#ദിനസരികള്‍ 1129 മനോരോഗങ്ങളും ചികിത്സയും – 3



ലഹരി ! ലഹരി ! ലഹരി !


            ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും ആസക്തിയെക്കുറിച്ചുമാണ് രണ്ടാമത്തെ അധ്യായത്തില്‍ ഡോക്ടര്‍ സുരരാജ് മണി എഴുതുന്നത്.
മനുഷ്യന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ട് എത്ര കാലമായിട്ടുണ്ടാകും ? കൃത്യമായ ഒരുത്തരം പറയുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അമ്പതിനായിരം കൊല്ലങ്ങള്‍ക്കപ്പുറത്ത് ഇറാഖിലെ ഷാനിദറില്‍ നിന്നും കണ്ടെത്തിയ നിയാണ്ടര്‍താല്‍ മനുഷ്യനോടൊപ്പമുള്ള ചില അവശിഷ്ടങ്ങള്‍ ലഹരിദായകങ്ങളായ ഏതെങ്കിലും സസ്യങ്ങളുടേതായിരിക്കാമെന്ന വാദമുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ അത്തരത്തിലുള്ള ചെടികളുമായി ആദിമകാലത്ത് പരിചയപ്പെടാനുള്ള സ്വാഭാവികമായ സാധ്യത ഏറെയുണ്ടല്ലോ.ഒരു തവണ അറിയാതെയാണെങ്കിലും ഉപയോഗിച്ചു നോക്കിയാല്‍ ആകര്‍ഷിച്ചു പിടിക്കുന്ന ശേഷി കാരണം വീണ്ടും വീണ്ടും അത്തരം ചെടികളെ അവര്‍ തേടിപ്പോയിട്ടുണ്ടാകാം.അങ്ങനെ അറിഞ്ഞോ അറിയാതെയോ ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ശീലവുമായിട്ടുണ്ടാകാം. എന്തുതന്നെയായാലും ലഹരിയുടെ ഉപയോഗത്തിന് മനുഷ്യനൊപ്പംതന്നെ  ഔഷധങ്ങളായോ വേദനാസംഹാരികളെന്ന നിലയ്ക്കോ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായോ മനുഷ്യന്‍ പണ്ടുമുതലേ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു വന്നിരുന്നു.എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല.
ബി സി പതിനായിരത്തില്‍ നാം കഞ്ചാവ് പുകയില കാപ്പി പോലെയുള്ളവ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. കൃഷി ആരംഭിച്ചു തുടങ്ങുന്ന ആ സമയത്തുതന്നെ അത്തരത്തിലുള്ള ഒരു ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ അക്കാലത്തെ മനുഷ്യര്‍ക്ക് അതെത്രമാത്രം പ്രിയപ്പെട്ടതും വിലപിടിച്ചതുമായിരിക്കുമെന്നും ചിന്തിച്ചു നോക്കുക. പിന്നീട് പുതിയ പുതിയ കണ്ടെത്തലുകള്‍ വന്നു.കാട്ടില്‍ നിന്നും കിട്ടുന്നതിനു പുറമേ നട്ടുനനച്ചു വളര്‍ത്തിയെടുത്തും സവിശേഷമായ രീതികളില്‍ സംസ്കരിച്ചെടുത്തും ലഹരിയുടെ പുത്തന്‍ മേച്ചില്‍പ്പുറങ്ങളെ നാം അന്വേഷിച്ചു. ലോകത്താകമാനമുള്ള നാഗരികതകളിലെല്ലാം തന്നെ ലഹരി വസ്തുക്കളുടെ ഉപയോഗം നിലനിന്നിരുന്നതായി കാണാം.നമ്മുടെ ഇതിഹാസ പുരാണാദികളിലെ സോമയും സുരയും തന്നെയാണ് ഏറ്റവും മികച്ച ഉദാഹരണം.സുരപാനം രാജകീയമായ ഒരു നടപടിക്രമമായിരുന്നു.ഇന്നിപ്പോള്‍ ഏതൊക്കെ തരത്തിലുള്ള മയക്കുമരുന്നുകളാണ് വിപണിയുള്ളത് എന്ന് അന്വേഷിച്ചു നോക്കിയാല്‍ നാം അന്ധാളിച്ചു പോകും. പുകയില , കറുപ്പ്, മദ്യം , കഞ്ചാവ് എന്നിങ്ങനെ ഏതാനും ചില വസ്തുക്കള്‍ മാത്രമാണ് മുന്‍കാലത്ത് ലഹരി വസ്തുക്കളായി ഉപയോഗിച്ചിരുന്നത്.സാങ്കേതിക വിദ്യയുടെ വികാസം ഈ രംഗത്തും പരിവര്‍ത്തനങ്ങളുണ്ടാക്കി. ഇപ്പോള്‍ വൈവിധ്യമുള്ള ഒട്ടേറെ വസ്തുക്കള്‍ ഉല്പാദിപ്പിക്കപ്പെടുന്നുഎണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര നിലയിലേക്ക് ഇന്ന് മയക്കുമരുന്നുകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അതൊട്ടും തന്നെ അതിശയോക്തിയല്ല. നമ്മുടെ പത്രമാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അതിന് സാക്ഷ്യപത്രങ്ങളാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തോളം മയക്കുമരുന്നുകള്‍ ലോകരാജ്യങ്ങളില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ അതൊരു സ്വാഭാവികത പോലുമായി വേരുറപ്പിച്ചു. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ - എഴുത്തുകാരും ചിന്തകരും അധ്യാപകരും ശാസ്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളുമൊക്കെ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ആരാധകരായി.എത്രയോ ജീവിതങ്ങള്‍ എവിടെയുമെത്താതെ പൊഴിഞ്ഞു വീണു? വ്യക്തിയുടേയും സമൂഹത്തിന്റേയും ആരോഗ്യകരമായ ജീവിതത്തിന് വിഘാതമായി നില്ക്കുന്ന മയക്കുമരുന്നുകളെ നിയന്ത്രിക്കുക എന്നതൊരു വെല്ലുവിളിയായി അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ സ്വീകരിച്ചതോടെ പുതിയ നിയമങ്ങള്‍ സൃഷ്ടിച്ചും അവബോധങ്ങള്‍ നടത്തിയും വലിയൊരു യജ്ഞത്തിന് തുടക്കം കുറിക്കപ്പെട്ടു. “1930 മുതല്‍ 50 കള്‍ വരെയുള്ള കാലത്ത് ലഹരി വിരുദ്ധ നിയമങ്ങള്‍ പലതുമുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് വന്ന ഘട്ടത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.പ്രായപൂര്‍ത്തിയെത്താത്തവര്‍ക്ക് ഹെറോയിന്‍ വിറ്റാല്‍ മരണശിക്ഷ നല്കാനുള്ള നിയമം 1956 ല്‍ ഉണ്ടായി. ഇതോടെ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമായി കുറഞ്ഞു. ചികിത്സാവശ്യങ്ങള്‍ക്കല്ലാതെ മോര്‍ഫിനും കൊക്കെയ്നും ഉപയോഗിക്കാറില്ലെന്ന നിലയില്‍ എത്തുകയും ചെയ്തു.എന്ന് ഇത്തരത്തിലുള്ള മയക്കുമരുന്നു വിരുദ്ധ യത്നങ്ങളെ ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നു. മയക്കുമരുന്നുകളുടെ ഉപയോഗം എയിഡ്സ് വ്യാപിക്കുന്നതിന് കാരണമാകുന്നുവെന്നതും ലഹരി വിരുദ്ധ ചിന്തകളെ പ്രോത്സാഹിപ്പിച്ചു.
ഹലൂസിനോജെന്‍സുകള്‍ , സ്റ്റിമുലന്‍സ് , സെഡേറ്റീവ് എന്നിങ്ങനെ നാമിപ്പോള്‍ മയക്കുമരുന്നുകളെ  വര്‍ഗ്ഗീകരിക്കുന്നു. ഓരോ ഇനത്തില്‍ പെട്ടവയ്ക്കും സവിശേഷമായ പ്രത്യേകതകളുണ്ട് . അവയുടെ പ്രവര്‍ത്തന സ്വഭാവങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ ഗ്രൂപ്പിലെ ഇനങ്ങള്‍ ഇല്ലാത്തവയെ ഉണ്ടാക്കിക്കാണിക്കുക എന്ന മാസ്മരികതയാണ് നിര്‍വ്വഹിക്കുന്നത്. അവ നമുക്ക് അന്യാദൃശമായ അനുഭുതി പ്രദാനംചെയ്യുന്നു.ഒരിക്കല്‍ ഉപയോഗിച്ചാല്‍ പോലും വീണ്ടും വീണ്ടും അവ നമ്മെ ആകര്‍ഷിക്കുന്നു. രണ്ടാമത്തവ ഉത്തേജിപ്പിക്കുന്നവയാണ്. അവ ഒരു പരിധിവരെ നമ്മെ കര്‍മ്മനിരതരാക്കുന്നു. കേന്ദ്രനാഡീവ്യൂഹത്തെയാണ് ബാധിക്കുക. Downers എന്നറിയപ്പെടുന്ന ഇവ മനുഷ്യനെ മയക്കിക്കിടത്തുകയും തളര്‍ത്തുകയും ചെയ്യുന്ന തികച്ചും അപകടകാരികളാണ്. അമിതമായോ അനാവശ്യമായ ഉപയോഗിക്കപ്പെടുന്ന ഡ്രഗ്ഗുകളില്‍ ചിലതു തലച്ചോറിലെ സുഖവാഹക നാഡികളെ ഉത്തേജിപ്പിക്കുവാന്‍ കഴിവുള്ളവയാണ്.അത്തരം ഉത്തേജക വസ്തുക്കള്‍ ചെന്നാല്‍  ലിംബിക്ക് സിസ്റ്റത്തില്‍ നിന്നും ഡോപ്പമിന്‍ എന്ന രാസവസ്തു സ്രവിക്കും.അത് സന്ദേശവാഹക നാഡികളിലൂടെ കോര്‍‌ട്ടക്സിലെത്തും.അതിന്റെ ഫലമായി സുഖാനുഭൂതി അനുഭവപ്പെടും.ഉത്തേജക വസ്തു തീരുമ്പോള്‍ ഡോപ്പമിന്‍ നിലയ്ക്കും; ഒപ്പം സുഖാനുഭൂതിയും. സ്വഭാവികമായും സുഖംതരുന്ന ആ വസ്തു വീണ്ടും എത്തിക്കണമെന്ന നിര്‍‌ദ്ദേശം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടും.ഒരു ലഹരിവസ്തു ആവര്‍ത്തിച്ചു കഴിക്കാനുള്ള പ്രേരണയുണ്ടാകുന്നത് അങ്ങനെയാണ്.അങ്ങനെ ആവര്‍ത്തിച്ചു കഴിയ്ക്കുകയും ക്രമേണ തലച്ചോറ് ആ വസ്തുവിന് അടിമയായിത്തീരുകയും ചെയ്യും.മയക്കുമരുന്നു പ്രവര്‍ത്തിക്കുന്ന രീതിയാണ് മുകളില്‍ എടുത്തെഴുതിയത്. മയക്കു മരുന്നുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുറേക്കൂടി വിശദമായുള്ള പഠനങ്ങള്‍ ഇക്കാലത്തുണ്ടായിട്ടുണ്ടെന്നു കൂടി സൂചിപ്പിക്കട്ടെ.
മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നുള്ള രക്ഷ എന്ന നിലയ്ക്കാണ് പലരും ലഹരി മരുന്നുകളെ അഭയം പ്രാപിക്കുന്നത്.അധികം വൈകാതെ നാം അവിടെ ബന്ധിതരായിത്തീരുന്നു.ഇതുരണ്ടും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തിക്കൊണ്ട് ഡോക്ടര്‍ സുരരാജ് മണി എഴുതുന്നു പിരിമുറുക്കം അഥവാ സമ്മര്‍ദ്ദം ഉണ്ടാകുന്ന ചുറ്റുപാടുകളോട് വൈകാരികമായി പ്രതികരിക്കേണ്ടി വരുമ്പോള്‍ തദനുസൃതമായി ശരീരത്തെ മെരുക്കിയെടുക്കാനുള്ള വിവിധ നിര്‍‌ദ്ദേശങ്ങള്‍ കൊടുക്കേണ്ടത് ലിംബിക് സിസ്റ്റമാണ്.അതു ഹൈപ്പോതലാമസ്സിലേക്ക് നിര്‍‌ദ്ദേശങ്ങള്‍ അയക്കുന്നു.അപ്പോള്‍ അവിടെ നിന്നും കോര്‍ട്ടിക്കോട്രോപ്പിന്‍ റിലീസിംഗ് ഫാക്ടര്‍ എന്ന ഹോര്‍‌മോണ്‍ പുറപ്പെടുന്നു.ചെറിയ രക്തക്കുഴലിലൂടെ സഞ്ചരിച്ച് ഈ ഹോര്‍‌മോണ്‍‌ തലച്ചോറിനടിയിലുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിലെത്തി അതിനെ ഉത്തേജിപ്പിക്കുന്നു. അപ്പോള്‍‌ അവിടെ നിന്നും അഡ്രിനോ കോര്‍‌ട്ടിക്കോട്രോപ്പിന്‍ ഉല്പാദിപ്പിക്കപ്പെടുന്നു.ഇത് രക്തപ്രവാഹത്തില്‍ കലര്‍ന്ന് വൃക്കകളുടെ മുകളിലുള്ള അഡ്രിനല്‍ ഗ്രന്ഥികളിലെത്തുകയും അഡ്രിനാലിന്‍ , കോര്‍ട്ടിക്കോ സ്റ്റിറോയ്ഡുകള്‍ തുടങ്ങിയ മറ്റു ചില ഹോര്‍‌‌മോണുകളെ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു.ഈ ഹോര്‍‌മോണുകളുടെ സംയുക്ത പ്രവര്‍ത്തനഫലമായി പ്രതിസന്ധികള്‍‌ക്കെതിരെ ശരീരം സജ്ജമാക്കപ്പെടുന്നു.കോര്‍ട്ടക്സില്‍ നിന്നും പിരിമുറുക്കങ്ങള്‍ സംബന്ധിച്ച സന്ദേരങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഈ ഹോര്‍‌‌മോണ്‍ പരിസഞ്ചരണം നിലയ്ക്കും.അതായത് ഹൈപ്പോതലാമസില്‍ നിന്നും CRF ഉം ACTH ഉം പുറപ്പെടാതാകുകയും പ്രവര്‍ത്തനം തല്ക്കാലം മതിയാക്കുകയും ചെയ്യും.ഇതാണ് സ്വാഭാവിക രീതി.എന്നാല്‍ നിരന്തരം മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവരുടെ സ്ഥിതി വ്യത്യസ്തമാണ്.അവരുടെ തലച്ചോറിലെ ഹൈപ്പോതലാമസ്സിന് ഒട്ടും വിശ്രമമില്ല.സി ആര്‍ എഫ് ഹോര്‍‌മോണ്‍ സ്രവിച്ചുകൊണ്ടേയിരിക്കും.അതിനനുസൃതമായി മറ്റു ഹോര്‍‌മോണുകളും പ്രവര്‍ത്തന നിരതമാകും.നിരന്തരമായ പിരിമുറുക്കം മൂലമുള്ള സന്നര്‍ദ്ദം അവരെ തളര്‍ത്തിക്കളയുന്നു.എന്നാല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ലിംബിക് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്ട്രസ് ഹോര്‍‌മോണുകളുടെ പ്രവര്‍ത്തനം നിലയ്ക്കാനിടയാകുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ ഡോപ്പമിന്‍ സ്രവവുമായി ബന്ധപ്പെട്ട് വളരെ സുഖമാണ് എന്ന സന്തോഷാവസ്ഥ കോര്‍ട്ടക്സിലേക്ക് അറിയിക്കുന്നു. വളരെ സുഖമാണ് എന്ന അവസ്ഥയിലേക്ക് എത്തിക്കുന്ന ലഹരി വസ്തുക്കളെ സ്വാഭാവികമായും തലച്ചോറ് വീണ്ടും വീണ്ടും തേടിക്കൊണ്ടേയിരിക്കും. കൊണ്ടുവാ എന്ന നിര്‍‌ദ്ദേശം തുടര്‍ച്ചയായി പുറപ്പെട്ടുകൊണ്ടിരിക്കും. വഴങ്ങിക്കൊടുക്കുന്നവര്‍ എക്കാലത്തും മയക്കു മരുന്നിന്റെ പിടിയിലേക്ക് പോയി വീഴുക എന്നതാണ് സംഭവിക്കുക.മാനസിക പിരിമുറുക്കങ്ങള്‍ അഥവാ സമ്മര്‍ദ്ദങ്ങള്‍ അവസാനിച്ചു കിട്ടുകയും മനസ്സും അതുവഴി ശരീരവും പരമാനന്ദം അനുഭവിക്കുകയും ചെയ്യുക എന്ന പ്രലോഭനം അത്ര നിസ്സാരമല്ലല്ലോ ? പ്രത്യേകിച്ചും ദീര്‍ഘകാലമായി കഷ്ടത അനുഭവിക്കുമ്പോള്‍ ?
ഇങ്ങനെ സുഖം തരുന്ന പലതരം ലഹരി വസ്തുക്കള്‍  ലഭ്യമാണ്.
  1. കറുപ്പും കറുപ്പുല്‍പ്പന്നങ്ങളും ഏറ്റവും പഴക്കമുള്ള മയക്കുമരുന്നാണ് കറുപ്പ്. കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുതന്നെ എണ്ണായിരമോ പതിനായിരമോ വര്‍ഷം ആയിട്ടുണ്ടാകും. പപാവേരാസിയെ എന്ന സസ്യകുടുംബത്തിലാണ് ഈ ചെടിയുടെ സ്ഥാനം.മോര്‍ഫിന്‍ എന്നറിയപ്പെടുന്നത് കലര്‍പ്പില്ലാത്ത പ്രകൃതിദത്തമായ കറുപ്പുതന്നെയാണ്.അതിനോടൊപ്പം മറ്റു രാസവസ്തുക്കള്‍  കൂട്ടിച്ചേര്‍ത്താണ് പെത്തഡിന്‍, ഹെറോയിന്‍, മെത്തഡോണ്‍ മുതലായവ സൃഷ്ടിക്കപ്പെടുന്നത്.കറുപ്പുതീറ്റയുടെ കഥ മാനവചരിത്രത്തിന്റെ വിവിധ ഏടുകളില്‍ വ്യാപിച്ചു കിടക്കുന്നു.
  2. കേന്ദ്ര നാഡീവ്യൂഹ ഡിപ്രസ്സുകള്‍ അഥവാ ഉറക്കുമരുന്നുകള്‍ -  കറുപ്പുല്‍പ്പന്നങ്ങളെക്കാള്‍ താരതമ്യേന വീര്യം കുറഞ്ഞ ഇനമാണ്.ബാര്‍ബിച്വറേറ്റുകള്‍ സെഡേറ്റീവുകള്‍ എന്നും പറയാവുന്ന ഉറക്കഗുളികകള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. മദ്യം ഈ ഗണത്തില്‍ പെടുന്നു.
  3. കൊക്കെയിന്‍ , ആംഫിറ്റമിന്‍ മുതലായവ ആദ്യഡോസില്‍ തന്നെ ആരേയും ആകര്‍ഷിച്ചു പിടിക്കുന്ന ഇവയുടെ പിടിയിലാണ് പതിനെട്ടിനും 25 നും ഇടയിലുള്ള അഞ്ചു ശതമാനം യുവത. ഉല്ലാസവും ഉത്തേജനവും പ്രദാനം ചെയ്യുന്ന ഇത്തരം മരുന്നുകള്‍ പലതും നിലവിലുണ്ട്.
  4. നിക്കോട്ടിന്‍ / പുകയില പുകവലി ലോകമാകമാനമുള്ള ഒന്നാണ്. പുകയിലച്ചെടിയുടെ ഇലയില്‍ നിന്ന് നിക്കോട്ടിന്‍ വേര്‍തിരിച്ചെടുത്തക് 1872 ലാണ്. വിവിധങ്ങളായ ആവശ്യത്തിന് ഈ ചെടിയുടെ ഇലകള്‍ ഉപയോഗിക്കുന്നു. കാര്‍ബണ്‍ മോണോക്സൈഡ്, അമോണിയ, ഹൈഡ്രജന്‍ സയനേഡ് തുടങ്ങി ആയിരത്തിലധികം രാസ യൌഗികങ്ങള്‍ പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്നു.
  5. കഞ്ചാവ് , മരിജുവാന കഞ്ചാവ് ചെടിയുടെ പൂത്തുലഞ്ഞു നില്ക്കുന്ന ഭാഗത്തുനിന്നാണ് കാനബിസ് എടുക്കുന്നത്. ഹാഷീഷ് ,ചരസ്സ്, ഭാംഗ് , ഡാഗാ, മരിജുവാന മുതലായവ ഇതില്‍ നിന്നുമാണ് ഉണ്ടാക്കുന്നത്.അടിമുടി ഉപയോഗയോഗ്യമാണ്ഈ ചെടി. കഞ്ചാവ് അഞ്ചു നിറം കാട്ടും എന്ന ചൊല്ലിനെ സാര്‍ത്ഥകമാക്കുന്ന തരത്തില്‍  സ്ഥലകാലബോധം , അസ്തിത്വബോധം , ഓര്‍മ്മ , തിരിച്ചറിവ് , വ്യക്തികളും വസ്തുക്കളും തമ്മിലുള്ള ബന്ധം മുതലായവലയെല്ലാം താറുമാറാക്കാന്‍ കഴിയുന്ന ഒന്നാണ് കഞ്ചാവ്.
  6. ഹലൂസിനോജനുകള്‍ എന്നറിയപ്പെടുന്നവ മനസ്സിനെ അയഥാര്‍ത്ഥമായ സ്വപ്നസദൃശമായ ഒരു ഭാവനാ ലോകത്തിലേക്ക് ആനയിക്കുന്നു.ആവര്‍ത്തിക്കപ്പെടാന്‍ ആരും ആഗ്രഹിച്ചു പോകുന്ന അത്തരം അനുഭവങ്ങളെക്കുറിച്ച് നാം ധാരാളമായി കേട്ടിരിക്കുന്നു.LSD ഈ വിഭാഗത്തില്‍ പെട്ട ഒന്നാണ്.
  7. അര്യല്‍ സൈക്ലോ ഹെക്സൈല്‍ അമീനുകള്‍ എന്ന മരുന്ന് ഏയ്ഞ്ചല്‍ ഡസ്റ്റ് ,ക്രിസ്റ്റല്‍,PCP എന്നെല്ലാം അറിയപ്പെടുന്നു.  എളുപ്പത്തില്‍ ഉണ്ടാക്കിയെ ടുക്കാം എന്നത് ഇതിന്റെയൊരു പ്രത്യേകതയാണ്.
  8. വാതകരൂപത്തില്‍ വലിക്കാന്‍ ഉപയോഗിക്കുന്നനവ നൈട്രസ് ഓക്സൈഡ്, ഈതൈല്‍ ഈഥര്‍ മുതലായവ ഈ ഗണത്തില്‍ പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മദ്യത്തിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഇവ ഉപയോഗിച്ചു തുടങ്ങിയത്.തലച്ചോറിനും വൃക്കകള്‍ക്കും ശ്വാസകോശങ്ങള്‍ക്കും മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ് ഇവ.
(മയക്കുമരുന്നുകളുടെ ലോകം എന്ന പേരില്‍ ശാസ്ത്രസാഹിത്യ പരിഷത്ത്  പ്രസിദ്ധീകരിച്ച പുസ്തകം ആ മേഖലയില്‍ ആഴത്തിലുള്ള പഠനമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആ പുസ്തകത്തെക്കൂടി ആശ്രയിക്കുക )
മയക്കുമരുന്നുകളുടെ ഉപയോഗം സമൂഹത്തിന്റെ ആരോഗ്യമില്ലാതാക്കുന്നതില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് നാം വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാലും ഉപയോഗത്തിന്റെ തോതില്‍ ആശാവഹമായ കുറവുണ്ടെന്ന് പറയാന്‍ കഴിയില്ല.നിലനില്ക്കുന്ന എല്ലാ നിയമങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് മയക്കുമരുന്നുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. പുതിയ തലമുറകളെ തങ്ങളുടെ ഊരാക്കുടുക്കിലേക്ക് സ്വാധീനപ്പെടുത്താന്‍ പുതിയ പുതിയ വേഷത്തിലും ഭാവത്തിലും മരുന്നുകളുണ്ടാക്കപ്പെടുന്നു. മയക്കുമരുന്നുകള്‍ക്ക് എതിരായ സമരത്തില്‍ നിയമപരമായ പ്രതിരോധങ്ങള്‍ മാത്രമല്ല, സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം കൂടി അനിവാര്യമാണ്.

(തുടരും )
റഫറന്‍സ് : മയക്കുമരുന്നുകളുടെ ലോകം പ്രൊഫസര്‍ എന്‍ എന്‍ ഗോകുല്‍ദാസ് . ശാ.സാ.പ 180 രൂപ
ചിത്രത്തിന് കടപ്പാട്
© മനോജ് പട്ടേട്ട് ||20 May 2020, 11:00 AM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1