ക് എത്തുകയായിരുന്നു. താന്‍ നടത്തിയ കണ്‍വള്‍സീവ് ചികിത്സയെക്കുറിച്ച് അക്കാലത്ത് തന്റെ മേലധികാരിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അദ്ദേഹത്തിനെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയാണുണ്ടായത്. ഇത്തരത്തിലുള്ള ചികിത്സ നടത്തിയ അദ്ദേഹത്തിന് സ്വന്തം നാടുതന്നെ ഉപേക്ഷിച്ചു പോകേണ്ടിവന്ന ഡോക്ടര്‍ മെദുനയുടെ നിരീക്ഷണപാടവമുണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഇന്നു കാണുന്ന ഇ സി ടി ഉണ്ടാകുമായിരുന്നില്ല എന്നതാണ് വസ്തുത.(വൈദ്യുതിയുപയോഗിച്ചു കൊണ്ട് അപസ്മാരമുണ്ടാക്കുന്നതിന് പിന്നീടാണ് തുടക്കം കുറിച്ചത്. അതും ആകസ്മികമായിത്തന്നെ കണ്ടെത്തിയതാണ് എന്നതുകൂടി മനസ്സിലാക്കുക.) ഇങ്ങനെ ആകസ്മികമായുണ്ടായ ഒരനുഭവത്തിന്റെ പശ്ചാത്തലത്തില്‍  മറ്റു ചില ചികിത്സാരീതികള്‍ ആവിഷ്കരിക്കരിക്കപ്പെട്ടതിന്റെ കഥയും നാം ഇവിടെ കേള്‍ക്കുന്നു.

          മനോരോഗികളോട് പൊതുവേ സ്വീകരിച്ചു പോരുന്ന നിലപാട് നാം കണ്ടു. ഒരു പറ്റം രോഗികളെ കാലിത്തൊഴുത്തിലെന്ന പോലെ പുട്ടിയിടുക എന്നത് സ്വാഭാവികമായിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടാകുമ്പോഴേക്കും ഈ മേഖല കാര്യമായ മാറ്റങ്ങളെ അഭിമുഖീകരിക്കാന്‍ തുടങ്ങിയിരുന്നു. മനോവിജ്ഞാനരംഗത്തെ അതുവരെയുള്ളതില്‍ നിന്നും വ്യത്യാസ്തമായി ഒരു ശാസ്ത്രശാഖയായി പരിഗണിക്കാന്‍ തുടങ്ങി. മനശാസ്ത്രത്തിനു വേണ്ടിമാത്രമുള്ള പരീക്ഷണശാലകള്‍ നിലവില്‍ വന്നു. യൂണിവേഴ്സിറ്റികള്‍ അവയെ പ്രാധാന്യത്തോടെ കാണാന്‍ തുടങ്ങി.മറ്റേതൊരു രോഗത്തേയും പോലെ മനോരോഗത്തിനും മരുന്നുകൊണ്ട് ചികിത്സിക്കാന്‍ കഴിയുമെന്ന ചിന്തയ്ക്ക് കൂടുതല്‍ പ്രസക്തി കൈവന്നു. സൈക്യാട്രി പ്രാമുഖ്യം കൈവരിച്ചു.

ഡാര്‍വ്വിന്‍ പ്രത്യക്ഷപ്പെട്ട് ഭൂമിയെ സാര്‍വ്വത്രികമായി പരിണമിപ്പിക്കാന്‍ തുടങ്ങിയതിന്റെ പ്രതികരണങ്ങള്‍ ഏതൊരു ശാസ്ത്രശാഖയിലുമെന്ന പോലെ മനശാസ്ത്രത്തിലും പ്രതിഫലിച്ചു.സര്‍ ഫ്രാന്‍സിസ് ഗാള്‍ട്ടനെപ്പോലെയുള്ളവര്‍ ഒറിജിന്‍ ഓഫ് സ്പീഷിസില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍‌ക്കൊണ്ടു. പത്തൊമ്പത്താം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും 1890 ല്‍ സര്‍ വില്യം ജയിംസിന്റെ Principles of Psychology പ്രസിദ്ധീകരിക്കപ്പെട്ടു. 1900 മുതലുള്ള അമ്പതു വര്‍ഷം മനശാസ്ത്രത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കാലഘട്ടമുള്ള കാലഘട്ടമാണ്. ഫ്രോയിഡു വന്ന് ലോകമാകെ ലൈംഗികത കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ശഠിച്ചു. 1900  ല്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്ന  ഗ്രന്ഥം അതുവരെ ഈ രംഗത്തു നിലനിന്നിരുന്ന പല ആശയങ്ങളേയും ദഹിപ്പിച്ചു കളഞ്ഞു. ഫ്രോയിഡ് മനശാസ്ത്ര രംഗത്ത് ഉണ്ടാക്കിത്തീര്‍ത്ത മാറ്റം , അതുവരെ ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന എല്ലാവരും കൂടിയുണ്ടാക്കിയെടുത്തതിനെക്കാള്‍ കൂടുതലായിരുന്നു എന്ന പ്രസ്താവന അത്ര അതിശയോക്തിപരമല്ല. മനശാസ്ത്രം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. സമൂഹത്തില്‍ വിലയും നിലയും കൈവന്നു. 1902 ല്‍ ബ്രിട്ടീഷ് സൈക്കോളജിക്കല്‍ സൊസൈറ്റി രൂപംകൊണ്ടു.ചികിത്സാ രംഗത്തെ അപര്യാപ്തതകള്‍‌കൊണ്ട് രോഗികളെ ചികിത്സിക്കാന്‍ കഴിയാതിരുന്ന ദയനീയമായ സ്ഥിതിയില്‍ നിന്നും സ്ഥിതിയില്‍ നിന്നും ഡോക്ടര്‍മാര്‍ മുക്തരായി.രോഗങ്ങളെ ഇനം തിരിച്ചു മനസ്സിലാക്കാനും അവയുടെ തീവ്രതയുടെ അടിസ്ഥാനത്തില്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കൂടുതല്‍ക്കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞു. മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലും സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാനത്തിലും വിപുലമായ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ചുകൊണ്ട് എമില്‍ കെയ്പലിനെപ്പോലെയുള്ളവര്‍ രംഗത്തുവന്നു.

ഹിപ്നോട്ടിസം എന്ന സവിശേഷമായ ചികിത്സാരീതി ഈ രംഗത്ത് ഏറെ മാറ്റങ്ങളുണ്ടാക്കിയ ഒന്നായിരുന്നു. അബോധമനസ്സില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന ലൈംഗിക അസംതൃപ്തിയും വൈകാരിക സംഘര്‍ഷങ്ങളുമാണ് ഹിസ്റ്റീരിയയ്ക്ക് കാരണമെന്നും ലൈംഗികാസക്തി വിരക്തി തുടങ്ങിയ ശാരീരിക രോഗലക്ഷണങ്ങള്‍ക്ക് ബോധമനസ്സുമായി ബന്ധപ്പെട്ട അര്‍ത്ഥതലങ്ങളുണ്ടെന്നും ഹിപ്നോട്ടിസം വഴി അവ പുറത്തുകൊണ്ടുവന്നാല്‍ ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയു മെന്ന ചിന്തയ്ക്ക് പ്രാധാന്യം കൈവന്നു.എന്നാല്‍ എല്ലാ രോഗത്തിന് നിദാനമായിരിക്കുന്നത് ലൈംഗിക സംഘര്‍ഷം മാത്രമല്ലെന്നും മറ്റു പലതരം മാനസിക പ്രശ്നങ്ങളേയും ഈ ചികിത്സാരീതിയുപയോഗിച്ച് ഭേദമാക്കാമെന്നുമുള്ള വാദങ്ങളുമുണ്ടായി.

മനശാസ്ത്ര രംഗത്ത് ഫ്രോയിഡിന്റെ വരവുണ്ടാക്കിയ കോലാഹലങ്ങള്‍ അതിപ്രശസ്തമാണല്ലോ. മനശാസ്ത്രം ഫ്രോയിഡിനു മുമ്പും ശേഷവും എന്ന വിഭജനം പോലും സാധ്യമാകുന്ന തരത്തില്‍ അദ്ദേഹം ഈ മേഖലയെ മാറ്റി മറിച്ചു. തന്റെ ഗുരുവായ ഫ്രഞ്ച് ന്യൂറോളജിസ്റ്റ് മാര്‍ട്ടിന്‍ ചാര്‍‌‌ക്കോട്ടിന്റെ ഹിസ്റ്റീരിയയെക്കുറിച്ചും ഹിപ്നോട്ടിസത്തെക്കുറിച്ചുമുള്ള പഠനങ്ങളില്‍ നിന്നും ഫ്രോയിഡും സ്വാഭാവികമായും ആവേശം കൊണ്ടു.ശൈശവം മുതലുള്ള ജീവിത ദശകളില്‍ നടക്കുന്ന വൈകാരിക വികാസവുമായ ബന്ധപ്പെട്ട അബോധ മാനസിക പ്രക്രിയകളേയും പ്രേരകമായി പ്രവര്‍ത്തിക്കുന്ന ബാഹ്യാഭ്യന്തര ഘടകങ്ങളുടെ പരസ്പര ബന്ധത്തേയും വിശകലനം ചെയ്യുവാന്‍ അദ്ദേഹം ശ്രമിച്ചു.ഹിപ്നോസിസിലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയതെങ്കിലും മനസ്സിന്റെ ആന്തരിക പ്രവര്‍ത്തനങ്ങളെ വ്യാഖ്യാനിക്കുന്ന കാര്യത്തില്‍ അദ്ദേഹം ബഹദുരം മുന്നോട്ടു പോയി.അബോധമനസ്സിന്റെ ഉള്ളടകം അതിന് ബോധമനസ്സുമായുള്ള ബന്ധം സ്ഥലകാല സാപേക്ഷകമായ സാമൂഹിക സദാചാര സങ്കല്പങ്ങളുമായി ബന്ധപ്പെട്ട് ബോധമനസ്സ് അബോധമനസ്സിനു മുകളില്‍ നടത്തുന്ന ‍സെന്‍സറിംഗ് ചിത്തവൃത്തി നിരോധം (Repression), മാനസികാരോഗ്യം നിലനിറുത്തുന്നതിനു വേണ്ടി മനസ്സ് സ്വയം സ്വീകരിക്കുന്ന പ്രതിരോധ സംവിധാനങ്ങള്‍ (Defense Mechanism ) അവ പരാജയപ്പെടുമ്പോള്‍ ഉണ്ടാകുന്ന ലഘുമനോരോഗങ്ങള്‍ (Neurosis ) സ്വപ്നങ്ങള്‍ , അവയ്ക്ക് ദൈനംദിന ജീവിതാനുഭവങ്ങളുമായുള്ള വൈകാരിക ബന്ധങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു ഈ പഠനങ്ങള്‍. പുത്രിയ്ക്ക് പിതാവിനോടും പുത്രനു മാതാവിനോടും തോന്നുന്ന അബോധ ലൈംഗികാവേശത്തേയും (Oedipus Complex ) സദാചാരവുമായി ബന്ധപ്പെട്ട് അവയ്ക്കുണ്ടാകുന്ന ബാഹ്യപെരുമാറ്റ രൂപങ്ങളേയും സ്വപ്നരൂപങ്ങളേയും മറ്റും അദ്ദേഹം വ്യാഖ്യാനിച്ചു.1905 ലൈംഗികതയെക്കുറിച്ച് പുതിയ സിദ്ധാന്തങ്ങള്‍ അടങ്ങുന്ന മൂന്നു പ്രബന്ധങ്ങള്‍ അദ്ദേഹ പ്രസിദ്ധീകരിച്ചു. വിക്ടോറിയന്‍  സദാചാര സങ്കല്പങ്ങളെ ഞെട്ടിക്കുന്ന അവയെല്ലാം തന്നെ വ്യാപകമായ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തി. അതോടൊപ്പം തന്നെ ഈ പുതിയ സിദ്ധാന്തങ്ങളെ സ്വാഗതം ചെയ്യാനും ഏറെപ്പേര്‍ മുന്നോട്ടു വന്നു മറ്റൊരു മനശാസ്ത്രജ്ഞനും അതിനുമുമ്പോ ശേഷമോ ഇത്രയധികം എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ലെന്നതാണ് വസ്തുത.

ഫ്രോയിഡിന്റെ കണ്ടെത്തലുകള്‍ ഏറെ വിപ്ലവകരങ്ങളായിരുന്നു. അവ മനശാസ്ത്രമേഖലയില്‍ പുതിയ പുതിയ ആശയങ്ങളെ തേടിപോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍ബലം നല്തി. അവര്‍ പുതിയ ഭൂമിയേയും പുതിയ ആകാശത്തേയും തേടി

സര്‍വ്വതിനേയും ലൈംഗികതയുമായി ബന്ധപ്പെടുത്തി വ്യഖ്യാനിക്കുന്ന ഫ്രോയിഡിനെ എതിര്‍ക്കാനും അദ്ദേഹത്തിന്റെ ആശയങ്ങളെ തള്ളിക്കളയാനും ആളുകളുണ്ടായി. സാമുഹിക ജീവിതത്തില്‍ വ്യക്തിയില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അപകര്‍ഷതാ ബോധങ്ങളാണ് ന്യൂറോസിസിന് കാരണമെന്നു് ആഡ്ലറും ഓരോ സമൂഹത്തിനും അതിന്റേതായ സംസ്കാരവും സാംസ്കാരികചിഹ്നങ്ങളുമുണ്ടെന്നും പഴങ്കഥകളും മിത്തുകളും ആചാര്യമര്യാദകളും ആരാധനാ സങ്കല്പങ്ങളും  കാല്‍പനിക രൂപങ്ങളും കലാരൂപങ്ങളുമെല്ലാമുണ്ടെന്നും ഇവയെല്ലാം ചേര്‍ന്ന ഒരു സാമൂഹിക അബോധ ചേതനയാണ് അല്ലാതെ ലൈംഗികതയല്ല വ്യക്തിയുടെ മനസ്സിനെ സ്വാധീനിക്കുന്നതെന്നു് യുങ്ങും സിദ്ധാന്തിച്ചു. യുങ്ങ് ഈഡിപ്പസ് കോംപ്ലക്സ് എന്ന ആശയത്തെത്തന്നെ തള്ളിക്കളഞ്ഞു.

പിന്നീടു വന്ന മഹാരഥന്മാരായ അഡോള്‍ഫ് മേയര്‍ , സള്ളിവന്‍ എറിക് എറിക്സണ്‍ , ജീന്‍ പിയാഷേ , കാള്‍ റോജേഴ്സ് മുതലായവര്‍ ഈ ശാസ്ത്രമേഖലയെ കൂടുകല്‍ പുഷ്ടിപ്പെടുത്തി. അഡോള്‍ഫ് മേയര്‍ , മനുഷ്യപ്രകൃതിയെ ഒരു ചങ്ങലയായി കാണുകയും ആന്തരികതലത്തില്‍ അതിസൂക്ഷ്മമായ സെല്ലുകളില്‍ നിന്നാരംഭിച്ച് ബാഹ്യതലത്തില്‍ ജീവിത പരിസ്ഥിതി സംബന്ധമായ സാമൂഹിക സാംസ്കാരിക ഘടകങ്ങളുമായെല്ലാം ബന്ധപ്പെട്ട് അനന്തമായി നീണ്ടു കിടക്കുന്ന പരസ്പര ബന്ധിതമായ ഒരു ചങ്ങലയിലെ ഓരോ കണ്ണിയാണ് ഓരോ പ്രശ്നമെന്ന് കരുതി. സോഷ്യല്‍ സൈക്യാട്രി ,കമ്യൂണിറ്റി ഹെല്‍ത്ത് തുടങ്ങിയ സങ്കല്പങ്ങള്‍ അദ്ദേഹത്തിന്റേതാണ്.

ഇങ്ങനെ പരസ്പരം നിഷേധിച്ചും അനുകൂലിച്ചും ഈ മേഖലയില്‍ പ്രവര്‍‌ത്തിക്കുന്ന അതികായന്മാരായ ശാസ്ത്രജ്ഞന്മാര്‍ അതാത് ആശയങ്ങള്‍ക്കുവേണ്ടി അതിശക്തമായി രംഗത്തിറങ്ങിയപ്പോള്‍ മനശാസ്ത്ര മേഖലതന്നെ ഉത്തരോത്തരം ശക്തിപ്പെടുകയായിരുന്നു.വാദപ്രതിവാദങ്ങള്‍ പുതിയ ആശയങ്ങള്‍ക്കും ആവേശങ്ങള്‍ക്കും കാരണമായി.അവ മനശാസ്ത്രത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചും ജനങ്ങളില്‍ പുതിയ അവബോധമുണ്ടാക്കി. മാനസിക രോഗത്തോടുള്ള സമീപനങ്ങളെ ഒരു പരിധിവരെ മാറ്റി മറിയ്ക്കാന്‍ അതിനായെങ്കിലും നാം ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു കണ്ടതുപോലെ പരിപൂര്‍ണമായി ഇപ്പോഴും മാനസിക പ്രശ്നങ്ങളോട് ആരോഗ്യപരമായ ഒരു സമീപനം സ്വീകരിക്കുവാന്‍ ജനതയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍‌പ്പോലും രോഗികളെ കൂടുതല്‍ മനുഷ്യത്വപരമായി സമീപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനത്തിനെ ചിന്തിക്കാന് പ്രേരിപ്പിച്ചു.പ്രേതത്തിന്റെയോട പിശാചിന്റെ ബാധയാണ് എന്ന വാദത്തിനു വേണ്ടി കൈപൊന്തിക്കുന്നവരുടെ എണ്ണത്തില്‍‌ ഗണ്യമായ കുറവുണ്ടായി. മറ്റേതൊരു രോഗവും പോലെതന്നെ മനോരോഗങ്ങളും ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണെന്നും അതുവഴി ഭേദമാക്കാനാവുന്നതാണെന്നുമുള്ള ചിന്ത വേരുറച്ചു. കല്ലെറിഞ്ഞും ഒറ്റപ്പെടുത്തിയും സമൂഹത്തില്‍ നിന്നും ആട്ടിക്കളയേണ്ടതിനു പകരം അവരേയും മരുന്നുകളിലൂടെയും സ്നേഹത്തിലൂടെയും തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന ചിന്തയ്ക്ക് സമൂഹത്തില്‍ ആധിപത്യമുണ്ടായി.

ആദ്യകാലങ്ങളില്‍ ഭ്രാന്ത് എന്ന ഒരൊറ്റ ഗണത്തിലേക്ക് ഒതുക്കിനിറുത്തിയിരുന്ന മനോരോഗങ്ങളെ പോകെപ്പോകെ ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രധാനവിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി വിഭജിക്കുന്ന രീതി നിലവില്‍ വന്നു. അത്തരം നിര്‍ണയങ്ങള്‍ക്ക് കൃത്യമായ ചില മാനദണ്ഡങ്ങളുണ്ട്.രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒന്നാമത്തെ വിഭജനം.രോഗിയുടെ വ്യക്തിത്വ പ്രശ്നങ്ങളും സവിശേഷതകളും അപഗ്രഥിക്കലാണ് രണ്ടാമത്തേത്.മൂന്നാമത്തെ മാനദണ്ഡം ശാരീരിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. (മാനസികപ്രശ്നങ്ങള്‍ പലപ്പോഴും ശാരീരിക രോഗങ്ങള്‍ക്കിടയാക്കുകയും ഉള്ളവ വഷളാക്കുകയും ചെയ്യുന്നു.അതുപോലെതന്നെ ശാരീരിക രോഗങ്ങള്‍ മാനസിക തലത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.പ്രശ്നങ്ങളുടെ ഈ പരസ്പര ബന്ധം എത്രത്തോളമുണ്ടെന്ന് വിലയിരുത്തുന്നതാണ് മൂന്നാമത്തെ മാനദണ്ഡം ) ജോലി വിദ്യാഭ്യാസം സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ ,തുടങ്ങിയ ദൈനംദിന ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങളാണ് നാലാമതായി വരുന്നത്.രോഗം വരുന്നതിന് ഒരു വര്‍ഷം മുമ്പ് രോഗിയുടെ പെരുമാറ്റമെങ്ങനെയായിരുന്നുവെന്നാണ് അഞ്ചാമതായി പരിശോധിക്കുന്നത്.ഇങ്ങനെ രോഗവിഭജനത്തിന് അന്താരാഷ്ട്ര തലത്തില്‍ നിരവധി മാനദണ്ഡങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.

രോഗം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുന്നതുതന്നെയാണ് ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട കടമ്പ.അതു വളരെ സൂക്ഷ്മമായി നിര്‍വ്വഹിക്കേണ്ട ഒന്നാണ്. ഇങ്ങനെ വിലയിരുത്തുന്നതില്‍ (Assess )  വീഴ്ച സംഭവിച്ചാല്‍ ചികിത്സ പിഴയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. കൃത്യമായ ക്ലിനിക്കല്‍ അസ്സെസ്സ്‌മെന്റിനാവശ്യമായ സാഹചര്യങ്ങള്‍ മനശാസ്ത്രരംഗത്ത് ഉരുത്തിരിഞ്ഞു വന്നത് രോഗനിര്‍ണയത്തേയും ചികിത്സയേയും ഏറെ സഹായിച്ചിട്ടുണ്ട്. മരുന്നുകളെക്കുറിച്ച് കൂടുതല്‍ ധാരണകളുണ്ടായി വന്നു. അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അതിസൂക്ഷ്മമായ വിലയിരുത്തലുകള്‍ നടക്കുന്നു .ഇത്തരം പഠനങ്ങള്‍ക്കുവേണ്ടി സൈക്കോഫാര്‍മ‌ക്കോളജി വികസിപ്പിക്കപ്പെട്ടു.നാഡിമേഖലയുമായി ബന്ധപ്പെട്ട് പുതിയ പുതിയ പഠനങ്ങളുണ്ടാകുന്നു. ന്യൂറോട്രാന്‍സ്മിഷനിലുണ്ടാകുന്ന ക്രമക്കേടുകളാണ് മനോരോഗങ്ങളെന്ന കാഴ്ചപ്പാടിന് ഇന്ന് അടിസ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ന്യൂറോളജിയ്ക്ക് വലിയ പ്രസക്തി ഇക്കാലത്ത് കൈവന്നിട്ടുണ്ട്. നാഡികള്‍ നമ്മുടെ ശരീരത്തില്‍ എന്താണ് ചെയ്യുന്നതെന്നും എങ്ങനെയാണ് അവയില്‍ ക്രമക്കേടുകളുണ്ടാകുന്നതെന്നും ന്യൂറോളജിസ്റ്റുകള്‍ ചിന്തിക്കുന്നു. ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകം എഴുതുന്ന കാലത്തു നിന്നും ഇക്കാലത്തേക്ക് എത്തുമ്പോഴേക്കും ഈ രംഗം അതിബൃഹത്തായ നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. പിങ്കറുടെ ബ്ലാങ്ക് സ്ലേറ്റ് സിദ്ധാന്തവും ( ജനിക്കുമ്പോള്‍ മനസ്സ് ശൂന്യമായിരിക്കുന്നുവെന്ന് ) മാനസികവും നാഡീപരവുമായ ഇടപാടുകള്‍ നടത്തുന്ന ജീനുകളെ വേര്‍തിരിക്കാന്‍ കഴിഞ്ഞതുമൊക്കെ അതിനു ശേഷമുണ്ടായ ചില  മുന്നേറ്റങ്ങളാണ്.


ഇങ്ങനെ അതിസൂക്ഷ്മമായ ന്യൂറോട്രാന്‍‌സ്മിഷന്‍ രംഗത്തെന്ന പോലെ  മരുന്നിന്റേയും മറ്റുപകരണങ്ങളുടേയും രംഗത്തും ഒരു പോലെ വന്‍ കുതിച്ചു ചാട്ടങ്ങള്‍‌ നടത്തിക്കൊണ്ട് മറ്റേതൊരു ശാസ്ത്രത്തെയും പോലെ മനശാസ്ത്രവും സ്വന്തം കാലില്‍ അടിയുറച്ചു നില്ക്കുവാനാവശ്യമായ തലപ്പൊക്കവും ചുവടുറപ്പും നേടിയിരിക്കുന്നുവെന്നതാണ് അവസാനമായി സൂചിപ്പിക്കുവാനുള്ളത്. (തുടരും )

ചിത്രത്തിന് കടപ്പാട്


© മനോജ് പട്ടേട്ട് ||19 May 2020, 08:00 AM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1